Image

പരീക്കറുടെ വിയോഗം നഷ്ടമാക്കുന്നത്‌ ജനകീയനായ നേതാവിനെ

Published on 17 March, 2019
പരീക്കറുടെ വിയോഗം നഷ്ടമാക്കുന്നത്‌ ജനകീയനായ നേതാവിനെ
ഗോവ: മുഖം നിറയുന്ന പുഞ്ചിരിയും ലാളിത്യം നിറഞ്ഞ പെരുമാറ്റവുംകൊണ്ട്‌ എതിരാളികള്‍ക്കുപോലും സമ്മതനായ നേതാവായിരുന്നു ഐഐടി ബിദുദധാരിയായ മനോഹര്‍ പരീക്കര്‍. ബിജെപിയിലെ എല്ലാവിഭാഗങ്ങള്‍ക്കും അദ്ദേഹം സ്വീകാര്യനായിരുന്നു.


കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന ഗോവയെ ബിജെപിയോട്‌ അടുപ്പിച്ചതും മനോഹര്‍ തന്നെ.
മുഖ്യമന്ത്രിയായ ശേഷവും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം.
പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക്‌ എളുപ്പം സമീപിക്കാവുന്ന നേതാവ്‌.

1955 ഡിസംബര്‍ 13-ന്‌ ഗോവയിലെ മാപുസയില്‍ ജനനം. ആര്‍എസ്‌എസിലൂടെ പൊതുരംഗത്തെത്തി. മുംബൈ ഐഐടിയില്‍ നിന്ന്‌ എന്‍ജിനീയറിങ്‌ ബിരുദം നേടിയ മനോഹര്‍ പരീക്കര്‍ പിന്നീട്‌ ബിജെപിയിലൂടെ 1994-ല്‍ നിയമസഭയിലെത്തി.

1994 മുതല്‍ ഗോവയില്‍ ബിജെപിയുടെ താരപ്രചാരകനായിരുന്ന പരീക്കര്‍ രോഗബാധിതനായതിനാല്‍ ഇത്തവണ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിലെ അദ്ദേഹത്തിന്റെ അസാന്നിധ്യം മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്‌തു.
സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ എംഎല്‍മാരില്‍ ഒരാളാണ്‌ പരീക്കര്‍.

2000 ഒക്ടോബറില്‍ ബിജെപി ആദ്യമായി ഗോവയില്‍ ഭരണത്തിലെത്തിയപ്പോള്‍ പരീക്കറെയാണ്‌ മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിച്ചത്‌. 2000 -ന്‌ ശേഷം നാലുവട്ടം മുഖ്യമന്ത്രിയായി. 2002 ഫെബ്രുവരിയില്‍ നിയമസഭ പിരിച്ചുവിട്ടെങ്കിലും തിരഞ്ഞെടുപ്പിനെ തുടര്‍ന്ന്‌ കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ച്‌ ജൂണില്‍ വീണ്ടും മുഖ്യമന്ത്രിയായി.
2005ല്‍ ഭരണം നഷ്ടപ്പെട്ടു.2012 ല്‍ മൂന്നാം വട്ടം മുഖ്യമന്ത്രിസ്ഥാനത്ത്‌.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച്‌ കേന്ദ്രപ്രതിരോധ മന്ത്രിയായി. 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച്‌ വരെ ആ സ്ഥാനത്ത്‌ തുടര്‍ന്നു. 2017ല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി രാജിവച്ച മനോഹര്‍ പരീക്കര്‍ തന്റെ സ്ഥിരം മണ്ഡലമായ പനജിയില്‍ വിജയിച്ച്‌ നിയമസഭാംഗമായി.

പാന്‍ക്രിയാസില്‍ അര്‍ബുദം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്‌ അദ്ദേഹം ന്യൂയോര്‍ക്കിലെ ആശുപത്രിയിലും പിന്നീട്‌ ഡല്‍ഹി എയിംസ്‌ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. അതിനിടെ, കഴിഞ്ഞ ഡിസംബറില്‍ ഔദ്യോഗിക ചുമതലകളിലേക്ക്‌ മടങ്ങിയെത്തിയ അദ്ദേഹം മൂക്കില്‍ ട്യൂബുമായി ഓഫീസിലിരിക്കുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജനുവരി 30 ന്‌ അദ്ദേഹം ബജറ്റ്‌ അവതരിപ്പിക്കുകയും ചെയ്‌തു. തന്റെ അവസാന ശ്വാസം വരെ ഗോവക്ക്‌ വേണ്ടി സേവനം ചെയ്യുമെന്ന്‌ അദ്ദേഹം അന്ന്‌ പറഞ്ഞിരുന്നു.

രോഗബാധിതനായിരിക്കുമ്പോഴാണ്‌ റഫാല്‍ വിഷയത്തില്‍ വിവാദ ശബ്ദരേഖ പുറത്തുവിട്ട്‌ പരീക്കര്‍ക്കും കേന്ദ്രസര്‍ക്കാരിനും എതിരെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്‌. മുന്‍ പ്രതിരോധ മന്ത്രിയായ മനോഹര്‍ പരീക്കറുടെ കൈവശമുള്ള റഫാല്‍ ഫയലുകളെക്കുറിച്ചു സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത്‌ റാണെ അജ്ഞാത വ്യക്തിയോടു സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ്‌ പുറ്‌ത്തുവിട്ടത്‌.


പരീക്കറുടെ കൈവശമുള്ള ഫയലുകളിലെ ഉള്ളടക്കം പുറത്തുവിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ വെല്ലുവിളിച്ചു. എന്നാല്‍, ശബ്ദരേഖ വ്യാജമാണെന്നും കോണ്‍ഗ്രസിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു പരീക്കറും റാണെയും രംഗത്തുവന്നു.

റഫാല്‍ കരാര്‍ ഒപ്പിടുന്ന വേളയില്‍ മനോഹര്‍ പരീക്കര്‍ ആയിരുന്നു പ്രതിരോധ മന്ത്രി. പിന്നീട്‌ ഗോവ മുഖ്യമന്ത്രിയായ പരീക്കര്‍ ദീര്‍ഘകാലം അസുഖ ബാധിതനായി ചികിത്സയിലിരുന്നശേഷം അടുത്ത ദിവസങ്ങളിലാണ്‌ ഓഫീസിലെത്തിയത്‌.


പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന്‌ ആവശ്യം ഉയര്‍ന്നെങ്കിലും റഫാലുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ തന്റെ ഫ്‌ളാറ്റിലുണ്ടെന്നും അതിനാല്‍ തന്നെ ആര്‍ക്കും മാറ്റാന്‍ കഴിയില്ലെന്നും പരീക്കര്‍ പറഞ്ഞതായാണ്‌ കോണ്‍ഗ്രസ്‌ ആരോപിച്ചത്‌.

നിയന്ത്രണരേഖ കടന്ന്‌ പാക്‌ അധീന കശ്‌മീരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ നടത്താന്‍ തനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രചോദനമായത്‌ ആര്‍എസ്‌എസ്‌ തത്വശാസ്‌ത്രമെന്ന്‌ മനോഹര്‍ പരീക്കര്‍ പറഞ്ഞത്‌ വിവാദമായിരുന്നു.

നൂറ്‌ ശതമാനം കൃത്യതയോടെ പാക്കിസ്ഥാനെതിരെ മിന്നലാക്രമണം നടത്തിയ സൈന്യം ഉറി ആക്രമണത്തിനുള്ള പകരം വീട്ടിയെന്നും പരീക്കര്‍ പറഞ്ഞു.

സൈന്യവുമായി നടത്തുന്ന സംവാദത്തിലെല്ലാം അവരോട്‌ താന്‍ പറയാറുള്ളത്‌ രാജ്യത്തിന്‌ വേണ്ടി ജീവ ത്യാഗം ചെയ്യണമെന്നല്ല, മറിച്ച്‌ ഭീകരരെ നിര്‍വീര്യമാക്കാനാണ്‌. ആവശ്യമുന്നയിച്ചാല്‍ അതിര്‍ത്തിയില്‍ പോരാടാന്‍ തയ്യാറാണെന്ന്‌ ചില വിമുക്തഭടന്മാര്‍ തനിക്ക്‌ കത്തെഴുതി. അവരെ താന്‍ സല്യൂട്ട്‌ ചെയ്യുന്നതായും പരീക്കര്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ കീഴില്‍ അതിര്‍ത്തി സുരക്ഷിതമായിരിക്കുമെന്നും പരീക്കര്‍ പറഞ്ഞിരുന്നു.

പരേതയായ മേധയാണ്‌ ഭാര്യ. ഉത്‌പല്‍, അഭിജിത്ത്‌ എന്നിവര്‍ മക്കളാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക