Image

രാജീവ് രവി ദിലീപുമായി പിണങ്ങി, അക്കാര്യം പറഞ്ഞ് ഞാനും ദിലീപും വഴക്കുണ്ടായി; ലാല്‍ ജോസ് പറയുന്നു

Published on 20 March, 2019
രാജീവ് രവി ദിലീപുമായി പിണങ്ങി, അക്കാര്യം പറഞ്ഞ് ഞാനും ദിലീപും വഴക്കുണ്ടായി; ലാല്‍ ജോസ് പറയുന്നു

ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ ചിത്രമാണ് രസികന്‍. സംവൃതയായിരുന്നു നായിക. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോയ ശേഷമാണ് രസികന്‍ തിയേറ്ററുകളിലെത്തിയത്. ഇപ്പോള്‍ ഇക്കാര്യങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ലാല്‍ ജോസ്.

''തിയറ്റര്‍ പ്രിന്റ് ഇരുണ്ടുപോയത് ക്യാമറയുടെ പ്രശ്‌നം കൊണ്ടാണെന്ന തരത്തില്‍ ഇന്‍ഡസ്ട്രിയില്‍ ചിലര്‍ വാര്‍ത്ത പ്രചരിപ്പിച്ചു. അത് രാജീവ് രവിയില്‍ ചില തെറ്റിദ്ധാരണകള്‍ ജനിക്കാന്‍ കാരണമായി. ലാബില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായിരുന്നു കാരണം. അതുകൊണ്ടാണ് തിയറ്റര്‍ പ്രിന്റ് ഇരുണ്ടുപോയത്. ചിത്രം പരാജയപ്പെട്ടത് ക്യാമറയുടെ പ്രശ്‌നങ്ങള്‍ കാരണമായെന്ന് ചിലര്‍ പറഞ്ഞുപരത്തി. അതിന് തൊട്ടുമുന്‍പ് ഇറങ്ങിയ മീശമാധവന്‍ എന്ന സിനിമയുടെ കളര്‍ഫുള്‍ ഫ്രെയിമുകളുമായാണ് രസികനെ ചിലര്‍ താരതമ്യം ചെയ്തത്.

''ഇന്നാണ് രസികന്‍ പുറത്തിറങ്ങിയത് എങ്കില്‍ അതൊരു ന്യൂജനറേഷന്‍ ചിത്രമായേനെ. അതിന്റെ പരാജയം രാജീവ് രവിയുടെ തലയിലാണ് വന്നത്. അങ്ങനെ അടുത്ത ചിത്രമായ ചാന്ത് പൊട്ട് ആരുചെയ്യും എന്ന ചര്‍ച്ചയില്‍ രാജീവ് രവി വേണ്ടെന്ന് നിര്‍മാതാവില്‍ നിന്ന് എതിര്‍പ്പുണ്ടായി. അങ്ങനെ രാജീവിനെ മാറ്റി അഴകപ്പനെ വെച്ചു. അതിന്റെ പേരില്‍ രാജീവിന് ദിലീപിനോട് പിണക്കമായി. ദിലീപ് പറഞ്ഞിട്ടാണ് അദ്ദേഹത്തെ മാറ്റിയതെന്ന് രാജീവ് വിചാരിച്ചു. അതിന്റെ പേരില്‍ ഞാനും ദിലീപും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട്.

''സത്യങ്ങള്‍ ഞാന്‍ പോലുമറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. രാജീവിനെ വെച്ച് ഒരു ഹിറ്റ് സിനിമ ചെയ്യണമെന്ന് അന്നേ മനസ്സില്‍ ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് ക്ലാസ്‌മേറ്റ്‌സ് ചെയ്യുന്നത്''ലാല്‍ ജോസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക