Image

മധ്യവയസ്കന്‍ കുഴഞ്ഞുവീണു മരിച്ചു: സൂര്യഘാതമെന്ന് സംശയം

Published on 24 March, 2019
മധ്യവയസ്കന്‍ കുഴഞ്ഞുവീണു മരിച്ചു: സൂര്യഘാതമെന്ന് സംശയം

തിരുവനന്തപുരം: പാറശ്ശാലയില്‍ ഒരാള്‍ കുഴ‍ഞ്ഞു വീണു മരിച്ചു. മരണകാരണം സൂര്യാഘാതമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുണാകരന്‍ എന്നയാളെ കുഴഞ്ഞു വീണ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.

അബോധവാസ്ഥയില്‍ കണ്ടെത്തിയ കരുണാകരനെ ഉടനെ പാറശ്ശാല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പുറംഭാഗത്ത് പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മരണം സൂര്യാഘാതം മൂലമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കൂ.

വയലില്‍ പണിയെടുക്കുകയായിരുന്നു കരുണാകരനെന്നും ഇതിനിടയില്‍ സൂര്യാഘാതമേറ്റതാവാം എന്നുമാണ് സംശയിക്കുന്നത്. സൂര്യാഘാതം മൂലം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്.മാര്‍ച്ച്‌ 22-ന് ആലുവയില്‍ ഒരു സ്ത്രീയും സൂര്യഘാതമേറ്റ് മരിച്ചിരുന്നു. ഇക്കുറി സംസ്ഥാനത്തെ താപനിലയില്‍ ക്രമാതീതമായ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനുമുള്ള മുന്നറിയിപ്പ് ഇതിനോടകം കാലാവസ്ഥാനിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ പത്തോളം ജില്ലകളില്‍ താപനില രണ്ട് ഡിഗ്രീ മുതല്‍ നാല് ഡിഗ്രീ വരെ വര്‍ധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക