Image

ജസിന്‍ഡ ആര്‍ഡണ്‍: പ്രധാന മന്ത്രി ഇങ്ങനെ വേണം (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 18 March, 2019
ജസിന്‍ഡ ആര്‍ഡണ്‍: പ്രധാന മന്ത്രി ഇങ്ങനെ വേണം  (മീട്ടു റഹ്മത്ത് കലാം)
രാജ്യത്ത് അപകടം ഉണ്ടാകുമ്പോള്‍ അതെങ്ങനെ നേരിടാമെന്നതിന് മാതൃക ആവുകയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡാണ്‍. ഭീകരാക്രമണത്തില്‍ പകച്ചുപോയ മുസ്‌ലിം ജനതയെ ചേര്‍ത്തുപിടിച്ചുകൊണ്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു അവര്‍. മുസ്ലീങ്ങള്‍ ഉള്ളിടത്തെല്ലാം ഭീകരവാദം ഉണ്ടാകുമെന്ന് പറഞ്ഞ് വംശീയത പറത്താന്‍ ശ്രമിച്ചവരെ എതിര്‍ക്കുന്ന രീതിയില്‍ ഹിജാബുകൊണ്ട് തലമറച്ചാണ് മുസ്‌ലിം കുടിയേറ്റക്കാരോട് അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇതൊരു പ്രഹസനമല്ലെന്ന് ബോധ്യപ്പെടുത്തുന്ന അവരുടെ ജീവിതവഴികളിലൂടെ...

ഭരണനൈപുണ്യവും ജനങ്ങളുടെ ഉത്തമവിശ്വാസവും കൊണ്ടുമാത്രം ഒരു രാജ്യത്തിന്റെ പരമോന്നത അധികാരസ്ഥാനത്തേക്ക് ഉയരാമെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ വനിതയാണ് ജസിന്‍ഡ ആര്‍ഡണ്‍ . പരിമിതികള്‍ നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ നിന്നാണ് നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും ഒന്നുകൊണ്ടു മാത്രം  ജസിന്‍ഡ   ഉയരങ്ങള്‍ കീഴടക്കിയത്. സ്‌കൂളില്‍ ആയയായിരുന്നു ജസീന്തയുടെ അമ്മ, അച്ഛന്‍ പോലീസുകാരനും.

2001 ല്‍ വൈറ്റ് ക്യാറ്റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്ത ജെസീന്ത അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഹെലന്‍ ക്ലാര്‍ക്കിനെ ഓഫീസില്‍ ഗവേഷകയായി നിയമിതയായി. ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ നയ ഉപദേഷ്ടാവായും അവര്‍ അക്കാലത്ത് പ്രവര്‍ത്തിച്ചു. ഒപ്പം ലേബര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായും സഹകരിച്ചിരുന്നു. 2008ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് അവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ലേബര്‍ പാര്‍ട്ടി അക്കാലത്ത് ന്യൂസിലന്റില്‍ വലിയ ശക്തിയുളള രാഷ്ട്രീയ പ്രസ്ഥാനമായിരുന്നില്ല.  ജസിന്‍ഡ യുടെ നേതൃപാടവമാണ് പാര്‍ട്ടിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത്. 

ഒന്നര ദശകങ്ങളായി ന്യൂസിലന്റ്  കണ്ടുപരിചയിച്ച പൊതുപ്രവര്‍ത്തകരില്‍ നിന്നും ഏറെ വ്യത്യസ്തയായിരുന്നു  ജസിന്‍ഡ . സമ്മതിദായകരോട് വളരെ തുറന്ന ഇടപെടലുകള്‍ നടത്തുകയും സത്യസന്ധമായ സമീപനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു അവര്‍. രാജ്യത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ച് അവര്‍ക്ക് സ്വകീയമായ ദര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. അത് വളരെ കൃത്യവും വ്യക്തവും സ്പഷ്ടവുമായി ജനങ്ങളുമായി സംവദിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു.

ജസിന്‍ഡ നേതൃത്വം ഏറ്റെടുക്കുന്ന സമയത്ത് പ്രവര്‍ത്തനമൂലധനം കണ്ടെത്താന്‍ നെട്ടോട്ടമോടുകയായിരുന്നു ലേബര്‍ പാര്‍ട്ടി. എന്നാല്‍ അവര്‍ ചുമതലയേറ്റ് 48 മണിക്കൂറിനുളളില്‍ 2 ലക്ഷം ഡോളര്‍ സംഘടിപ്പിച്ചു. ഓണ്‍ലൈനിലുടെ  ജസിന്‍ഡ   മാനിയ എന്ന തരംഗം തന്നെ പടര്‍ന്നു. ഒരു വര്‍ഷം കൊണ്ട് പാര്‍ട്ടി ലക്ഷ്യമിട്ട തുക ഒരു മാസം കൊണ്ടു തന്നെ പാര്‍ട്ടി ഫണ്ടിലെത്തി. 

യാഥാസ്ഥിക ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച  ജസിന്‍ഡ   2005 ല്‍ െ്രെകസ്തവസഭയില്‍ നിന്നും വിട്ടു നിന്നു. 2017 അവര്‍ പൊതുപഖ്ര്യാപനം നടത്തി.
'ഞാന്‍ ദൈവത്തിലല്ല, കര്‍മ്മത്തിലാണ് വിശ്വസിക്കുന്നത്'
താന്‍ മതവിശ്വാസിയല്ലെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരോട് അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. 
മതത്തിന്റെ ചട്ടക്കൂട്ടില്‍ പെട്ട് സ്വന്തം താത്പര്യങ്ങള്‍ ഹനിക്കപ്പെടുന്നതിലായിരുന്നു അവരുടെ എതിര്‍പ്പ്.

  തിരഞ്ഞെടുപ്പ് വേളയില്‍  ജസിന്‍ഡ   ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ അവര്‍ അധികാരമേറ്റ് 100 ദിവസത്തിനുളളില്‍ തന്നെ പ്രാബല്യത്തില്‍ വരുത്തി. 
'ഭരണതലത്തില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ കൂടി അറിഞ്ഞിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. അവരാണ് എന്നെ തെരഞ്ഞെടുത്തത്.'
ഇടയ്ക്കിടെ അവര്‍ ഓണ്‍ലൈന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കും. ജനങ്ങളുടെ താത്പര്യങ്ങള്‍ ചോദിച്ചറിയും.
   ക്ലാര്‍ക്ക് ഗേ ഫോഡ് എന്നാണ് ജെസീന്തയുടെ ജീവിതപങ്കാളിയുടെ പേര്.2012 ലാണ് ടെലിവിഷന്‍ അവതാരകനായ ഗേ ഫോഡും  ജസിന്‍ഡ യും തമ്മില്‍ കണ്ടുമുട്ടുന്നത്. വിവാദപരമായ ഗവണ്‍മെന്റ്  കമ്മ്യൂണിക്കേഷന്‍ സെക്യൂരിറ്റി ബ്യുറോ ബില്ലുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ആ പരിചയം വളര്‍ന്ന് പരസ്പരം ജീവിതപങ്കാളികളായി.
വിവാഹം എന്ന സങ്കല്‍പ്പത്തോടും വ്യവസ്ഥയോടും ജസിന്‍ഡ  യോജിക്കുന്നില്ല. ദാമ്പത്യബന്ധത്തില്‍ പരസ്പരധാരണയാണ് പ്രധാനം. അതുകൊണ്ടു തന്നെ ജസീന്ത നിയമപരമായി വിവാഹിതയായിട്ടില്ല. ഭര്‍ത്താവ് €ാര്‍ക്കുമൊന്നിച്ച് താമസിക്കുന്നുവെന്ന് മാത്രം.
ന്യൂസിലന്റില്‍ ഫിഷ് ഓഫ് ദ ഡേ എന്ന ടെലിവിഷന്‍ ഷോയുണ്ട്. ഈ പരിപാടിയുടെ അവതാരകനാണ് ക്ലാര്‍ക്ക്. ഇദ്ദേഹം ഓരോ സ്ഥലത്തെയും മീന്‍ പിടിച്ച് അവിടെയുളള ഏറ്റവും നല്ല പാചകക്കാരെ കൊണ്ട് പാകം ചെയ്യിക്കും. എന്നിട്ട് ആ സ്ഥലത്തിന്റെ സംസ്‌കാരവും ഭക്ഷണരീതികളും രുചികളും പ്രേക്ഷകരുമായി പങ്കിടും.
തനത് പാചകവും ക്ലാര്‍ക്കിന്റെ വാചകത്തിന്റെ മികവും കൊണ്ട് ന്യൂസിലാന്റിലെ ഏറ്റവും ജനപ്രിയ ഷോകളിലൊന്നായി മാറി ഇത്. 2016 ല്‍ ഇതിന് ബെസ്റ്റ് ലൈഫ് സ്‌റ്റൈല്‍ ടിവി ഷോ അവാര്‍ഡ് ലഭിച്ചിരുന്നു. വേള്‍ഡ് ക്ലാസ് ട്രാവല്‍ ഡെസ്റ്റിനേഷന്‍സ് മീന്‍പിടുത്തത്തിലൂടെ പരിചയപ്പെടുത്തുന്ന പ്രോഗ്രാമാണിത്.
ക്ലാര്‍ക്ക് നടത്തുന്ന ഓരോ യാത്രയും ആ ദേശത്തെക്കുറിച്ച് എല്ലാ സൂക്ഷ്മവിശദാംശങ്ങള്‍ അടക്കം നന്നായി പഠിച്ചിട്ടാണ്. അതേ അനുഭവം തന്നെ കാഴ്ചക്കാരിലേക്ക് പകരാനും അദ്ദേഹത്തിന് കഴിയുന്നു.

കൗതുകകരമായ മറ്റൊരു വസ്തുതയും ജസീന്തയുടെ ജീവിതവുമായി ചേര്‍ത്തുവച്ച് വായിക്കേണ്ടതുണ്ട്. അധികാരത്തിലെത്തിയ ശേഷം ഗര്‍ഭിണിയായി പ്രസവിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജസിന്‍ഡ . 1990 ല്‍ ബേനസീര്‍ ഭൂട്ടോ ഇങ്ങനെ പ്രസവിച്ചിട്ടുണ്ട്.

2018 ജൂണ്‍ 21 ന്  ജസിന്‍ഡ   നീവ് എന്ന പെണ്‍കുട്ടിക്ക് ജന്മം നല്‍കി. ആറാഴ്ച മാത്രമേ അവര്‍ പ്രസവാവധി എടുത്തുളളു. യു.എന്‍. ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത സന്ദര്‍ഭത്തില്‍ ലോകനേതാക്കളോടായി അവര്‍ പറഞ്ഞു.
'17ാം വയസു മുതല്‍ രാഷ്ട്രീയം സ്വപ്നം കണ്ടു നടന്ന ഒരു പെണ്‍കുട്ടിയാണ് ഞാന്‍. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവസരമാണ് ന്യൂസിലാന്റ ്പ്രധാനമന്ത്രിപദം. ഇന്ന് ഞാനിവിടെ വന്നിരിക്കുന്നത് മൂന്ന് മാസം മാത്രം പ്രായമുളള കുഞ്ഞിനെ കയ്യിലേന്തിയാണ്. പാര്‍ലമെന്റിലും അവള്‍ എന്നോടൊപ്പം ഉണ്ടാവാറുണ്ട്.'
 മാതൃത്വം ഏറ്റവുമധികം ആസ്വദിക്കുന്ന വ്യക്തിയാണ്  ജസിന്‍ഡ . രാത്രികള്‍ക്ക് നീളം കൂടുതലാണെന്ന് അവര്‍ വിശ്വസിക്കുന്നു. തന്റെ കുഞ്ഞിന്റെ ഓരോ ചേഷ്ടകള്‍ക്കും ശ്വാസനിശ്വാസങ്ങള്‍ക്കുമായി അവര്‍ ഉറങ്ങാതെ കാത്തിരിക്കുന്നു. കുഞ്ഞുങ്ങള്‍ അവര്‍ക്ക് എന്നും ജീവനായിരുന്നു. ചേച്ചിയുടെ രണ്ട് കുട്ടികള്‍ വളരുന്നത് കണ്ടകാലം മുതല്‍ തനിക്ക് ഒരു കുഞ്ഞുണ്ടായി കാണാന്‍ അവര്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. 
ബേബി സിറ്റേഴ്‌സിനെ കുട്ടിയെ ഏല്‍പ്പിച്ചു പോകുന്നത് അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവിന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ട് പോവും. അല്ലാത്തപ്പോള്‍ കുഞ്ഞിനെ പാര്‍ലമെന്റില്‍ കൊണ്ടു പോവും. അവിടെ കുഞ്ഞിനായി ഒരു തൊട്ടിലുമുണ്ട്.

 കഴിഞ്ഞ ക്രിസ്മസിന് ഭര്‍ത്താവും ഒന്നിച്ച് അവധിക്കാലം ആഘോഷിച്ചു. അദ്ദേഹത്തിന് ഫോട്ടോഗ്രാഫിയില്‍ കമ്പമുണ്ട്. വീഡിയോകളും മറ്റും ഷൂട്ട് ചെയ്ത് രണ്ടാഴ്ച ജസിന്‍ഡ  ശരിക്കും ആഘോഷിച്ചു. 
    ജസിന്‍ഡ യുടെ ആന്റി മേരി ആര്‍ഡര്‍ ദീര്‍ഘകാലം ലേബര്‍ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകയായിരുന്നു. അവരാണ്  ജസിന്‍ഡ യ്ക്ക് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു കൊടുത്തിരുന്നത്. ലേബര്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നതു കൊണ്ടാവാം  ജസിന്‍ഡ  എന്നും തൊഴിലാളികളുടെ പക്ഷത്തായിരുന്നു. വികസനം അടക്കം എല്ലാത്തരം പുരോഗതിയും വളര്‍ന്നു വരേണ്ടത് താഴേത്തട്ടില്‍ നിന്നാണെന്ന് അവര്‍ വിശ്വസിക്കുന്നു. മുതലാളിത്ത വ്യവസ്ഥിതിയെ അവര്‍ ഒരിക്കലും പിന്‍തുണച്ചിരുന്നില്ല.

 തന്റെ നേട്ടങ്ങള്‍ ഒരിക്കലും ആഘോഷമാക്കാന്‍  ജസിന്‍ഡ   ആഗ്രഹിച്ചിരുന്നില്ല.
'ലോകത്തില്‍ ധാരാളം സ്ത്രീകള്‍ ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിക്കുമ്പോള്‍ ഞാന്‍ മാത്രമായി ആഘോഷിക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാ സ്ത്രീകള്‍ക്കും ഉയര്‍ച്ചയുണ്ടാകുന്ന ഒരു കാലത്ത് ഞാന്‍ ആഘോഷിക്കും'
    കര്‍ഷകര്‍ക്കു വേണ്ടി കാര്യക്ഷമമായി എന്ത് ചെയ്യാമെന്ന് സദാ ചിന്തിച്ചിരുന്ന ഭരണാധികാരിയായിരുന്നു അവര്‍. ഹെല്‍ത്തി പ്ലാനറ്റ്, ഹെല്‍ത്തി പീപ്പിള്‍ എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. 2050 ആകുമ്പോഴേക്കും ന്യൂസിലാന്റ ് സീറോ കാര്‍ബണേറ്റ് രാജ്യമാക്കി മാറ്റണമെന്നതാണ്  ജസിന്‍ഡ യുടെ സ്വപ്നം.
   ഭരണസാരഥ്യം ഏറ്റെടുത്ത് ഒരു വര്‍ഷത്തിനുളളില്‍ തൊഴിലില്ലായ്മ 4% ആയി കുറയ്ക്കാന്‍ സാധിച്ചു. സാമ്പത്തിക ക്രമീകരണവും വളരെ ഫലപ്രദമാക്കി. നല്ല കുടിവെളളം എത്തിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നു.

''200 രാജ്യങ്ങളില്‍ 11 രാജ്യങ്ങളില്‍ മാത്രമാണ് സ്ത്രീകള്‍ ഭരണസാരഥ്യത്തിലുളളത്. ഒരു സ്ത്രീ നേതൃത്വത്തിലെത്താനുളള വൈതരണികളെക്കുറിച്ച് അതില്‍ നിന്ന് നമുക്ക് മനസിലാക്കാം'
ജസിന്‍ഡ പറയുന്നു.
'സ്ത്രീയുടെ ശബ്ദം ഉയരുന്നത് ഈ പരിഷ്‌കൃതസമൂഹത്തില്‍ പോലും പലരും ഇഷ്ടപ്പെടുന്നില്ല. കരിയറും മാതൃത്വവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കരുതുന്ന ധാരാളം പേരുണ്ട്. അവര്‍ക്കുളള മറുപടിയാണ് എന്റെ ജീവിതം. ഇത്രയും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ട് ഞാന്‍ വളരെ ഭംഗിയായി രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്നു''
ഇനിയും സ്ത്രീകള്‍ ഇതിലേക്ക് കടന്നു വരാനുളള പ്ലാറ്റ്‌ഫോം ഉണ്ടാക്കിയിടുക എന്നതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

 2018 ല്‍ ടൈം മാഗസിന്‍ ലോകത്തിലെ സ്വാധീനശക്തികളായ 100 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അവരില്‍ ഒരാള്‍  ജസിന്‍ഡ യായിരുന്നു.
ഭരണതലത്തിലെ ഏറ്റവും വലിയ നേട്ടമായി അവര്‍ കാണുന്നത് ചൈല്‍ഡ് പോവര്‍ട്ടി റിഡക്ഷന്‍ ബില്‍ പാസാക്കിയതാണ്. 3 മുതല്‍ 10 വയസു വരെയുളള കുട്ടികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ജൂണില്‍ തനിക്ക് കുട്ടിയുണ്ടായ ശേഷം രണ്ടു കാര്യങ്ങള്‍ അവര്‍ നടപ്പിലാക്കി. ജീവനക്കാര്‍ക്കുളള പ്രസവാവധി 18 മുതല്‍ 22 ആഴ്ച വരെയായി വര്‍ദ്ധിപ്പിച്ചു. നവജാതശിശുക്കളുളള രക്ഷകര്‍ത്താക്കള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് അനുവദിച്ചു കൊണ്ട് ഉത്തരവിട്ടു. 6 ലക്ഷം പേര്‍ക്ക് ചികിത്സാ സഹായവും അനുവദിച്ചു.
ആര്‍ട്ട്, കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ്, നാഷനല്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് എന്നിവയുടെയെല്ലാം ചുമതല ജസീന്തയ്ക്കാണ്. യുണീക്ക് ആയ കഥകള്‍ സിനിമയായി തിരശ്ശീലയിലെത്താന്‍ ആഗ്രഹിക്കുന്ന  ജസിന്‍ഡ   ന്യൂസിലാന്റിന്റെ തനത് സംസ്‌കാരം അതില്‍ പ്രതിഫലിച്ചു കാണാന്‍ ആഗ്രഹിക്കുന്നു. ജിയോഫ് മര്‍ഫി അടക്കമുളള രാജ്യത്തെ പ്രമുഖ സംവിധായകരുമായെല്ലാം അവര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നു.
കാര്‍ഷികരംഗം മെച്ചപ്പെടുത്താനുളള ഗ്രീന്‍ എന്ന പദ്ധതി അവര്‍ തുടങ്ങി കഴിഞ്ഞു. എല്ലാ മേഖലകളെയും മെച്ചപ്പെടുത്താന്‍ ഇതിലൂടെ കഴിയും. കാര്‍ഷിക ഉത്പന്നങ്ങള്‍ കൊണ്ടുപോകാനുളള റോഡുകള്‍ മെച്ചപ്പെടുത്തുക, ഇന്ധനവില സ്ഥിരമാക്കുക. കര്‍ഷകരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും മറ്റെല്ലാ കാര്യങ്ങളും മെച്ചപ്പെടുമെന്ന് ജസീന്ത നിരീക്ഷിക്കുന്നു. കര്‍ഷകരുടെ ഉന്നമനത്തിനായി ഗ്രീന്‍ ഇന്നവേഷന്‍ ഫണ്ട് എന്ന പേരില്‍ 100 ദശലക്ഷം ഡോളറിന്റെ ഒരു ഫണ്ട് നീക്കി വച്ചിട്ടുണ്ട്.

  പ്രതിപക്ഷവുമായും ഇതരപാര്‍ട്ടികളുമായും ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയത്തിലെത്തിയാണ് രാജ്യത്ത് പല കാര്യങ്ങളും നടപ്പിലാക്കുന്നത്. പാര്‍ട്ടികള്‍ തമ്മില്‍ വഴക്കിടുന്ന കീഴ്‌വഴക്കം പതിവില്ല. ക്രിയാത്മകതയും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിച്ച് രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുക എന്നതാണ് ജസീന്തയുടെ ലക്ഷ്യം. പാര്‍ട്ടികള്‍ ഒരുമിച്ച് കമ്മറ്റി കൂടി 'എന്താണ് നിലവില്‍ രാജ്യത്തിന്റെ ആവശ്യങ്ങള്‍? അതിനു വേണ്ടി എന്തൊക്കെ ചെയ്യാം? ഇതിന് മുന്‍പുളളവര്‍ എന്തൊക്കെ ചെയ്തു? എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷമാണ് അത് പ്രാവര്‍ത്തിക തലത്തില്‍ എത്തിക്കുന്നത്.

ന്യൂസിലന്റിന്റെ സമഗ്രവികസനത്തിനുളള ബ്ലൂപ്രിന്റ്  എടുത്തു വച്ചിട്ടുണ്ട് ജസീന്ത. ഭരണകാലാവധി പൂര്‍ത്തിയാവും മുന്‍പ് അത് യാഥാര്‍ത്ഥ്യമാക്കാനുളള തീവ്രശ്രമത്തിലാണ് അവര്‍. ശുചിത്വത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന അവരുടെ മറ്റൊരു സ്വപ്നം €ീന്‍ ന്യൂസിലാന്റ ് എന്നതാണ്. വരും തലമുറയുടെ കൂടി ക്ഷേമം ലക്ഷ്യമിട്ടു കൊണ്ടുളള ഭരണമാണ്  ജസിന്‍ഡ   കാഴ്ച വയ്ക്കുന്നത്. ന്യൂസിലന്റില്‍ രണ്ടുതരം കമ്മ്യൂണിറ്റിയേ ഉണ്ടാകാവൂ എന്ന് അവര്‍ നിഷ്‌കര്‍ഷിക്കുന്നു. ഒന്നുകില്‍ ലേണിംഗ്, അല്ലെങ്കില്‍ ഏണിംഗ്. ധനവും വിദ്യാഭ്യാസവും പുരോഗമനോന്മുഖമായ രാജ്യത്തിന് അനിവാര്യമാണെന്ന് അവര്‍ കരുതുന്നു.

  ഇക്കാലമത്രയും  ജസിന്‍ഡ   നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്യാത്തവര്‍ പോലും അവരുടെ ഭരണപരിഷ്‌കാരങ്ങള്‍ കണ്ട്  ജസിന്‍ഡ   മാനിയ ബാധിച്ചു കഴിഞ്ഞു. ന്യൂസിലന്റില്‍ ഇനിയൊരു തെരഞ്ഞെടുപ്പ് നടന്നാലും  ജസിന്‍ഡ യല്ലാതെ മറ്റാരും ജയിക്കില്ലെന്നും സര്‍വെ ഫലങ്ങള്‍ പറയുന്നു. എന്നാല്‍ കൂട്ടായ്മയിലാണ് താന്‍ വിശ്വസിക്കുന്നതെന്ന്  ജസിന്‍ഡ ആര്‍ഡണ്‍  പറയും.

'ഞാനൊരു അത്ഭുതവനിതയൊന്നുമല്ല. ഡെപ്യൂട്ടി പ്രൈംമിനിസ്റ്റര്‍
 വില്‍സ്റ്റണ്‍ പീറ്റേഴ്‌സ് അടക്കം പലരുടെയു സഹായം കൊണ്ടാണ് എനിക്ക് എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാന്‍ കഴിയുന്നത്. കുട്ടിയുടെ അച്ഛന്‍ ഹോംഡാഡായി നില്‍ക്കുന്നതു കൊണ്ട് കൂടിയാണ് എനിക്ക് ഭരണപരമായ കാര്യങ്ങള്‍ കുടുംബപരമായ തലവേദനകളില്ലാതെ നിര്‍വഹിക്കാന്‍ കഴിയുന്നത്.'

ജനങ്ങളുടെ വികാരങ്ങള്‍ക്ക് എന്നും വില കല്‍പ്പിച്ചിരുന്നു  ജസിന്‍ഡ . പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 65,000 പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചിരുന്നു. ന്യൂസിലാന്റിലെ കുട്ടികളും ഇതേ ആവശ്യം ഉന്നയിച്ച്  ജസിന്‍ഡയ്ക്ക് കത്ത് അയച്ചിരുന്നു. ഇതെല്ലാം പരിഗണിച്ച് 2019 ജൂലൈ മാസത്തോടെ ന്യൂസിലാന്റ ് പൂര്‍ണ്ണമായും പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുളള ഉത്തരവില്‍ അവര്‍ ഒപ്പു വച്ചു.

 ഒരു വനിതാ പ്രധാനമന്ത്രി, പ്രായം കുറഞ്ഞ ഭരണാധികാരി എന്നിവയൊക്കെ അവരെ സംബന്ധിച്ച സാങ്കേതിക വിശേഷണങ്ങള്‍ മാത്രമേ ആകുന്നുളളു. അതിനുമപ്പുറത്ത് ജനങ്ങളോട് പൂര്‍ണ്ണമായ പ്രതിബന്ധത പുലര്‍ത്തുകയും അവരുടെ ആശയാഭിലാഷങ്ങളോട് എല്ലാ അര്‍ത്ഥത്തിലും നീതി പുലര്‍ത്തുന്ന ഭരണം കാഴ്ചവച്ച തിന്റെ പേരിലാവും ചരിത്രം അവരെ അടയാളപ്പെടുത്തുക. കപടനാട്യങ്ങള്‍ ഒഴിവാക്കി പൂര്‍ണ്ണ ആത്മാര്‍ത്ഥതയും സത്യസന്ധതയും നിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ജനങ്ങളുടെ അളവറ്റ വിശ്വാസം ആര്‍ജ്ജിച്ചു. ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നതിന് ജസിന്‍ഡ ആര്‍ഡനെപ്പോലെ എന്നുപറയുന്ന കാലം വിദൂരമല്ല.

ജസിന്‍ഡ ആര്‍ഡണ്‍: പ്രധാന മന്ത്രി ഇങ്ങനെ വേണം  (മീട്ടു റഹ്മത്ത് കലാം)ജസിന്‍ഡ ആര്‍ഡണ്‍: പ്രധാന മന്ത്രി ഇങ്ങനെ വേണം  (മീട്ടു റഹ്മത്ത് കലാം)ജസിന്‍ഡ ആര്‍ഡണ്‍: പ്രധാന മന്ത്രി ഇങ്ങനെ വേണം  (മീട്ടു റഹ്മത്ത് കലാം)ജസിന്‍ഡ ആര്‍ഡണ്‍: പ്രധാന മന്ത്രി ഇങ്ങനെ വേണം  (മീട്ടു റഹ്മത്ത് കലാം)ജസിന്‍ഡ ആര്‍ഡണ്‍: പ്രധാന മന്ത്രി ഇങ്ങനെ വേണം  (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക