Image

ഗംഗയെ തൊട്ടറിയറണം ഉള്ളറിയണം (4 ) (കാശി എന്ന വാരണാസിയാണ് ബനാറസ്: മിനി വിശ്വനാഥന്‍ )

മിനി വിശ്വനാഥന്‍ Published on 16 March, 2019
ഗംഗയെ തൊട്ടറിയറണം ഉള്ളറിയണം (4 )  (കാശി എന്ന വാരണാസിയാണ് ബനാറസ്: മിനി വിശ്വനാഥന്‍ )
ത്രിദേവ് മന്ദിറില്‍ നിന്ന് നടക്കാനുള്ള ദൂരമെയുള്ളൂ തുളസി മാനസ മന്ദിറിലേക്കും ദുര്‍ഗ്ഗാ കുണ്ഡിലേക്കും. സൈക്കിള്‍ റിക്ഷകളും ,ഓട്ടോ റിക്ഷകളും അതിനിടെ കാല്‍നാട യാത്രക്കാരും ഹോണടികളും മഴച്ചാറലും കൊണ്ട് സമൃദ്ധമായിരുന്നു സംകട് മോചന്‍ റോഡിലൂടെയുള്ള ആ രണ്ട് മിനുട്ട് നടപ്പ്.

വാരണാസിയിലെ തുളസിമാനസമന്ദിറിന് സാംസ്‌കാരികമായും ചരിത്രപരമായും വളരെ പ്രാധാന്യമുണ്ട്. വാത്മീകി മഹര്‍ഷി സംസ്‌കൃത ഭാഷയില്‍ എഴുതിയ രാമായണം സംസ്‌കൃത ജ്ഞാനമില്ലാത്ത സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ വിഷമമായിരുന്നു. അതു കൊണ്ട് പതിനാറാം നൂറ്റാണ്ടില്‍ ശ്രീ ഗോസ്വാമി തുളസിദാസ് രാമകഥ 'രാമചരിതമാനസം' എന്ന പേരില്‍ അവഥി ഭാഷയില്‍ രചിച്ചു.( വാത്മീകിയുടെ അവതാരമാണ് തുളസീദാസ് എന്നും ഐതിഹ്യമുണ്ട്.) പുരുഷോത്തമനായ രാമന്റെ അവതാര സത്കഥ അജ്ഞരായ ജനങ്ങളില്‍ എത്തിക്കലായിരുന്നു ഈ രചനയുടെ ഉദ്ദേശ്യം. ഭക്തിപ്രസ്ഥാനത്തിന്റെ മദ്ധ്യകാലമായിരുന്നു അത്. തുളസിദാസ് രാമചരിതമാനസം എഴുതി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് 1964 ല്‍ ഠാക്കൂര്‍ ദാസ് സുരേഖ നിര്‍മ്മിച്ചതാണ് ഇന്ന് അവിടെ കാണുന്ന മാര്‍ബിള്‍ രാമക്ഷേത്രം.

ഈ വെണ്ണക്കല്‍ ക്ഷേത്രത്തിനു ചുറ്റും പച്ചപ്പുല്‍ത്തകിടിയും പൂന്തോട്ടവുമുണ്ട്. പ്രകൃതി രമണീയത ശില്പഭംഗിക്കൊപ്പം കൂടിച്ചേര്‍ന്നിരിക്കുന്നു. മാര്‍ബിള്‍ ചുവരുകളിള്‍ രാമായണത്തിലെ വരികളും ചിത്രങ്ങളും ആലേഖനം ചെയ്തതായി കാണാം. ശ്രീരാമനും സീതയും ലക്ഷ്മണനും ഒപ്പം ഹനുമാനുമാണ് ഇവിടത്തെ ആരാധനാമൂര്‍ത്തികള്‍. എല്ലാ ക്ഷേത്രങ്ങളിലെയും മൂര്‍ത്തികള്‍ കാണാന്‍ ഏകദേശം ഒരു പോലെയാണ്, വേഷഭൂഷാദികളില്‍, നിസ്സംഗരായ പണ്ഡിറ്റുമാരും. വളരെയേറെ ശുചിയായും ഭംഗിയായും സംരക്ഷിക്കപ്പെടുന്ന ഒരു ക്ഷേത്രമാണിത്.

അടുത്ത ലക്ഷ്യം ചരിത്രപ്രസിദ്ധമായ ദുര്‍ഗാ കുണ്ഡ് ക്ഷേത്രമായിരുന്നു. ചാറ്റല്‍ മഴ തുടരുന്നുണ്ടായിരുന്നു.റോഡിനിരുവശങ്ങളിലും വെച്ച് വാണിഭക്കാരും ,ഭിക്ഷാടകരും സമൂസ, കച്ചോരി ,ചായ് വില്പനക്കാരും കസ്റ്റമേഴ്‌സിനെ പ്രതീക്ഷിച്ച് ശാന്തരായി സമയം കളഞ്ഞു.. ഇവരെയാരെയും കൂസാതെ അലഞ്ഞു നടക്കുന്ന പശുക്കളും ചുരുണ്ട് കിടന്നുറങ്ങുന്ന നായ്ക്കളും പകല്‍ക്കാഴ്ച പൂര്‍ണ്ണമാക്കി.

ക്ഷേത്രത്തിനു തൊട്ടു മുന്നിലുള്ള തെരുവില്‍ വിവിധ നിറത്തിലുള്ള നൂലുകളും മുത്തുമാലകളും കളിപ്പാട്ടങ്ങളും തൂക്കിയിട്ട ചെറുകിട കച്ചവടക്കാര്‍ ഭക്തരുടെ ശ്രദ്ധയാകര്‍ഷിക്കാനായി ബഹളം വെച്ച് കൊണ്ടേയിരുന്നു. ഗുരുവായൂരമ്പലത്തിലെ നടപ്പന്തലിനു ചുറ്റുമുള്ള കാഴ്ചകളുടെ ചെറിയൊരു നേര്‍ഛേദം ഇവിടെയും ,ഭാഷയിലും രൂപത്തിലും വ്യത്യാസമുണ്ടെന്ന് മാത്രം. ചെറിയ പാത്രങ്ങളില്‍ പൂക്കളും പഴങ്ങളും നിരത്തിവെച്ച വഴിപാട് സാധനങ്ങള്‍ക്കൊപ്പം പല നിറത്തിലുള്ള കുങ്കുമങ്ങളും കൂമ്പാരമായി കൂട്ടി വെച്ചിരുന്നത് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളെയും ഓര്‍മ്മിപ്പിച്ചു,

പതിനെട്ടാം നൂറ്റാണ്ടില്‍ ഒരു ബംഗാളി മഹാറാണിയുടെ ആഗ്രഹപ്രകാരം നിര്‍മ്മിക്കപ്പെട്ടതാണ് ഈ ദുര്‍ഗാക്ഷേത്രം. സ്വയംഭൂവാണ് ഇവിടത്തെ പ്രതിഷ്ഠ. ശിവശക്തിയിലെ ശക്തിയാണ് ഇവിടത്തെ ദുര്‍ഗാ സങ്കല്പമെന്നും പറയപ്പെടുന്നു. സമനിരപ്പില്‍ നിന്നും ഉയര്‍ന്നിട്ടാണ് പ്രതിഷ്ഠയുടെ സ്ഥാനം. ദേവിയെ കാണാന്‍ പടി കയറി പോവണമെന്ന് ചുരുക്കം. കേരളീയ രീതിയിലുള്ള ഒരു ചുറ്റമ്പലം ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയായിരുന്നു. ചതുരാകൃതിയില്‍ ചെങ്കല്ല് കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം. ക്ഷേത്രത്തിന് തൊട്ടു വലതു വശത്തായി ഒരു കുളവും ഉണ്ടിവിടെ. സംകട് മോചന്‍ പോലെ തന്നെ പഴമയുടെ സൗന്ദര്യം ഇതിനുമുണ്ട് . പക്ഷേ ചെങ്കല്ലിന്റെ ഭംഗി ചുവന്ന ചായം വാരിപ്പൂശിയതിലൂടെ ഇല്ലാതാവുകയും ചെയ്തു.

ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും മടിയനായ െ്രെഡവര്‍ തന്റെ അറിവിലുള്ള സ്ഥലങ്ങളൊക്കെ കഴിഞ്ഞുവെന്നും ഇനി മടങ്ങാമെന്നും നിര്‍ദേശിച്ചു. ശിവരാത്രിയുടെ തലേന്നായത് കൊണ്ട് മിക്ക റോഡുകളും ബ്ലോക്ക് ആയിരുന്നു. അതു കൊണ്ട് തന്നെ നഗരം ചുറ്റിക്കാണാനും ഒരവസരം കിട്ടി.

ബനാറസ് എന്നത് ഒരു തരം സാരിയുടെ പേര് മാത്രമാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത് . കാശി എന്ന വാരണാസിയാണ് ബനാറസ് എന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. വരുണ ,അസ്സി എന്നീ നദികള്‍ക്കിടയിലൂടെ പുണ്യനദിയായ ഗംഗ പടര്‍ന്നു കിടക്കുന്നു. അതാണ് ഈ സ്ഥലത്തിന് വാരണാസി എന്ന പേര് വരാന്‍ കാരണം. വാരണാസി ബ്രിട്ടീഷ് അധിനിവേശത്തോടെ ഉച്ചരിക്കാനുള്ള സൗകര്യാര്‍ത്ഥം ബനാറസ് എന്ന് മാറിയതാവാമെന്നും, അതല്ല മുസ്ലിം രാജാക്കന്‍മാരുടെ കടന്നുകയറ്റം വരുത്തിയ മാറ്റമാണെന്നും പറയപ്പെടുന്നു. ബംഗാളി ഭാഷയില്‍ 'വ'കാരം ഇല്ലാത്തത് കൊണ്ട് വാരണാസി ബനാറസ് ആയതാണെന്നും ഒരഭിപ്രായം കേട്ടു .

ലോകത്തിലെ തന്നെ പഴക്കമേറിയ ഒരു നഗരമാണ് കാശി.ശിവന്റെ ത്രിശൂലത്തില്‍ നിലയുറപ്പിച്ച നഗരമാണിതെന്ന വിശ്വാസം കൊണ്ട് ഹിന്ദുക്കളുടെ പരമപുണ്യഭൂമിയും ഇതു തന്നെ.
കെട്ടിടങ്ങളും തെരുവുകളും വീതി കുറഞ്ഞ ഉള്‍ റോഡുകളും നഗരത്തിന്റെ പഴമ വിളിച്ച് പറയുന്നതാണ്. സൈക്കിള്‍ റിക്ഷക്കാര്‍ ചെറിയ ദൂരങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്നതു കാണാം. റോഡ് ബ്ലോക്കാണെന്ന കാരണം പറഞ്ഞ് മൂന്ന് കിലോമീറ്ററുകള്‍ക്ക് മുന്‍പ് ഞങ്ങളെ ഇറക്കി വിട്ട െ്രെഡവര്‍ നഗരക്കാഴ്ചകള്‍ക്ക് ഒരു കാരണമായി. നേരെ നടന്നാല്‍ ദശാശ്വമേഥഘട്ട് എത്തുമെന്ന ഉറപ്പില്‍ ഞങ്ങള്‍ നടന്നു തുടങ്ങി.

ബനാറസി സാരികളാണ് നഗരത്തിന്റെ മറ്റൊരാകര്‍ഷണം. തുണിക്കടയുടെ മുന്‍പില്‍ നില്‍പ്പുറപ്പിച്ച വില്‍പ്പനക്കാര്‍ക്ക് തുണിത്തരങ്ങള്‍ ഒന്നു നോക്കിയിട്ട് പോവൂ എന്നു മാത്രമെ ആവശ്യമുള്ളു. നോക്കിയാല്‍ വാങ്ങുമെന്നവര്‍ക്കുറപ്പുണ്ടാവും. 
ഗംഗ മാടി വിളിക്കുന്നത് കാരണം തുണിത്തരങ്ങള്‍ നോക്കുക പോലും ചെയ്തില്ല ഞാന്‍. കെട്ടിടങ്ങളിലെ പഴയ മരക്കോവണികളുടെ പ്രൗഢിയും ഒരെത്തിനോട്ടത്തില്‍ കാണാന്‍ പറ്റി. ശിവരാത്രി ആഘോഷത്തിന്റെ ലഹരിയിലും കൂടിയായിരുന്നു തെരുവ്. യാതൊരു പരാതിയുമില്ലാതെ കിലോമീറ്ററുകളോളം നീളുന്ന ദര്‍ശനത്തിനുള്ള ക്യുവില്‍ മണിക്കൂറുകളോളം അച്ചടക്കത്തോടെ നില്‍കുന്ന ഭക്തജനങ്ങള്‍ മറ്റൊരു കൗതുകമായി.
കാഴ്ചകള്‍ തുടരുകയാണ്.
നഗരക്കാഴ്ചകളില്‍ നിന്ന് ഗംഗയിലേക്ക്...
കാശി വിശ്വനാഥനിലേക്ക് .
വിശപ്പും ദാഹവുമറിയാതെ യാത്ര തുടരുകയാണ്.

ഗംഗയെ തൊട്ടറിയറണം ഉള്ളറിയണം (4 )  (കാശി എന്ന വാരണാസിയാണ് ബനാറസ്: മിനി വിശ്വനാഥന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക