Image

കേരളാ കോണ്‍ഗ്രസും കോട്ടയത്തെ 'ഇട്ടാ വട്ട' രാഷ്ട്രീയവും! (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 13 March, 2019
കേരളാ കോണ്‍ഗ്രസും കോട്ടയത്തെ 'ഇട്ടാ വട്ട' രാഷ്ട്രീയവും! (ഷോളി കുമ്പിളുവേലി)
പി.ജെ.ജോസഫ് ശരിക്കും പത്മവ്യൂഹത്തിലകപ്പെട്ടിരിക്കയാണ്; അപകടം കൂടാതെ പുറത്തു കടക്കണമെങ്കില്‍ കോണ്‍ഗ്രസ് മനസറിഞ്ഞു സഹായിക്കണം!

അറിയാന്‍ സാധിച്ചിടത്തോളം, പാര്‍ട്ടിയുടെ ഉന്നതാധികാരി സമിതി ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചതാണ്. ചെയര്‍മാനായ കെ.എം.മാണിയെ അതാണ് പ്രഖ്യാപിക്കുവാന്‍ ചുമതലപ്പെടുത്തിയതും.... പക്ഷേ നേരം ഇരുണ്ടപ്പോള്‍ രംഗം മാറി! നിയോജക മണ്ഡലം പ്രസിഡന്റുമാരുടെ അഭിപ്രായം കൂടി കേള്‍ക്കണമെന്ന 'നിലവിളി' ഉയര്‍ന്നു വന്നു. അതിന്റെ പിന്നില്‍ ജോസ് കെ മാണിയുടെ 'പൈങ്കിളി' ബുദ്ധിയായിരുന്നു.

കെ.എം. മാണിക്കുപോലും ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എതിര്‍പ്പില്ലായിരുന്നു. പക്ഷേ ജോസിന് കട്ടക്കലിപ്പ്! ജോസഫ് പാര്‍ലമെന്റില്‍ എത്തുകയും, കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ചെയ്താല്‍ തനിക്ക് കിട്ടാന്‍ സാധ്യതയുള്ള കേന്ദ്രമന്ത്രി സ്ഥാനത്തിന് ജോസഫിന്റെ സാന്നിധ്യം തടസമാകുമെന്ന് ജോസ്‌മോന് നന്നായി അറിയാം. അതുകൊണ്ട് ജോസഫിനെ എന്തുവില കൊടുത്തും തടയണം. കോട്ടയത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ ജയവും പരാജയവും ജോസിന് ഒരു പ്രശ്‌നമേ അല്ല! തോറ്റാല്‍ മനസില്‍ ഒരു 'ലഡുകൂടി'പൊട്ടും. അടുത്ത തവണ തന്റെ ഭാര്യയുടെ ഭാഗ്യം കൂടി കോട്ടയത്ത് പരീക്ഷിക്കാമല്ലോ? അല്ലെങ്കില്‍ രാജ്യസഭയുടെ കാലാവധി കഴിയുമ്പോള്‍, ജോസിനു തന്നെ വീണ്ടും മത്സരിക്കാന്‍ 'കളം' ഒഴിഞ്ഞു കിടക്കുന്നതാണ് എന്തു കൊണ്ടും നല്ലത്.' ഇതാണ് രാഷ്ട്രീയ 'കുരുട്ടു ബുദ്ധി'.

ജോസ് കെ. മാണിയുടെ തത്വദിക്ഷമില്ലാത്ത കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടേയും ഇടയില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഇടതു പക്ഷത്തേക്കു പോകുവാന്‍ കച്ചകെട്ടിയിറങ്ങിയ ജോസിനേയും അപ്പനേയും തടഞ്ഞു നിര്‍ത്തിയത് ജോസഫിന്റെ നിലപാടുകളായിരുന്നു. ഒരു മാന്യതയും ഇല്ലാതെ, ഒരു വര്‍ഷം ബാക്കി നില്‍ക്കെ ലോകസഭാഅംഗം രാജിവച്ച്, രാജ്യസഭയിലേക്ക് മറുകണ്ടം ചാടാന്‍ ജോസിനെ സഹായിച്ചതും ജോസഫാണ്. അതിന്റെ കൂടി കൂലിയാണ് ഇപ്പോള്‍ ജോസഫിന് കിട്ടിയത്.

പി.ജെ.ജോസഫിനെ സംബന്ധിച്ചിടത്തോളം നില നില്‍പ്പിന്റെ പ്രശ്‌നമാണ്! മാണിയിലേക്കു ലയിച്ചതു മുതല്‍ അവഹേളനം മാത്രമാണ് മിച്ചം. മകന്റേയും ഭാര്യയുടേയും കുടുംബഭരണത്തില്‍ മനം മടുത്ത് ജോസഫിന്റെ കൂടെ 'കട്ട' സപ്പോര്‍ട്ടായി നിന്നിരുന്ന രണ്ടാംനിര നേതാക്കളില്‍ ഭൂരിഭാഗവും പാര്‍ട്ടി വിട്ടു പോയി. ശേഷിക്കുന്നത് കുറച്ചുപേര്‍ മാത്രം. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും, ലോകസഭയും, രാജ്യസഭയും എല്ലാം ജോസ് നേതൃത്വം നല്‍കുന്ന സിന്‍ഡിക്കേറ്റിന്റെ കരങ്ങളില്‍ ഒതുങ്ങുവാന്‍ പോകുന്നു എന്ന തിരിച്ചറിവാണ് ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ അടിസ്ഥാന കാരണം. ഇതിന്, മാണി പാര്‍ട്ടിയുടെ തന്നെ ജോസിന്റെ പ്രവര്‍ത്തന രീതിയില്‍ അമര്‍ഷമുള്ള രണ്ടാം നിര നേതാക്കളുടെ പിന്തുണയും ജോസഫിനുണ്ട്. അവരാരും പ്രത്യക്ഷത്തില്‍ വരാത്തത് ജോസഫ് എന്തു നിലപാടെടുക്കും എന്നതിന്റെ അനിശ്ചിതാവസ്ഥ കൊണ്ടാണ്. ജോസഫ് യു.ഡി.എഫില്‍ പ്രത്യേക പാര്‍ട്ടിയായി തുടര്‍ന്നാല്‍, മാണി ഗ്രൂപ്പിലെ എം.എല്‍.എ.മാര്‍ ഉള്‍പ്പെടെ വലിയൊരു നേതൃപട തന്നെ ജോസഫിന്റെ കൂടെ പോകും. കാരണം കെ.എം.മാണി ആരോഗ്യപരമായി വളരെ മോശാവസ്ഥയിലാണ്. ജോസ്.കെ.മാണിയും ഭാര്യയും ഉള്‍പ്പെട്ട കോക്കസിനോട് ഒത്തുപോകുവാന്‍ ആത്മാഭിമാനമുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിയില്ല. അവര്‍ ജോസഫിന്റെ പിന്നില്‍ അണിനിരക്കും. ക്രമേണ ജോസ് കെ.മാണിയുടെ പാര്‍ട്ടി ശോഷിക്കുകയും, രാഷ്ട്രീയമായി ഒറ്റപ്പെടുകയും ചെയ്യും. കോട്ടയത്ത് ജോസഫിനെ വെട്ടി, സ്വന്തം ഇംഗിതം അനുസരിച്ചു നില്‍ക്കുന്ന ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധിച്ചത് താല്‍ക്കാലിക നേട്ടം മാത്രമാണ്. വരുംകാലത്ത് കോട്ടയം കൊണ്ട് 'കോട്ടം' മാത്രമേ ജോസ് കെ.മാണിക്ക് ഉണ്ടാകൂ.



Join WhatsApp News
Cherian Philip 2019-03-13 15:41:01
മണിക്ക് ശേഷം ജോസ് കെ മാണി ക്കു കേരള രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ കഴിയില്ല !!! രണ്ടാം നിര നേതാക്കൾ മറ്റു പാർട്ടികളിൽ ചേക്കേറും ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക