Image

ഇളയരാജ ;കുട്ടികള്‍ക്ക് ഇച്ഛാശക്തി പകരാന്‍ ഒരു ചിത്രം (രഘുനാഥന്‍ പറളി)

Published on 24 March, 2019
ഇളയരാജ ;കുട്ടികള്‍ക്ക് ഇച്ഛാശക്തി പകരാന്‍ ഒരു ചിത്രം (രഘുനാഥന്‍ പറളി)

മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കുശേഷം മാധവ് രാമദാസ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ 'ഇളയരാജ', ഒരു അമച്വര്‍ സ്വഭാവം പ്രകടിപ്പിക്കുന്നതിനാല്‍ത്തന്നെ, തീര്‍ച്ചയായും ചില പരിമിതികള്‍ പ്രകടിപ്പിക്കുന്നുണ്ട് എന്നത് വാസ്തവമാണ് . എന്നാല്‍ അപ്പോഴും-ആ പരിമിതികളിലും, ഈ സിനിമ അതിന്റെ ലാളിത്യം കൊണ്ട് കൈവരിക്കുന്ന ശക്തിയും പകരുന്ന അനുഭവവും പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാകുന്നുവെന്നതാണ് 'ഇളയരാജ'യുടെ പ്രധാന വിജയമാകുന്നത്. സംഭാഷണത്തില്‍ ഇടയിക്കിടെ നിഴലിക്കുന്ന കൃത്രിമത്വത്തിന്റെ നിഴല്‍ ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഈ ചിത്രം വലിയ ഔന്നത്യങ്ങളിലെത്തുമായിരുന്നു. തൃശ്ശൂര്‍ റൗണ്ടില്‍ കപ്പലണ്ടിയും കളിപ്പാട്ടങ്ങളും വിറ്റ് ജീവിക്കുന്ന ദുര്‍ബലനായ വനജനും രോഗിണിയായ ഭാര്യ പങ്കുവും മക്കളായ സുബ്രഹ്മണ്യനും അമ്പിളിയും പിതാവ് ഗണപതിയും അടങ്ങുന്ന കുടുംബത്തിന്റെ കഥയായാണ് ഇളയരാജ നിലകൊള്ളുന്നത്.

മുഖ്യധാരയില്‍ നിന്നുവിട്ട്, ജീവിതത്തിന്റെ അരികില്‍ അതിജീവനത്തിനായി പോരാടുന്ന നിസ്വരും നിസ്സഹായരുമായ മനുഷ്യന്റെ സത്യസന്ധമായ പ്രതിനിധികൂടിയാണ് വനജന്‍ എന്നു പറയാം. അക്ഷരാര്‍ത്ഥത്തില്‍, ഗിന്നസ് പക്രു എന്ന നടന്‍ സ്വജീവിതത്തെയും കഥയേയും അവിശ്വസനീയമായി ഏകീഭവിപ്പിക്കുകയാണോ ഈ വനജന്‍ എന്ന കഥാപാത്രത്തിലൂടെ എന്ന് ഇടക്കെങ്കിലും നമുക്കു തോന്നിയാല്‍ അത്ഭുതമില്ല. അതുപോലെ, അച്ഛന്‍ ഗണപതിയായി ഹരിശ്രീ അശോകനും തികച്ചും വ്യത്യസ്തമായ ഒരു മേക്കോവറിലാണ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തന്റെ ശാരീരിക പരിമിതികളും (ഉയരക്കുറവ് ഉള്‍പ്പെടെ) സാമ്പത്തിക പരാധീനതകളും വനജന്‍ അതിജയിക്കുന്നത് അയാള്‍ ആര്‍ജ്ജിക്കുന്ന ഉള്‍ക്കാഴ്ചകളിലൂടെയാണ് എന്നത് പ്രധാനമാണ്. മാത്രമല്ല അത് ധനാത്മകമായി കുട്ടികളിലേക്കു പകരുന്ന ഒരു മികച്ച പിതാവു കൂടിയാകുന്നുണ്ട് വനജന്‍. ഈ ചിത്രം എല്ലാ അര്‍ത്ഥത്തിലും കുട്ടികളുടെ ചിത്രം കൂടിയായി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്. വിശാലമായ ലോകത്തെക്കുറിച്ചുളള സ്വപ്നവും, അപൂര്‍വ്വമായ ചില പരീക്ഷണ വാഞ്ഛകളും വനജനിലൂടെയാണ് കുട്ടികളില്‍ രൂപപ്പെടുന്നത്. മകന്‍ സുബ്രഹ്മണ്യന്‍ ചെസ്സിലും മകള്‍ അമ്പിളി ഇംഗ്ലീഷ് വാക്കുകളിലും പാടവം നേടുന്നതും അവരുടെ ജീവിതം തന്നെ മാറി മറിയുന്നതും ഇതിനു തുടര്‍ച്ചയത്രേ..! അധാര്‍മ്മിക ജയങ്ങളെയും അസന്തുലിത ലോകത്തേയും കുട്ടികള്‍ കൃത്യമായി തിരിച്ചറിയുമ്പോളും, കൂടുതല്‍ ഉള്‍ക്കരുത്തോടെ അവയെ പ്രതിരോധിക്കാന്‍ ആ കുടുംബത്തിനും കഴിയുന്നത് പ്രേക്ഷക മനസ്സിനെ സ്പര്‍ശിക്കാതിരിക്കില്ല്‌ല. വലിയ സ്‌കൂളില്‍ പ്രവേശനം നേടുന്ന സുബ്രഹ്മണ്യന്‍ വീണ്ടും തങ്ങളുടെ കടല വണ്ടി പൊടി തട്ടിയെടുക്കുന്നത്, അവന്‍ നേടുന്ന ആത്മവിശ്വാസത്തിന്റെ പാരമ്യത്തിലാണ് എന്നത് ശ്രദ്ധേയമാണ്. 

ചിത്രം പരോക്ഷമായി മൂര്‍ച്ചകൂട്ടുന്ന സമകാലിക വിദ്യാഭ്യാസ രീതിയുടെ വിചാരണ പൂര്‍ത്തിയാകുന്നതും, വാസ്തവത്തില്‍ അവന്റെ ആ പ്രവൃത്തിയാലാണ്. കറുപ്പും വെളുപ്പും നിറഞ്ഞ ഒരു ചതുരംഗപ്പലകയില്‍ എന്നതു പോലെ അവരുടെ ജീവിതം സാധ്യതകളുടെ ഒരു കേളിയായി നിലനിര്‍ത്താനും അന്തിമജയം പ്രത്യേകം ദൃശ്യവല്‍ക്കരിക്കാനും സംവിധായകന്‍ ശ്രദ്ധിക്കുന്നുണ്ട്. 

കടത്തില്‍ അകപ്പെട്ടുകിടക്കുമ്പോഴും പലിശക്കാരന്‍ മത്തായിയുടെ നിരന്തര പീഡമേല്‍ക്കുമ്പോഴും കഠിനമായി ആടി ഉലയുന്ന കുടുംബം, അവസാനം കരകയറിയത്, പക്ഷേ ഒരു ജമ്പ് കട്ട് ദൃശ്യത്തിലൂടെ ധൃതിയില്‍ കാണിച്ചത് അല്പം ദുര്‍ബലമായി അനുഭവപ്പെട്ടു എന്നു പറയട്ടെ. മാസ്റ്റര്‍ അദിത്, ബേബി ആര്‍ദ്ര എന്നിവര്‍ ചിത്രത്തിലെ കുട്ടികളായ സുബ്രഹ്മണ്യനേയും അമ്പിളിയേയും അവിസ്മരണീയമാക്കി. ദീപക് പറമ്പേല്‍, സിജി എസ് നായര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, അനില്‍ നെടുമങ്ങാട്, അരുണ്‍, ജയരാജ് വാര്യര്‍, രോഹിത്, കവിതാ നായര്‍, ബിനീഷ് ബാബു, തമ്പി ആന്റണി, ഭുവന, സിദ്ധാര്‍ത്ഥ് രാജന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാധവ് രാംദാസിന്റെ കഥയ്ക്ക് സുദീപ് ടി ജോര്‍ജ്ജ് തയ്യാറാക്കിയ തിരക്കഥയില്‍ (ആദ്യം പറഞ്ഞതുപോലെ) അല്പംകൂടി സൂക്ഷ്മത സാധിച്ചിരുന്നെങ്കില്‍ എന്ന് ഇത്തരമൊരു നല്ല ചിത്രത്തില്‍ തീര്‍ച്ചയായും നമ്മള്‍ ആഗ്രഹിച്ചു പോകും. കാരണം, കുട്ടികള്‍ക്ക് ഇച്ഛാശക്തി പകരാന്‍ ഉതകുന്ന ഒരു ചിത്രം എന്ന നിലയിലും 'ഇളയരാജ' പരിഗണിക്കപ്പെടുമെന്നതില്‍ സന്ദേഹമില്ലതന്നെ..!
ഇളയരാജ ;കുട്ടികള്‍ക്ക് ഇച്ഛാശക്തി പകരാന്‍ ഒരു ചിത്രം (രഘുനാഥന്‍ പറളി)ഇളയരാജ ;കുട്ടികള്‍ക്ക് ഇച്ഛാശക്തി പകരാന്‍ ഒരു ചിത്രം (രഘുനാഥന്‍ പറളി)ഇളയരാജ ;കുട്ടികള്‍ക്ക് ഇച്ഛാശക്തി പകരാന്‍ ഒരു ചിത്രം (രഘുനാഥന്‍ പറളി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക