Image

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് വി.ടി ബല്‍റാം

Published on 23 March, 2019
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് വി.ടി ബല്‍റാം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് തൃത്താല എംഎല്‍എ വി.ടി ബല്‍റാം. മാര്‍ച്ച്‌ 18-ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാലാണ് രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകണമെന്ന നിര്‍ദ്ദേശം ബല്‍റാം മുന്നോട്ടുവച്ചത്. വയനാട്ടില്‍ ജനവിധി തേടാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന്റേത്. കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ച്‌ അറിയിക്കുന്നത്.

ബല്‍റാമിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുല്‍ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്.

ഏതായാവും കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ ബല്‍റാമിന്റേത് ഒരു ആഗ്രഹം മാത്രമായിരുന്നെങ്കിലും അത് യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടതായി ഉമ്മന്‍ ചാണ്ടിയാണ് ഇന്നു രാവിലെ പത്തനംതിട്ടയില്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇതിനെ പിന്തുണച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. സംസ്ഥാനഘടകത്തിന്റെ ആവശ്യം ദേശീയ അധ്യക്ഷന്‍ അംഗീകരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയതോടെ ചിത്രം വ്യക്തമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക