Image

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വെളിച്ചവുമായി അരങ്ങിലെത്തിയ 'ഛായ' (ശ്രീപാര്‍വതി)

Published on 23 March, 2019
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വെളിച്ചവുമായി അരങ്ങിലെത്തിയ 'ഛായ' (ശ്രീപാര്‍വതി)
ഛായ, ഒരു മാറ്റത്തിന്റെ പേരാണ്. ഒരു സമൂഹത്തിന്റെ ഒന്നാകെയുള്ള പരിവര്‍ത്തനത്തിന്റെ പേര്.കഴിഞ്ഞ ദിവസം വൈകുന്നേരം എറണാകുളം ടൗണ്‍ ഹാളില്‍ അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നവരുടെ നാടകം നടന്നു. ഛായ , എന്നായിരുന്നു അതിന്റെ പേര്. കഥാപാത്രങ്ങള്‍ ഒന്നും തന്നെ എന്തെങ്കിലും മാനസികമോ-ശാരീരികമായോ ആയ വൈകല്യങ്ങള്‍ ഉള്ളവരെയല്ല, പക്ഷെ അഭിനയിക്കുന്നവര്‍ വീല്‍ ചെയറുകളില്‍ ഇരുന്നാണ് തങ്ങളുടെ വേഷം അതി ഗംഭീരമാക്കി തീര്‍ത്തത്.

പെരുമ്പാവൂര്‍, വളയാന്‍ ചിറങ്ങര സുവര്‍ണ തീയേറ്റേഴ്സിന്റെ ഏറ്റവും പുതിയ നാടകമാണ് ഛായ. വി ടി രതീഷ് രചനയും സംവിധാനവും നിര്‍വഹിച്ച ഛായയ്ക്ക് ജീവന്‍ പകര്‍ന്നത് ഒന്‍പതു പേരടങ്ങിയ തണല്‍ -പാരാപ്ലീജിയ വെല്‍ഫെയര്‍ സൊസൈറ്റിയിലെ അംഗങ്ങളാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നൂറ്റി അറുപതോളം സ്റ്റേജുകളില്‍ ഗാനമേള അവതരിപ്പിക്കുന്നവരാണ് തണല്‍ ടീം അംഗങ്ങള്‍, അവരുടെ ആര്‍ജ്ജവത്തിന്റെയും ഊര്‍ജ്ജത്തിന്റെയും പ്രസരണത്തില്‍ നിന്നും ആശയമുള്‍ക്കൊണ്ടാണ് സുവര്‍ണ തീയേറ്റേഴ്‌സ് സെക്രട്ടറി കൂടിയായ രാജേഷ് നാടകമെന്ന ആശയത്തിലേക്ക് ചെന്നെത്തുന്നത്. ഒപ്പം വി ടി രതീഷിന്റെ രചനയും ആവിഷ്‌കാരവും കൂടിയായപ്പോള്‍ ആറു മാസത്തോളം നീണ്ടു നിന്ന റിഹേഴ്സലിന്റെ അവസാനമായി നാടകം അരങ്ങു തൊട്ടു.

ശരത് പടിപ്പുര , മാര്‍ട്ടിന്‍ നെട്ടൂര്‍, ഉണ്ണിമാക്‌സ് , അഞ്ചു റാണി ജോയ്, ധന്യ ഗോപിനാഥ്, സജി വാഗമണ്‍, ബിജു നെട്ടൂർ, സുനില്‍, ജോമറ്റ് മടക്കത്താനം, എന്നിവരാണ് അരങ്ങില്‍ വേഷ പകര്‍ച്ചയുമായി എത്തിയത്. ഒരു കുടുംബത്തിലെ ഗൃഹനാഥനായ അപ്പന്റെയും , അപ്പനെ അവഗണിക്കുന്ന കുറെ മക്കളുടെയും കഥയാണ് ഛായ പറയുന്നത്. തമാശ രൂപത്തില്‍ പറഞ്ഞു പോകുന്ന കഥ പക്ഷെ അവസാനമാകുമ്പോഴേക്കും ചങ്കിലെ മുറിവില്‍ നിന്നും ചോര പൊടിയും പോലെ കണ്ണ് നീറിക്കും. ബന്ധങ്ങളുടെ ഇഴപിരിയുന്ന മനോഹരങ്ങളായ കഥ സന്ദര്‍ഭങ്ങളിലൂടെ അരങ്ങില്‍ ഓരോ അഭിനേതാക്കളും തങ്ങളുടെ ഭാഗം മനോഹരമാക്കി.

വെല്‍ ചെയറുകളില്‍ ഇരിക്കുന്നവര്‍ ആര്‍ക്കാണ് ബാധ്യത? ഒരിക്കല്‍ വീടിന്റെ ഉള്ളിലെ മുറികളില്‍ മാത്രം വീല്‍ ചെയര്‍ ഉരുട്ടിയും കട്ടിലില്‍ കിടന്നു നിരാശപ്പെട്ടും ജീവിതം ജീവിച്ചു തീര്‍ന്നിരുന്ന മനുഷ്യരുടെ മുന്നിലേക്കാണ് തങ്ങളെ കൊണ്ടും പുറത്തിറങ്ങി സഞ്ചരിക്കാനാകുമെന്നും അതിജീവനത്തിനു സ്വന്തം വഴികള്‍ കണ്ടെത്താമെന്നും അവര്‍ക്ക് വെളിപാടുണ്ടാകുന്നത്. അങ്ങനെ വീടിനു പുറത്തിറങ്ങിയവരാണ് ഛായയിലെ അഭിനേതാക്കള്‍. മറ്റേതൊരു സാധാരണ മനുഷ്യരെക്കാളുമധികം സാമൂഹികമായ വിഷയങ്ങളിലും സ്വന്തം ജീവിതങ്ങളിലും അവര്‍ ഇടപെടുന്നു, പുതിയ വഴികള്‍ മറ്റുള്ളവര്‍ക്കും തങ്ങളുടെ വഴികള്‍ പിന്തുടരുന്നവര്‍ക്കും കാട്ടി കൊടുക്കുന്നു. അവരുടെ ഏറ്റവും പുതിയ അനുഭവ പാഠമാണ് അരങ്ങിലെ വിസമയമായ നാടകം.

ഒരുപാട് ബുദ്ധിമുട്ടികളെയും പ്രശ്‌നങ്ങളെയും അതിജീവിച്ചു തന്നെയാണ് ഈ ഒന്‍പതു പേരും അരങ്ങത്തെത്തിയത്. പക്ഷെ നാടകം കാണുന്നവരുടെ മുന്നില്‍ അവരുടെ വീല്‍ ചെയറുകളോ ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ല, പകരം അവരഭിനയിച്ചു പൊലിപ്പിച്ച കഥാപാത്രങ്ങളുടെ ഊര്‍ജ്ജം മാത്രമേയുണ്ടായിരുന്നുള്ളൂ. സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് ഒരുപാട് ദൂരം മുന്നോട്ടു വന്നിട്ടും സിനിമ-സീരിയല്‍ പോലെയുള്ള മുഖ്യ ധാര മാധ്യമങ്ങളില്‍ നിന്ന് വീല്‍ ചെയര്‍ കലാകാരന്മാരെ അവഗണിച്ച് നിര്‍ത്തുമ്പോഴാണ് ജോലിയുപേക്ഷിച്ച് വി ടി രതീഷിനെ പോലെയൊരു സംവിധായകന്‍ ഇവര്‍ക്ക് പുതിയ വസ്ത്രങ്ങള്‍ തുന്നിക്കൊടുക്കുന്നത്.

ഛായ ആദ്യമായി അവതരിപ്പിച്ച അരങ്ങിനെ ഉണര്‍ത്തിയതിന്റെ ഖ്യാതി കടല്‍ കടന്നും സഞ്ചരിച്ചതിന്റെ ഫലമായി വിദേശങ്ങളില്‍ നിന്ന് പോലും ഇവരെ തേടി അവസരങ്ങളെത്തിയിരിക്കുന്നു.അരങ്ങുകള്‍ തയ്യാറാക്കി വ്യത്യസ്തമായ ഒരു വിരുന്നിനായി പ്രവാസികള്‍ അവരെ കാത്തിരിക്കുന്നു. അഭിനയവും സംഗീതവും ഒന്നിച്ചു കൊണ്ട് പോകുന്ന തണല്‍ ടീം തങ്ങളുടെ പേര് അതിര്‍ത്തി കടന്നും സഞ്ചരിക്കുന്ന ത്രില്ലിലാണ്. ഒരിക്കലും ഇങ്ങനെയൊന്നും സ്വപ്നത്തില്‍ പോലും സങ്കല്പിച്ചിട്ടില്ല്‌ലാത്തവര്‍ ഇപ്പോള്‍ ആകാശവും വിമാന ചിറകുകളും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു. ജീവിതം നിരാശപ്പെടാനും നഷ്ടപ്പെടുത്താനും ഉള്ളതാണെന്ന ചിന്തയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു വരാന്‍ ഛായ ഒരു പുതു വെളിച്ചമാകുന്നു. അതുതന്നെയാണ് സുവര്ണയുടെയും തണലിന്റെയും ലക്ഷ്യവും. 
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വെളിച്ചവുമായി അരങ്ങിലെത്തിയ 'ഛായ' (ശ്രീപാര്‍വതി)ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വെളിച്ചവുമായി അരങ്ങിലെത്തിയ 'ഛായ' (ശ്രീപാര്‍വതി)ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വെളിച്ചവുമായി അരങ്ങിലെത്തിയ 'ഛായ' (ശ്രീപാര്‍വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക