Image

ടോം വടക്കനെ കാവി പുതപ്പിച്ച് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്ന ബിജെപി

കലാകൃഷ്ണന്‍ Published on 14 March, 2019
ടോം വടക്കനെ കാവി പുതപ്പിച്ച് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്ന ബിജെപി

കഴിഞ്ഞ കര്‍ണാടക നിയമസഭയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോള്‍ ഇനി ഭരണത്തിനായി നിങ്ങള്‍ എന്തു ചെയ്യുമെന്ന് ആര്‍എസ്എസ് നേതാവ് റാം മാധവിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നു. ഒരു നിമിഷം പോലും വൈകാതെയാണ് റാം മാധവിന്‍റെ മറുപടി. 'ഡോണ്‍ട് വൊറി,,, വി ഹാവ് അമിത് ഷാ...'
 കേവല ഭൂരിപക്ഷമൊന്നും ഒരു വിഷയമല്ല ഭരണം നേടിയിരിക്കും എന്ന് പറയാന്‍ രാം മാധവിനെ പ്രേരിപ്പിച്ചത് ഏത് രാഷ്ട്രീയ കുതിരക്കച്ചവടത്തിനും മിടുക്കനായ അമിത് ഷായിലുള്ള വിശ്വാസമാണ്. മൃഗീയ ഭൂരിപക്ഷത്തില്‍ യുപി പിടിച്ചെടുത്തുകൊണ്ട്, ശിവസേനയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര നിയമസഭയില്‍ ഒറ്റക്ക് മത്സരിച്ച് അധികാരം നേടിക്കൊണ്ട്, ദിവസങ്ങള്‍ക്കൊണ്ട് തൃപൂരയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ കാവിപുതപ്പിച്ച് ഒരു സംസ്ഥാന ഭരണം തന്നെ പിടിച്ചെടുത്തുകൊണ്ട് അമിത് ഷാ കളിക്കുന്ന പണത്തിന്‍റെയും പവറിന്‍റെയും പൊളിറ്റിക്സില്‍ ആര്‍എസ്എസ് ഉറച്ചു വിശ്വസിക്കുന്നുണ്ട്. 
അമിത്ഷായുടെ കളി കര്‍ണാടകയില്‍ പാളിയത് കോണ്‍ഗ്രസ് അമിത്ഷായിക്ക് മുകളില്‍ കളിച്ചതുകൊണ്ടല്ല. മറിച്ച് ഇനിയൊരിക്കല്‍ കൂടി ബിജെപി അധികാരത്തില്‍ എത്തിയാല്‍ തങ്ങളുടെ അവസാനമായിരിക്കും എന്ന് കര്‍ണാടകയിലെ ജനതാദളും കോണ്‍ഗ്രസും തിരിച്ചറിഞ്ഞതുകൊണ്ടാണ്. എങ്കിലും ഏത് നിമിഷവും തകര്‍ന്നു വീഴുന്ന ചീട്ടുകൊട്ടാരം മാത്രമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ദള്‍ സഖ്യസര്‍ക്കാര്‍. 
ഇപ്പോഴിതാ കോണ്‍ഗ്രസിനെ ആകെ ഞെട്ടിച്ചുകൊണ്ട് മുന്‍ ദേശിയ വക്താവിനെ തന്നെ കാവിപുതിപ്പിച്ച് സ്വന്തം പാളയത്തില്‍ എത്തിച്ചിരിക്കുന്നു അമിത് ഷാ. ഇലക്ഷന്‍ അടുത്ത് നില്‍ക്കുമ്പോഴുള്ള ഒരു മാസ്റ്റര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെയായിരുന്നു ഇത്. ടോം വടക്കന്‍ എന്നാല്‍ കോണ്‍ഗ്രസിന് സാധാരണ ഒരു നേതാവ് മാത്രമല്ല. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് വരുകയും ക്രിസ്ത്യന്‍ സഭയോട് അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന നേതാവാണ്. ദേശിയ പ്രാദേശിക ചാനലുകളിലെല്ലാം കോണ്‍ഗ്രസ് വക്താവായി നിന്നുകൊണ്ട് കോണ്‍ഗ്രസിന്‍റെ മുഖമായി മാറിയ വ്യക്തിയാണ്. ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസുകാരന്‍ എന്ന പ്രതീതിയുള്ളയാളാണ്. അയാളാണ് രായ്ക്ക് രാമാനം ബിജെപിക്കാരനായി മാറിയിരിക്കുന്നത്. 
ബിജെപിയിലേക്ക് ചേക്കേറാന്‍ ടോം വടക്കന്‍ പറയുന്ന അല്ലെങ്കില്‍ ബിജെപി പറയിപ്പിക്കുന്ന ന്യായം പുല്‍വാമ അക്രമണത്തോട് കോണ്‍ഗ്രസിന്‍റെ നയത്തിലും നിലപാടിലും പ്രതിഷേധിച്ചാണ് താന്‍ ബിജെപിയില്‍ ചേരുന്നത് എന്നാണ്. പാര്‍ട്ടി മാറ്റത്തിനുള്ള ഈ ന്യായം പോലും ഈ അവസരത്തില്‍ ഏറെ ശ്രദ്ധിച്ചാണ് ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത്. കൃത്യമായും ബിജെപിയുടെ ഇപ്പോഴത്തെ പിടിവള്ളിയായ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ തങ്ങള്‍ക്ക് പിന്തുണ കൂടിവരുന്നു എന്ന് ജനത്തെ ബോധ്യപ്പെടുത്തുക. രാജ്യസുരക്ഷയുടെ കാര്യത്തില്‍ തങ്ങളാണ് ഏക ശരിയെന്ന് ജനത്തെ വിശ്വസിപ്പിക്കുക. ടോം വടക്കന്‍റെ വരവ് പോലും ആ ലക്ഷ്യം വെച്ചാണ് ബിജെപി ഉപയോഗിച്ചത്. 
ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് പരമപുശ്ചം തോന്നാല്‍ ഇത്തരത്തില്‍ ദേശിയ നേതാക്കളെ അടര്‍ത്തിയെടുത്ത് വാര്‍ത്തപ്രധാന്യം നല്‍കുന്നത് കൊണ്ട് ഉപകരിക്കും എന്ന് ബിജെപി നന്നായി മനസിലാക്കുന്നുണ്ട്. അതിനപ്പുറം ഈ കളി രാഷ്ട്രീയ പാപരത്വവും അപചയവുമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഇന്നലെ വരെ പറഞ്ഞതും പ്രസംഗിച്ചതും നിലപാടായി പ്രഖ്യാപിച്ചതുമെല്ലാം വിഴുങ്ങി കേവലമായി ഒന്നോ രണ്ടോ വിഷയങ്ങളെ ചൂണ്ടിക്കാട്ടി പാര്‍ട്ടി വിടുക വിടുകയും പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയും ചെയ്യുക എന്നത് രാഷ്ട്രീയ അപചയം തന്നെയാണ്. ഈ പാപ്പരത്വം പ്രകടിപ്പിക്കുന്ന ബിജെപിക്ക് എന്താണ് നിലവാരം എന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. 
പാര്‍ലമെന്‍ററി പൊളിറ്റിക്സ് അവസരങ്ങളുടെ കല മാത്രമാണ് അവിടെ നീതിയുടെ വിഷയമില്ല എന്ന് വിശ്വസിക്കുന്ന ജയന്‍റ് കില്ലറാണ് അമിത് ഷാ. ബംഗാളില്‍ ദിവസം പ്രതി തൃണമൂലിന്‍റെ സംസ്ഥാന നേതാക്കളെ അടര്‍ത്തിയെടുത്താണ് ബിജെപിക്ക് അമിത് ഷാ ഗ്രൗണ്ട് ഒരുക്കുന്നത്. ഒരു മാസം മുമ്പ് തൃണമുലിന്‍റെ പ്രധാന നേതാവ് മുകുള്‍ റോയ് ബിജെപിയില്‍ എത്തി. ഇപ്പോഴിതാ തുടര്‍ച്ചയായി നാല് തവണ എം.എല്‍.എ ആയിരുന്ന തൃണമുല്‍ നേതാവ് അര്‍ജുന്‍ സിംങ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു. സിപിഎമ്മിന്‍റെ സംസ്ഥാന നേതാവ് പുല്ലുപോലെ ബിജെപിക്കാരാനായി ബംഗാളില്‍. 
ആസാമിലാവട്ടെ പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച് അസംഗണപരിഷത്ത് മുന്നണി വിട്ടപ്പോള്‍ അവസരം മുതലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇലക്ഷന് തൊട്ട് മുമ്പ് ബിജെപി വീണ്ടും അവരെ മുന്നണിയില്‍ എത്തിച്ചിരിക്കുന്നു. തമിഴ്നാട്ടില്‍ അണ്ണാഡിഎംകെയെ മൊത്തമായി ബിജെപി വിഴുങ്ങിയ മട്ടാണ്. സംസ്ഥാന തലത്തില്‍ അണ്ണാഡിഎംകെയാണ് വലിയ പാര്‍ട്ടിയെങ്കിലും ദ്രാവിഡ പൊളിറ്റിക്സെല്ലാം മറന്ന് അവര്‍ മൊത്തമായും ബിജെപിയായി മാറുന്ന മട്ടാണ്. 
ബിജെപിയുടെ ഈ പവര്‍ പൊളിറ്റിക്സിന് മുമ്പില്‍ കേരളം ഇനിയും പിടിച്ചു നില്‍ക്കുന്നത് അസമാന്യമായ രാഷ്ട്രീയ ബോധം കൊണ്ടു തന്നെയാണ്. എന്നാല്‍ ടോംവടക്കന്‍മാരെ കാവിപുതപ്പിച്ച് കേരളത്തിലേക്ക് അയക്കാനാണ് ഇനി ബിജെപി ശ്രമിക്കുക. കരുതിയിരിക്കേണ്ടത് കേരളം കൂടിയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക