Image

മുങ്ങാന്‍ പോകുന്ന ഇടതിന് വോട്ട് ചെയ്തിട്ടെന്ത് കാര്യം?

ROY-MATHEW /facebook Published on 22 March, 2019
മുങ്ങാന്‍ പോകുന്ന ഇടതിന് വോട്ട് ചെയ്തിട്ടെന്ത് കാര്യം?

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കക്ഷികള്‍ക്ക് ദേശീയ തലത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലും റോള്‍ വഹിക്കാനുണ്ടോ?

അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെയും ദേശവിരുദ്ധ നിലപാടുകളുടെയും പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടുകളെ വോട്ടര്‍മാര്‍ പലവട്ടം തിരസ്‌കരിച്ചിട്ടുള്ളതാണ്. 94 വര്‍ഷം പ്രായമായ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നാളിതുവരെ ലോക്സഭയുടെ കോറം തികയ്ക്കാനുള്ള അംഗബലം ആര്‍ജ്ജിക്കാനോ ദേശീയ അടിസ്ഥാനത്തില്‍ 10 ശതമാനം വോട്ട് നേടാന്‍പോലുമോ ഇതുവരെ നടന്ന 16 തിരഞ്ഞെടുപ്പു കളിലും കഴിഞ്ഞിട്ടില്ല.

1952ലെ ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ 3.29 ശതമാനം വോട്ടും 16സീറ്റുകളുമാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചത്. 2014ല്‍ നടന്ന പതിനാറാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും കൂടി 10 സീറ്റും നാല് ശതമാനം വോട്ടുമാണ് ലഭിച്ചത്. (സി.പി.എം 3.2 %, സി.പി.ഐ .08%)

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെറ്റായ നയങ്ങള്‍മൂലം ഈ പാര്‍ട്ടികള്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നുവെന്ന് ആലോചിക്കണം. സ്വാതന്ത്ര്യസമരകാലം മുതല്‍ തെറ്റായ നയങ്ങള്‍ പിന്തുടര്‍ന്നതുമൂലം ഇന്ത്യയിലെ ജനങ്ങളില്‍ നിന്ന് അവര്‍ ഒറ്റപെട്ടുപോയി. 1942ലെ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യാവിരുദ്ധ നയം സ്വീകരിച്ച് ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്തതിന്റെ പാപഭാരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തലയില്‍ നിന്ന് ഇനിയും ഒഴിഞ്ഞുപോയിട്ടില്ല.

ബ്രിട്ടന്‍ ഇന്ത്യ വിടാന്‍ തീരുമാനിക്കുകയും 1946 സെപ്റ്റംബറില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല ഗവണ്‍മെന്റ് രൂപീകരിച്ച് ഭരണം ആരംഭിച്ചപ്പോഴാണ് ഒക്ടോബര്‍ ആയിരങ്ങളെ കുരുതികൊടുത്ത പുന്നപ്ര - വയലാര്‍ സമരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തിയത്. പുന്നപ്ര-വയലാര്‍ സമരം കൊണ്ട് പാര്‍ട്ടി എന്തുനേടി എന്ന കാര്യം ഇനിയും പുറത്തുപറഞ്ഞിട്ടില്ല. നിസ്സഹായരായ കുറെ പാവപ്പെട്ടവരെ തോക്കിന്‍ മുന്നിലേക്ക് എടുത്തു എറിഞ്ഞു എന്നതൊഴിച്ചാല്‍ സ്വാതന്ത്ര്യസമരത്തിനോ രാജ്യത്തിനോ ഈ സമരംകൊണ്ട് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണ കാലം മുതല്‍ക്കേ കോണ്‍ഗ്രസ് വിരുദ്ധ നിലപാടാണ് കമ്യൂണിസ്റ്റ് പാര്‍ടി സ്വീകരിച്ചു പോന്നത്.തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ടി.കെവര്‍ഗീസ് വൈദ്യന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് വിരുദ്ധ നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് ഇങ്ങനെ എഴുതിയിട്ടുണ്ട്.- ' സിപിഎമ്മിന് പശ്ചിമ ബംഗാളും കേരളവും ത്രിപുരയും ഒഴിച്ചാല്‍ ബാക്കി സംസ്ഥാനങ്ങളില്‍ കാര്യമായ സംഘടനയില്ല. രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികളെപ്പറ്റിയും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് അറിഞ്ഞു കൂടാ .പാര്‍ടി ജന്മമെടുത്ത് 60 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സ്ഥിതിയാണിത്. എന്ത് കൊണ്ട് ഇങ്ങനെ വന്നുവെന്ന് പാര്‍ട്ടി നേതൃത്വം ഇന്നും അന്വേഷിക്കുന്നില്ല. ഇ എം എസ് പറഞ്ഞു 41 വര്‍ഷമായി കോണ്‍ഗ്രസിനെ എതിര്‍ക്കുന്നു. ഞാന്‍ പറയുന്നു 41 അല്ല, കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആരംഭം മുതല്‍ കോണ്‍ഗ്രസിനെ എതിര്‍ത്ത് വരികയാണ്. തെറ്റായ രാഷ്ട്രീയ നയം തുടര്‍ന്നു വരുന്നതിന്റെ ഫലമായി കമ്യൂണിസ്റ്റ് പാര്‍ടികള്‍ ഇവിടെ എത്തി. കമ്യൂണിസ്റ്റ് പാര്‍ടികള്‍ തെറ്റായ രാഷ്ട്രീയ പാതയില്‍ കൂടി ബഹുദൂരം പോയിക്കഴിഞ്ഞു. തിരിഞ്ഞു മറ്റൊരു പാതയില്‍ പ്രവേശിക്കാന്‍ കഴിയാത്തവണ്ണം ദൂരത്തെത്തിയിരിക്കുന്നു. തെറ്റായ നയങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു പാര്‍ട്ടി നടത്തിയത്.'
(കമ്യൂണിസത്തിന് തെറ്റൊരു ലഹരി ,.മലയാള മനോരമ 1988 നവംബര്‍ 16)

31 കൊല്ലം മുമ്പ് വര്‍ഗീസ് വൈദ്യന്‍ എഴുതിയ അവസ്ഥയില്‍ നിന്ന് പാര്‍ടിക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ബംഗാളും ത്രിപുരയും പോയിക്കഴിഞ്ഞു. എന്നിട്ടും പഴയ പല്ലവികള്‍ ആവര്‍ത്തിക്കുന്നു.

ദേശീയ തലത്തില്‍ ഫാഷിസ്റ്റ് പാര്‍ട്ടിയായ ബി.ജെ.പി നേരിടാനുള്ള യാതൊരു ശക്തിയോ ശേഷിയോ ഇല്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികളെ പാര്‍ലമെന്റിലേക്ക് അയച്ചിട്ട് എന്ത് കാര്യം? രാജ്യത്തിന്റെ നയരൂപീകരണത്തില്‍ ഇവര്‍ക്ക് എന്ത് കാര്യം. ദേശീയതലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശേഷി ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉണ്ടോ? ഉണ്ടെങ്കില്‍ ആരാണ് നിങ്ങളുടെ നേതാവ്? എന്താണ് നിങ്ങളുടെ നയപരിപാടികള്‍?

കഴിഞ്ഞ ഒമ്പത് ദശാബ്ദത്തില്‍ അധികമായി കോണ്‍ഗ്രസ് വിരോധംകൊണ്ട് ഇന്ത്യയിലെ ഇടതുപാര്‍ട്ടികള്‍ എന്തുനേടി. പ്രത്യേകിച്ച് സി.പി.എം. ഇപ്പോഴും അന്ധമായ കോണ്‍ഗ്രസ് വിരോധം പ്രചരിപ്പിച്ച് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുകയാണ്. ഏത് ചെകുത്താനെയും കൂട്ട് പിടിച്ച് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് പ്രഖ്യാപിച്ച ഇ.എം.എസിന്റെ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണ് കോടിയേരിയും പിണറായി വിജയനും.

കോണ്‍ഗ്രസിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ പരോക്ഷമായി ബി.ജെ.പിയെ പിന്തുണയ്ക്കുകയാണ്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന കൂട്ടുകെട്ടുകളില്‍ ചെന്ന് ചാടാതെ രാഹുല്‍ഗാന്ധിയുടെ നേതൃത്വം അംഗീകരിച്ച് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറാകണം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ബി.ജെ.പിയെ നേരിടാനുള്ള ശക്തിയോ ജനപിന്തുണയോ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഇല്ല. ദേശീയ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശേഷിയില്ലാത്ത വിധം ശക്തിക്ഷയം സംഭവിച്ച അവസ്ഥയിലാണ് സി.പി.എമ്മും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും. ഇടത് പാര്‍ടികളെ കൂടെ കൂട്ടാന്‍ പോലും കോണ്‍ഗ്രസ് - ബി ജെ പി വിരുദ്ധ പാര്‍ട്ടികള്‍ തയ്യാറാവുന്നില്ലെന്നത് ശ്രദ്ധേയമാണ്. ആസന്നമായ മരണം കാത്ത് കിടക്കുന്ന അവസ്ഥയിലാണ് ഇടത് പാര്‍ടികള്‍

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ. ചന്ദ്രപ്പന്‍ മരിക്കുന്നതിന് കുറച്ചുനാള്‍ മുമ്പ് ദല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മെയിന്‍സ്ട്രീം വാരികക്ക് (2015 മാര്‍ച്ച് 28) നല്‍കിയ അഭിമുഖത്തില്‍ കമ്മ്യൂണിസത്തിന്റെ ഭാവിയെക്കുറിച്ച് പറഞ്ഞ വാചകങ്ങള്‍ വളരെ ശ്രദ്ധേയമാണ്. 'സി.പി.എം മുങ്ങാന്‍ പോകുന്നു, ഒപ്പം ഞങ്ങളും (The CPI (M) is going to sink, the CPI will alos sink along with it)' ഇതാണ് ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളുടെ അവസ്ഥ. നിലയില്ലാത്ത കയത്തില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന ഈ പാര്‍ട്ടികള്‍ക്ക് 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ എന്ത് റോള്‍ വഹിക്കാന്‍ കഴിയും. മുങ്ങാന്‍ പോകുന്ന പാര്‍ട്ടിയെന്ന് ചന്ദ്രപ്പന്‍ വിശേഷിപ്പിച്ച ഈ പാര്‍ട്ടികള്‍ക്ക് എന്തിന് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യണം കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം സി.പി.ഐയുടെ വളര്‍ച്ച പടവലങ്ങ പോലെയായിരുന്നുവെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
(മെയിന്‍സ് ടീം ലേഖനത്തിന്റെ ലിങ്ക് കമന്റ് ബോക്‌സില്‍ )

ഇങ്ങനെ മുങ്ങിത്താഴാന്‍ പോകുന്ന പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്തിട്ടെന്ത് കാര്യം? 2014ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 3.2 ശതമാനവും സി പി ഐയ്ക്ക്. o. 8 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഇത്തവണയും ഈ വോട്ടിംഗ് പാറ്റേണില്‍ നിന്ന് കാര്യമായ മാറ്റമൊന്നും സംഭവിക്കാനിടയില്ല.

കോണ്‍ഗ്രസുമായി സഖ്യമുണ്ടായിരുന്ന കാലത്ത് സി.പി.ഐക്ക് 20 പാര്‍ലമെന്റ് അംഗങ്ങളും നൂറിലധികം നിയമസഭാ സമാജികരും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ലോക്സഭയില്‍ സി.പി.ഐക്ക് കേവലം ഒരു അംഗമാണ് ഉണ്ടായിരുന്നത്. ദേശീയ അടിസ്ഥാനത്തില്‍ ഒരുശതമാനം വോട്ടുപോലും നേടാന്‍ കഴിഞ്ഞില്ല. ഇത്തരം ഈര്‍ക്കിലി പാര്‍ട്ടികള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ എന്ത് സ്ഥാനമാണ് വഹിക്കാന്‍ കഴിയുന്നത്. ഇത്തരം പാര്‍ട്ടികളെ തെരഞ്ഞെടുത്ത് വിടുന്നതുകൊണ്ട് രാജ്യത്തിനോ സംസ്ഥാനത്തിനോ എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് കരുതാനാകില്ല. കേരളത്തിലെ വോട്ടര്‍മാര്‍ ബുദ്ധിപൂര്‍വ്വം നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക