Image

മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഈ വര്‍ഷം ലഭിക്കില്ല

Published on 19 March, 2019
മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഈ വര്‍ഷം ലഭിക്കില്ല
കൊച്ചി: ( 19.03.2019) സംസ്ഥാനത്തെ മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഇക്കൊല്ലം ലഭിക്കില്ല. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. പൊതുഭരണ വകുപ്പ് അണ്ടര്‍സെക്രട്ടറി പി.സി. മനോജ് കുമാറാണ് ഇക്കൊല്ലം ഫണ്ട് അനുവദിക്കാന്‍ നിവൃത്തിയില്ലെന്ന് കാട്ടി കത്തയച്ചത്.

ഭരണാനുമതി നല്‍കിയശേഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച്‌ അര്‍ഹരുടെ പട്ടിക തയ്യാറാക്കി ഫണ്ടിന് കാത്തിരുന്ന മുന്നോക്കവികസന ക്ഷേമ കോര്‍പറേഷന് ഒടുവില്‍ സ്‌കോളര്‍ഷിപ്പ് നിരസിച്ചുകൊണ്ടുള്ള അറിയിപ്പാണ് ലഭിച്ചത്. 

സാമ്ബത്തികവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാവപ്പെട്ട പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നിഷേധിക്കാനുള്ള ധനവകുപ്പിന്റെ നീക്കം കഴിഞ്ഞദിവസം വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് പാളിയിരുന്നു. 2013 മുതല്‍ മുടങ്ങാതെ നല്‍കിവരുന്ന മുന്നോക്കവിഭാഗ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പാണ് ഇത്തവണ സര്‍ക്കാര്‍ നിരസിക്കുന്നത്. 

17 കോടിയാണ് ഇക്കൊല്ലം ഈ സ്‌കോളര്‍ഷിപ്പിനായി ബഡ്ജറ്റില്‍ നീക്കിവച്ചത്. കഴിഞ്ഞ ജൂണില്‍ ഈ തുക 13.6 കോടിയാക്കി ചുരുക്കി ധനകാര്യ സെക്രട്ടറി ഉത്തരവിറക്കി. സെപ്തംബറില്‍ ഭരണാനുമതിയും ലഭിച്ചു. തുക കുറഞ്ഞതിനാല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയാണ് അപേക്ഷ ക്ഷണിച്ച്‌ പട്ടിക തയ്യാറാക്കിയത്. 40,000 അപേക്ഷകരില്‍ നിന്ന് അര്‍ഹരായ 24,000 പേരുടെ ശുപാര്‍ശയും നല്‍കി.

അതേസമയം മുന്നോക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് എന്തുവന്നാലും മുടങ്ങില്ലെന്ന് സംസ്ഥാന മുന്നോക്ക വികസന ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. അടിയന്തരമായി സര്‍ക്കാരുമായി ചര്‍ച്ച നടത്തി പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.

നിരസിക്കപ്പെട്ട സ്‌കോളര്‍ഷിപ്പുകള്‍

*ഹയര്‍സെക്കന്‍ഡറി- 4,000

*ഡിഗ്രി പ്രൊഫഷണല്‍- 7,000

*ഡിഗ്രി നോണ്‍ പ്രൊഫഷണല്‍ - 5,000

*പി .ജി പ്രൊഫഷണല്‍ - 16,000

*പി.ജി നോണ്‍ പ്രൊഫഷണല്‍ - 10,000

*ഐ.ഐ.ടി - 50,000

*സി.എ - 10,000

*ഡിപ്‌ളോമ - 6000
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക