Image

ആലഞ്ചേരിക്കെതിരെ വ്യാജരേഖ; ഫാ. പോള്‍ തേലക്കാട്ടിനെതിരെ കേസ്

Published on 17 March, 2019
ആലഞ്ചേരിക്കെതിരെ വ്യാജരേഖ; ഫാ. പോള്‍ തേലക്കാട്ടിനെതിരെ കേസ്
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഉന്നതാധികാരി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ സഭയുടെ മുന്‍ വക്താവും സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററുമായ ഫാ. പോള്‍ തേലക്കാട്ടിനെതിരെ കേസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സന്റെ് തോമസിലെ ഇന്റര്‍നെറ്റ് മിഷന്റെ എക്സി. ഡറക്ടര്‍ ജോബി മാപ്രകാവിലാണ് പരാതി നല്‍കിയത്.

ജനുവരി ഏഴിന് സീറോ മലബാര്‍ സഭ ആസ്ഥാനത്ത് മെത്രാന്‍ സിനഡ് നടന്ന സമയത്ത് ആലഞ്ചേരി വ്യവസായിക്ക് കോടികള്‍ മറിച്ചുനല്‍കിയതിന്റെ ബാങ്ക് രേഖകളുമായി എത്തി ഫാ. പോള്‍ തേലക്കാട്ട് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ആലഞ്ചേരി ആരോപണം നിഷേധിച്ചു. തുടര്‍ന്ന് സഭ നടത്തിയ പരിശോധനയില്‍ പോള്‍ തേലക്കാട്ട് കൊണ്ടുവന്ന രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായാണ് പറയുന്നത്. 471, 468, 34 വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എറണാകുളം സെന്‍ന്‍ട്രല്‍ സ്‌റ്റേഷനില്‍നിന്ന് രണ്ടുദിവസം മുമ്പ് തൃക്കാക്കരയിലേക്ക് കേസ് കൈമാറുകയായിരുന്നുവെന്ന് തൃക്കാക്കര എസ്.ഐ മനീഷ് പറഞ്ഞു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഫാ. പോള്‍ തേലക്കാട്ട് പ്രതികരിച്ചു. സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ ഭൂമിവിവാദം, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ കേസ് തുടങ്ങിയവയില്‍ സഭ നേതൃത്വത്തിന്റെ നടപടിക്കെതിരെ ഫാ. പോള്‍ തേലക്കാട്ട് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ തെരുവ് സമരത്തില്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും സമരവേദിയില്‍ എത്തുകയും ചെയ്തിരുന്നു. (Madhyamam|)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക