Image

രണ്ടാമൂഴം; എം.ടിയുടെ തിരക്കഥ തിരികെ നല്‍കാന്‍ കോടതി വിധി

Published on 16 March, 2019
രണ്ടാമൂഴം; എം.ടിയുടെ തിരക്കഥ തിരികെ നല്‍കാന്‍ കോടതി വിധി

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‌ തിരിച്ചടി. തിരക്കഥയുടെ കാര്യത്തില്‍ മധ്യസ്ഥനെ നിയമിക്കണമെന്നുള്ള സംവിധായകന്റെ ആവശ്യം കോഴിക്കോട്‌ ജുഡീഷ്യല്‍മജിസ്‌ട്രേറ്റ്‌ തള്ളി. തിരക്കഥ ശ്രീകുമാര്‍ മേനോന്‌ ഉപയോഗിക്കാന്‍ കഴിയില്ലെന്ന ഉത്തരവും കോടതി നിലനിര്‍ത്തി.

നാലു വര്‍ഷം മുമ്പാണ്‌ എം.ടി ശ്രീകുമാര്‍ മേനോന്‌ തിരക്കഥ കൈമാറുന്നത്‌. മൂന്നുവര്‍ഷത്തിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. ഇക്കാലയളവില്‍ ചിത്രം പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്‌, എന്നാല്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ചിത്രീകരണം ആരംഭിച്ചില്ല. ഇതേ തുടര്‍ന്നാണ്‌ എം.ടി തിരക്കഥ തിരികെ ആവശ്യപ്പെട്ടത്‌.

തുടര്‍ന്ന്‌ ഒരു വര്‍ഷത്തേക്കു കൂടി സമയം നീട്ടി നല്‍കിയെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ചിത്രീകരണം തുടങ്ങാനായില്ല. ഇതേ തുടര്‍ന്നാണ്‌ തിരക്കഥ തിരികെ കിട്ടണമെന്ന ആവശ്യവുമായി എം.ടി കോടതിയെ സമീപിച്ചത്‌. അഡ്വാന്‍സ്‌ തുക തിരികെ നല്‍കാമെന്നും എം.ടി വ്യക്തമാക്കിയിരുന്നു. ഇംഗ്‌ളീഷിലും മലയാളത്തിലുമുള്ള തിരക്കഥയാണ്‌ എം.ടി നല്‍കിയിരുന്നത്‌.

പ്രമുഖ വ്യവസായി ബി.ആര്‍ ഷെട്ടിയാണ്‌ ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിരുന്നത്‌. ആയിരം കോടി മുതല്‍ മുടക്കിലായിരിക്കും ചിത്രം നിര്‍മിക്കുകയെന്നും കേന്ദ്രകഥാപാത്രമായ ഭീമസേനനായി മോഹന്‍ലാലായിരിക്കും എത്തുക എന്നും ശ്രീ കുമാര്‍ മേനോന്‍ അറിയിച്ചിരുന്നു.

ഏതായാലും കോടതി വിധി ശ്രീകുമാര്‍ മേനോന്‌ എതിരായതോടെ മലയാളികള്‍ കാത്തിരുന്ന ആ ബ്രഹ്മാണ്‌ഡ ചിത്രം ഉടനേയെങ്ങും ചിത്രീകരണം ആരംഭിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ്‌ മലയാള സിനിമാ ലോകം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക