Image

വടകരയില്‍ ജയിച്ചാലും കേരളം വിട്ടൊരു കളിയില്ലെന്ന്‌ കെ.മുരളീധരന്‍

Published on 20 March, 2019
വടകരയില്‍ ജയിച്ചാലും കേരളം വിട്ടൊരു കളിയില്ലെന്ന്‌ കെ.മുരളീധരന്‍


വടകര ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി വോട്ട്‌ പ്രതീക്ഷിക്കുന്നില്ലെന്നും സംഘപരിവാറുമായി ഒരു ബന്ധവും ഉണ്ടാക്കാത്ത ആളാണ്‌ താനെന്നും നിയുക്ത യുഡിഎഫ്‌ സ്ഥാനാര്‍ഥി കെ.മുരളീധരന്‍. എന്നാല്‍ ഒരു പാര്‍ട്ടിയുടേയും വോട്ട്‌ വേണ്ടെന്നുപറയില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ നയം മതേതരത്വം ആണ്‌. അതില്‍ വിശ്വാസമുള്ളവരൊക്കെ തനിക്ക്‌ വോട്ട്‌ ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു. വടകരയില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടാലും കേരളം വിട്ടൊരു കളിയില്ലെന്നും മനോരമ ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

എംപിയാക്കി ഡല്‍ഹിയിലേക്ക്‌ നാടു കടത്തുകയാണെന്നു കരുതുന്നില്ല. ലോക്‌സഭയില്‍ തിരഞ്ഞെടുത്താല്‍ കേരളത്തില്‍ നിന്ന്‌ പൂര്‍ണമായും വിട്ട്‌ പോകുകയല്ലല്ലോ. പ്രവര്‍ത്തനം കേരളത്തിലും പാര്‍ലമെന്ററി പ്രവര്‍ത്തനം ഡല്‍ഹിയിലുമാണ്‌. അല്ലാതെ കേരളം വിട്ടൊരു കളി താന്‍ കളിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

`വടകരയില്‍ പി.ജയരാജനെ ഏതെങ്കിലും കേസില്‍ കുറ്റക്കാരനാണെന്ന്‌ ചിത്രീകരിച്ചു കൊണ്ടുള്ള പ്രചാരണത്തിനില്ല. വ്യക്തിപരമായി ജയരാജനെതിരെ ഞാന്‍ പറയില്ല. ഇന്നലെവരെ ജയരാജനെതിരെ പറഞ്ഞിരുന്നു. പക്ഷേ പാര്‍ട്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതു മുതല്‍ വ്യക്തിപരമായി ആരെയും പറയില്ല. എന്നാല്‍ അക്രമരാഷ്ട്രീയത്തിനെതിരെ പറയും. ഇതുതന്നെ ചിലര്‍ക്കെതിരായ വിരല്‍ചൂണ്ടലാകും' -മുരളീധരന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക