Image

ഗാര്‍ഹികത്തൊഴിലാളിയുടെ ദുരിതകഥക്ക് ശുഭാന്ത്യം, മലയാളി വനിതകള്‍ ശനിയാഴ്ച നാട്ടിലേക്ക്

Published on 21 March, 2019
ഗാര്‍ഹികത്തൊഴിലാളിയുടെ ദുരിതകഥക്ക് ശുഭാന്ത്യം, മലയാളി വനിതകള്‍ ശനിയാഴ്ച നാട്ടിലേക്ക്

കുവൈത്ത് സിറ്റി: കഴിഞ്ഞദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഗാര്‍ഹികത്തൊഴിലാളിയുടെ ദുരിതകഥക്ക് ശുഭാന്ത്യം. കെകെഎംഎ മാഗ്‌നറ്റ് ടീം അംഗം ബഷീര്‍ ഉദിനൂര്‍, ജി.കെ.പി.എ കോര്‍ അഡ്മിന്‍ മുബാറക് കാമ്പ്രത്ത്, യൂത്ത് ഇന്ത്യ കുവൈത്ത് വോളന്റിയര്‍ നസീര്‍ പാലക്കാട് എന്നിവര്‍ സുര്‍റയിലെ സ്‌പോണ്‍സറുടെ വീട്ടിലെത്തി നടത്തിയ ചര്‍ച്ചയിലാണ് രണ്ട് മലയാളി ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് നാടണയാന്‍ വഴിയൊരുങ്ങിയത്. 

ഗാര്‍ഹികത്തൊഴിലാളി വീസയിലെത്തി ദുരിതാവസ്ഥയിലായ വര്‍ക്കല സ്വദേശി സരിത, ചിറയിന്‍കീഴ് സ്വദേശി റെജിമോള്‍ എന്നിവരുടെ വീഡിയോആണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇവരെ കൊണ്ടുവന്ന ഏജന്റ് കുമാറിനെ വിളിച്ചുവരുത്തി സ്‌പോണ്‍സറുമായും അവരുടെ സഹോദരിയുമായും സംസാരിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികളെ നാട്ടിലേക്ക് കയറ്റി അയയ്ക്കാന്‍ ധാരണയായത്. ശനിയാഴ്ചത്തെ ഒമാന്‍ എയര്‍വേയ്‌സില്‍ മസ്‌കറ്റ് വഴി നാട്ടിലേക്ക് പോകാന്‍ ഇവര്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. 

അതേസമയം, ഇത്തരം വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ഇരകള്‍ക്കുതന്നെ അപകടമുണ്ടാക്കുമെന്നും രഹസ്യമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അധികൃതര്‍ക്കും എത്തിച്ച് ഇടപെടുന്നതാവും കൂടുതല്‍ ഫലപ്രദമെന്നും വിഷയത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കിയ സാമൂഹികപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക