Image

നെഹ്‌റുവിന്റെ ഇസ്രായേല്‍ വിരോധം (ലേഖനം: സാം നലമ്പള്ളില്‍)

Published on 15 March, 2019
നെഹ്‌റുവിന്റെ ഇസ്രായേല്‍ വിരോധം (ലേഖനം: സാം നലമ്പള്ളില്‍)
ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നവനാണ് കുറെ തെറ്റുകളും വരുത്തുന്നതെന്ന് നെഹ്‌റുതന്നെ പറഞ്ഞിട്ടുണ്ട്. ഒന്നും ചെയ്യാതിരിക്കുന്നവന്‍ ഒരുതെറ്റും ചെയ്യാറില്ലല്ലൊ. നെഹ്‌റു കുറെയേറെ നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ വിരോധികള്‍പോലും സമ്മതിക്കും. ഇന്‍ഡ്യയെ ഒരു മതേതര ജനാധിപത്യരാഷ്ട്രമായി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ നെഹ്‌റുവിന്റെ പങ്ക് വളരെവലുതാണ്. ആറെസ്സസ്സ് പോലുള്ള മതമൗലികവാദികളുടെ സ്വാധീനം ഭരണതലത്തില്‍ വളരുന്നത് തടയാന്‍ അദ്ദേഹത്തിന് സാധിച്ചെന്നുള്ളത് രാജ്യത്തെ ഹിന്ദു ഇതരവിഭഗങ്ങളെ ആശ്വസിപ്പിക്കുന്ന കാര്യമാണ്.  മതന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷകനായി അദ്ദേഹം എന്നും നിലകൊണ്ടിട്ടുണ്ട്.

(എന്റെ അയല്‍കാരാണ് മുഹമ്മദ് കോയയും നാരായണ പിള്ളയും. ഇവര്‍ രണ്ടുപേരും ബദ്ധശത്രുക്കളാണ്, പരസ്പരം കൊല്ലാന്‍ നടക്കുന്നവര്‍. ജീവപര്യന്തമോ തൂക്കുകയറോ കിട്ടുമെന്നുള്ള ഭയത്താല്‍ തുനിഞ്ഞിറങ്ങുന്നില്ലെന്നേയുള്ളു. കോയയുടെ അപ്രീതി സമ്പാദിക്കുമെന്നുള്ളഭയത്താല്‍ ഞാന്‍ പിള്ളയോട് അകലംപ്രാപിച്ചാണ് കഴിയുന്നത്. അയാളുടെ മകളുടെ കല്ല്യണത്തിന് ക്ഷണിച്ചിരുന്നെങ്കിലും ഞാന്‍ പോയില്ല. അതുപോലെ എന്റെ മകളുടെ കല്ല്യാണത്തിന് നാടൊട്ടുക്ക് വിളിച്ചെങ്കിലും പിള്ളയെമാത്രം ക്ഷണിച്ചില്ല. കോയക്ക് എന്നോട് അപ്രീതി ഉണ്ടാകുമെന്നുള്ള ഭയത്താല്‍.)

 നെഹ്‌റുവിന്റെ ഇസ്രായേലിനോടുള്ള വിരോധമോ അപ്രീതിയോ എന്തായിരുന്നു എന്നുള്ളതിന്റെ ഉദാഹരണമായിട്ടാണ് മേല്‍പറഞ്ഞ കെട്ടുകഥ വിവരിച്ചത്. അറബുരാജ്യങ്ങളുടെ വിരോധം സമ്പാദിക്കുമെന്ന ഭയത്താലാണ് നെഹ്‌റു ഇസ്രായേലിനോട് അകലം പ്രാപിച്ചത്. കൂടാതെ ഇന്‍ഡ്യന്‍ മുസ്‌ളീങ്ങളുടെ പ്രീതി നേടാനും. ഒരു സ്വതന്ത്രരാജ്യത്തിനു ചേര്‍ന്ന നടപടിയായി വിവരമുള്ളവര്‍ ഇതിനെ കണക്കാക്കത്തില്ല. ഇന്‍ഡ്യ മറ്റുരാജ്യങ്ങളുടെ അഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിക്കുന്നിടത്തോളം ആരുടേയം ഗുഡ്ഡ്‌സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

ഇന്‍ഡ്യക്ക് സ്വാതന്ത്യംകിട്ടിയതിന്റെ അടുത്തവര്‍ഷമാണ് ഇസ്രായേല്‍രാജ്യം രൂപംകൊള്ളുന്നത്. അന്നുമതല്‍ ഈ കൊച്ചുരാജ്യത്തോട് എന്തോ ശത്രുതാമനോഭാവമാണ് നെഹ്‌റുവും അദ്ദേഹത്തെ പിന്‍തുടര്‍ന്നുവന്ന കോണ്‍ഗ്രസ്സ് സര്‍ക്കാറുകളും സ്വീകരിച്ചത്. മറ്റെന്തിനേക്കാളും ഉപരിയായി ഇന്‍ഡ്യയുടെ സൗഹൃദം ആഗ്രഹിച്ച രാജ്യമാണ് ഇസ്രായേല്‍. ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യരാഷ്ട്രത്തിന്റെ അംഗീകരം ലഭിക്കുന്നത് മഹത്തായകാര്യമായി ആ കൊച്ചുരാഷ്ട്രം കരതി. ഇന്‍ഡ്യയോട് ഒരു പ്രത്യേക സ്‌നേഹംതന്നെ ആ രാജ്യത്തിനുണ്ടായിരുന്നു. കാരണം ലോകംമൊത്തം യഹൂദരെ പീഡിപ്പിച്ചപ്പോള്‍ ഇന്‍ഡ്യയില്‍ ജീവിച്ചിരുന്ന യഹൂദര്‍ ഇവിടുത്തെ പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും ആസ്വദിച്ച് ജീവിച്ചു. ഇതരമതവിഭഗങ്ങളുടെ സേനേഹവും സൗഹാര്‍ദ്ദവും സ്വീകരിച്ച് ഇന്‍ഡ്യന്‍ പൗരന്മാരായിട്ട് അവരിവിടെ ജീവിച്ചു. അതായിരുന്നു ഇസ്രായേല്‍ രാഷ്ട്രത്തിന് ഇന്‍ഡ്യയോടുടെള്ള മമതക്ക് കാരണം. വിഷമഘട്ടങ്ങളിലൂടെ രാജ്യം കടന്നുപോകുമ്പോളൊക്കെ സഹായഹസ്തംനീട്ടി അവര്‍ സൗഹൃദം പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും ആ രാജ്യത്തെ അംഗീകരിക്കാന്‍ നെഹ്‌റു തയ്യാറായില്ല.

ചൈനക്കെതിരെ യുദ്ധംചെയ്യാന്‍ നമ്മുടെ പട്ടാളക്കാരുടെ കയ്യില്‍ ബ്രിട്ടീഷുകാരന്‍ ഉപേക്ഷിച്ചുപോയ കുറെ പഴഞ്ചന്‍ തോക്കുകളല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. അന്ന് ലോകശക്തികളൊക്കെ നിസംഗതപാലിച്ചപ്പോള്‍ ആയുധങ്ങളുമായി എത്തിയത് ഇസ്രായേലായിരുന്നു. എന്നാല്‍ നെഹ്‌റു പറഞ്ഞത് ആയുധങ്ങളുമായിവരുന്ന കപ്പലില്‍ നിങ്ങളുടെ രാജ്യത്തിന്റെ കൊടി പറപ്പിക്കരുതെന്നാണ്. രാജ്യത്തിന്റെ അന്തസ്സിനെ ചോദ്യംചെയ്യുന്ന നെഹ്‌റുന്റെ ആവശ്യം ഇസ്രായേല്‍ നിരാകരിച്ചു. അവസാനം ഗത്യന്തരമില്ലാതെ കൊടിവെച്ചുകൊണ്ടുതന്നെവന്ന ഇസ്രായേല്‍ കപ്പലില്‍നിന്ന് ആയുധങ്ങള്‍ ബോംബെപോര്‍ട്ടില്‍ ഇറക്കാന്‍ നെഹ്‌റുവിന് സമ്മതംമൂളേണ്ടിവന്നു. ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ കള്ളക്കളികള്‍.

നെഹ്‌റുവിനുശേഷംവന്ന ലാല്‍ ബഹ്ദൂര്‍ ശാസ്ത്രിയും ഇന്ദിരയും ഇസ്രായേലിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. നെഹ്‌റുവിന്റെ ഭയംതന്നെയായിരുന്നു ഇവരേയും പിന്‍തിരിപ്പിച്ചത്. അവസാനം പുതിയ ഇന്‍ഡ്യയുടെ സൃഷ്ടാവായ നരസിംഹ റാവുവാണ് ഇസ്രായേലിനെ ഒരുരാഷ്ട്രമായി അംഗീകരിതച്ചത്. നെഹ്‌റുവിന്റേയും പിന്‍ഗാമികളുടേയും സോഷ്യലിസമെന്ന എടുക്കാച്ചരക്ക് ചവറ്റുകുട്ടയിലിട്ട് പ്രായോഗിക രാഷ്ട്രീയത്തിന് തുടക്കംകുറിച്ച റാവുവിനെ മാനിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ ഇനിയും തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ ശവസംസ്ക്കാരത്തില്‍ പങ്കെടുക്കാന്‍പോലും മുതിര്‍ന്ന നേതാക്കള്‍ മടികാണിച്ചു.

റാവു ഇസ്രായേലിനെ അംഗീകരിച്ചെങ്കിലും പിന്നീടുവന്ന സര്‍ക്കാരുകളൊന്നും ആ രാജ്യത്തോട് അടുപ്പംകാണിച്ചില്ല. നരേന്ദ്ര മോദിക്കുമുന്‍പ് ഒരു ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയും ആ രാജ്യം സന്ദര്‍ശ്ശിച്ചിട്ടില്ല.  നമ്മുടെ എ. കെ. ആന്റണി പ്രതിരോധവകുപ്പ് മന്ത്രിയായ എട്ടുവര്‍ഷം അറബിരാജ്യങ്ങളിലെല്ലാം നിരങ്ങിയിട്ടും ഇസ്രായേലില്‍മാത്രം പോയിട്ടില്ല. ഒരിക്കല്‍ മലപ്പുറത്തുനിന്നും ജയിപ്പിച്ചതിന്റെ നന്ദിസൂചകമായിട്ടാകാം ഇത്. തന്നെയുമല്ല വോട്ടുചെയ്യാന്‍ കേരളത്തിലിപ്പോള്‍ യഹൂദന്മാരും ഇല്ലല്ലോ. അവരെല്ലാം ഇസ്രായേലിലേക്ക് കുടിയേറിപ്പോയില്ലേ. കഷ്ടം കോണ്‍ഗ്രസ്സേ! നിങ്ങളുടെ മുസ്‌ളീംവോട്ടുകള്‍ എങ്ങനെ ചോര്‍ന്നുപോയെന്ന് ഗൃഹപാഠം ചെയ്യുന്നത് നന്നായിരിക്കും. ഇന്ന് മുസ്‌ളീംലീഗിന്റെ വോട്ടില്ലെങ്കില്‍ കേരളത്തില്‍ കോണ്ഗ്രസ്സ് വട്ടപൂജ്യം.

ബലാക്കോട്ടില്‍ ഭീകരക്യാമ്പുകളുടെനേരെ പ്രയോഗിച്ചത് ഇസ്രായേല്‍ നല്‍കിയ അത്യന്താധുനികമായ ബോംബുകളായിരുന്നു, ശത്രുവിന്റെ ഹൃദയത്തില്‍തന്നെ ചെന്നുകൊള്ളുന്നത്. അവിടൊന്നും സംഭവിച്ചിട്ടില്ലെന്ന പാകിസ്ഥാനും അന്താരാഷ്ട്ര മാധ്യമങ്ങളും പറയുന്നത് പച്ചക്കള്ളമാണ്. പാകിസ്ഥാന്‍ പറയുന്നതാണ് റോയിട്ടറും ന്യുയോര്‍ക്ക് ടൈസും ഏറ്റുപിടിക്കുന്നത്. എന്തുകൊണ്ട് ബോംബുവീണസ്ഥലം സന്ദര്‍ശ്ശിക്കാന്‍ ഈ മാധ്യമങ്ങളുടെ പ്രതിനിധികളെ പാകിസ്ഥാന്‍ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇവരെല്ലാം പറയുന്നത് കള്ളമാണെന്ന് അനുമാനിക്കാം.

സാം നലമ്പള്ളില്‍.
samnilampallil@gmail.com   


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക