Image

എസ്.എഫ്.ഐയുടെ വെല്ലുവിളി വടകരക്കാരോട് മാത്രമല്ല, കേരളത്തോട് മുഴുവനുമാണ് (വി.ടി. ബലറാം)

Published on 23 March, 2019
എസ്.എഫ്.ഐയുടെ വെല്ലുവിളി വടകരക്കാരോട് മാത്രമല്ല, കേരളത്തോട് മുഴുവനുമാണ് (വി.ടി. ബലറാം)
എസ്എഫ്‌ഐ അടക്കമുള്ള സിപിഎം സംഘടനകള്‍ക്കൊക്കെ ഇരട്ട മുഖമാണുള്ളത് എന്ന് ഏവര്‍ക്കും അറിയാം. കെ എസ് യു പോലുള്ള ഇതര സംഘടനകളെ അടിച്ചൊതുക്കാന്‍ ഒരു കൂട്ടര്‍. ഇലക്ഷന് നിന്ന് ജയിക്കാന്‍ ഇമേജുള്ള വേറെ ചിലര്‍. എന്നാല്‍ കല, സാഹിത്യം, പ്രസംഗം മേഖലകളിലൊക്കെ തിളങ്ങി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഈ ഇമേജ് മാന്യന്മാരുടെ ഓരോ തെരഞ്ഞെടുപ്പ് വിജയത്തിന്റെയും അടിത്തറയാവുന്നത് ആദ്യം പറഞ്ഞ ക്രിമിനല്‍ക്കൂട്ടം ക്യാമ്പസിനുമേല്‍ ചെലുത്തുന്ന ആധിപത്യമാണ്.

ഈപ്പറഞ്ഞത് മറ്റ് സംഘടനകള്‍ക്ക് അല്‍പ്പമെങ്കിലും പ്രവര്‍ത്തന സ്വാതന്ത്ര്യവും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള സാഹചര്യവും ഒക്കെ നിലനില്‍ക്കുന്ന ക്യാമ്പസ്സുകളുടെ കാര്യമാണ്. എസ്എഫ്‌ഐയുടെ സമ്പൂര്‍ണ്ണാധിപത്യത്തിലുള്ള റെഡ് ഫോര്‍ട്ടുകളിലാവട്ടെ ക്രിമിനല്‍ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് തന്നെ കോളേജ് യൂണിയന്‍ ഭാരവാഹികളായി കടന്നുവരാന്‍ തടസ്സമില്ല. ഇങ്ങനെ ഏകപക്ഷീയമായി ജയിച്ചെത്തുന്ന യൂണിയനുകളുടെ സ്റ്റാഫ് അഡൈ്വസറാവുന്നതില്‍ കുളിരു കോരുന്ന ഇടതുപക്ഷ സംഘടനയിലെ അധ്യാപകരും ഫാഷിസ്റ്റ് വിരുദ്ധ നാട്യങ്ങളിലൂടെ എസ്എഫ്‌ഐക്കാര്‍ക്ക് വേണ്ട സാംസ്‌ക്കാരിക മൂലധനം സ്വരൂപിച്ച് നല്‍കും. സ്വന്തം ശിഷ്യരുടെ ഫാഷിസ്റ്റ് പ്രവണതകളെ മനോഹരമായി പൊതിഞ്ഞു പിടിച്ച് അവര്‍ നന്മമരപ്പൈയ്ത്ത് നടത്തും.

സമഗ്രാധിപത്യ പാര്‍ട്ടി കോളേജുകളില്‍ എസ്എഫ്‌ഐ ആള്‍ക്കൂട്ടത്തിനെതിരെ സ്വന്തം ചങ്കുറപ്പില്‍ ഒറ്റക്ക് നിന്ന് പോരാടുന്ന വിരലിലെണ്ണാവുന്ന ഇതര സംഘടനക്കാര്‍ക്ക് പക്ഷേ ഈ പ്രിവിലിജുകള്‍ ഒന്നും ലഭ്യമാവില്ല. പോസ്റ്റൊറൊട്ടിക്കാനും പ്രസംഗിക്കാനും സമരം ചെയ്യാനും തല്ല് കൊള്ളാനും ഓടാനും അതിന്റെ പേരില്‍ പരിഹസിക്കപ്പെടാനുമൊക്കെ അവര്‍ കുറച്ച് പേര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇലക്ഷന്‍ വരുമ്പോഴേക്കും അവരെ കഞ്ഞിക്കുഴികളാക്കി ബ്രാന്‍ഡ് ചെയ്യാനുള്ള പ്രചരണ മെഷിനറികള്‍ അപ്പുറത്ത് സജ്ജമായിട്ടുണ്ടാവും. ജൂനിയറിനെ റാഗ് ചെയ്തു, പെണ്‍കുട്ടികളെ ശല്യപ്പെടുത്തി, ജാതിപ്പേര് വിളിച്ചു തുടങ്ങിയ ഏതെങ്കിലും കേസിലുള്‍പ്പെട്ടാലും ഒട്ടും അത്ഭുതം വേണ്ട.

സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ഇതു തന്നെയാണ് അവസ്ഥ. സിപിഎമ്മിന്റെ എതിരാളികളുടെ വാക്കുകളെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിന്റെ ഭൂതക്കണ്ണാടി വച്ച് പരിശോധിച്ച് താത്ത്വികമായി വിമര്‍ശിക്കുന്ന ഇടത് ബുദ്ധിജീവികളുടെ ഒരു വര്‍ഗ്ഗം. അവര്‍ ഒരുക്കി നല്‍കുന്ന അടിത്തറയില്‍ നിന്ന് എതിരാളികളേയും കുടുംബാംഗങ്ങളേയുമൊക്കെ തെറിവിളിച്ചധിക്ഷേപിച്ച് സൈബര്‍ ആക്രമണം നടത്തുന്ന വെട്ടുകിളിക്കൂട്ടം മറ്റൊരു ഭാഗത്ത്. തെറിവിളിക്കാനുള്ള ഇരയെ സൃഷ്ടിച്ച് ഇട്ടുകൊടുത്താല്‍ പിന്നെ ബുദ്ധിജീവി വിഭാഗം പതുക്കെ പുറകിലേക്ക് മാറിനില്‍ക്കും. പുതിയ വിഷയം കിട്ടുന്നത് വരെ പതിവ് സെലക്റ്റീവ് മൗനത്തിലേക്ക് തിരിച്ച് പോവും.

ഇതുതന്നെയാണ് കണ്ണൂരടക്കമുള്ള പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ സിപിഎമ്മിന്റേയും പ്രിവിലിജ്. കോമ്പറ്റീഷന്‍ ശക്തമായ തെക്കന്‍ കേരളത്തില്‍ ഇമേജുള്ള മാന്യന്മാര്‍ പാര്‍ട്ടിക്ക് വേണം. പുസ്തകം വായിക്കുന്ന, എഴുതുന്ന, ജൈവകൃഷിയും മാലിന്യ സംസ്‌ക്കരണവുമൊക്കെ ഏറ്റെടുക്കുന്ന, മനുഷ്യരോട് ചിരിക്കുന്ന, മധ്യ വര്‍ഗ പ്രതീക്ഷകളെ അഭിസംബോധന ചെയ്യാന്‍ കഴിയുന്ന ബുദ്ധിജീവികളും ജനാധിപത്യവാദികളും വേണം. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി കണ്ണൂരിലും വടകരയിലുമൊക്കെ ജയരാജന്മാര്‍ക്ക് നേരിട്ട് തന്നെ കളത്തിലിറങ്ങാം. അവരുടെ മസ്‌കുലൈന്‍ രാഷ്ട്രീയത്തിന് യാതൊരു മറയും ആവശ്യമില്ല. ബംഗാളിലും ത്രിപുരയിലും ദശാബ്ദങ്ങളോളം കണ്ടതും സിപിഎമ്മിന്റെ ഇതേ ശൈലി തന്നെയായിരുന്നു.

വടകരയില്‍ എന്തുകൊണ്ട് ജയരാജന്‍ തോല്‍ക്കണമെന്നതിന്റെ ഉത്തരമാണ് ഇന്നലെ പേരാമ്പ്രയിലെ എസ്എഫ്‌ഐക്കാര്‍ അവരുടെ പ്രവര്‍ത്തിയിലൂടെ ഒരാവര്‍ത്തികൂടി പറഞ്ഞുതന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ സികെജി കോളേജില്‍ തടഞ്ഞ സിപിഎമ്മിന്റെ അടുത്ത തലമുറയായ എസ്എഫ്‌ഐക്കാര്‍ വ്യക്തമാക്കുന്നത് ഇന്ന് മാത്രമല്ല, നാളെയും സിപിഎം തുടരാനുദ്ദേശിക്കുന്നത് അസഹിഷ്ണതയും ഭീരുത്വവും നിറഞ്ഞ ജയരാജന്‍ മോഡല്‍ പ്രാകൃത രാഷ്ട്രീയം തന്നെയാണെന്നതാണ്. ആ വെല്ലുവിളി വടകരക്കാരോട് മാത്രമല്ല, കേരളത്തോട് മുഴുവനുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക