ശബരിമല വിഷയം ഇലക്ഷന് പ്രചരണ വിഷയമാക്കരുതെന്ന ഇലക്ഷന് കമ്മീഷന്റെ നിര്‍ദേശമൊക്കെ കാറ്റില്‍ പറക്കുമെന്ന് ഉറപ്പായി. ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ കുമ്മനം രാജശേഖരന് ശബരിമലയില്‍ തന്നെ തുടങ്ങി. എക്കാലത്തും ശബരിമല മുന്നിര്ത്തിയുടെ തീവ്രപ്രചരണ പരിപാടികളുടെ അമരക്കാരനായിരുന്നു കുമ്മനം.
എന്നാല്‍ ശബരിമല അക്ഷരാര്‍ഥത്തില്‍ ഒരു സമരഭൂമി ആയി മാറിയപ്പോള്‍ കുമ്മനം ഗവര്‍ണറായി മിസോറാമിലുമായിപ്പോയി.
ശബരിമലയുമായി അഭേദ്യബന്ധമുള്ള കുമ്മനം കളത്തിലുണ്ടായിരുന്നെങ്കില്‍ ബിജെപി സമരങ്ങളുടെ മുഖം മറ്റൊന്നാകുമായിരുന്നു. തിരിച്ചെത്തിയതോടെ ശബരിമല വിഷയത്തെ ഏറ്റെടുത്ത് മുന്നിലേക്ക് ഇറങ്ങുകയാണ് കുമ്മനം. ശബരിമല വിഷയത്തില്‍ കോടതി വിധി നടപ്പാക്കേണ്ട ആവശ്യമില്ലെന്നും അതില്‍ പാകപ്പിഴയുള്ളതുകൊണ്ടാണ് പുനപരിശോധിക്കുന്നതെന്നുമാണ് കുമ്മനത്തിന്റെ നിലപാട്. കോടിയേരിയെയും ചെന്നിത്തലയെയും ശബരിമല വിഷയത്തില്‍ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നതായും സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കുമ്മനം പറഞ്ഞു.