Image

വടകരയില്‍ കൊലയാളി, പൊന്നാനിയില്‍ മുതലാളി, ചാലക്കുടിയില്‍ കോമാളി... കെ.മുരളീധരന്‍ വിളിച്ചു പറഞ്ഞ സത്യങ്ങള്‍

കലാകൃഷ്ണന്‍ Published on 19 March, 2019
വടകരയില്‍ കൊലയാളി, പൊന്നാനിയില്‍ മുതലാളി, ചാലക്കുടിയില്‍ കോമാളി... കെ.മുരളീധരന്‍ വിളിച്ചു പറഞ്ഞ സത്യങ്ങള്‍

സിപിഎമ്മിന്‍റെ ഇത്തവണത്തെ സ്ഥാനാര്‍ഥിപ്പട്ടികയെയും സിപിഎമ്മിനെയും മൊത്തത്തില്‍ ഒരൊറ്റ വാചകത്തില്‍ ഒതുക്കി തീര്‍ത്തു കളഞ്ഞു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. അതിങ്ങനെയായിരുന്നു. വടകരയില്‍ കൊലയാളി, പൊന്നാനിയില്‍ മുതലാളി, ചാലക്കുടിയില്‍ കോമാളി....ഇതാണ് സിപിഎം എന്നാണ് ഇന്ന് കൊച്ചിയില്‍ പ്രസംഗിക്കുമ്പോള്‍ കെ.മുരളീധരന്‍ പരിഹസിച്ചത്. കെ.മുരളീധരന്‍റെ പരിഹാസം കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടും നിരീക്ഷണവും കൂടിയാണ്. 

വടകരയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കൊലപാതക കേസില്‍ ആരോപണ വിധേയനായ പി.ജയരാജന്‍. പൊന്നാനിയില്‍ വിവാദ മുതലാളി പി.വി അന്‍വര്‍. ചാലക്കുടിയാവട്ടെ കാശിന് കൊള്ളാത്ത ഒരു സ്ഥാനാര്‍ഥി. കിലുക്കത്തിലെ കിട്ടുണ്ണിയേക്കാള്‍ കോമാളിയായ സാക്ഷാല്‍ ഇന്നസെന്‍റ്. 

ഇവരെയൊക്കെ ലോക്സഭാ ഇലക്ഷന് കെട്ടി എഴുന്നള്ളിക്കണമെങ്കില്‍ സിപിഎം എത്രമാത്രം അപചയിച്ചിരിക്കണം. കൊള്ളാവുന്ന ഒരൊറ്റ സ്ഥാനാര്‍ഥി പോലും എടുത്തു പറയാന്‍ സിപിഎമ്മിനില്ല. സിറ്റിംഗ് എം.എല്‍.എമാരെ വരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാന്‍ ഇറക്കേണ്ടി വരുന്നവിധത്തില്‍ സ്ഥാനാര്‍ഥി ദാരിദ്രം വന്നിരിക്കുന്നു സിപിഎമ്മിന്. 

വിവാദ മുതലാളി പി.വി അന്‍വറിനെ ഇനിയൊരിക്കലും ഇലക്ഷനില്‍ എം.എല്‍.എ സ്ഥാനാര്‍ഥിയാക്കി സിപിഎം നിര്‍ത്തില്ല എന്ന് കരുതിയവരുണ്ട്. എന്നാല്‍ പി.വി അന്‍വറിനെ പറ്റുമെങ്കില്‍ എം.പിയാക്കി വളര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. കുറഞ്ഞപക്ഷം ഇന്നസെന്‍റിനെയെങ്കിലും ഒന്ന് മാറ്റുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷെ തിരഞ്ഞെടുപ്പില്‍ താരത്തിളക്കം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇക്കുറിയും മണ്ഡലത്തിന് യാതൊരു ഉപകാരവുമില്ലാത്ത യാതൊരു ആശയ അടിത്തറയുമില്ലാത്ത ഇന്നസെന്‍റിന് പാര്‍ട്ടി ചിഹ്നം നല്‍കിയിരിക്കുകയാണ് സിപിഎം. 

ജയിച്ചിട്ടെന്തിന് സിപിഎമ്മേ എന്നതാണ് ഇടത് മുന്നണി നേരിടുന്ന പ്രധാന ചോദ്യം ഇപ്പോള്‍. സിപിഎം സ്ഥാനാര്‍ഥികള്‍ ജയിച്ചാലും കേന്ദ്രത്തില്‍ ചെന്ന് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വേണ്ടി കൈപൊക്കണം. എങ്കില്‍ പിന്നെ നേരിട്ട് കോണ്‍ഗ്രസിനെ തന്നെ ജയിപ്പിച്ചാല്‍ പോരെ എന്ന മട്ടിലാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും പ്രചരണം. സിപിഎം യാതൊരു പ്രസക്തിയുമില്ലാത്ത പാര്‍ട്ടിയാണ് എന്ന സ്ഥിതി വിശേഷം സംജാതമായിരിക്കുന്നു ലോക്സഭയില്‍. മികച്ച സ്ഥാനാര്‍ഥികളെ അണിനിരത്തി എതിര്‍പ്പുകളുടെയും വിലകുറച്ചു കാണലിന്‍റെയും മുനയൊടിക്കുക എന്നതായിരുന്നു സിപിഎം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ തല്ലിപ്പൊളി സ്ഥാനാര്‍ഥികളെ തന്നെ തിരഞ്ഞ്പിടിച്ച് നിര്‍ത്തി സ്വന്തം വില നഷ്ടപ്പെടുത്തി സിപിഎം. 

അപ്പോഴും എ.എ റഹീം മുതല്‍ കോടിയേരി ബാലകൃഷ്ണന്‍ വരെയുള്ളവരുടെ ടെന്‍ഷന്‍ വടകരയില്‍ കെ.കെ രമയുടെ ആര്‍എംപി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു എന്നതാണ്. ആര്‍.എം.പിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നുവത്രേ. അതിപ്പോ സിപിഎമ്മിന് വലതുപക്ഷ വ്യതിയാനമേ സംഭവിച്ചിട്ടില്ലേ എന്നൊന്നും തിരിച്ച് ചോദിക്കരുത്. ചോദ്യം ചോദിക്കുന്നവരോട് ഗുണ്ടായിസം കാട്ടാനല്ലാതെ മറ്റൊന്നും ഇപ്പോള്‍ സിപിഎമ്മിന് വശമില്ലാത്ത സ്ഥിതിയാണ്. 

അതേ സമയം യുഡിഎഫ് കൂടുതല്‍ മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തിയിരിക്കുന്നു എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. വടകരയില്‍ പി.ജയരാജന് ആരാണ് എതിരാളി എന്ന് ഏവരും തലപുകഞ്ഞതാണ്. മുല്ലപ്പള്ളി രാമചന്ദ്രനല്ലാതെ വടകരയില്‍ മറ്റൊരാള്‍ യുഡിഎഫിന് ഇല്ലായിരുന്നു എന്നതാണ് സത്യം. എന്നാല്‍ കെ.മുരളീധരനെ വടകരയില്‍ എത്തിച്ച് വിജയം ഉറപ്പാക്കിയ മട്ടിലാണ് യുഡിഎഫ്. കോഴിക്കോട് സ്വന്തം നിലയ്ക്ക് വലിയ വേരോട്ടമുള്ള നേതാവ് കൂടിയാണ് മുരളീധരന്‍. വടകര പിടിക്കാന്‍ മുരളീധരന് അധികം വിയര്‍ക്കേണ്ടി വരില്ല എന്ന് തീര്‍ച്ചയാണ്. 

കേരളത്തിലെ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിക്ക്, ഭരണപ്പാര്‍ട്ടിക്ക് ഈ ഗതികേട് സംഭവിച്ചിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന സ്വയം വിലയിരുത്തലിലേക്ക് സിപിഎം പോകേണ്ടതുണ്ട്. ഗുണ്ടായിസത്തിന്‍റെ ശരീരഭാഷയും സംസാര ശൈലിയുമായി ജനങ്ങളോട് ഇടപെടാന്‍ എത്തുന്ന നേതാക്കളുടെ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ ഇനി വലിയ ആയുസുണ്ടാവില്ല എന്ന് തിരിച്ചറിയണം. ആ തിരിച്ചറിവുണ്ടായെങ്കില്‍ മാത്രമേ കേരളത്തിലേക്ക് ഒതുങ്ങി അവശേഷിക്കുന്ന ഇടതുപക്ഷത്തെ വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളു. 
Join WhatsApp News
മലയാളീ 2019-03-21 20:34:09
മുരളീധരൻ പറഞ്ഞതിരിക്കട്ടെ, പക്ഷെ കലാധരന്റെ അറിവിലേക്ക് :
കണ്ണൂർ ഉ ഡി ഫ് സ്‌ഥാനാർഥി കൊലക്കേസ് പ്രതി അല്ലെ ?
കാസർഗോഡ് സ്‌ഥാനാർഥി വടകര സ്‌ഥാനാർഥിയെ പറ്റി പറഞ്ഞയ ഓർമ്മ ഉണ്ടോ ? എറണാകുളം , ആറ്റിങ്ങൽ സ്‌ഥാനാർഥികൽ പെണ്ണ് കേസിൽ പ്രതിയാണ്... കലാകാരന് അറിയാമോ ?? വയനാട് മത്സരിക്കുന്ന സ്‌ഥാനാർഥി യെ പറ്റി മുൻ ഭാര്യ പറയുന്നതു തന്നെ ധാരാളം !!! മലപ്പുറം, തിരുവന്തപുരം..സ്‌ഥാനാർഥികൾ ... ഓർമ്മ ഉണ്ടാകുമല്ലോ അല്ലെ??ചാലക്കുടി...സ്‌ഥാനാർഥിയുടെ റോൾ എന്തആയിരുന്നു സരിത കേസിൽ ...???
അവനവന്റെ കണ്ണിലെ കോള് എടുത്തിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ ?????
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക