Image

അകലങ്ങളിലേക്ക് പോകുന്ന ജീവിതങ്ങള്‍(ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 23 March, 2019
അകലങ്ങളിലേക്ക് പോകുന്ന ജീവിതങ്ങള്‍(ശ്രീകുമാര്‍ ഉണ്ണിത്താന്‍)
അനിലും അനിതയും ബാല്യകാല സുഹൃത്തുക്കള്‍ ആയിരുന്നു . കുട്ടികാലം മുതലെ ഒരുമിച്ചു കളിച്ചുവളര്‍ന്ന അവര്‍   കണ്ണെത്താ ദൂരത്തോളം കിടക്കുന്ന പാടശേഖരവും കൈത്തോടുകളും തോട്ടിലൂടെ ഒഴുകി നടക്കുന്ന പരല്‍ മീനുകളെയുമെക്കെ പിടിച്ചും, സാറ്റുകളിച്ചും അങ്ങനെ അവരുടെ ബാല്യകാലം  വളരെ സന്തോഷമായി കടന്നുപോയി. അങ്ങനെ അവര്‍ രണ്ടുപേരും പത്താം ക്ലാസ്സ് പരീക്ഷ എഴുതി. അനില്‍ കഷ്ടിച്ചു ജയിച്ചപ്പോള്‍ അനിത ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി. പഠിക്കാന്‍ മിടുക്കിയായ അനിതയെ  സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന രക്ഷിതാക്കള്‍ പ്രീഡിഗ്രി പഠനത്തിനായി ദൂരെയുള്ള കോളേജിലേക്ക് അയച്ചു.

പ്രീഡിഗ്രി ഫസ്റ്റ് ക്ലാസ്സോടു പാസ്സായ അനിതക്ക് എന്‍ട്രന്‍സ് എഴുതി മെഡിസിന് അഡ്മിഷനും കിട്ടി. ഓരോ സെമസ്റ്ററിന് ശേഷമുള്ള അവധിക്കാലത്തു നാട്ടില്‍ എത്താറുള്ള അനിത വീണ്ടും അനിലിനെ കാണുവാനും സംസാരിക്കാനും അവസരങ്ങള്‍ കിട്ടുകയും വിഭിന്ന ജാതിക്കാരായ അവരുടെ സ്‌നേഹം പ്രണയമായി പൂത്തുലയുകയും ചെയ്തു.  വിഭിന്ന ജാതിയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അനിലുമായിട്ടുള്ള പ്രണയം വീട്ടുകാര്‍ അറിയുമോ?
അറിഞ്ഞാല്‍ തന്നെ   മാതാപിതാക്കള്‍ അംഗീകരിയ്ക്കുമോ?
സമൂഹം അംഗീകരിയ്ക്കുമോ?
കുടുംബം അംഗീകരിയ്ക്കുമോ? 
അങ്ങനെ പലതരം ചിന്തകളും അവരുടെ മനസിലൂടെ കടന്നുപോയി. അവര്‍ക്ക് ഒന്നുമാത്രം അറിയാം അവര്‍തന്നെ അറിയാതെ അവരില്‍ ഒരു പ്രണയം പടര്‍ന്നു പന്തലിക്കുന്നുണ്ടായിരുന്നു എന്ന്. 

പ്രണയം മധുരമുള്ള അനുഭവം തന്നെയാണ്. തീര്‍ച്ചയായും അത് മതിയാവോളം അനുഭവിച്ചറിയണം. ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാക്കുന്നതുമായ വികാര ബന്ധമാണ് പ്രണയം.മനുഷ്യബന്ധങ്ങള്‍ ഉടലെടുത്തയന്ന് മുതല്‍ പ്രണയവും തുടങ്ങിയിരിക്കണം.  മനുഷ്യരായി പിറന്നവര്‍ എല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ പ്രണയത്തെ താലോലിച്ചവര്‍ ആയിരിക്കും. മിക്കവാറും  ടീനേജ് പ്രായത്തില്‍ പ്രണയം ഒരു സാധാരണമാണ്. പക്ഷേ  മിക്ക പ്രണയങ്ങളും അധികകാലം നിലനില്‍ക്കാറില്ല.

അല്ലെലും ഈ  പ്രണയത്തിനു  ജാതിയും മതവും ഒന്നുമില്ലല്ലോ. പ്രണയിക്കുന്ന സമയത്തു ആരെങ്കിലും  ജാതിയും  മതവും നോക്കിയാണോ പ്രണയിക്കുന്നത്. ഓരോ അഗ്രഹങ്ങള്‍  വളര്‍ന്നാണ് ഇഷ്!ടങ്ങള്‍ ആയി മാറുന്നത്,  ആ ഇഷ്!ടങ്ങള്‍ പിന്നെ പ്രണയങ്ങള്‍ ആയി വളരുന്നു. പ്രണയിക്കുന്ന സമയത്തു അനിതയും   ചിന്തിച്ചില്ല അവര്‍  രണ്ടു ജാതിയില്‍    പെട്ടവരാണെന്ന്. അവരുടെ ഇഷ്!ടങ്ങളും  ആഗ്രഹങ്ങളും ആണ് അവരുടെ  പ്രണയത്തെ വളര്‍ത്തിയത്.

അനിത വിചാരിച്ചതുപോലെ അവളുടെ പ്രണയം വീട്ടുകാര്‍ അറിയാന്‍ ഇടയായി . അതില്‍നിന്ന് അവളെ  പിന്തിരിയാന്‍  വളരെയധികം അവളുടെ രക്ഷകര്‍ത്താക്കള്‍ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും അവരുടെ പ്രണയം വിട്ടുപിരിയാത്തവണ്ണം വളര്‍ന്നു കഴിഞ്ഞിരുന്നു. അവള്‍ ഒരിക്കലും അവളുടെ സ്‌നേഹബന്ധത്തില്‍ നിന്നും പുറകോട്ടു പോകുവാന്‍ ആഗ്രഹിച്ചില്ല .കാരണം പ്രണയ ബന്ധത്തെ തുടര്‍ന്ന് അവര്‍ സ്വപ്നം    കണ്ടിരുന്നത് വിവാഹവും, സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതവുമായിരുന്നു.

വീട്ടുകാരുടെ  എതിര്‍പ്പുകള്‍ വകവെക്കാതെ അനിത  അനിലിനെ  വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അവളുടെ തീരുമാനം വീട്ടുകാര്‍ക്ക് വളരെയധികം വിഷമം ഉണ്ടാക്കി. വീട്ടുകാരെയും സമൂഹത്തെയും എല്ലാം മറന്നുള്ള മറ്റൊരു ലോകത്തേയ്ക്ക് ഇവരുടെ എടുത്തുചാട്ടം , വരും വരായ്മകള്‍ നോക്കാതെയുള്ള തീരുമാനത്തെ പറഞ്ഞു മനസിലാക്കന്‍ അവളുടെ അച്ചനമ്മമാര്‍ വളരെ കഷ്ടപെട്ട്. പക്ഷേ അതൊന്നും അവളില്‍ യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അവള്‍ അവളുടെ തീരുമാനത്തില്‍ ഉറച്ചു നിന്ന്.   അവള്‍ ആ കുടുംബത്തിലെ  ഏക മകള്‍,   അവര്‍ ആഗ്രഹിക്കുന്നത് എന്തും നല്‍കി വളര്‍ത്തിയ മാതാപിതാക്കളെ സംബന്ധിച്ചടത്തോളം നാണക്കേടിന്റെയും , അഭിമാനത്തിന്റെയും പ്രശ്‌നമായി മാറി. 

അനിതയുടെ മാതാപിതാക്കള്‍ മാനസികമായി തളരുകയും അവരുടെ വസ്തുവകള്‍ വിറ്റു മറ്റൊരു നാട്ടിലേക്കു താമസം മാറി. അവര്‍ക്ക് ഇങ്ങനെ ഒരു മകള്‍ ഇല്ല എന്നുകരുതി സമാധാനിക്കാന്‍ ശ്രമിച്ചു. അങ്ങനെ അവര്‍ ആശ്വാസം കൊള്ളുബോഴും അനിത സുഖമായി  ജീവിക്കുന്നു എന്നു അശ്വസിച്ചു . അനിതയുമായി യാതൊരു വിധമായ ആശയവിനിമയവും ഇല്ലാത്തതുകൊണ്ട് അവളുടെ ജീവിതത്തെ പറ്റി അവര്‍ ഒന്നും അറിഞ്ഞിരുന്നില്ല അറിയാനും അവര്‍ ശ്രമിച്ചില്ല.

പഠനം ഉപേക്ഷിച്ച അനിത അനിലിനെ വിവിഹം കഴിച്ചു ജീവിതം വളരെ സന്തോഷകരമായി  മുന്നോട്ടു പോയി. അവള്‍ക്ക്  പക്ഷേ അവളുടെ  സന്തോഷം  ഒരുപാടു  നീണ്ടുനിന്നില്ല ,  സാമ്പത്തികം ഒരു വില്ലനായി അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു . അതോട് അനിലിന്റെ സ്വഭാവത്തിലും മാറ്റങ്ങള്‍ കണ്ടു. എന്തിനും ഏതിനും അവളെ കുറ്റംപറയാന്‍ തുടങ്ങി. അവളുടെ വീട്ടില്‍ പോയി അവളുടെ ഷെയര്‍ വാങ്ങികൊണ്ടുവരുവാന്‍ നിര്‍ബന്ധിച്ചു. വീട്ടില്‍ നിന്നും ഇറങ്ങി പോന്ന അവള്‍ക്ക് അതിന് കഴിയുമായിരുന്നില്ല. മാതാപിതാക്കളുമായി  ഒരു ഫോണ്‍വിളി പോലും ഇല്ലാതിരുന്ന അവള്‍ എങ്ങനെ ഷെയര്‍ ചോദിച്ചു ചെല്ലും. അവള്‍ സങ്കടത്തില്‍ ആയി. അവരുടെ വീട്ടില്‍ വഴക്ക് ഒരു നിത്യ സംഭവമായി.

അല്ലേലും ചില മനുഷ്യരൊക്കെ  സ്വാര്‍ത്ഥന്‍മാരാണ് . എവിടെ സൗന്ദര്യമുള്ള എന്ത് കണ്ടാലും അത് തന്റേത് ആകണം എന്ന് വിചാരിക്കും . എതിന്‍റെയും സൗന്ദര്യമല്ലേ എല്ലാവരും ആരാധിയ്ക്കുന്നത്. അതെല്ലാം അനുഭവിച്ചു കഴിയുബോള്‍ പിന്നെ വേണ്ടായിരുന്നു എന്ന തോന്നല്‍ ഉണ്ടാകും. ഇവിടെയും ഇങ്ങനെയെക്കെത്തന്നെയാണ് സംഭവിച്ചത്.

അനിതയുടെ മാതാപിതാക്കളെ സംബന്ധിച്ചടത്തോളം പ്രായപൂര്‍ത്തിയാകുംവരെ അവര്‍ക്കാവശ്യമായ ജീവിത സാഹചര്യങ്ങളും, വിദ്യാഭ്യാസവും, ആരോഗ്യപരമായ പരിരക്ഷയും നല്‍കി വളര്‍ത്തി വലുതാക്കുന്നതിന് മാതാപിതാക്കള്‍  സഹിച്ചിട്ടുള്ള കഷ്ടപ്പാട് ശരിയാകുംവിധം മനസ്സിലാക്കിയിട്ടുള്ള ഒരു മകള്‍ക്ക്  ഇന്നലെ കണ്ട  ഒരുവനോടൊത്തു അവരെ ഉപേക്ഷിച്ചു പോയതില്‍ അവര്‍ അനിതയെ വെറുത്തിരുന്നു. അങ്ങനെ ഒരു മകള്‍ ഇല്ല എന്നവിധം മാനസികമായി തയാറെടുത്തു. പക്ഷേ അവളുടെ അമ്മക്ക് അവളെ ഒന്നുകാണണം എന്ന് ഉണ്ടായിരുന്നു .  മാതാപിതാക്കള്‍ രാപകലില്ലാതെ കഷ്ടപ്പെടുന്നത് തനിയ്ക്കുവേണ്ടിയാണെന്നും, അവളുടെ നല്ല നല്ല ഭാവിക്ക് വേണ്ടി ഊണിലും  ഉറക്കത്തിലും  സ്വപനം കണ്ട ആ അമ്മയുടെ മനസ് അവളോടൊപ്പം തന്നെ ഉണ്ടായിരുന്നെങ്കിലും അവര്‍ അത് പുറത്തു കാണിച്ചില്ല.

മാസങ്ങള്‍ കടന്നു പോയി അനിത ഒരു അമ്മയാകാന്‍ പോകുന്നതോര്‍ത്തു അവള്‍ സന്തോഷിച്ചു. അവള്‍ക്കത് അമ്മയെ വിളിച്ചു പറയണം എന്ന് തോന്നി. അവളുടെ മനസ്സില്‍ പേടിയായിരുന്നു അവളോട് എങ്ങനെ പെരുമാറും എന്ന് . അവള്‍ പലവെട്ടം ഫോണ്‍ എടുത്തു വിളിക്കുവാന്‍ തുടണ്ടി പക്ഷേ എന്തോ അവളുടെ അഭിമാനം അതിന് അനുവദിച്ചില്ല. അവള്‍ ഒരു അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞിട്ടും അനിലിന് വലിയ സന്തോഷം തോന്നിയില്ല , അവര്‍ മാനസികമായി അകലങ്ങളിലേക്ക് പോയി കൊണ്ടിരുന്നു. അത് അവളെ കൂടുതല്‍ വിഷമം ഉണ്ടാക്കി. അനിലിനെ വിശ്വസിച്ചു , സ്‌നേഹിച്ചു കൂടെ ഇറങ്ങിവന്ന അവള്‍ക്ക് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു , മാതാപിതാക്കളെയും ബന്ധുക്കളെയും എക്കെ ഉപേഷിച്ചുവന്ന അവള്‍ക്കു അനിലിലെ മാറ്റം മാനസികമായി തളര്‍ത്തി. ജീവിക്കുവാന്‍ ഉള്ള അവളുടെ മൊഹംതന്നെ ഇല്ലാതായി . ആത്മഹത്യ  എന്ന വില്ലന്‍ അവളുടെ മനസ്സില്‍ ഒരാശ്വാസമായി വന്നു. എല്ലാം ഉപേക്ഷിച്ചു  യാതനകള്‍ ഇല്ലാത്ത ലോകത്തേക്ക് പോകുവാന്‍ അവള്‍ ഒരു സാരിത്തുമ്പ് തന്നെ തെരഞ്ഞെടുത്തു . ആരാലും വെറുക്കപെടാത്ത കഷ്ടത ഇല്ലാത്ത ഒരുലോകം. അത് എങ്ങനെ ഉള്ള ഒരു ലോകം ആയിരിക്കുമെന്ന് അവള്‍ക്കു യാതൊരു ഊഹവും  ഇല്ലായിരുന്നു.ആരും സ്‌നേഹിക്കാന്‍ ഇല്ലാത്ത ഈ ലോകത്തേക്കാള്‍ നല്ലത് ആരാലും അറിയപ്പെടാത്ത മറ്റൊരു  ലോകമായിരിക്കും നല്ലതെന്ന് അവള്‍ ചിന്തിച്ചിട്ടുണ്ടാകും .പക്ഷെ തന്റെ വയറ്റിനുള്ളില്‍ വളരുന്ന കുരുന്നിനെക്കൂടി ഇല്ലാതാക്കിയത് മനപ്പൂര്‍വമാകാം .തന്റെ കുട്ടിയെ ലോകത്തിനു മുന്നില്‍ പഴി കേള്‍ക്കാന്‍ വിടാതെ മരണത്തിലേക്ക് കൊണ്ടുപോയതാകാം .എന്തായാലും മരണം വേദന തന്നെ .അതിനു കാരണമാക്കിയ സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ വ്യക്തികള്‍ തമ്മില്‍ പരസ്പര ബഹുമാനവും,മനസിലാക്കലും ഉണ്ടാകണം .അത് ഭാര്യയും ഭര്‍ത്താവും മാത്രമല്ല ,കുടുംബത്തില്‍ എല്ലാവരും തമ്മില്‍ ഉണ്ടാകണം .എങ്കില്‍ ഇത്തരം ദുഃഖ കഥകള്‍ നമുക്ക്  കേള്‍ക്കേണ്ടിവരില്ല

(ഈയിടെ  പെണ്‍കുട്ടി ആത്മഹത്യ ചെയ്ത വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ എഴുതിയത്  )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക