Image

വടകരയില്‍ കെ മുരളീധരന്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി

Published on 19 March, 2019
 വടകരയില്‍ കെ മുരളീധരന്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി : വടകര ലോക്‌സഭ മണ്ഡലത്തില്‍ കെ മുരളീധരന്‍ എംഎല്‍എ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയാകുമെന്ന്‌ സൂചന. സംസ്ഥാന നേതാക്കള്‍ മുരളീധരനുമായി ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടി രാവിലെ മുരളീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന്‌ മല്‍സരത്തിന്‌ സന്നദ്ധനാണെന്ന്‌ മുരളീധരന്‍ അറിയിച്ചതായി ഉമ്മന്‍ചാണ്ടി മുല്ലപ്പള്ളിയെ അറിയിച്ചു.

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഇടപെടലും മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിര്‍ണായകമായതായാണ്‌ റിപ്പോര്‍ട്ടുകള്‍. നേരത്തെ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അഡ്വ പ്രവീണ്‍കുമാറിനെയായിരുന്നു നേരത്തെ പരിഗണിച്ചിരുന്നത്‌.

എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍ ആയതിനാല്‍ കരുത്തനായ നേതാവ്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കണമെന്ന നിലപാടിലായിരുന്നു പ്രാദേശിക നേതൃത്വം.

ഇക്കാര്യം ആവശ്യപ്പെട്ട്‌ എഐസിസിക്ക്‌ നിരവധി സന്ദേശങ്ങളും പരാതികളും ലഭിച്ചു. ഇതോടെയാണ്‌ സംസ്ഥാന നേതാക്കളായ ആരെയെങ്കിലും മല്‍സരിപ്പിക്കുക എന്നതിലേക്ക്‌ ചര്‍ച്ച വഴിമാറിയത്‌.
മുല്ലപ്പള്ളി രാമചന്ദ്രനോട്‌ വീണ്ടും മല്‍സരിക്കാന്‍ ഹൈക്കമാന്‍ഡ്‌ ആവശ്യപ്പെട്ടെങ്കിലും മല്‍സരിക്കാനില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി ഉറച്ചുനിന്നു. തുടര്‍ന്ന്‌ മുന്‍ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്‍, ബിന്ദുകൃഷ്‌ണ എന്നിവരെയും സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടു.

ഇരുവരും മല്‍സരിക്കാനില്ലെന്ന്‌ അറിയിച്ചതോടെയാണ്‌ വീണ്ടും മുരളീധരനിലേക്ക്‌ ചര്‍ച്ച മാറിയത്‌. നേരത്തെ വയനാട്ടിലും മുരളീധരന്റെ പേര്‌ ഉയര്‍ന്നിരുന്നു.

നിലവില്‍ വട്ടിയൂര്‍ക്കാവ്‌ എംഎല്‍എയാണ്‌ മുരളീധരന്‍. മുമ്‌ബ്‌ മൂന്നുതവണ കോഴിക്കോട്‌ എംപിയായിരുന്നിട്ടുണ്ട്‌ കെ മുരളീധരന്‍. മുരളീധരന്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ചതായും, മുരളി മല്‍സരിച്ചാല്‍ വിജയം ഉറപ്പാണെന്നും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക