Image

ലീല ഗ്രൂപ്പിന്റെ നാല്‌ ഹോട്ടലുകള്‍ 3950 കോടി രൂപയ്‌ക്ക്‌ കനേഡിയന്‍ കമ്പനി വാങ്ങുന്നു

Published on 20 March, 2019
ലീല ഗ്രൂപ്പിന്റെ നാല്‌ ഹോട്ടലുകള്‍  3950 കോടി രൂപയ്‌ക്ക്‌  കനേഡിയന്‍ കമ്പനി വാങ്ങുന്നു


പ്രശസ്‌തമായ ലീല ഹോട്ടല്‍ ഗ്രൂപ്പിലെ നാല്‌ ഹോട്ടലുകള്‍ വില്‍ക്കുന്നതിന്‌ ധാരണയായി. കാനഡ ആസ്ഥാനമായ ബ്രൂക്‌ഫീല്‍ഡ്‌ അസറ്റ്‌ മാനേജ്‌മെന്റ്‌ എന്ന സ്ഥാപനമാണ്‌ 3950 കോടി രൂപയ്‌ക്ക്‌ ഈ ഹോട്ടലുകള്‍ വാങ്ങുന്നത്‌. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഹോട്ടല്‍ ഡീല്‍ ആണ്‌ ഇത്‌. 

കഴിഞ്ഞ ഒരു വര്‍ഷമായി നടന്നു വന്ന ചര്‍ച്ചകളിലാണ്‌ വില്‌പനക്ക്‌ ധാരണയായതെന്ന്‌ ലൈവ്‌ മിന്റ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.
തിങ്കളാഴ്‌ച ചേര്‍ന്ന ലീല വെന്‍ച്വേഴ്‌സ്‌ ബോര്‍ഡ്‌ യോഗം വില്‌പനക്ക്‌ അംഗീകാരം നല്‍കി.

1400 മുറികള്‍ ഉള്‍പ്പെടുന്ന അഞ്ചു ഹോട്ടലുകളാണ്‌ ഗ്രൂപ്പിനുള്ളത്‌. ന്യൂ ഡല്‍ഹി, ബംഗളുരു, ചെന്നൈ, മുംബൈ, ഉദയ്‌പൂര്‍ എന്നിവിടങ്ങളിലാണ്‌ ഹോട്ടലുകള്‍. 
ഇതില്‍
മുംബൈ ഒഴിച്ചുള്ള ഹോട്ടലുകളാണ്‌ വില്‍ക്കുന്നത്‌. ഇതോടൊപ്പം ആഗ്രയില്‍ ഗ്രൂപ്പിനുള്ള ഭൂമിയും ബ്രൂക്‌ഫീല്‍ഡിന്‌ കൈമാറും. ലീല എന്ന ബ്രാന്‍ഡും ബ്രൂക്‌ഫീല്‍ഡിന്‌ സ്വന്തമാകും. ലീല ഹോട്ടലുകളിലെ ജീവനക്കാരെയും കാനഡ കമ്പനി ഏറ്റെടുക്കും എന്നാണ്‌ ഡീലിലെ വ്യവസ്ഥ.

മലയാളിയായ ക്യാപ്‌റ്റന്‍ സി പി കൃഷ്‌ണന്‍ നായര്‍ ആരംഭിച്ചതാണ്‌ ഇന്ത്യയിലെ ഹോസ്‌പിറ്റാലിറ്റി രംഗത്തെ പ്രമുഖ ബ്രാന്‍ഡായി മാറിയ ലീല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക