Image

മാണ്ഡ്യയില്‍ സ്വതന്ത്രയായി മത്സരിക്കാന്‍ മലയാളിയുടെ സ്വന്തം ക്ലാര

Published on 19 March, 2019
മാണ്ഡ്യയില്‍ സ്വതന്ത്രയായി മത്സരിക്കാന്‍ മലയാളിയുടെ സ്വന്തം ക്ലാര

ബംഗളൂരു: മലയാളികള്‍ക്ക് മഴയെന്നാല്‍ ക്ലാരയാണ്. ക്ലാരയെന്നാല്‍ സുമലത. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് സുമതലയുടേത്. തന്റെ ഭര്‍ത്താവും നടനുമായ അന്തരിച്ച അംബരീഷിന്റെ മണ്ഡലമായിരുന്ന മണ്ഡ്യയില്‍നിന്ന് മത്സരിച്ചേ തീരൂ എന്ന ഒരേ പിടിവാശിയിലാണ് സുമലത. 2018 നവംബര്‍ 24ന് ബംഗളൂരുവില്‍ വച്ച്‌ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അംബരീഷ് മരണപ്പെട്ടത്. തുടര്‍ന്ന് ഭാര്യയും നടിയുമായ സമുലത രാഷ്ട്രീയത്തിലിറങ്ങണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍,​ അത് മൂന്നുതവണ മണ്ഡ്യയില്‍ നിന്ന് പാര്‍ട്ടിയെ ലോക്സഭയിലേക്ക് വിജയിപ്പിച്ചിരുന്ന നേതാവിന്റെ വിധവയോടുള്ള പെട്ടെന്നുണ്ടായ സഹതാപ പ്രകടനം മാത്രമായിട്ടാണ് ഇപ്പോള്‍ പലരും കാണുന്നത്. കാരണം,​ കാര്യത്തോടടുത്തപ്പോള്‍ കോണ്‍ഗ്രസ് കാലുവാരി. കൈവശമുണ്ടായിരുന്ന സീറ്റ് ഒരു മറുചിന്തയുമില്ലാതെ ജെ.ഡി.എസിന് വിട്ടുകൊടുത്തു. ഇതോടെ മത്സരിക്കുന്നെങ്കില്‍ മണ്ഡ്യയില്‍നിന്ന് മാത്രമായിരിക്കും എന്ന് സുമലത പ്രഖ്യാപിക്കുകയും ചെയ്തു. മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുമെന്ന് ഇതിനോടകം അവര്‍ വ്യക്തമാക്കുകയും ചെയ്തു.


മൂന്ന് തവണ അംബരീഷിനെ വിജയിപ്പിച്ച മണ്ഡ്യ തനിക്കൊപ്പം നില്‍ക്കുമെന്നും വിജയം സുനിശ്ചിതമെന്നും ഉറച്ചുവിശ്വസിക്കുകയാണ് സുമലത. മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ താരസുന്ദരി ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍,​ സുമതലയെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി. എന്നാല്‍, ഇതേക്കുറിച്ച്‌ വ്യക്തമായ അഭിപ്രായമൊന്നും ചെന്നൈ സ്വദേശിയായ ഈ 55കാരി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


മണ്ഡ്യയില്‍ സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയോ ബി.ജെ.പി പിന്തുണയോടെയോ മത്സരിച്ചാല്‍ കാര്യങ്ങള്‍ തങ്ങള്‍ക്കത്ര അനുകൂലമാകില്ലെന്ന് മറ്റാരെയുംകാളും നന്നായി ജെ.ഡി.എസിനറിയാം. എച്ച്‌.ഡി ദേവഗൗഡയുടെ കൊച്ചുമകനും കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമിയാണ് മണ്ഡ്യയില്‍നിന്ന് ജെ.ഡി.എസിനു വേണ്ടി മത്സരിക്കുന്നത്. അച്ഛന്റെ മുഖ്യമന്ത്രിസ്ഥാനവും മുത്തച്ഛന്റെ മുന്‍ പ്രധാനമന്ത്രി സ്ഥാനവും യുവരക്തമെന്നും നടനെന്നുമുള്ള ഇമേജുമാണ് നിഖിലിന്റെ വിജയസാദ്ധ്യതകളായി പാര്‍ട്ടി കണക്കുകൂട്ടുന്നത്.

അതേസമയം,​ കോണ്‍ഗ്രസിലെ ഒരു വിഭാഗം നിഖിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നതാണ് ബി.ജെ.പിയുടെയും സുമലതയുടെയും പ്രതീക്ഷകള്‍ കൂട്ടുന്നതും കോണ്‍ഗ്രസിന്റെ ക്ഷീണത്തിന് ആക്കം കൂട്ടുന്നതും. എന്നാല്‍, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് മണ്ഡ്യയില്‍ സുമലതയെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പുണ്ടായതാണ് കൈവശമിരുന്ന സീറ്റ് ജെ.ഡി.എസിന് നല്‍കാന്‍ കാരണമായി പറയപ്പെടുന്നത്. കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റില്‍ കോണ്‍ഗ്രസ് 20 സീറ്റിലും ജെ.ഡി.എസ് എട്ടു സീറ്റിലുമാണ് മത്സരിക്കുന്നത്.


തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായി 220ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് സുമലത. 1987ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്ബികളിലാണ് സമുലത ക്ലാരയായി മലയാളത്തില്‍ വേഷമിട്ടത്. 1980ല്‍ പുറത്തിറങ്ങിയ മൂര്‍ഖനാണ് ആദ്യ മലയാളചിത്രം. ശ്യാമ,​ ന്യൂഡല്‍ഹി, ഇസബെല്ല, നം.20 മദ്രാസ് മെയില്‍,​ ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, പരമ്ബര, പുറപ്പാട്, കാണ്ഡഹാര്‍ തുടങ്ങി നിരവധി മലയാളസിനിമകളില്‍ വേഷമിട്ടു. 2011ല്‍ പുറത്തിറങ്ങിയ നായിക എന്ന ചിത്രമാണ് മലയാളത്തില്‍ അഭിനയിച്ച അവസാന ചിത്രം. 1991ലാണ് കന്നട നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിനെ വിവാഹം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക