Image

ഏഞ്ചല മൈ എഞ്ചല (നോവല്‍ -2: നീന പനക്കല്‍)

Published on 20 March, 2019
 ഏഞ്ചല മൈ എഞ്ചല (നോവല്‍ -2: നീന പനക്കല്‍)
നോട്ട് എഗേന്‍ എന്നു ഗ്രെഗ്ഗ് നിലവിളിച്ചത് എന്തിനാണെന്നും എന്തു കൊണ്‍ടാണെന്നന്നും അറിയണമെങ്കില്‍, മൈ ഫ്രെന്‍ഡ്‌സ്, നിങ്ങള്‍ എന്റെ ചെറുപ്പകാലത്തെ ക്കുറിച്ചറിയണം. ഏഞ്ചലയുടെ ജനനത്തെക്കുറിച്ചറിയണം അവളുടെ എല്ലാ കാര്യങ്ങളും അറിയണം , എന്റെ അനുജത്തി കാറാബെല്‍ അവളെ വളര്‍ത്താനിടയായതുള്‍പ്പടെ.

എന്നില്‍ നിന്നു തന്നെ തുടങ്ങാം.

ഫിലഡല്ഫിയായുടെ സബര്‍ബില്‍ ജനിച്ചു വളര്‍ന്നവളാണു ഞാന്‍. ചെറുപ്പത്തില്‍ എനിക്കാകെ അഞ്ചു കൂട്ടുകാരാണുണ്‍ടായിരുന്നത്. മൂന്ന് പെണ്‍ കുട്ടികളും രണ്‍ട് ആണ്കുട്ടികളും. ഒരുമിച്ച് സ്‌കൂളില്‍ പോകയും വരികയും ചെയ്യുന്നവര്‍. ഞങ്ങള്‍ ഒന്നും പരസ്പരം മറച്ചു വച്ചില്ല. എന്നെ അവര്‍ക്ക് അകം പുറം അറിയാമായിരുന്നു.

എന്റെ കൂട്ടുകാരുടെ ഡാഡിമാരെ ഞാന്‍ ബഹുമാനത്തോടെ കണ്‍ടിരുന്നു. സ്വന്തം മക്കളോട് സ്‌നേഹമുള്ളവരും അവര്‍ക്കായി അദ്ധ്വാനിക്കുന്നവരും അവരെ സ്‌നേഹിക്കുന്നവരുമായിരുന്നു ആ അഞ്ചു പേരും. മക്കളുടെ ഹീറോകളും ആരാധനാ പാത്രങ്ങളും ആയിരുന്നു അവര്‍.

എനിക്ക് ആരും ഉണ്‍ടായിരുന്നില്ല ഹീറോയാക്കാനും ആരാധിക്കാനും. എന്റെ ഡാഡി ഒരു സമൂഹദ്രോഹിയും, മദ്യപാനിയും സ്ത്രീലമ്പടനും സാഡിസ്റ്റും മക്കള്ക്കും ഭാര്യക്കും, (എന്റെ മമ്മിയത് ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല) ഒരു ശാപവും ആയിരുന്നു. എന്റെ മമ്മി അന്നാബെലിനെയോ, എന്റെ അനുജത്തി കാറാബെലിനെയോ അയാളുടെ മൂത്ത സന്താനമായ എന്നെയോ സ്‌നേഹിക്കാനയാള്‍ കൂട്ടാക്കിയില്ല.

പകരം സ്ത്രീലമ്പടന്മാരെ വശത്താക്കാന്‍ തക്കം നോക്കിയിരിക്കുന്ന അഴിഞ്ഞാട്ടക്കാരികളെ പ്രാപിക്കാന്‍ ബാറുകളില്‍ നിന്ന് ബാറുകളിലേക്ക് ഓടുകയായിരുന്നു അയാള്‍ അവധിക്ക് വരുമ്പോള്‍.

നേവിയിലായിരുന്നു അയാള്‍ക്ക് ജോലി. എന്തു ജോലിയായിരുന്നു എന്നെനിക്ക് അറിയില്ല.. അയാളെപ്പോലെയുള്ളവരുടെ അടുത്തേക്ക് സ്ത്രീകളെ മുറയ്ക്ക് എത്തിക്കാന്‍ അവിടെ പ്രത്യേക സംവിധാനങ്ങളുണ്‍ടത്രെ. കൂട്ടുകാര്‍ ആരോ പറഞ്ഞു കേട്ടതാണ്. സത്യമാണോ എന്നെനിക്ക് അറിയില്ല.

ഒന്നര വര്‍ഷത്തിലൊരിക്കല്‍ അയാള്‍ വീട്ടില്‍ കയറിവരും. ഒരു നേര്‍ച്ചപോലെ. ജറമി ഹോഫ്മാന്‍ എന്നു പേരുള്ള, ഡൊമസ്റ്റിക് വൈലന്‍സിന്റെ ആശാനായിരുന്ന അയാളെ, ജറമീ എന്റെ ജറമീ എന്നു വിളിച്ച് എന്റെ മമ്മി സ്‌നേഹിച്ചിരുന്നതിന് കാരണമെന്തെന്ന് ഇന്നും എനിക്കറിയില്ല.

മമ്മിയുടെ ഈ സ്‌നേഹപ്രകടനം കാണുമ്പോള്‍ ഈര്‍ഷ്യയോ, സഹതാപമോ അസഹ്യതയോ അതോ അവയെല്ലാമാണോ എനിക്ക് തോന്നിയിരുന്നത്? അതെ. അവയെല്ലാം തന്നെ. അയാളുടെ മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങുമ്പോഴും ജറമീ ഐ ലവ് യു , എന്നെ ഇടിക്കല്ലേ, ഇറ്റ് ഹര്‍ട്ട്‌സ് എന്നു പറഞ്ഞു മമ്മി അയാളെ സ്‌നേഹിക്കും, യജമാനനോട് വിശ്വസ്ഥയായ ഒരു നായയെപ്പോലെ. അയാള്‍ അവധിക്കു വരുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ കൂരിരുട്ടും അന്ധകാരവുമാണ്. തിരികെ പേ ായിക്കഴിയുമ്പോഴാണ് പകല്‍ സൂര്യനും രാത്രി ചന്ദ്രനും ഉദിക്കുന്നത്.

ഒരിക്കലും ഒരു മകള്‍ ആയ ഞാനിതൊന്നും പറയാന്‍ പാടില്ലായിരുന്നു എന്നു നിങ്ങള്‍ക്ക് തോന്നുമെങ്കിലും പ റയട്ടെ, അയാളുള്ളപ്പോള്‍ എന്നും രാത്രിയില്‍ തൊട്ടടുത്ത മുറിയില്‍ നിന്ന് പ ുറപ്പെടുന്ന മമ്മിയുടെ അടക്കിപ്പിടിച്ച ഞരക്കങ്ങളും അയാളുടെ ശീല്ക്കാരങ്ങളും അയാളുടെ സാഡിസത്തിന്റെ ഭാഗമാണെന്ന് അന്ന് എനിക്കറിയില്ലായിരുന്നു.

'മമ്മീ യു ഓക്കേ?' കാറബെല്‍ ഒരു രാത്രിയില്‍ വിളിച്ചു ചോദിച്ചു.

'ഗോ ടു സ്ലീപ്പ് യു ബിച്ച് ' അയാള്‍ അലറി.

കാറബെല്‍ പേടിച്ച് തേങ്ങിക്കരഞ്ഞു. ഞാനവളെ കിടക്കയില്‍ എന്നോടു ചേര്‍ത്തു കിടത്തി തലയില്‍ തലോടി. 'കുറച്ചു ദിവസങ്ങളേ അയാളിവിടെ കാണൂ കാറബെല്‍. അയാള്‍ വേഗം പോകും. നീ കരയാതെ കിടന്നുറങ്ങിക്കൊള്ളു. '

'ഈ ടു ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എത്ര പറഞ്ഞാലും നീ മാറില്ല അല്ലേടീ കോവര്‍ കഴുതേ' അയാള്‍ മമ്മിയോട് അലറി. ' ആ രണ്‍ടു കൊടിച്ചിപ്പട്ടികളും ഈ മുറിയില്‍ എന്താണ് നടക്കുന്നതെന്ന് എത്തി നോക്കുന്നുണ്‍ടാവും.'

അങ്ങനെ അയാളൊരു പട്ടി കൂടിയാണെന്ന് സ്വയം സമ്മതിച്ചു.

'' ഈ രണ്‍ടു കുട്ടികള്ക്കും എനിക്കും ഒരു നേരം വയറു നിറച്ച് കഴിക്കാനുള്ള ഭക്ഷണത്തിനും, അപ്പാര്‍ട്ട്‌മെന്റിന്റെ വാടകയ്ക്കും, യൂട്ടിലിറ്റീസിനും കൂടി എത്ര ഡോളറാവുമെന്ന് നിനക്കറിയോ ജറമീ?' വാക്കുകളില്‍ കണ്ണീര്‍ കലര്‍ത്തി മമ്മി ചോദിച്ചു. ' ഞാന്‍ പലഹാരമുണ്‍ടാക്കി റൂത്തിയുടെ ജ്യൂയിഷ് കടയില്‍ കൊണ്‍ ടുപോയി കൊടുത്ത് , അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്‍ടാണ് ഞങ്ങള്‍ ജീവിക്കുന്നത്. മാസാമാസം നീ കൂടി വല്ലതും തന്ന് സഹായിച്ചിരുന്നെങ്കില്‍ .... പ്ലീസ് ജറമീ ,.... ഈ കുടുംബം പട്ടിണി കൂടാതെ കഴിയുമായിരുന്നു, നിന്റെ മക്കള്‍ക്ക് പട്ടിണി കിടക്കണ്‍ടായിരുന്നു.'

മറുപടി പുളിച്ച തെറിയായിരുന്നു. വീട്ടു ചെലവിന് ഒരു പെനി പോലും കൊടുക്കാത്ത ഭര്‍ത്താവിന് അവധിക്കു വരുമ്പോള്‍ വിളയാടാന്‍ ഒരു വലിയ സിങ്കിള്‍ ഹൗസ് വാങ്ങിയിട്ടുകൂടേ എന്നാണയാള്‍ ഭാര്യയോട് ചോദിക്കുന്നത്. അയാള്‍ ജനിപ്പിച്ച കൊടിച്ചിപ്പട്ടികള്‍ ബെഡ് റൂമിലെ അയാളുടെ ശീല്ക്കാരങ്ങള്ക്കും മമ്മിയുടെ കരച്ചിലുകള്‍ക്കൂം സാക്ഷികളാകാതെ ദൂരെ ഏതെങ്കിലും മുറിയില്‍ പോയി കിടന്നോളുമല്ലൊ. എന്റെ മനസ്സിലെ ദേഷ്യം പ ത്തിരട്ടിയായി വര്‍ദ്ധിക്കയായിരുന്നു അതു കേട്ടപ്പോള്‍.

ജുഗുപ്‌സാവഹങ്ങളായ എത്രയെത്ര അനുഭവങ്ങളാണ് എന്റെ ജീവിതത്തിലുായിട്ടുള്ളത്! മറക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ശക്തിയോടെ മനസ്സില്‍ തെളിഞ്ഞവ വരുമ്പോള്‍ തല ചുവരിലിടിച്ചു തകര്‍ക്കാനാണെനിക്ക് തോന്നിയിരുന്നത്. ബാറില്‍ നിന്നു കൂട്ടിക്കൊണ്‍ടു വരുന്ന സ്ത്രീകളുമായി, ഞങ്ങളുടെ വീട്ടില്‍ ഞങ്ങളുടെ മുന്നില്‍ വെച്ച് വൃത്തികേടുകള്‍ കാട്ടുന്ന ആ മനുഷ്യ മൃഗത്തിന്റെ സന്തതിയായി ജനിക്കാന്‍ എന്നെ വിധിച്ച ദൈവത്തോട് വൈരമായിരുന്നു എനിക്ക്. ദൈവം? അങ്ങനെ ഒന്നുണ്‍ടോ? സ്ത്രീകള്‍ക്ക് മാത്രം കര്‍ശന നിയന്ത്രണങ്ങള്‍ എഴുതിപ്പിടിപ്പിച്ചിരുന്ന ''തോറ'' യെ ഞാന്‍ ദൈവത്തോടൊപ്പം അങ്ങേയറ്റം വെറുത്തിരുന്നെങ്കില്‍ അതെന്റെ മാത്രം കുറ്റമോ?

''ജറമീ, ഐ ലവ് യൂ ജറമീ, എട്ടും പൊട്ടും തിരിയാത്ത ഈ കുട്ടികളുടെ മുന്നില്‍ വച്ച് ഇങ്ങനെയൊന്നും കാട്ടരുത് ജറമീ'' എന്നു നിലവിളിച്ചു കരയുന്ന മമ്മിയോടെനിക്ക് സഹതാപമല്ല വെറുപ്പാണ് തോന്നിയിരുന്നത് , കുറെ വെള്ളമോ എണ്ണയോ തിളപ്പിച്ച് അയാളുടെ മുതുകത്ത് ഒഴിക്കയെങ്കിലും ചെയ്യാത്തതില്‍ . ഞങ്ങളെ അയാള്‍ എത്രമാത്രം വെറുത്തിരിക്കണം!! അല്ലെങ്കില്‍ ഇത്രമാത്രം ശരീര, മന: പീഠനങ്ങള്‍ അയാള്‍ ഞങ്ങള്‍ക്കേല്പ്പിക്കുമായിരുന്നോ?

എനിക്കും കാറബെലിനും അറിവു വന്നപ്പോള്‍ മമ്മിയെ ഉപദ്രവിക്കാന്‍ അയാള്‍ക്കൊരു അവകാശവുമില്ല എന്നു മനസ്സിലാക്കിയപ്പോള്‍ അയാളെ ഞങ്ങള്‍ കഠിനമായി എതിര്‍ത്തു. ' ഇത് അമേരിക്കയാണ്. ഞങ്ങളുടെ മമ്മിയെ ഉപദ്രവിക്കാന്‍ വെറുമൊരു സ്‌ട്രെയിഞ്ചര്‍ ആയ നിങ്ങള്‍ക്ക് ഒരു അവകാശവുമില്ല.'

അയാള്‍ ഞങ്ങളെ അടിക്കാനോടിച്ചു. ഞാന്‍ അപ്പാര്‍ട്‌മെന്റില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപെട്ടു. കാറാബെലിനെ അയാള്‍ പിടിച്ചു. പേടിച്ച് വിറച്ച് നിന്ന കാറയുടെ മുഖത്തയാള്‍ കൈത്തരിപ്പ് തീര്‍ത്തു. അയാളുടെ വലതു കൈയിലെ നടുവിരലിന്റെ എല്ല് ഒടിയണമെങ്കില്‍ എത്ര ശക്തിയായി അയാള്‍ അവളെ ഇടിച്ചിരിക്കണം! എന്റെ കാറബെല്‍ മൂന്നു ദിവസം ആശുപത്രിയിലായിരുന്നു.

' ഇത് ഡൊമസ്റ്റിക്ക് വയലന്‍സ് ആണെന്ന് ഡോക്ടറോട് പറയണം മമ്മി.' ഞാന്‍ നിര്‍ബന്ധിച്ചു. 'മമ്മിക്ക് പറയാന്‍ പ്രയാസമാണെങ്കില്‍ ഞാന്‍ പറയാം. ഡോക്ടര്‍ ഇക്കാര്യം പോലീസിനെ അറിയിക്കും. അതോടെ അയാളുടെ അഹങ്കാരം മാറും. ഡൊമസ്റ്റിക്ക് വയലന്‍സിന് അയാള്‍ക്ക് നല്ല ശിക്ഷയും കിട്ടും. പിന്നെ അയാള്‍ നമ്മെ ഉപദ്രവിക്കില്ല. പ്ലീസ് മമ്മീ ഞാന്‍ പറയുന്നതു കേള്ക്കു.'

'എന്റെ കുഞ്ഞ് സ്റ്റെയേഴ്‌സില്‍ കാലുതെറ്റി വീണു ഡോക്ടര്‍,' മമ്മി എന്റെ വാക്കുകളെ പ ൂര്‍ണ്ണമായി അവഗണിച്ചു. അവര്‍ക്ക് അയാളോട് അത്രക്ക് സ്‌നേഹമായിരുന്നോ? ബെഡ്രൂമിലെ സാഡിസം അവര്‍ ഇഷ്ടപ്പെട്ടിരുന്നോ? അതോ അവരയാളെ ഭയന്നിരുന്നോ? എന്തിന് ഭയക്കണം? എല്ലാം സഹിച്ചാല്‍ അയാള്‍ ഒരു ദിവസം അവരെ സ്‌നേഹിക്കുമെന്ന് വ്യാമോഹിച്ചിരുന്നോ? മനുഷ്യ മനസ്സിനെ ആര്‍ക്ക് വ്യവഛേദിച്ചറിയാന്‍ സാധിക്കും? എനിക്ക് ഒരിക്കലും സാധിച്ചിട്ടില്ല എന്റെ മമ്മിയുടെ മനസ്സറിയാന്‍. മമ്മിയെ മനസ്സിലാക്കാന്‍. ജ്യൂയിഷ് കടയുടമയായ റൂത്തിക്ക് എല്ലാം അറിയാമായിരുന്നിരിക്കണം. അവരുടെ സ്റ്റോറില്‍ വില്ക്കാതെ ശേഷിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ , മമ്മിക്കുവേണ്‍ടി അവര്‍ സൂക്ഷിക്കുമായിരുന്നുവല്ലൊ . ഫുഡ് സ്റ്റാമ്പും, വെല്‌ഫെയര്‍ മണിയും എങ്ങനെ സമ്പാദിക്കാമെന്ന് ആ സത്രീയാണ് മമ്മിക്കു പറഞ്ഞു കൊടുത്തത്. അതു കൂടി ഇല്ലായിരുന്നെങ്കില്‍ റോഡരികില്‍ ഞങ്ങള്‍ ഭിക്ഷ യാചിച്ചു നില്ക്കുമായിരുന്നു എന്നെനിക്ക് ഉറപ്പാണ്.
'ഇനി അയാള്‍ വരുമ്പോള്‍ മമ്മി അയാളെ ഈ അപ്പാര്‍ട്ട്‌മെന്റില്‍ കയറ്റരുത്.' ഞാന്‍ മമ്മിയോടു വഴക്കിട്ടു. അയാള്‍ കാട്ടിയ കൊള്ളരുതായ്കകള്‍ ഒന്നൊന്നായി വിളിച്ചു പറഞ്ഞു.

'ലീസാബെല്‍! ജറമി എന്റെ ഭര്‍ത്താവാണ്. ഐ ലവ് ഹിം. അവന്‍ നിന്റെ ഡാഡിയാണ്. അവനെ നീ ബഹുമാനിക്കണം. ' അയാള്‍' എന്ന പ്രയോഗം നീ നിര്‍ത്തണം.'

'ഭര്‍ത്താവ് ! നിങ്ങളെ കൊണ്‍ടുപോയി വിറ്റ് ഡോളറുണ്‍ടാക്കാനും അയാള്‍ മടിക്കില്ല. ഇനി വരുമ്പോള്‍ അയാളെ അപ്പാര്‍ട്ട്‌മെന്റില്‍ കയറ്റിയാല്‍ ഞാന്‍ ഇവിടെ നിന്ന് ഇറങ്ങിപ്പോകും.'

മമ്മി പതം പറഞ്ഞു. ' എത്ര കഷ്ടപ്പെട്ടാണ് ഞാന്‍ നിങ്ങളെ വളര്‍ത്തുന്നത്. എന്നിട്ട് ഇങ്ങനെയൊക്കെ പറയാന്‍ നിനക്ക് എങ്ങനെ തോന്നുന്നു ലീസബെല്‍?'

'ലീസാബെല്‍, സ്റ്റോപ്പിറ്റ്.' കാറബെല്‍ എന്നെ പിടിച്ചു തള്ളി. 'മമ്മിയെ വിഷമിപ്പിക്കാതെ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോ..'

അന്ന് ഞാനാദ്യമായി കാറാബെല്ലിനെ അടിച്ചു. 'നിനക്കും മമ്മിയെപ്പോലെ ആവണോ? നട്ടെല്ലില്ലാതെ വളരണോ? വല്ലവന്റെയും തല്ലു കൊണ്‍ട് ജീവിതം കഴിക്കണോ?'

ഇനി അയാള്‍ വരട്ടെ. മമ്മി അയാളെ ഇറക്കി വിട്ടില്ലെങ്കില്‍ അയാളെ ഇറക്കി വിടാന്‍ ഞാന്‍ പേ ാലീസിന്റെ സഹായം തേടും. ഞാന്‍ തീരുമാനിച്ചുറപ്പിച്ചു. ഒന്നര വര്‍ഷം കഴിഞ്ഞ് അയാള്‍ വീണ്‍ടും വന്നു.

'ഓ ജറമീ... മൈ ജറമീ... ഐ ലവ് യു....' ഇരു കൈകളും നീട്ടി ആര്‍ത്തു വിളിച്ച് എന്റെ മമ്മിയെന്ന ആ സ്റ്റുപ്പിഡ് വുമണ്‍ അയാളെ സ്വീകരിച്ചു. ' നീയങ്ങു ക്ഷീണിച്ചു പോയി ജറമീ... കറുത്തും പോയി എന്റെ പാവം ജറമി.' അയാള്‍ മമ്മിയെ കെട്ടിപ്പിടിച്ച് ചുണ്‍ടുകളില്‍ ഗാഢമായി ചുംബിച്ചു. മിനിട്ടുകള്‍... ശ്വാസം കിട്ടാതെ എന്റെ മമ്മി പിടയുന്നതു കണ്‍ടപ്പോള്‍ ഞാന്‍ ഓടിച്ചെന്ന് അയാളെ ശക്തിയായി തള്ളി. മമ്മി താഴെ വീണു. അവരുടെ ചുണ്‍ ടുകളില്‍ നിന്ന് ചോരയൊലിച്ചിരുന്നു. ആ ക്രൂരമൃഗം അവരുടെ ചോര കുടിക്കുകയായിരുന്നോ ഒരു വാമ്പയറിനെപ്പോലെ? എന്റെ തലക്കകത്തു വണ്‍ ടുകള്‍ മുരളുന്ന ശബ്ദം. ഇരു കൈകളും കൊണ്‍ ട് തലയമര്‍ത്തിപ്പിടിച്ച് ഞാന്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറങ്ങിപ്പോയി.

വാഷിംഗ്ടണ്‍ ഡീ.സീ യിലേക്ക് ഒരു സ്റ്റഡി ട്രിപ്പിന് ഞങ്ങളുടെ ക്ലാസ്സ് പേ ാകുന്നു എന്നറിഞ്ഞത് അയാള്‍ വന്ന ആഴ്ച്ചയിലാണ്. നാല്പ്പത് ഡോളറാണ് ഫീസ്. താമസവും യാത്രാ ചെലവും ഭക്ഷണവും റൈഡുകളും , പിന്നെ മ്യൂസിയങ്ങളും മറ്റും കാണാനുള്ള ടിക്കറ്റുകളും എല്ലാം ആ നാല്പ്പതു ഡോളറില്‍ ഉള്‍പ്പെടും. മമ്മിയുടെ കൈയ്യില്‍ ഡോളര്‍ കാണില്ല എന്ന് എനിക്കറിയാം. കാരണം ആ മനോരോഗിക്ക് സ്റ്റേയ്ക്കും പൊടെയ്‌റ്റോയും ഉണ്‍ ടാക്കിക്കൊടുക്കണമല്ലൊ.

റൂത്തിയുടെ ജ്യൂയിഷ് ഭക്ഷണക്കടയില്‍ നിന്ന് കൊണ്‍ടു വന്ന ലെഫ്റ്റ് ഓവര്‍ ഭക്ഷണത്തിന്റെ മുക്കാല്‍ ഭാഗവും അകത്താക്കിയിട്ട് അയാള്‍ പുറത്തിറങ്ങിയ തക്കം നോക്കി ഞാന്‍ മമ്മിയുടെ മുറിയില്‍ കയറി. അയാളുടെ ബാഗ് തുറന്നു. അഞ്ചിന്റെയും പത്തിന്റെയും ഇരുപതിന്റെയും നോട്ടുകള്‍ റബ്ബര്‍ ബാന്‍ഡിട്ട് വച്ചിരിക്കുന്നു. നാല്പ്പതിനു പകരം ഞാന്‍ നൂറു ഡോളര്‍ മോഷ്ടിച്ചു. ബാഗിനകത്തേക്ക് വീണ്‍ടും തപ്പിയപ്പോള്‍ അതാ ഒരു റിവോള്‍വര്‍! അയാളെ പോലീസില്‍ പിടിപ്പിക്കാന്‍ ഇതാണവസരം. ഞാന്‍ ആ റിവോള്‍വര്‍ കൈയ്യിലെടുത്ത്, സ്‌കൂള്‍ബാഗിനകത്തു വച്ച് സ്‌കൂളില്‍ പോകാനാണെന്ന ഭാവത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് നടന്നു. ''ഈ റിവോള്‍വര്‍ കാണിച്ച് അയാള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു, ഞങ്ങള്‍ക്ക് പോലീസ് പ്രൊട്ടക്ഷന്‍ വേണം.'' എന്നു പറയാം. '' എന്റെ ഈ പ്രവര്‍ത്തിയെ ജീവിക്കാനുള്ള അത്യാര്‍ത്തി എന്നു വിചാരിച്ചോണേ '' എന്നും.

ഹോ. ഞാനെത്ര വിഡ്ഢി. യഹൂദരെ വെറുക്കുന്ന, പരസ്യമായി അതു പറയാന്‍, പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത ഒരു അമേരിക്കക്കാരനാണ് ഞങ്ങളുടെ ഡിസ്ട്രിക്ടിലെ സാര്‍ജന്റ് എന്നു ഞാനന്ന് മനസ്സിലാക്കി. വിശ്വസിക്കാന്‍ തോന്നുന്നില്ല അല്ലേ? നീതി നടത്താന്‍ നിയോഗിച്ച പേ ാലീസുകാരിലുമുണ്‍ട് പ്രിജുഡിസ്ഡ് പിശാചുക്കള്‍.

എന്റെ പരാതികള്‍ കേട്ട ആ സാര്‍ജന്റ് റിവോള്‍വര്‍ എന്റെ കയ്യില്‍ നിന്ന് വാങ്ങിയ ശേഷം എന്നെ അടിമുടി നോക്കി. ' നിന്റെ ഡാഡി നിങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയോ? അയ്യോ. പ ാവം.' അയാളെന്നെ പുശ്ചിച്ചു. ' നിന്റെ ഡാഡിക്ക് എന്തു ജോലിയാണെന്നാ പറഞ്ഞത്? നേവിയിലോ? അവധിക്കു വരുമ്പോള്‍ മമ്മിയെ ദേഹോപദ്രവം ഏല്പ്പിക്കും പോലും... അതവളുടെ സ്വഭാവദൂഷ്യം കൊണ്‍ടാവും. ഭര്‍ത്താവ് അവധി കഴിഞ്ഞു പോകുമ്പോള്‍ കാമുകന്മാരെ തേടിപ്പോകുന്ന അവളുമാരെ തല്ലാതെ പിന്നെന്തു ചെയ്യും?'

'എന്റെ മമ്മി നല്ല സ്ത്രീയാണ്. പാവമാണ്. വളരെ കഷ്ടപ്പെട്ടാണ് മമ്മി ഞങ്ങളെ
വളര്‍ത്തുന്നത്.' ഞാന്‍ വാദിച്ചു. ' അയാള്‍ വീട്ടില്‍ വന്നാല്‍ കൈയ്യിലുള്ള ഡോളര്‍ തീരുംവരെ മദ്യപിച്ച് അന്യ സ്ത്രീകളുംആയി കൂത്താടും. അവളുമാരെ ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്‍ടു വന്ന് ഞങ്ങളുടെ മുന്നില്‍ വച്ച് വൃത്തികേടുകള്‍ കാണിക്കും. ഞങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ള ഡോളര്‍ പോലും തരില്ല. ഡോളര്‍ ചോദിച്ചാല്‍ വെടിവച്ചു കൊല്ലും എന്നു ഭീഷണിപ്പെടുത്തും. പ്ലീസ് ഓഫീസര്‍, ഹെല്പ് അസ്. ഞങ്ങളെ അയാള്‍ കൊല്ലും മുന്‍പ് അയാളെ പിടിച്ച് അകത്തിടൂ ഓഫീസര്‍.'

'നിന്റെ പേര് എന്താണെന്നാ പറഞ്ഞത്?' അയാള്‍ നെറ്റി ചുളിച്ചു. ' ലീസബെല്‍, ഓഫീസര്‍'
' നീയൊരു യഹൂദപ്പെണ്ണാണ് അല്ലെ?'
'അതെ.'
'നിനക്കെത്ര വയസ്സായി?'
'പതിമൂന്ന്.'
' നല്ല ശരീര വളര്‍ച്ചയുണ്‍ടല്ലൊ നിനക്ക് ' . അയാള്‍ എന്നെ അടിമുടി നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു. ' നിന്റെ ആഗ്രഹപ്രകാരം നിന്റെ ഡാഡിയെ പിടിച്ച് അകത്തിട്ടാല്‍ നീയെനിക്ക് എന്തു തരും? അകത്തൊരു മുറിയുണ്‍ട്. നീ കയറിയിരിക്ക്. നമുക്ക് നെഗോഷിയേറ്റ് ചെയ്യാം'

തൊലിയുരിഞ്ഞു പോകുന്നതു പോലെ എനിക്ക് തോന്നി. അയാള്‍ അകത്തെ മുറിയിലേക്ക് പോയി ഫോണില്‍ സംസാരിക്കുന്നത് ഞാന്‍ കണ്‍ടു.. ആ മുറിയില്‍ വേറെയും പോലീസുകാര്‍ ഇരിപ്പുണ്‍ ടായിരുന്നു. ' നീയിങ്ങ് അകത്തു കയറിയിരിക്ക് പെണ്ണേ. ഒരു പരാതിയെഴുതിത്താ.'

പത്തു മിനിട്ട് കഴിഞ്ഞു കാണും.. എന്റെ തന്ത എന്നു പറയുന്നവന്‍ വന്നു. എന്നെ കണ്‍ട ഭാവം കാട്ടാതെ അയാള്‍ പോലിസ് സ്റ്റേഷനകത്തു കയറിപ്പോയി. ആ സാര്‍ജന്റിനോട് അല്പ്പനേരം സംസാരിച്ച ശേഷം റിവോള്‍വറും കൊണ്‍ട് പുറത്തു വന്നു.

' വാ വീട്ടിലേക്ക് ' പറഞ്ഞിട്ടയാള്‍ കാറില്‍ കയറിയിരുന്നു ' നോ.' ഞാന്‍ മുഖം തിരിച്ചു. പരാതി എഴുതി ഒപ്പിട്ടുകൊടുത്ത് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് ആ യഹൂദ വിരോ ധി എന്നോടു പറഞ്ഞു ,'' നിന്നെപ്പോലുള്ള ഒരു യഹൂദ ബിച്ചിനോട് എനിക്കൊന്നേ പറയാനുള്ളു. ആണുങ്ങളാവുമ്പോള്‍ അവര്‍ കുറച്ചു ഫണ്‍ ഒക്കെ കാട്ടിയെന്നിരിക്കും. നീയൊരു കാര്യം ചെയ്യ്. നിന്റെ ഡാഡി കൊണ്‍ടുവരുന്ന സ്ത്രീകളില്‍ നിന്ന് പഠിക്ക്. അവന്റെ പണമില്ലാതെ നിനക്കും നിന്റെ മമ്മിക്കും ജീവിക്കാനാവും.'' ആ സ്ത്രീകളില്‍ നിന്ന് ഞാന്‍ എന്തു പഠിക്കണമെന്നാവും കൂട്ടുകാരേ ആ സാര്‍ജന്റ് അര്‍ഥമാക്കിയത്?

അകത്തെ മുറിയില്‍ അയാള്‍ക്കൂം കൂടെയുള്ളവറ്ക്കും കളിക്കാനും കളിയാക്കാനും ചെന്നു നിന്നുകൊടുക്കാത്തതിന്റെ പ്രതിക്ഷേധമായിരുന്നു ഉപദേശ രൂപേണ പുറത്തു വന്നത് എന്നെനിക്ക് ഉറപ്പാണ്.

നന്ദി. വളരെ നന്ദി , പോലീസ് എന്ന വാക്കിന്റെ അര്‍ഥം പോലുമറിയാത്ത പോലീസുകാരാ.

വീട്ടില്‍ ചെല്ലുമ്പോള്‍ അയാളെന്നെ തല്ലിച്ചതയ്ക്കുമെന്നു പേടിച്ച് ഞാനെന്റെ കൂട്ടുകാരിയുടെ വീട്ടില്‍ പോയി ഇരുന്നു. സന്ധ്യ കഴിഞ്ഞിട്ടും എന്നെ കാണാതായപ്പോള്‍ എനിക്കെന്തു പറ്റി എന്നു ഭയന്ന കാറബെല്‍ എന്റെ കൂട്ടുകാരിയുടെ വീട്ടിലേക്ക് വിളിച്ചു. ' വേഗം വീട്ടിലേക്ക് വാ ലീസാ.' അവള്‍ പറഞ്ഞിട്ട് ഫോണ്‍ വച്ചു.

അയാളെന്നെ തെറി പറയുകയോ ചതയ്ക്കുകയോ ചെയ്തില്ല എന്നു മാത്രമല്ല, ബാഗുമെടുത്ത് അപ്പാര്‍ട്ട്‌മെന്റ് വിട്ട് പോകയും ചെയ്തു. ഞാന്‍ പോലീസില്‍ പരാതി എഴുതിക്കൊടുത്തതു കാരണം അയാള്‍ പോലീസിന്റെ നോട്ടപ്പുള്ളിയാണെന്ന് മനസ്സിലായിക്കാണും. ആ സാര്‍ജന്റ് അയാള്‍ക്ക് മനസ്സിലാക്കി കൊടുത്തുകാണും .

ജറമി ഹോഫ്മാന്‍ ഒരു യഹൂദനാണല്ലൊ.

അയാളെ പിന്നെ ഞാന്‍ കണ്‍ടിട്ടില്ല. എങ്കിലും അയാളുടെ പണം മുഴുവന്‍ അന്ന് മോഷ്ടിച്ചില്ലല്ലൊ എന്നൊരു ചൊറിച്ചില്‍ ഒരു പോയിസണ്‍ ഐവി പോലെ എന്നെ കുറെക്കാലം അസ്വസ്ഥതപ്പെടുത്തിക്കൊണ്‍ടിരുന്നു. എന്റെ പാവം ജറമി. അവന്‍ പോയി. എന്നെ വിട്ട് എന്നെന്നേക്കുമായി പോയി. മമ്മി ഒപ്പാരി വച്ചു കരയുന്നതാണ് അപ്പാര്‍ട്ട്‌മെന്റിനകത്ത് കയറിയപ്പോള്‍ ഞാന്‍ കണ്‍ടത്.

' ഡാഡി ഇവിടെ വന്നു നരകമുണ്‍ടാക്കി ലീസാ. നീ എന്തു ചെയ്തു? അങ്ങേരെ ക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടോ?'

' ഞാനയാളൂടെ ബാഗില്‍ നിന്ന് റിവോള്‍വര്‍ മോഷ്ടിച്ച് പോലീസിനു കൊടുത്തു, പ രാതിയും എഴുതിക്കൊടുത്തു. നമ്മളെ അയാള്‍ റിവോള്‍വര്‍ കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്ന് കള്ളവും പറഞ്ഞു.'

' ഡാഡിയെ ഈ വീട്ടില്‍ നിന്ന് പുറത്താക്കണമായിരുന്നു നിനക്ക് അല്ലേ? അതു സാധിച്ചു.' അവള്‍ ചിരിച്ചു. 'നീ ഡാഡിയുടെ മകളല്ല എന്നു പറഞ്ഞിട്ടാണ് ഡാഡി ഇറങ്ങിപ്പോയത്. നീ ഏതോ പന്ന റാബായിയുടെ മകളാണത്രെ.'

എന്റെ നെഞ്ചില്‍ ഒരു കുട്ട തീ വീണു. നൗ എവെരി തിങ്ങ് ഇസ് ഫാളിങ്ങ് ഇന്റു പ്ലെയ്‌സ്. എന്റെ ഗ്രാന്‍ഡ്പായുടെ കൂട്ടുകാരന്‍ ഒരു റാബായി ഉണ്‍ടായിരുന്നത് ഞാന്‍ ഓര്‍ത്തു.. അങ്ങേര്‍ കൊണ്‍ടുവരുമായിരുന്ന മധുര പലഹാരങ്ങള്‍ അതീവ സ്വാദിഷ്ടങ്ങളായിരുന്നു എന്നും ഞാനപ്പോള്‍ ഓര്‍ത്തു. എനിക്കന്ന് മൂന്നോ നാലോ വയസ്സേ ഉണ്‍ടായിരുന്നുള്ളു. പക്ഷെ അയാളൊരു വൃദ്ധനായിരുന്നല്ലൊ, വെള്ളത്തലമുടിയും താടിയും ഉള്ള കൂനനായ ഒരു വയോധികന്‍?

എന്റെ മനസ്സിലെ വളരെ നാളായുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചു. വെറുതെയല്ല ആ നേവിക്കാരന്‍ ഞങ്ങളെ വെറുത്തത്. മമ്മിയെ പീഢിപ്പിച്ചത്. കാറബെലും മറ്റാരുടെയെങ്കിലും മകളാവുമെന്നാവും അയാള്‍ വിശ്വസിച്ചിരിക്കുന്നത്.

'എന്നിട്ട് മമ്മി എന്തു പറഞ്ഞു?'

' അങ്ങേരുടെ കാലു പിടിച്ച് കരഞ്ഞു. പോകരുതെന്ന് അപേക്ഷിച്ചു. മമ്മി ഒരിക്കലും ഡാഡിയെ വഞ്ചിച്ചിട്ടില്ല എന്നു തോറയില്‍ തൊട്ട് സത്യം ചെയ്തു. നമ്മള്‍ രണ്‍ടുപേരും ഡാഡിയുടെ മക്കളാണെന്നു പറഞ്ഞു. ഡാഡി മമ്മിക്കിട്ടൊരു ഉഗ്രന്‍ ഇടിയും കൊടുത്തിട്ട് ബാഗുമെടുത്ത് ഇറങ്ങിപ്പോയി.'

ഞാന്‍ മുറിയില്‍ നിന്നിറങ്ങി നീട്ടി വലിച്ച് കരയുന്ന മമ്മിയുടെ മുന്നില്‍ ചെന്നു നിന്നു. ' ആ ദുഷ്ടന്‍ പോയി തുലയട്ടെ. മമ്മിക്ക് അയാളുടെ തല്ലും ഇടിയും കൊണ്‍ട് മതിയായില്ലേ?'

' അങ്ങനെ ചോദിക്ക് ലീസബെല്‍,' കാറബെല്‍ എന്റെ വശം നിന്നു. 'ഐ ലവ് മൈ ഹസ്ബന്‍ഡ്, നോ മാറ്റര്‍ വാട്ട് ' അവര്‍ ഒപ്പാരി തുടറ്ന്നു. 'തോറ പ റയുന്നത് ഭര്‍ത്താവിനെ സ്‌നേഹിക്കാനും അനുസരിച്ച് ജീവിക്കാനുമാണ്. ഐ ലവ് ഹിം. ഓ മൈ ജറമീ...എവിടെയാണു നീ.... പ്ലീസ് കം ബാക്ക്....... മൈ ജറമീ.....'

ജറമി ഹോഫ്മാന്‍ നേവിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത കാര്യം ഞങ്ങളുടെ വീട്ടിലറിഞ്ഞത് അപ്രതീക്ഷിതമായാണ് . അയാള്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയ്ക്കഴിഞ്ഞ കഴിഞ്ഞ ശേഷം ഒരു സംഭവമുണ്‍ടായി. വീട്ടിലേക്ക് ഒരു ഫോണ്‍ കാള്‍ വന്നു. മമ്മി ഫോണെടുത്തപ്പോള്‍ സ്പീക്കര്‍ ഓണായി. 'വാടക കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ ജറമി എത്ര പ്രയാസപ്പെടുന്നു എന്നറിയോ അന്നാബെല്‍?' ഫോണിന്റെ അങ്ങേ തലക്കലെ സ്ത്രീശബ്ദം ചോദിച്ചു.' ഞങ്ങള്‍ നാലുപേര്‍ ഒരു ചെറിയ ടു ബഡ് റൂം അപ്പാര്‍ട്ട്‌മെന്റില്‍ ഞെങ്ങി ഞെരുങ്ങി താമസിക്കയാണ്. നിനക്കിപ്പോള്‍ നല്ല ഒരു ജോലിയുണ്‍ട്, ശമ്പളമുണ്‍ട് ,ഹെല്ത്ത് ഇന്‍ഷ്വറന്‍സുണ്‍ട്.

' നീയുണ്‍ടാക്കുന്ന ഡോളറിനു മാത്രമല്ല, നിനക്കുള്ള സകലത്തിനും ജറമി അവകാശിയാണ് എന്ന സത്യം നീ മറക്കരുത്. അവന്‍ ഇപ്പോഴും നിന്റെ ഭര്‍ത്താവാണ്. നാളെ വൈകുന്നേരം ഞാന്‍ അങ്ങോട്ട് വരുന്നുണ്‍ട്. ജറമിക്കവകാശപ്പെട്ട പണത്തില്‍ നിന്ന് ആയിരം ഡോളര്‍ എടുത്ത് വച്ചേക്കണം.'

ഫോണും കൈയ്യില്‍ പിടിച്ച് സ്തംഭിച്ച് നില്ക്കുന്ന മമ്മിയോട് ഞാന്‍ ചോദിച്ചു.'' ആരാ മമ്മീ അത്?'' .

മമ്മി ഒന്നും മിണ്‍ടിയില്ല. ജറമി ഹോഫ്മാന്‍ പോയതില്‍ പിന്നെ മമ്മി എന്നോട് സംസാരിച്ചിട്ടില്ല . ഞാനവരുടെ ശത്രുവാണ്. അവരുടെ ലവിങ്ങ് ഭര്‍ത്താവ് അവരെ വിട്ട് പോകാന്‍ കാരണക്കാരിയായ കശ്മല.

ഞാന്‍ ഫോണ്‍ മമ്മിയുടെ കൈയില്‍ നിന്ന് പിടിച്ചു വാങ്ങി.' ആരാ നിങ്ങള്‍?' ഞാന്‍ ചോദിച്ചു.

' ഞാന്‍ ജറമിയുടെ വീട്ടില്‍ നിന്നാണു വിളിക്കുന്നത്. അവന്‍ പറഞ്ഞിട്ട്. നീയാരാ?'
' ഞാന്‍ അന്നാബെലിന്റെ മകള്‍. നിങ്ങള്‍ക്ക് എന്താ വേണ്‍ ടത്?'

' നാളെ ഞാന്‍ വരുമ്പോള്‍ ജറമി ചോദിച്ച ആയിരം ഡോളര്‍ എടുത്ത് വച്ചേക്കാന്‍ പറ നിന്റെ മമ്മായോട്. അവന്റെ കൈയില്‍ ഒരു പെനിയില്ല. റിട്ടയര്‍ ചെയ്തതില്‍ പിന്നെ വാടക കൊടുക്കാന്‍ പോലും അവന്റെ കൈയില്‍ ഡോളറില്ലാതെ പ്രയാസപ്പെടുകയാണ്....'

അപ്പോള്‍ അതാണു കാര്യം. ജറമിയുടെ കൈയില്‍ പണമില്ലാതായി. ഇനി അന്നാബെല്‍ അയാള്ക്കും അയാളുടെ പെണ്ണുങ്ങള്‍ക്കൂം ചെലവിനു കൊടുക്കണം. റിട്ടയര്‍ ചെയ്യ്തു സര്‍വീസില്‍ നിന്ന് പിരിഞ്ഞു പോകുന്നവര്‍ക്ക് ഒരുപാടു ഡോളര്‍ കിട്ടുമെന്ന് കേട്ടിട്ടുണ്‍ട്. ജറമിയ ഹോഫ്മാനു കിട്ടിയത് എല്ലാം കുടിച്ചും അഭിസാരികകള്‍ക്ക് കൊടുത്തും തീര്‍ത്തു കാണും.

'എന്തിനാ നാളെയാക്കുന്നത്? ഇന്നു തന്നെ വന്നേക്ക്.' ഞാന്‍ പറഞ്ഞു. ' പാര്‍ട് ടൈം ജോലിചെയ്ത് ഞാന്‍ ഒരു ഗണ്‍ വാങ്ങി വച്ചിട്ടുണ്‍ട് ഈ അപ്പാര്‍ട്ട്‌മെന്റില്‍. ലൈസന്‍സുള്ള ഗണ്‍. അനുവാദമില്ലാതെ വന്നു കയറുന്ന അലവലാതികളെ ചുട്ടുകളയാന്‍. നീ ഇന്നു തന്നെ വാ. '

അല്പ്പനേരത്തെ നിശ്ശബ്ദതക്കുശേഷം ആ സ്ത്രീ ഭീഷണി മുഴക്കി. ' എന്നാല്‍ ജറമി തന്നെ അങ്ങോട്ട് വരും. അവന്റെ കൈയിലും ഗണ്‍ ഉണ്‍ട്.'

'ഹഹഹഹ.' ഞാന്‍ ഉറക്കെ ചിരിച്ചു. ' നല്ലത്. വളരെ നല്ലത്. ആ മാനസിക രോഗിയെ കൊല്ലാന്‍ തന്നെയാണ് ഞാന്‍ ഈ ഗണ്‍ വാങ്ങിയതും വെടിവക്കാന്‍ പഠിച്ചതും. ആദ്യം ഞങ്ങളെ മര്‍ദ്ദിച്ച അവന്റെ കൈ, പിന്നെ ഞങ്ങളെ ചവിട്ടിയ കാല്, തെറി പറഞ്ഞ നാവ്. പിന്നെ അവന്റെ...... എന്റെ കൈ കൊാണ് അയാളുടെ അന്ത്യം. നിങ്ങള്‍ അയാളോടിങ്ങോട്ട് വരാന്‍ പറയ്.'

ജറമിയുടെയും അയാളുടെ വെപ്പാട്ടികളുടെയും ഭീഷണി അതോടെ തീറ്ന്നു. ജ്യൂയിഷ് സ്റ്റോറില്‍ വരുമായിരുന്ന ഒരാളാണ് മമ്മിയുടെ കൈപ്പുണ്യമറിഞ്ഞ് ഒരു ഹോട്ടലില്‍ മമ്മിക്ക് അസിസ്റ്റന്റ് കൂക്കിന്റെ ജോലി വാങ്ങിക്കൊടുത്തത്. അതോടെ പലഹാരമുണ്‍ടാക്കുന്നത് കാറബെലിന്റെ ജോലിയായി. ഞാനും അവളെ സഹായിച്ചു. അങ്ങനെ ഒരു വിധം ഒന്നു പച്ച പിടിച്ചു വന്നപ്പോഴാണ് അന്നാബെലിനെ ഊറ്റാനൊരു ശ്രമം അയാള്‍ നടത്തിയത്. ഞാനത് പൊളിച്ച് കൈയില്‍ കൊടുത്തു.

'ഐ ഹേറ്റ് യു ലീസാബെല്‍. നീയെന്റെ ഭര്‍ത്താവിനെ, നിന്റെ ഡാഡിയെ വെടിവച്ചു കൊല്ലും അല്ലേ? നിനക്ക് എന്നെക്കൂടിയങ്ങ് കൊല്ലാന്‍ വയ്യേ' മമ്മി ഉച്ചത്തില്‍ പതം പറഞ്ഞു കരഞ്ഞു.

മമ്മിയുടെ കരച്ചിലും പിഴിച്ചിലും എനിക്കവരോടുള്ള വെറുപ്പ് വര്‍ദ്ധിക്കാനിടയാക്കി. അവരെ കാണാതിരിക്കാന്‍ അവരുടെ ഒപ്പാരി കേള്‍ക്കാതിരിക്കാന്‍ ഞാന്‍ സ്‌കൂള്‍ കഴിഞ്ഞ് വീട്ടില്‍ പോകാതെ കൂട്ടുകാരുടെ വീടുകളിലും മാളുകളിലും തങ്ങി. മാളുകളില്‍ പാര്‍ട് ടൈം ജോലി ചെയ്തുണ്‍ടാക്കുന്ന ഡോളര്‍ കൊണ്‍ട് ബീയറും വിലകുറഞ്ഞ മദ്യവും വാങ്ങിക്കുടിച്ചു, കൂട്ടുകാറ്ക്കും കൊടുത്തു. ക്ലാസ്സില്‍ ഞാന്‍ എല്ലാ സബ്ജക്റ്റുകള്ക്കും തോറ്റു.

നമുക്കൊരു പഴയ കാര്‍ ഉണ്‍ടായിരുന്നെങ്കില്‍ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും ഒക്കെ മ്യൂസിക്ക് കോണ്‍സേര്‍ട്ടുകള്‍ക്ക് പോകാമായിരുന്നു എന്ന് കൂട്ടുകാരില്‍ നിന്ന് ഒരു സജഷന്‍ വന്നു. അങ്ങനെ ഞങ്ങള്‍ ടീനേജേഴ്‌സ് ചേര്‍ന്ന് ഒരു പഴയ കാര്‍ വാങ്ങി. കൂട്ടുകാരില്‍ ഒരുത്തന്റെ ഡാഡി വിദഗ്ദനായ ഒരു കാര്‍ മെക്കാനിക്ക് ആയിരുന്നു. ജങ്ക് യാര്‍ഡില്‍ നിന്ന് നിസ്സാര വില കൊടുത്ത് നല്ല പാര്‍ട്ടുകള്‍ വാങ്ങി ഫിറ്റ് ചെയ്ത് അദ്ദേഹം അതിനെ പുതിയതു പോലെയാക്കിത്തന്നു.

വീക്കെന്‍ഡുകളില്‍ ഞങ്ങള്‍ കോണ്‍സെര്‍ട്ടുകള്‍ക്ക് പോയി. അറ്റ്‌ലാന്റിക്ക് സിറ്റിയില്‍ വില കുറഞ്ഞ മുറികള്‍ വാടകയ്ക്കെടുത്ത് അവിടെ താമസിച്ചു. ഇല്ലീഗല്‍ ഗാംബ്ലിങ്ങ് നടക്കുന്നയിടങ്ങളില്‍ പോയി സ്ലോട്ട് മഷീനില്‍ കളിച്ചു. തിരികെ വീട്ടിലെത്തുമ്പോള്‍ മമ്മി എന്നെ അവഗണിച്ചു. ഞാന്‍ എവിടെ പേ ായാലും എന്തു ചെയ്താലും അവര്‍ക്ക് ഒന്നുമില്ല. ഞാന്‍ ചീത്തയാണ്. അവരുടെ ഭര്‍ത്താവിനെ കൊല്ലുമെന്നു പറഞ്ഞ ദുഷ്ട.

കാറബെല്‍ എന്നോട് പിണക്കമൊന്നും കാട്ടിയില്ല. അവള്‍ എനിക്ക് ഭക്ഷണം തന്നു, എന്റെ വസ്ത്രങ്ങള്‍ അലക്കിത്തന്നു. ഞാനവള്‍ക്ക് കൊച്ചു കൊച്ചു സമ്മാനങ്ങള്‍ വാങ്ങിക്കൊണ്‍ടു വന്നു കൊടുത്തതു സന്തോഷത്തോടെ സ്വീകരിച്ചു. ഞാന്‍ എവിടെയായിരുന്നു എന്ന് അവള്‍ ഒരിക്കലും ചോദിച്ചില്ല. എന്നെ ഉപദേശിക്കാന്‍ വന്നില്ല. അവള്‍ക്കെന്നെ മനസ്സിലാവുമായിരുന്നു. അവള്ക്കു മാത്രമെ എന്നെ മനസ്സിലാവുമായിരുന്നുള്ളു.
Chapter 1
 ഏഞ്ചല മൈ എഞ്ചല (നോവല്‍ -2: നീന പനക്കല്‍)
Join WhatsApp News
Pisharody Rema 2019-03-26 00:50:36
Nannayittundu... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക