Image

പട്‌ന സാഹിബില്‍ രവിശങ്കര്‍ പ്രസാദ് സ്ഥാനാര്‍ത്ഥി.... ശത്രുഘ്‌നന്‍ സിന്‍ഹ പടിക്ക് പുറത്ത്!!

Published on 23 March, 2019
പട്‌ന സാഹിബില്‍ രവിശങ്കര്‍ പ്രസാദ് സ്ഥാനാര്‍ത്ഥി.... ശത്രുഘ്‌നന്‍ സിന്‍ഹ പടിക്ക് പുറത്ത്!!

ദില്ലി: ബീഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ പ്രതീക്ഷിച്ചത് പോലെ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് സീറ്റില്ല. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെ ഈ സീറ്റില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യപിച്ചിരിക്കുകയാണ്. ഇതോടെ ബിജെപിയില്‍ രാഷ്ട്രീയക്കാരനായുള്ള അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് അവസാനിച്ചിരിക്കുകയാണ്. നേരത്തെ തന്നെ സിന്‍ഹയെ തഴയുമെന്ന് കേന്ദ്ര നേതൃത്വം സൂചിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനാണ് രവിശങ്കര്‍ പ്രസാദ്.

ശത്രുഘ്‌നന്‍ സിന്‍ഹ പട്‌ന സാഹിബിലെ സിറ്റിംഗ് എംപിയാണ്. വലിയ ജനപിന്തുണ അദ്ദേഹത്തിന് മണ്ഡലത്തിലുണ്ട്. അതേസമയം സീറ്റ് നിഷേധിച്ചാല്‍ അപ്പോള്‍ കാര്യങ്ങള്‍ പറയാമെന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ മറുപടി. അദ്ദേഹം പ്രതിപക്ഷ നിരയിലേക്ക് പോകുമെന്ന് ഉറപ്പാണ്. ആര്‍ജെഡി, കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എന്നിവര്‍ അദ്ദേഹത്തിനായി രംഗത്തുണ്ട്. പട്‌ന സാഹിബില്‍ തന്നെ മത്സരിക്കുമെന്ന് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് ശത്രുഘ്‌നന്‍ സിന്‍ഹ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിരന്തര വിമര്‍ശകനാണ് സിന്‍ഹ. ഭരണം ഒരു നേതാവില്‍ മാത്രം കേന്ദ്രീകരിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടത്. മോദി അധികാരത്തിലെത്തിയ ശേഷം കേന്ദ്ര നേതൃത്വവുമായി അദ്ദേഹം അകല്‍ച്ചയിലായിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രതിപക്ഷ റാലിയില്‍ വരെ പങ്കെടുത്തിരുന്നു.

അതേസമയം ആര്‍ജെഡി സീറ്റില്‍ ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കാനാണ് സാധ്യത. അദ്ദേഹം നേരത്തെ തന്നെ ലാലു പ്രസാദ് യാദവിനെ പോയി കണ്ടിരുന്നു. പട്‌ന സാഹിബില്‍ നിന്ന് രണ്ടുതവണ വിജയിച്ചിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ. ഇത് ഉപകരിക്കുമെന്നാണ് ആര്‍ജെഡിയുടെ വിലയിരുത്തല്‍. അടല്‍ ബീഹാരി വാജ്‌പേയ് മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നു സിന്‍ഹ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക