Image

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിയില്‍ പരാജയപ്പെടുമെന്ന ഭീതികൊണ്ട്: കുമ്മനം

Published on 23 March, 2019
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിയില്‍ പരാജയപ്പെടുമെന്ന ഭീതികൊണ്ട്: കുമ്മനം

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത് അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെടുമെന്ന ഭീതികൊണ്ടാണെന്ന് കുമ്മനം രാജശേഖരന്‍.

അതേസമയം സിപിഎമ്മിനെ സംബന്ധിച്ച്‌ നയം വ്യക്തമാക്കേണ്ട സമയമാണെന്നും സിപിഎമ്മിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാണെന്നാണ് പലരും പറയുന്നതെന്നും എങ്കില്‍ വയനാട്ടില്‍ മത്സരിക്കുന്ന രാഹുലിനെ പിന്തുണയ്ക്കുമോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും കുമ്മനം വ്യക്തമാക്കി.

സിപിഎമ്മും കോണ്‍ഗ്രസും ലക്ഷ്യം വെയ്ക്കുന്നത് ബിജെപിയെ തോല്‍പ്പിക്കുവാനാണ്. ബിജെപിയെ തോല്‍പ്പിക്കുക മാത്രമാണ് എന്ന് പറയുമ്ബോള്‍ ആരാണ് ജയിക്കേണ്ടത് എന്ന് കൂടി സിപിഎം വ്യക്തമാക്കണം, കുമ്മനം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആവശ്യം രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടെന്നും അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യതയുണ്ട്. രാഹുലിന്റെ തീരുമാനത്തിന് വേണ്ടിയാണ് കാത്തു നില്‍ക്കുന്നത്. യുഡിഎഫ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും സംസാരിച്ചു. എല്ലാവരും സ്വാഗതം ചെയ്തു. അദ്ദേഹം തയ്യാറായാല്‍ കേരളത്തിന്റെ സൗഭാഗ്യമാണെന്നും തെക്കേ ഇന്ത്യയില്‍ തന്നെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക