Image

വ്യായാമം: അന്നും ഇന്നും: ഡോക്ടര്‍ക്കും ഫിറ്റ്‌നസ്സ് ട്രെയിനര്‍ക്കും പറയാനുള്ളത് (മീട്ടു റഹ്മത്ത് കലാം)

Published on 27 March, 2019
വ്യായാമം: അന്നും ഇന്നും: ഡോക്ടര്‍ക്കും  ഫിറ്റ്‌നസ്സ് ട്രെയിനര്‍ക്കും പറയാനുള്ളത്  (മീട്ടു റഹ്മത്ത് കലാം)

വ്യായാമത്തിലൂടെ ശരീരത്തിനും മനസ്സിനും ഉണ്ടാകുന്നമാറ്റങ്ങളെക്കുറിച്ച് നമുക്ക് പലതരം
സംശയങ്ങളുണ്ട്.ശാരീരികഘടനയും രോഗാവസ്ഥയും അറിഞ്ഞ് ഫലപ്രദമായ വ്യായാമമുറകള്‍ അതിന്റെ എല്ലാ ആധികാരികതയോടെയും ഒരു ഡോക്ടറോ ഫിറ്റ്‌നസ്സ് ട്രെയിനറോ പറഞ്ഞുതന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടില്ലേ? ഇതാ വ്യായാമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

ഡോക്ടര്‍ക്ക് പറയാനുള്ളത് :

മനുഷ്യ ശരീരത്തോളം സങ്കീര്‍ണതകള്‍ നിറഞ്ഞ മറ്റൊരു ശാസ്ത്രമില്ല.ഓരോ വ്യക്തികളിലുമത് വ്യത്യസ്തമാണെന്നതുകൊണ്ട് പൂര്‍ണമായ പഠനവും സാധ്യമല്ല.അങ്ങനെയുള്ള ശരീരത്തിന് എത്രമാത്രം പ്രാധാന്യം നല്‍കി പരിചരിക്കണമെന്ന് ആലോചിച്ചു നോക്കൂ.
കാശ് മുടക്കാതെ ലഭിക്കുന്ന ഒന്നിനും നമ്മള്‍ പൊതുവെ വിലകൊടുക്കാറില്ല.എന്നാല്‍,ഓരോ അവയവങ്ങള്‍ തകരാറിലായി മരണത്തോട് മല്ലിടുന്നവരെ സ്ഥിരമായി കാണുന്ന ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ഈ ലോകത്ത് ഏറ്റവും വിലപിടിപ്പുള്ളതായി തോന്നുന്നത് മനുഷ്യശരീരത്തെ തന്നെയാണ്.രോഗിയും കുടുംബവും കയ്യില്‍ ലക്ഷങ്ങള്‍വെച്ച് കാത്തിരിക്കുമ്പോഴും യോജിക്കുന്ന വൃക്കയോ ഹൃദയമോ കിട്ടാതെയുള്ള എത്രയോ അനുഭവങ്ങളാണ് ചുറ്റും.അവിടേയ്ക്ക് കണ്ണോടിച്ച്,സ്വന്തം ശരീരത്തിന്റെ വിലയറിഞ്ഞ് സ്‌നേഹിക്കുന്നതാണ് ആദ്യ കടമ്പ.സ്‌നേഹിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതൊന്നും നമ്മള്‍ ചെയ്യില്ലല്ലോ...

ആരോഗ്യപൂര്‍ണമായ ജീവിതരീതി ശീലമാക്കുക

ജീവിതശൈലി രോഗങ്ങള്‍ക്ക് വില്ലന്‍ പരിവേഷം നല്‍കുന്നതിനുപകരം എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയാല്‍ രോഗത്തെ പ്രതിരോധിക്കാം എന്ന് വേണം ചിന്തിക്കാന്‍.ഇന്ത്യക്കാരുടെ ജനിതകഘടന പാശ്ചാത്യരില്‍ നിന്ന് വ്യത്യസ്തമാണ്.ജീനുകളിലെ വ്യത്യാസം കൊണ്ട് അവരില്‍ കൊഴുപ്പ് ശരീരം മുഴുവന്‍ വ്യാപിക്കുമ്പോള്‍,നമ്മുടേത് വയറിനുചുറ്റും അടിഞ്ഞുകൂടും.ഈ വ്യത്യാസം തിരിച്ചറിയാതെ അന്ധമായ അനുകരണം ഭക്ഷണ രീതിയില്‍ കൊണ്ടുവന്നതാണ് മലയാളിയുടെ പ്രധാന പ്രശ്‌നം . പ്രമേഹം,രക്തസമ്മര്‍ദ്ദം,കൊളെസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഗുളിക കഴിക്കുന്നവരാണ് നാല്‍പ്പതു വയസ്സ് കഴിഞ്ഞവരില്‍ 70 ശതമാനം ആളുകളും.


നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം,വീട്ടുപകരണങ്ങളുടെയും ആഡംബര വസ്തുക്കളുടെയും മികച്ച വിപണിയായി മാറിയതും സാരമായി ബാധിച്ചിട്ടുണ്ട്.ആയാസരഹിതമായ ജോലികളില്‍ ഏര്‍പ്പെടാന്‍ മാത്രമേ ആളുകള്‍ താല്പര്യപ്പെടുന്നുള്ളു.പറമ്പിലെ
ജോലിയ്ക്കും തെങ്ങില്‍ കയറുന്നതിനു ആളെ കിട്ടുന്നില്ലെന്ന് പരാതിപ്പെടുന്നവര്‍ പോലും വൈറ്റ് കോളര്‍ ജോലിയോട് മാത്രം ആമുഖ്യമുള്ളവരാണ്.സമയക്കുറവെന്നൊരു ന്യായം കണ്ടെത്തി ഗൃഹോപകരണങ്ങള്‍ക്ക് അടിമപ്പെട്ട സ്ത്രീകളും ശരീരം അനങ്ങുന്ന ജോലികള്‍ക്ക് നേരെ മുഖം തിരിച്ചു.അന്നുമിന്നും ഒരു ദിവസം ഇരുപത്തിനാല് മണിക്കൂര്‍ തന്നെയാണ്.യന്ത്രങ്ങളുടെ സഹായത്തോടെ ജോലിത്തിരക്കുകള്‍ കുറഞ്ഞെങ്കിലും വിനോദത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചത് ആളുകളെ ഇരുന്നിടത്തുനിന്ന് ചലിക്കാന്‍ മടിയുള്ളവരാക്കി എന്നതാണ് സത്യം.

ജിംനേഷ്യവും ആരോഗ്യവും

പുരാതന ഗ്രീസില്‍ കായികതാരങ്ങളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജിംനേഷ്യം എന്ന ആശയം ഉടലെടുത്തത്. മലയാളികള്‍ മണ്ണിനോട് ഇണങ്ങി ജീവിച്ചിരുന്നപ്പോള്‍ നിത്യേനയുള്ള ലഘുജോലികള്‍ വ്യായാമത്തിന്റെ ഫലം നല്‍കിയിരുന്നു.നടത്തം ശീലമാക്കിയാല്‍ പോലും അകാലമരണത്തെ തടുത്ത് നിര്‍ത്താം.എലിപ്റ്റിക് ട്രെയിനര്‍,ട്രെഡ് മില്‍,ഡംബെല്‍ തുടങ്ങിയവയ്ക്കായി പണം മാറ്റിവയ്ക്കാന്‍ കഴിയാത്തവര്‍ക്ക് പഴമയെ കൂട്ടുപിടിച്ച് അതേ ഫലം നേടിയെടുക്കാം.ഓരോ നാടിനും തനത് സംസ്‌കാരമുണ്ട്.കേരളത്തിന്റെ ജീവിതരീതികള്‍ കൃഷിയോട് ചേര്‍ന്നിരിക്കുന്നതാണ്.ഓണം,വിഷു പോലുള്ള ഉത്സവങ്ങള്‍ ഇന്നും കൃഷി അധിഷ്ഠിതം തന്നെയാണെങ്കിലും പാശ്ചാത്യ സംസ്‌കാരത്തിന്റെ നീരാളിപ്പിടിത്തത്തില്‍,ഒരുകാലത്ത് നമ്മുടെ നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്ന നിരവധി വസ്തുക്കള്‍ മണ്മറഞ്ഞുകൊണ്ടിരിക്കുന്നു.സാക്ഷരതയിലും വിദ്യാഭ്യാസത്തിലും പറന്നുയര്‍ന്നതോടെ മലയാളിയുടെ ചിന്താഗതികളും സങ്കല്‍പ്പങ്ങളും പാടേ മാറി.
സമയം ലാഭിക്കാന്‍ സഹായത്തിനെത്തിയ യന്ത്രസാമഗ്രികള്‍ക്ക് അടിമപ്പെട്ടതോടെ വീടിന്റെ മൂലയ്‌ക്കൊതുങ്ങിയവരെ പൊടിതട്ടി വീണ്ടും ക്ഷണിച്ചാല്‍ പ്രത്യേകമായി വ്യായാമം ചെയ്യാതെ തന്നെ 'ഫിറ്റ്‌നസ്സ്' കൈവരിക്കാമെന്നാണ് കടന്നുപോയ തലമുറയുടെ സാക്ഷ്യം.
അമ്മിക്കല്ലില്‍ അരച്ച ചമ്മന്തിയുടെ രുചിയും തിരിക്കല്ലില്‍ അലക്കുമ്പോള്‍ കാണുന്ന തുണിയുടെ വെണ്മയും വിവരിക്കുമ്പോള്‍ ഇതിനൊക്കെ എവിടെ സമയം എന്ന് നെറ്റി ചുളിക്കുന്നവര്‍ ജിംനേഷ്യത്തിലും ഹെല്‍ത്ത് ക്ലബ്ബിലും മണിക്കൂറുകള്‍ ചെലവഴിക്കുന്നുണ്ടല്ലോ.ബൗണ്‍സിങ്,എക്‌സ്‌പ്ലോഷന്‍,ക്വാര്‍ട്ടര്‍ റെപ്‌സ്,ലാഡര്‍ റെപ്‌സ്,സ്ട്രിപ്പിങ്,സൂപ്പര്‍ സ്ലോ റെപ്‌സ് തുടങ്ങിയ വ്യായാമ മുറകളെ കടത്തിവെട്ടാന്‍ വീട്ടുജോലികളിലൂടെ കഴിയും.

കുട്ടികള്‍ക്കും വേണം വ്യായാമം

ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം കഴിക്കാതെയും ജങ്ക് ഫുഡ് കഴിച്ചും കായികമായ കളികളില്‍ ഏര്‍പ്പെടാതെയും പൊണ്ണത്തടി പോലുള്ള രോഗങ്ങള്‍ കുട്ടികളില്‍ കൂടി വരുന്നത് അപകര്‍ഷതാബോധത്തെ വളര്‍ത്തുന്നു.കളിച്ചും ഉല്ലസിച്ചും ഓടിച്ചാടി നടക്കുന്ന ബാല്യകാലം നാട്ടിന്‍പുറങ്ങളില്‍ നിന്നുപോലും അപ്രത്യക്ഷമായി.സ്‌കൂള്‍ വിട്ടുവന്നാല്‍ പലവിധ കളികളില്‍ ഏര്‍പ്പെടുന്നതിലൂടെ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന വ്യായാമം ഇന്ന് നഷ്ടമായി.പുറത്തു ചെലവഴിക്കേണ്ട സമയം മുറിയ്ക്കുള്ളില്‍ തന്നെ അപഹരിക്കപ്പെടുന്നു.മൊബൈലിലെയും കംപ്യൂട്ടറിലെയും ഗെയിംസ് വിപണിയില്‍ എത്തുന്നത് കുട്ടികളെ ഉദ്ദേശിച്ചാണ്.അവരില്‍ എത്രത്തോളം അഡിക്ഷന്‍ ഉണ്ടാക്കിയെടുക്കാം എന്നതാണ് വന്‍കിട കമ്പനികള്‍ ലക്ഷ്യമിടുന്നത്.പണ്ടുള്ള കള്ളനും പോലീസും കളിയായാല്‍ പോലും കുട്ടികള്‍ ഓടുകയും തമ്മില്‍ ഇടപഴകുകയും ജയവും തോല്‍വിയും ഒരേമനസ്സോടെ പരിചയിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഒറ്റയ്ക്കിരുന്ന് ലാപ്‌ടോപ്പില്‍ കളിച്ചു ഓരോ ലെവല്‍ കടന്ന് ജയം ശീലമാക്കുമ്പോള്‍ അവര്‍ പലതും പേടിക്കാതെയും അനുഭവിക്കാതെയും പോകുന്നുണ്ട്.മാനസികമായി വളരാതെ തോല്‍വികളില്‍ പതറുകയും വിഷാദരോഗത്തിന് അടിമപ്പെടുന്നതുമായ നിരവധി ഉദാഹരണങ്ങളുണ്ട്.

(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. റജീബ് മുഹമ്മദ്, MBBS ,MD
ജനറല്‍ ഫിസിഷ്യന്‍, ഭാരത് ഹോസ്പിറ്റല്‍,കോട്ടയം)

കാതോര്‍ക്കാം, ഫിറ്റ്‌നസ്സ് ട്രെയിനറുടെ വാക്കുകള്‍ക്ക്

ജിംനേഷ്യത്തിലേയ്ക്ക് ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വരുന്നവര്‍ കുറവാണ്.ഫാഷന്‍ ആയിക്കണ്ട് ഇവിടെ വരുന്നവരോട് ഞാന്‍ ഉപദേശിക്കാറുള്ളത് സുഹൃത്തുക്കളോ പരിചയക്കാരോ ചെയ്യുന്നതിന്റെ അനുകരണം ഗുണത്തേക്കാള്‍ ദോഷമേ കൊണ്ടുവരികയുള്ളു എന്നാണ്.അവനവന്റെ ശരീരത്തിന്റെ സ്വഭാവം മനസിലാക്കാന്‍ ഒരു ട്രെയിനറെ ആശ്രയിക്കുന്നത് അബദ്ധ ധാരണകള്‍ മാറ്റും.തെറ്റായ വ്യായാമ മുറയിലൂടെ ഉളുക്ക്,ചതവ്,മുറിവ്,പൊട്ടല്‍ എന്ന് വേണ്ട തളര്‍ച്ച വരെ ഉണ്ടാകാം.
ജിംനേഷ്യത്തില്‍ പോകുന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഗുണകരമാണ്.എയറോബിക്,കാര്‍ഡിയോ,സ്‌ട്രെച്ചിങ്ങ് തുടങ്ങിയവയാണ് സ്ത്രീകള്‍ സാധാരണ ചെയ്യുക.ശരീരത്തിന് വഴക്കം നല്‍കാനും കരുത്ത് പകരാനും ഇവ സഹായിക്കും.

സീറോ ഫിഗര്‍ ശരീരവടിവിന് മാത്രമല്ല, പേശികള്‍ ശക്തിപ്പെടുന്നതിനും ഇതുപകരിക്കും.സ്ത്രീ സുരക്ഷയില്‍ ഏറെ ആശങ്കകളുള്ള കാലമായതിനാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനും ആത്മരക്ഷയ്ക്കും ചില മുറകള്‍ പരിശീലിക്കുന്നത് നല്ലതാണ്.
കാര്‍ഡിയോ എന്ന് പേരുള്ള ഹൃദയാരോഗ്യത്തിനുള്ള പ്രത്യേക വ്യായാമം ഹൃദയത്തിന്റെ മിടിപ്പും പ്രവര്‍ത്തനവും ക്രമീകരിക്കും.ആരോഗ്യമുള്ള ഹൃദയം ആരോഗ്യമുള്ള ജീവിതത്തിലേയ്ക്ക് നയിക്കുമല്ലോ...
ജിംനേഷ്യത്തില്‍ ചെയ്യുന്ന വ്യായാമങ്ങള്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിക്കപ്പെടുന്നത് തടയുന്നതോടൊപ്പം ഉന്മേഷം പകരുന്ന എന്‍ഡോര്‍ഫിന്‍ പോലുള്ള ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ ഉതകുമെങ്കില്‍ വ്യായാമങ്ങളോടെന്തിന് നോ പറയണം? കടപ്പട്: മംഗളം

Join WhatsApp News
MOHAN MAVUNKAL 2019-03-29 12:18:44
As usual great
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക