Image

നഷ്ടം കുറയ്ക്കല്‍: കെഎസ്‌ആര്‍ടിസി ആയിരത്തോളം സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു

Published on 25 March, 2019
നഷ്ടം കുറയ്ക്കല്‍: കെഎസ്‌ആര്‍ടിസി ആയിരത്തോളം സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു

തിരുവനന്തപുരം: നഷ്ടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ ഇന്നും വെട്ടിക്കുറച്ചു. ഇന്ന് ആയിരത്തോളം സര്‍വ്വീസുകളാണ് കുറച്ചത്. ഗ്രാമീണമേഖലകളില്‍ സര്‍വ്വീസ് നടത്തുന്ന സി, ഡി പൂളുകളുടെ ഷെഡ്യൂളുകളാണ് റദ്ദാക്കിയത്.

ശനിയാഴ്ചയാണ് വരുമാനം കുറഞ്ഞ സര്‍വ്വീസുകള്‍ കുറയ്ക്കാനുള്ള തീരുമാനം എടുത്തത്. തുടര്‍ന്ന് ഇന്നലെ 1400 സര്‍വ്വീസുകളും ഇന്ന് ആയിരം സര്‍വ്വീസുകളും റദ്ദ് ചെയ്യുകയായിരുന്നു. എന്നാല്‍ സര്‍വ്വീസ് റദ്ദാക്കുന്നത് സംബന്ധിച്ച്‌ വിശദമായ സര്‍ക്കുലര്‍ കെഎസ്‌ആര്‍ടിസി ആസ്ഥാനത്ത് നിന്നും ഇറക്കിയിട്ടില്ല. വാക്കാലുള്ള നിര്‍ദേശം മാത്രമാണ് നല്‍കിയിരിക്കുന്നത്.

സൗത്ത് സോണില്‍ 2,264 സര്‍വീസുകളില്‍ 1850 എണ്ണം മാത്രം സാധാരണ ദിവസങ്ങളിലും പീക്ക് ദിവസങ്ങളില്‍ 1914 സര്‍വ്വീസുകളും മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. അവധി ദിവസങ്ങളില്‍ ഇതില്‍ 20 ശതമാനം സര്‍വീസുകളും വെട്ടിച്ചുരുക്കണം. മുന്‍ സിഎംഡി ടോമിന്‍ തച്ചങ്കരി 700 ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് പുതിയ സിഎംഡി കൂടുതല്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.

1500-ലേറെ സര്‍വ്വീസുകള്‍ വെട്ടിചുരുക്കിയതോടെ ശരാശരി 3500ഷെഡ്യൂളുകളാണ് ഒരു ദിവസം കെഎസ്‌ആര്‍ടിസി നടത്തുന്നത്. എന്നാല്‍ സാമ്ബത്തിക ഞെരുക്കം കാരണമാണ് സര്‍വീസുകള്‍ വെട്ടിചുരുക്കേണ്ടി വരുന്നതെന്നാണ് കെഎസ്‌ആര്‍ടിസി അധികൃതരുടെ ന്യായം.

സാമ്ബത്തിക വര്‍ഷത്തിന്‍റെ അവസാനമായതിനാല്‍ സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കാത്തത് കൊണ്ട് ചിലവിനുള്ള തുക സ്വന്തമായി കണ്ടെത്തേണ്ടി വരുമെന്ന് അധികൃതര്‍ പറയുന്നു. ഡീസല്‍ ചിലവ് മാത്രം പ്രതിദിനം ശരാശരി 3.25 കോടി രൂപ വരും. . ഈ മാസം ചുരുക്കം ദിവസങ്ങളില്‍ മാത്രമാണു പ്രതിദിന വരുമാനം 6 കോടി രൂപയ്ക്കു മുകളിലെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക