Image

റിസര്‍വ്‌ ബാങ്ക്‌ പണനയം സാധാരണക്കാരന്റെ ജീവിതഭാരം ഉയര്‍ത്തും

പ്രഫ. കെ. അരവിന്ദാക്ഷന്‍ Published on 19 April, 2012
റിസര്‍വ്‌ ബാങ്ക്‌ പണനയം സാധാരണക്കാരന്റെ ജീവിതഭാരം ഉയര്‍ത്തും
റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ വാര്‍ഷിക പണനയത്തിന്റെ ഉള്ളടക്കം സമ്മിശ്ര പ്രതികരണമാണ്‌ ഉളവാക്കിയത്‌. റിസര്‍വ്‌ ബാങ്ക്‌ വ്യാപാര ബാങ്കുകള്‍ക്ക്‌ നല്‍കുന്ന വായ്‌പാ പലിശ നിരക്ക്‌ അതായത്‌ റിപോ നിരക്ക്‌ പൊടുന്നനെ 50 പോയന്റുകള്‍ കുറച്ച്‌ എട്ടു ശതമാനത്തിലെത്തിക്കാന്‍ എടുത്ത തീരുമാനം ഏവരെയും അദ്‌ഭുതപ്പെടുത്തിയെന്നതാണ്‌ വസ്‌തുത. റിപോ നിരക്കില്‍ പരമാവധി 25 പോയന്റുകള്‍ മാത്രമേ ഇടിവുണ്ടാകൂ എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്‌. പണപ്പെരുപ്പം നിയന്ത്രിക്കുന്നത്‌ ലക്ഷ്യമാക്കി 2010 മാര്‍ച്ച്‌ മുതല്‍ 2011 ഒക്ടോബര്‍ വരെ പലിശ നിരക്കുകള്‍ തുടര്‍ച്ചയായി ഉയര്‍ത്തിവന്നിരുന്ന ആര്‍.ബി.ഐയുടെ ഈ ചുവടുമാറ്റം എന്തിനുവേണ്ടിയാണെന്നാണ്‌ പിടികിട്ടാത്തത്‌. വിശേഷിച്ച്‌, പണപ്പെരുപ്പത്തില്‍ പറയത്തക്ക മാറ്റങ്ങളൊന്നും ദൃശ്യമല്ലാത്ത സാഹചര്യത്തില്‍. മാത്രമല്ല, പിന്നിട്ട മൂന്നു വര്‍ഷക്കാലത്തിനിടയില്‍, റിപോ നിരക്കില്‍ തുടര്‍ച്ചയായി 13 വട്ടം വര്‍ധന വരുത്തി ചരിത്രം സൃഷ്ടിച്ച ആര്‍.ബി.ഐയുടെ ആദ്യത്തെ പലിശ നിരക്ക്‌ കുറക്കല്‍ നടപടി കൂടിയാണ്‌ ഇത്‌. അതേയവസരത്തില്‍, റിപോ നിരക്കില്‍ വരുത്തിയിരിക്കുന്ന ഈ കുറവ്‌ ഭവനവാഹന വായ്‌പ നിരക്കുകളിലും പ്രതിഫലിക്കുമെന്നാണ്‌ വാദഗതിയെങ്കിലും ഭവനനിര്‍മാണത്തിനാവശ്യമായ കമ്പി, സിമന്റ്‌, മണല്‍ തുടങ്ങിയ സാമഗ്രികളുടെ വിലനിലവാരത്തില്‍ 30 മുതല്‍ 50 ശതമാനം വരെ വര്‍ധനയുണ്ടായ സാഹചര്യത്തില്‍, ബാങ്ക്‌ വായ്‌പാ പലിശ നിരക്കില്‍ വന്നിരിക്കുന്ന ഇളവുകൊണ്ട്‌ എന്തു പ്രയോജനമുണ്ടാകുമെന്നതാണ്‌ പ്രസക്തമായ പ്രശ്‌നം. ഇതേകാരണം കൊണ്ടുതന്നെ ഫ്‌ളാറ്റ്‌ നിര്‍മാണ മേഖലയും ആശങ്കയിലാണ്‌. ഇതിലേറെ രസകരമായ വസ്‌തുത വാഹന വായ്‌പയിലും പലിശ നിരക്കിന്റെ ഇടിവ്‌ അനുകൂല ഫലമുളവാക്കുമെന്ന്‌ അവകാശപ്പെടുന്ന ആര്‍.ബി.ഐ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനുള്ള സാധ്യതകള്‍ കണക്കിലെടുത്തിട്ടുമില്ല. കൂടാതെ സാധാരണരീതിയില്‍നിന്ന്‌ വ്യത്യസ്‌തമായി ആര്‍.ബി.ഐ, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുള്ള സബ്‌സിഡി വെട്ടിച്ചുരുക്കണമെന്ന്‌ സര്‍ക്കാറിനോട്‌ ആവശ്യപ്പെടുക കൂടി ചെയ്‌തിരിക്കുന്നു. എണ്ണ വിപണന കമ്പനികള്‍ക്ക്‌ ഈ നിര്‍ദേശം പുതിയൊരു ഉത്തേജനം നല്‍കുമെന്നതില്‍ സംശയമില്ല. 2011 മാര്‍ച്ചിനും 2012 മാര്‍ച്ചിനും ഇടക്കുള്ള ഒരു വര്‍ഷക്കാലത്ത്‌ പൊതു പണപ്പെരുപ്പ നിരക്ക്‌ 9.6 ശതമാനത്തില്‍നിന്ന്‌ ഏഴ്‌ ശതമാനത്തിലേക്ക്‌ താഴ്‌ന്ന സാഹചര്യം ആര്‍.ബി.ഐ ഗവര്‍ണര്‍ ഡോ. സുബ്ബറാവു പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്‌. എന്നാലും, പണപ്പെരുപ്പം പുതിയ ഉയരങ്ങളില്‍ എത്താനുള്ള അപകട സാധ്യതകളുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ തുടര്‍ന്നും പലിശ നിരക്കുകളില്‍ ഇളവ്‌ പ്രതീക്ഷിക്കേണ്ടതുമില്ല.

ബാങ്കിടപാടുകാരോടുള്ള സൗഹൃദ നടപടികളെന്ന നിലയില്‍ ആര്‍.ബി.ഐ ചില നിര്‍ദേശങ്ങള്‍ വ്യാപാര ബാങ്കുകള്‍ക്ക്‌ നല്‍കുന്നുണ്ട്‌. ഇതിലൊന്ന്‌ ഭവനവായ്‌പ വാങ്ങിയിട്ടുള്ളവര്‍ മുന്‍കൂറായി പണം നല്‍കി ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ സന്നദ്ധരാകുന്നപക്ഷം അവര്‍ക്കുവേണ്ട എല്ലാ ഒത്താശകളും ഒരുക്കിക്കൊടുക്കണമെന്നാണ്‌. ഇവരില്‍നിന്ന്‌ പ്രത്യേകം പണം ഈടാക്കുകയോ പിഴ അടിച്ചേല്‍പിക്കുകയോ ചെയ്യരുത്‌. ബാങ്കിങ്‌ ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ (എന്‍.ബി.എഫ്‌.സി) വഴിവിട്ട സഹായം വ്യാപാര ബാങ്കുകള്‍ അനുവദിക്കരുതെന്നുമാത്രമല്ല, അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.

സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ മൊത്തത്തിലും വ്യവസായ മേഖലയുടെ വളര്‍ച്ചയെ സവിശേഷമായും റിപോ നിരക്കില്‍ വരുത്തിയിരിക്കുന്ന കുറവ്‌ സഹായിക്കുമെന്നാണ്‌ ആര്‍.ബി.ഐയുടെ അവകാശ വാദം. 20112012 ധനകാര്യ വര്‍ഷത്തിലെ ആദ്യ ക്വാര്‍ട്ടറില്‍ ജി.ഡി. പി വളര്‍ച്ചാനിരക്ക്‌ 7.7 ശതമാനമായിരുന്നത്‌ പ്രസ്‌തുത വര്‍ഷം മൂന്നാമത്തെ ക്വാര്‍ട്ടറില്‍ 6.1 ശതമാനത്തിലേക്ക്‌ താഴുകയായിരുന്നു. ആര്‍.ബി. ഐ കണക്കുകൂട്ടുന്നത്‌ വിവിധതരം പലിശ നിരക്കുകളില്‍ വരാനിടയുള്ള കുറവിനെ തുടര്‍ന്ന്‌ ജി.ഡി.പി വര്‍ധന 2013 മാര്‍ച്ചോടെ 6.5 ശതമാനത്തിലെത്തുമെന്നും ധനകാര്യ വര്‍ഷത്തിലേക്കുള്ള ശരാശരി ജി.ഡി.പി നിരക്ക്‌ 7.3 ശതമാനംവരെ ആകാമെന്നുമാണ്‌. അതുപോലെത്തന്നെ ഏഴു ശതമാനം വ്യാവസായിക വളര്‍ച്ചാനിരക്കെന്ന, പിന്നിട്ട ധനകാര്യ വര്‍ഷത്തിലെ ലക്ഷ്യത്തിലേക്കെത്താന്‍ പുതിയ നയം ഇടയാക്കുമെന്നും ആര്‍.ബി. ഐ ആശ്വസിക്കുന്നു. നിലവില്‍ ഇത്‌ 2.2 ശതമാനമാണ്‌.

ഇത്തരം പ്രതീക്ഷകളുടെയും അവകാശവാദങ്ങളുടെയും മായാവലയത്തില്‍ അകപ്പെട്ട ഓഹരി വിപണി മോലോട്ടു കുതിച്ചതില്‍ അതിശയിക്കേണ്ടതില്ല.

സമ്പദ്‌ വ്യവസ്ഥയിലെ പണലഭ്യത ലിക്വിഡിറ്റി ഉറപ്പാണെന്ന്‌ വിലയിരുത്തിയ റിസര്‍വ്‌ ബാങ്ക്‌, വ്യാപാര ബാങ്കുകളുടെ ധനശേഖര അനുപാത(സി.ആര്‍.ആര്‍)ത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നത്‌ വിപണിക്ക്‌ കരുത്തുപകരാന്‍ വഴിവെച്ചിരിക്കുന്നു എന്നുവേണം അനുമാനിക്കാന്‍. സി.ആര്‍.ആര്‍. ഇപ്പോള്‍ 4.75 ശതമാനമായി തുടരുകയാണ്‌. ബാങ്കുകള്‍ നിര്‍ബന്ധമായും റിസര്‍വ്‌ ബാങ്കിന്റെ കൈവശം സൂക്ഷിക്കേണ്ട പണത്തിന്റെ അനുപാതമാണിത്‌. ഇതില്‍ കുറവു വരുത്തുകയോ മാറ്റമില്ലാതെ തുടരാന്‍ അനുവദിക്കുകയോ ചെയ്യുന്നതിന്റെ അര്‍ഥം വ്യാപാര ബാങ്കുകളുടെ ധനശേഷി ഉയരുന്നു എന്നതാണ്‌.

അതേയവസരത്തില്‍ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പണപ്പെരുപ്പം എന്ന യാഥാര്‍ഥ്യം അവനെ ആശങ്കയിലേക്ക്‌ താഴ്‌ത്തുന്നു എന്നതാണ്‌ ഇന്നത്തെ സ്ഥിതി വിശേഷം. റിസര്‍വ്‌ ബാങ്കിന്റെ പണനയത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ സമ്പദ്വ്യവസ്ഥയുടെ ജി.ഡി.പിയിലോ വ്യാവസായിക വളര്‍ച്ചാ നിരക്കിലോ അനുകൂല ഫലങ്ങള്‍ ഉളവാക്കിയേക്കാം.

എന്നാല്‍, സാധാരണക്കാരന്റെ ജീവിത സാഹചര്യങ്ങള്‍ പഴയതുപോലെത്തന്നെ തുടരുകയോ പെട്രോളിയം സബ്‌സിഡി വെട്ടിക്കുറക്കപ്പെടുന്നതിന്റെ ഫലമായി കൂടുതല്‍ ദുരിതപൂര്‍ണമാക്കപ്പെടുകയോ ചെയ്യുമെന്ന്‌ ഉറപ്പാണ്‌. (കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക