Image

പെണ്‍വഴിയിടങ്ങള്‍ (കവിത: രമ പ്രസന്ന പിഷാരടി)

Published on 12 March, 2019
പെണ്‍വഴിയിടങ്ങള്‍ (കവിത: രമ പ്രസന്ന പിഷാരടി)
ചരിത്രം ചിത്രം വരച്ചെടുക്കും
ലോകത്തിന്റെ നിടിലം
തീപാറുന്ന പ്രണയം
വിസ്‌ഫോടനം
ഇന്നിതാ വീണ്ടും ഭൂമി
കണ്ടു നില്‍ക്കുന്നു
രാശി തെറ്റിയ ജന്മത്തിന്റെ
ചിതയൊന്നുണരുന്നു

നോവുകളതില്‍ നിന്ന്
സൂര്യനെ തേടിത്തേടി
വേറിട്ട കാലത്തിന്റെ
മതിലില്‍ കൈ ചേര്‍ക്കവെ
നിനക്കുണ്ടാകാം ഒരു
സമത്വം പെണ്‍ നോവിന്റെ
സമുദ്രം കുടിച്ചുവറ്റിക്കുവാന്‍
വരൂ വരൂ..


സീത

സ്വര്‍ണ്ണവീചികള്‍ പുലര്‍
സന്ധ്യയില്‍ തുളുമ്പുന്ന
വര്‍ണ്ണഭംഗിയാര്‍ന്നൊരു
ബാലകാണ്ഡത്തെ നീറ്റി
ഒന്നുനില്‍ക്കുക വീണ്ടും
മിഴിയില്‍ നിറയുന്ന
കണ്ണുനീര്‍ത്തുള്ളിയ്ക്കുള്ളില്‍
സീതയെ കണ്ടീടുക
പിന്നെയീയുഷസ്സിന്റെ
പീയുഷ ചഷകത്തില്‍
നിന്നുണര്‍ത്തീടാമൊരു
പ്രാചീനപുരാണത്തെ!
ഉഴവു ചാലില്‍നിന്നും
ഭൂമി പുത്രിയായ് രാമ
ഹൃദയത്തിനുള്ളിലെ
സീതയായ്; ത്രയംബകം
ഉടഞ്ഞ നാളില്‍നിന്നു
തുടക്കം, കണ്ണീരിന്റെ
നനവില്‍ ആരണ്യകം,
കാടിന്റെയുള്‍ക്കാടുകള്‍
ഒടുവില്‍യുദ്ധം, അഗ്‌നി
സ്‌നാനതയായ് തീരാത്തൊരു
ദുരിതകാണ്ഡത്തിന്റെ
ഭൂമിതന്‍ യാത്രാവഴി..
 

ഊര്‍മ്മിള

കാലമേ! കടുത്തതാം
നോവുകള്‍ക്കുള്ളില്‍
നിന്നും ഊര്‍മ്മിള
മറഞ്ഞു പോയ് ഒരു
നീര്‍നിലാവ്‌പോല്‍
എവിടെ തിരഞ്ഞിട്ടും
കണ്ടില്ല ദൂരത്തൊരു
രജപുത്ര ഭൂവിന്റെ
അരികില്‍ കാണാനായി
ചരിത്രം കണ്ണീരൊപ്പി
അന്ത:പ്പുരങ്ങള്‍ക്കുള്ളില്‍
മരിച്ചു ജീവിച്ചൊരു
ഊര്‍മ്മിളയ്‌ക്കൊരു ക്ഷേത്രം..


അഹല്യ

അഹല്യ!
ശിലാശാപഗ്രസ്തയായ്
മുന്നില്‍ ത്രേതായുഗവും തേടി
മുന്നില്‍ മൗനം പൂണ്ടുറങ്ങുന്നു
അറിയാതേതോ  ജന്മവ്യഥ തന്‍
കൊടും വേനനലതിലായ്
കരിഞ്ഞൊരു ജന്മവൃക്ഷത്തില്‍
വീണ്ടുമുറങ്ങിയുണരാനായ്
കാത്തിരിക്കുന്നോള്‍
നീയാണിനിയും കല്ലായ്
തീര്‍ന്ന കഥയെ പറയേണ്ടോള്‍
കഥയില്‍ കല്ലാകുന്ന
ഹൃദയം ശ്വസിക്കേണ്ടോള്‍


ദ്രൗപതി

രാജമന്ദിരങ്ങളില്‍
ദ്യൂതതന്ത്രങ്ങള്‍ അപ
മാനഭാരത്തില്‍ തല
കുനിഞ്ഞ പാഞ്ചാലിനി.
ജ്വലനം, ശാപം, ഉഗ്ര
ശപഥം, കുരുക്ഷേത്രം
അവിടെ തുടങ്ങുന്നു
ദ്രൗപദിമുന്നില്‍ തന്നെ
 

മഗ്ദലന മറിയം

നീര്‍കൊണ്ട മിഴികളില്‍
നീയുറഞ്ഞപ്പോള്‍
ദൈവദൂതുമായ് വന്നോന്‍
നിന്റെ ഹൃദയം കാണാനായോന്‍
ഗലീലക്കടലിന്റെയലകള്‍
അറിയാത്ത കഥകള്‍ക്കുള്ളില്‍
നിന്നും നീയുണര്‍ന്നെത്തീടുന്നു
കല്ലുകള്‍, കൈകള്‍
എല്ലാം താഴ്ന്നുപോകവെ
പുണ്യ മഗ്ദലനമേ
നിന്റെ മനസ്സും
നിറഞ്ഞുവോ?


കണ്ണകി

മധുരേ! തീയാളുന്ന
നഗരത്തിലായ്
ചിലമ്പുതിരുന്നതും കണ്ട്
നടുങ്ങുന്നതിന്‍ മുന്‍പേ
കഥകള്‍ക്കുള്ളില്‍നിന്ന്
കണ്ണകി വരുന്നതിന്‍
പദനിസ്വനം കേട്ട്
കാവേരി കരഞ്ഞുവോ,
ഭൂദേവി  വിതുമ്പിയോ?
അഴലിന്നഗ്‌നിയ്ക്കുള്ളില്‍
അടര്‍ന്നഹൃദയത്തിന്‍
ചുഴലിക്കൊടുങ്കാറ്റിന്‍
ഗര്‍ജ്ജനം, തീക്കാലങ്ങള്‍


നിര്‍ഭയ, അരുണഷാന്‍ബാഗ്, ജിഷ

കണ്ണുനീരുറവകള്‍
കടലായൊഴുക്കിയോര്‍
മണ്ണിനെ പുണര്‍ന്നവര്‍
മറന്നു തീരാത്തവര്‍
ഉയിരില്‍ കൊളുത്തിട്ട്
വലിക്കും ഹൃദയത്തില്‍
മുറിപ്പാടുകള്‍ തീര്‍ത്ത്
വിടചൊല്ലിയോര്‍
നിങ്ങളദൃശ്യ
ലോകങ്ങളിങ്ങളിലാകാശ
വിതാനത്തില്‍
തിളങ്ങും ശരറാന്തല്‍
വിളക്കായ് ജീവിക്കുക


സിന്ധു, സാക്ഷി

മഴതോരുന്നു മുന്നില്‍
പ്രളയം കഴിഞ്ഞുപോയ്
വിജയരഥങ്ങളില്‍
പതാക പാറീടവെ!
ഒന്നു നില്‍ക്കുക വീണ്ടും
കാണുക കൈകള്‍ക്കുള്ളില്‍
കണ്ണുനീര്‍ മായ്ച്ചീടുന്ന
ഒലിവിന്നിലകളെ
അവിടെശാന്തി, സ്‌നേഹം
ആകാശസാക്ഷ്യം കൈയില്‍
ത്രിവര്‍ണ്ണം, രാജ്യത്തിന്റെ
സുവര്‍ണ്ണമുദ്രാങ്കിതം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക