Image

രാഹുല്‍ വയനാട്ടിലേക്ക്; എല്ലാം പിന്നീട് പറയാമെന്ന് കുഞ്ഞാലിക്കുട്ടി, ആവേശമെന്ന് തരൂര്‍

Published on 23 March, 2019
രാഹുല്‍ വയനാട്ടിലേക്ക്; എല്ലാം പിന്നീട് പറയാമെന്ന് കുഞ്ഞാലിക്കുട്ടി, ആവേശമെന്ന് തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. രാഹുല്‍ വയനാട്ടില്‍ മല്‍സരിച്ചാല്‍ അതിന്റെ തരംഗം എല്ലാ സീറ്റുകളിലും പ്രതിഫലിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ മല്‍സരിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ ബാക്കി കാര്യങ്ങള്‍ പറയാമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

രാഹുല്‍ കേരളത്തില്‍ മല്‍സരിക്കണമെന്നത് ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹമാണെന്ന് വിഎം സുധീരന്‍ പറഞ്ഞു. വയനാട് നേരത്തെ മനസില്‍ കണ്ടിരുന്നു. യുഡിഎഫ് പ്രവര്‍ത്തകരുടെ താല്‍പ്പര്യപ്രകാരം രാഹുല്‍ വയനാട്ടില്‍ തന്നെ മല്‍സരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി വിജയിക്കുമെന്ന് മനസിലായതായി ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചു.

അമേഠി പോകുമെന്ന് മാസങ്ങള്‍ക്ക് മുമ്ബേ ഈ പേജില്‍ എഴുതിയപ്പോള്‍ കൊങ്ങികളും കമ്മികളും വലിയ പരിഹാസമായിരുന്നു. ഏതായാലും ഇനിയിപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പിന്‍വലിക്കണം. കാരണം സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കുന്നത് അനുചിതമല്ലേ- കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അമേഠിയില്‍ എതിരാളികള്‍ ആരായാലും ഇപ്പോള്‍ ചെലവഴിക്കുന്നതിന്റെ പകുതി സമയം ചെലവഴിച്ചാല്‍ തന്നെ രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അവകാശപ്പെട്ടു. കേരളത്തില്‍ രാഹുല്‍ മല്‍സരിച്ചാല്‍ സംസ്ഥാനത്തിന് ആവേശം പകരും. 20 മണ്ഡലങ്ങളിലും ഗുണം ചെയ്യും. മുഴുവന്‍ മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക