Image

ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പോലീസ്‌ ഉദ്യോഗസ്ഥനെ ഇംഗ്ലീഷില്‍ വിറപ്പിച്ച്‌ സുരേഷ്‌ ഗോപി

Published on 22 March, 2019
ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍  പോലീസ്‌ ഉദ്യോഗസ്ഥനെ ഇംഗ്ലീഷില്‍ വിറപ്പിച്ച്‌ സുരേഷ്‌ ഗോപി

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി സുരേഷ്‌ ഗോപി എംപി.

പെണ്‍കുട്ടിയുടെ വീട്ടിലെത്തി സുരേഷ്‌ ഗോപി നേരിട്ട്‌ പോലീസ്‌ ഉദ്യോഗസ്ഥരെ വിളിച്ച്‌ ഇംഗ്ലീഷില്‍ സംസാരിക്കുന്ന അദ്ദേഹത്തിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്‌.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ രാജസ്ഥാന്‍ സ്വദേശികളുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ സംഘം 15 കാരിയായ പെണ്‍കുട്ടിയെ തട്ടുക്കൊണ്ട്‌ പോയത്‌. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പിതാവ്‌ ശ്രമിച്ചെങ്കിലും സംഘത്തിലെ ഒരാള്‍ പിതാവിനെ ആക്രമിച്ചു. തുടര്‍ന്ന്‌ ബലമായി പിടിച്ച്‌ വലിച്ച്‌ കാറില്‍ കയറ്റി കൊണ്ടുപോകുകയാുമായിരുന്നു.


ഓച്ചിറ കണ്ണന്‍കുളങ്ങര സ്വദേശി റോഷന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്‌ പോയതെന്നും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പോലീസ്‌ പറയുന്നുണ്ടെങ്കിലും ഇതുവരെ പെണ്‍കുട്ടിയ കണ്ടെത്താനോ മുഖ്യപ്രതികളെ പിടികൂടാനോ പോലീസിന്‌ കഴിഞ്ഞിട്ടില്ല

ഇതുവരെ നാല്‌ പേര്‍ മാത്രമാണ്‌ പോലീസ്‌ പിടിയിലായിരിക്കുന്നത്‌. അതേസമയം സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ സുരേഷ്‌ ഗോപി എംപി എത്തുകയും ചെയ്‌തു.

കടുത്ത വിമാര്‍ശനമാണ്‌ അദ്ദേഹം സര്‍ക്കാരിനെതിരെ ഉന്നയിച്ചത്‌. ആദ്യം മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാത്ത എംപി നേരേ കുട്ടിയുടെ മാതാപിതാക്കളെ കണ്ട്‌ സമാധാനിപ്പിച്ചു. പുറത്തെത്തി പിന്നീട്‌ മാധ്യമങ്ങളെ കണ്ട അദ്ദേഹം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

സംഭവം നടന്ന്‌ ഇത്രയും ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ട്‌ പോലീസ്‌ നടപടി എടുത്തില്ലെന്ന്‌ സുരേഷ്‌ ഗോപി ചോദിച്ചു. നവോത്ഥാനത്തിന്‍റെ മൂല്യത്തെ കുറിച്ച്‌ വായ്‌തോരാതെ സംസാരിക്കുന്ന നേതാക്കള്‍ എന്തുകൊണ്ടാണ്‌ വിഷയത്തില്‍ ഇടപെടാത്തതെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്‌ പോയ സംഭവത്തിന്‌ രണ്ട്‌ മാസം മുന്‍പ്‌ നടന്ന സംഭവവുമായി ബന്ധമുണ്ട്‌. ഇതിനെ കുറിച്ച്‌ പോലീസുകാര്‍ക്ക്‌ വ്യക്തതയില്ല. രണ്ട്‌ മാസം മുന്‍പും പെണ്‍കുട്ടിയെ ആക്രമിക്കാന്‍ സംഘം ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാരാണ്‌ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയത്‌.

തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്കായി ട്രാന്‍സ്‌ഫര്‍ എത്തിയ ഉദ്യോഗസ്ഥന്‍ മാത്രമേ ഇവിടെ ഉള്ളൂവെന്നും കലക്ടറോ പോലീസോ നേരിട്ട്‌ ഇവിടെ വരാനോ ഇടപെടാനോ ശ്രമിക്കാത്തതെന്താണെന്നും സുരേഷ്‌ ഗോപി എംപി പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ വലിയ നീതി നിഷേധമാണ്‌ ഉണ്ടായിരിക്കുന്നത്‌. അഞ്ച്‌ ദിവസം പിന്നിട്ടിട്ടും ഒന്നും ചെയ്യാന്‍ പോലീസിനോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. ഒരു ഉത്തരം ലഭിക്കാതെ താന്‍ മടങ്ങി പോകില്ലെന്നും സുരേഷ്‌ ഗോപി പറഞ്ഞു.

അതേസമയം പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച്‌ സുരേഷ്‌ ഗോപി നേരിട്ട്‌ പോലീസ്‌ ഉദ്യോഗസ്ഥരെ വിളിച്ച്‌ സംസാരിക്കുകയും ചെയ്‌തു. സുരേഷ്‌ ഗോപി സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക