Image

ശബരിമല പ്രചരണ വിഷയമാകുമ്പോള്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന് എന്താവും പറയാനുള്ളത്

കല Published on 20 March, 2019
ശബരിമല പ്രചരണ വിഷയമാകുമ്പോള്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന് എന്താവും പറയാനുള്ളത്

കേരള രാഷ്ട്രീയത്തില്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലം ഇത്രത്തോളം ശ്രദ്ധേയമായി വന്ന സാഹചര്യം മറ്റൊരിക്കലും ഉണ്ടായിട്ടില്ല. രാഷ്ട്രീയ പോരാട്ടങ്ങളില്‍ തീപാറിയ ചരിത്രം മുമ്പെങ്ങുമില്ല പത്തനംതിട്ടയില്‍. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാതെ പത്തനംതിട്ടയിലെ പുണ്യപൂങ്കാവനമായ ശബരിമല സമരഭൂമിയായി മാറിയതോടെ ഇന്ന് രാഷ്ട്രീയമായി ഏറെ പ്രസക്തമാകുന്നു പത്തനംതിട്ട. 
ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതി വിധി വന്നതും വിധി നടപ്പാക്കുക എന്ന ഭരണഘടനാ ഉത്തരവാദിത്വം സര്‍ക്കാര്‍ നിര്‍വഹിക്കാന്‍ തയാറാകുകയും ചെയ്തതോടെ ശബരിമല സംഘര്‍ഷഭൂമിയായി മാറുകയായിരുന്നു. സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും എന്നൊരു വിഭാഗീയത രൂപപ്പെട്ടു. എതിര്‍ക്കുന്നവരുടെ ആള്‍ക്കുട്ടത്തെ ബിജെപിയും എന്‍എസ്എസും നേരിട്ട് നയിച്ചു. എതിര്‍ ചേരിയിലുള്ളവര്‍ കമ്മ്യൂണിസ്റ്റുകള്‍ എന്ന് വിലയിരുത്തപ്പെട്ടു. ഹര്‍ത്താലുകള്‍ക്കും അക്രമങ്ങള്‍ക്കും പത്തനംതിട്ട വേദിയായി. സംഘര്‍ഷം കേരളമെമ്പാടുമായി വ്യാപിച്ചു. ഇപ്പോള്‍ കേരളത്തില്‍ ബിജെപി തങ്ങളുടെ രണ്ടാം അയോധ്യയായി കാണുകയാണ് ശബരിമലയെ. ശബരിമലയിലൂടെ ഒരു അധികാരത്തിലേക്കുള്ള സ്വപ്നം. 
പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളും ചേര്‍ന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. മണ്ഡലം രൂപപ്പെട്ട ശേഷം നടന്ന രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫായിരുന്നു വിജയിച്ചത്. 2009ലും 2014ലും ആന്‍റോ ആന്‍റണി തന്നെ എം.പിയായി. 
പൊതുവേ യുഡിഎഫിന്‍റെ കോട്ടയാണ് പത്തനംതിട്ട. മൊത്തം ജനസംഖ്യയുടെ 56 ശതമാനം ഹിന്ദു വോട്ടര്‍മാരാണ്. 38 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരും. നാല് ശതമാനം മുസ്ലിം വോട്ടര്‍മാരുമാണ് പത്തനംതിട്ട ജില്ലയിലുള്ളത്. ഈ 56 ശതമാനം വോട്ടര്‍മാരില്‍ നായര്‍ കമ്മ്യൂണിറ്റിക്ക് വ്യക്തമായ സ്വാധീനമുണ്ട്. മര്‍ത്തോമ സഭയ്ക്കാണ് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയില്‍ സ്വാധീനമുള്ളത്. എന്നാല്‍ മറ്റു സഭകളുടെ പ്രതിനിധ്യവും ചെറുതല്ല. 
നായര്‍ കമ്മ്യൂണിറ്റിയിലും ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയിലും കോണ്‍ഗ്രസിന് വ്യക്തമായ സ്വാധീനമുള്ളതിനാല്‍ ജില്ല പൊതുവില്‍ യുഡിഎഫ് ചായ്വുള്ള മണ്ഡലവുമാണ്. എന്നാല്‍ കഴിഞ്ഞ നിയമസഭയില്‍ പത്തനംതിട്ട ചുവന്നു തുടുത്തു. വേണമെങ്കില്‍ ഇടതുപക്ഷത്തെയും സപ്പോര്‍ട്ട് ചെയ്യുമെന്ന സ്ഥിതിയുണ്ടായിരുന്നു പത്തനംതിട്ടയില്‍. 
മധ്യതിരുവതാംകൂറിലെ മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി ആര്‍.എസ്.എസിന് വ്യക്തമായ സ്വാധീനമുള്ള ജില്ല കൂടിയാണ് പത്തനംതിട്ട. ജില്ലയിലെ പല മേഖലകളിലും ആര്‍.എസ്.എസ് ഗ്രാമങ്ങള്‍ തന്നെയുണ്ട്. എന്നാല്‍ ആര്‍.എസ്.എസ് ശക്തിയൊന്നും ഒരിക്കലും ബിജെപി രാഷ്ട്രീയത്തെ സപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മിക്കപ്പോഴും കോണ്‍ഗ്രസിന് വോട്ട് മറിച്ചു നല്‍കുക എന്ന ജോലിയാണ് ബിജെപി ചെയ്തു പോന്നിരുന്നത്. 
എന്നാല്‍ 2014 മുതല്‍ ബിജെപി പത്തനംതിട്ടയില്‍ തങ്ങള്‍ക്കും ഒരു സാധ്യതയുണ്ടെന്ന് കണ്ടിരുന്നു. ആറന്‍മുളയില്‍ എം.ടി രമേശ് മത്സരത്തിന് ഇറങ്ങിയപ്പോള്‍ മുതല്‍ പത്തനംതിട്ടയില്‍ സംഘപരിവാര്‍ വോട്ടുകള്‍ ബിജെപിക്ക് മാത്രമായി വീഴാന്‍ തുടങ്ങി. 
കഴിഞ്ഞ ലോക്സഭയില്‍ 41.27 ശതമാം വോട്ട് യുഡിഎഫ് നേടിയപ്പോള്‍ 34.81 ശതമാനം വോട്ടാണ് എല്‍.ഡി.എഫ് നേടിയത്. 15.98 ശതമാനം വോട്ടാണ് ബിജെപി നേടിയത്. എന്നാല്‍ ഇക്കുറി പത്തനംതിട്ട ശബരിമല സമരത്തിന്‍റെ രാഷ്ട്രീയ ഭൂമികയാണ്. ബിജെപി പഴയ പതിനഞ്ച് ശതമാനത്തില്‍ നിന്ന് ഒരുപാട് ഉയരത്തില്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ ബിജെപിക്ക് കേരളത്തില്‍ വിജയസാധ്യത കല്പിക്കുന്ന മണ്ഡലമായി പത്തനംതിട്ട മാറുന്നു. 
ശബരിമല വിഷയത്തില്‍ ബിജെപി സ്കോര്‍ ചെയ്യുമോ എന്ന ഭയത്താല്‍ കോണ്‍ഗ്രസും സമരത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ സമരമുഖത്തുള്ള നേതാവൊന്നുമായിരുന്നില്ല പത്തനംതിട്ടയിലെ കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് എം.പി ആന്‍റോ ആന്‍റണി. മാത്രമല്ല കഴിഞ്ഞ രണ്ടു തവണ എം.പിയായിരുന്നു ആന്‍റോ ആന്‍റണിക്ക് വ്യക്തമായ ജനസ്വാധീനം നിലനിര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. യുഡിഎഫിനോട് എതിര്‍പ്പ് വന്നാല്‍ വ്യക്തിപ്രഭാവം കൊണ്ട് വോട്ടുകള്‍ പിടിച്ചു നിര്‍ത്താനുള്ള സ്വാധീനം പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണിക്കില്ല. 
എല്‍.ഡി.എഫ് ആറന്‍മുള എം.എല്‍.എ കൂടിയായ വീണാ ജോര്‍ജ്ജിനെ കളത്തിലിറക്കിയിരിക്കുകയാണ്. നല്ലൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ സിപിഎമ്മിന് കഴിഞ്ഞില്ല എന്നതാണ് സത്യം. വീണയ്ക്കാവട്ടെ സ്വന്തം നിയോജക മണ്ഡലത്തില്‍ പോലും ജനസമ്മതി കുറഞ്ഞു വരുന്ന നേതാവാണ്. എംഎല്‍എ എന്ന നിലയിലെ പ്രകടനം ദുര്‍ബലം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 
ബിജെപി പത്തനംതിട്ടയില്‍ വലിയ പ്രതീക്ഷ വെക്കുമ്പോള്‍ സീറ്റിന് വേണ്ടി വടംവലിയായിരുന്നു ബിജെപിയില്‍. സുരേഷ് ഗോപി, പി.എസ് ശ്രീധരന്‍പിള്ള, അല്‍ഫോണ്‍സ് കണ്ണന്താനം, കെ.സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവരായിരുന്നു വടംവലിക്ക് നിന്നത്. അവസാനം പി.എസ് ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാവും എന്ന പ്രചരണം ശക്തമായി. എന്നാല്‍ ശ്രീധരന്‍പിള്ളയെ മാറ്റി കെ.സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി ഉറപ്പിച്ചു എന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍. 
കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായാല്‍ പത്തനംതിട്ടയില്‍ ബിജെപി ശരിക്കുമൊന്ന് പടപൊരുതും എന്ന് തീര്‍ച്ച. ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുന്ന വലിയൊരു സംഖ്യ ചെറുപ്പക്കാരുടെ ആവേശമായി സുരേന്ദ്രന്‍ മാറാന്‍ വലിയ സാധ്യതയുണ്ട്. ഇത് ബിജെപിക്ക് ഗുണകരമാകും. പ്രസംഗ പാടവത്തിലോ രാഷ്ട്രീയ നേതാവ് എന്ന ഇമേജിലോ സുരേന്ദ്രനൊപ്പം നില്‍ക്കാന്‍ മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാവും. മൊത്തത്തില്‍ വലിയൊരു ഓളം സൃഷ്ടിക്കാന്‍ സുരേന്ദന് സാധിക്കും എന്ന് തീര്‍ച്ച. എന്നാല്‍ ഈ ഓളത്തിന് അപ്പുറം ബിജെപിയെ പിന്തുണയ്ക്കാന്‍ കാലാകാലങ്ങളായി യുഡിഎഫ് പക്ഷം നിന്ന ജനങ്ങള്‍ തീരുമാനിക്കുമോ എന്നതാണ് ചോദ്യം. ശബരിമല സമരം എങ്ങനെ ജനങ്ങളുടെ മനസുകളെ ചിന്തിപ്പിക്കുന്നു എന്നിടത്താണ് വോട്ടിന്‍റെ രാഷ്ട്രീയം ഉണ്ടാവുക. ശബരിമല മുറിവായി പേറുന്ന വലിയൊരു ഭക്തസമൂഹത്തെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. അത് നിലനിര്‍ത്താന്‍ കഴിഞ്ഞുവോ എന്നറിയാന്‍ ഇലക്ഷന്‍ റിസള്‍ട്ട് വരെ കാത്തിരിക്കേണ്ടി വരും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക