Image

സ്ഥാനാര്‍ത്ഥികള്‍ ആരാകണം? (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 27 March, 2019
 സ്ഥാനാര്‍ത്ഥികള്‍ ആരാകണം? (ബാബു പാറയ്ക്കല്‍)
കേരളത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാനും രാ്ജ്യത്തെ പുരോഗതിയിലേക്കു നയിക്കാനും അടുത്ത അഞ്ചുവര്‍ഷം ഭരണത്തില്‍ നേരിട്ടോ പ്രതിപക്ഷത്തിരുന്നോ സഹായിക്കേണ്ടവരാണിവര്‍. നാടിന്റെ പുരോഗതിക്കുവേണ്ടി യത്‌നിക്കേണ്ടവര്‍. മതേതര രാജ്യത്തിന്റെ ആദര്‍ശങ്ങള്‍ മുറുക്കിപിടിക്കേണ്ടവര്‍. അപ്പോള്‍ ഇവരുടെ യോഗ്യതകള്‍ എന്തൊക്കെ ആയിരിക്കണം? സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതില്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് പാര്‍ട്ടിനേതൃത്വം പരിശോധിക്കുന്നത്? ഈ തെരഞ്ഞെടുപ്പില്‍ കാണുന്നത് ഒരു പ്രത്യേകത സവിശേഷതയാണ്. സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്നവര്‍ക്ക് എന്തൊക്കെ ഗുണങ്ങളുണ്ടായാലും ഒരു കാര്യം പാര്‍ട്ടിക്കു നിര്‍ബന്ധമാണ്. മണ്ഡലത്തിലെ ജനങ്ങളില്‍ ഏതു മതത്തില്‍പ്പെട്ടവരാണോ കൂടുതലുള്ളത്, ആ മതത്തില്‍പെട്ടവനായിരിക്കണം സ്ഥാനാര്‍ത്ഥി. മറ്റു യോഗ്യതകളൊന്നും വിഷയമല്ല. 'ജാതിമത ചിന്തകള്‍ക്കതീതമായി നാം ജീവിക്കണം' എന്നു പ്രഘോഷിക്കുന്ന പാര്‍ട്ടികള്‍ പോലും മുഖ്യമായി നോക്കുന്നതു ജാതിമത വേര്‍തിരിവുകള്‍ തന്നെയാണ്. ഫലത്തില്‍ തെരഞ്ഞെടുപ്പു നല്‍കുന്ന സന്ദേശം ജാതിമതചിന്തകളെ ഊട്ടി വളര്‍ത്തണമെന്നാണ്. മുഖ്യധാരാ മാധ്യമങ്ങളിലും മറ്റു ചാനല്‍ ചര്‍ച്ചകളിലുമെല്ലാം പ്രതിഫലിക്കുന്നത് ഇതേ ആശയം തന്നെയാണ്. ഹിന്ദുക്കള്‍ കൂടുതലുള്ള മണ്ഡലങ്ങളില്‍ ഹിന്ദുസ്ഥാനാര്‍ത്ഥിയും ക്രിസ്ത്യാനികള്‍ കൂടുതലുള്ളിടത്ത് ക്രിസ്ത്യാനിയും മുസ്ലീങ്ങളുടെ മണ്ഡലത്തില്‍ മുസ്ലീങ്ങളും ആയിരിക്കണം സ്ഥാനാര്‍ത്ഥികള്‍. അപ്പോള്‍ പിന്നെ നാം എന്താണ് ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുമ്പോള്‍ നോക്കേണ്ട യോഗ്യതകള്‍? ഹിന്ദുക്കള്‍ക്കു ഭൂരിപക്ഷമുള്ള ഒരു മണ്ഡലത്തില്‍ ഒരു ക്രിസ്ത്യാനിയെയോ മുസ്ലീമിനെയോ അതുപോലെതന്നെ മറിച്ചും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എന്തു സംഭവിക്കും? ജനങ്ങള്‍ ജാതിയും മതവും നോക്കി മാത്രമേ വോട്ടുചെയ്യുകയുള്ളോ?  നാടിന്റെ നാനാവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനേക്കാള്‍ പ്രധാനമാണോ ജാതിമത താല്‍പ്പര്യങ്ങള്‍? ഒരാള്‍ എത്ര കഴിവുള്ളവനായാലും അയാള്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍ വിശ്വസിക്കുന്ന ആളല്ലെങ്കില്‍ ആ മണ്ഡലത്തെ പ്രതിനിധീകരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ അയാള്‍ക്കവസരമില്ലാതെ പോകുന്ന ദയനീയമായ കാഴ്ച.

തൊഴിലില്ലായ്മ, ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങള്‍, അപകടകരമായി മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ വ്യവസ്ഥിതി നാട്ടിന്‍ പുറങ്ങള്‍ പോലും ഭരിക്കപ്പെടുന്ന മാഫിയാ സംസ്‌ക്കാരം, യുവതലമുറയിലെ മൂല്യച്യുതി, രാജ്യത്തിന്റെ പ്രതിരോധം, അന്തര്‍ദ്ദേശീയബന്ധങ്ങള്‍ മുതലായ എത്രയോ പ്രശ്‌നങ്ങള്‍ക്കാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കേണ്ടത് രാജ്യയത്തെ 130 കോടി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കടപ്പെട്ടിരിക്കുന്നവര്‍ക്കു പക്ഷേ സ്വന്തം ജാതിയില്‍പെട്ടവരോടായിരിക്കും മുഖ്യമായും വിധേയത്വമുണ്ടാകുക. മതേതരത്വ ഭരണഘടനയ്ക്കു കാവലാകേണ്ടവര്‍ ജാതിമതവേര്‍തിരിവുകളെ  പോഷിപ്പിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസം നേടിയ പുതിയ തലമുറയെങ്കിലും ഇനിയൊന്നു മാറി ചിന്തിക്കുമോ?
തെരഞ്ഞെടുപ്പില്‍ എന്നാണ് പൗരന്മാര്‍ക്ക് ജാതിയും മതവും നോക്കാതെ സ്ഥാനാര്‍ത്ഥിയുടെ കഴിവുമാത്രം നോക്കി വോട്ടു ചെയ്യാന്‍ ഇനി സാധിക്കുക?

 സ്ഥാനാര്‍ത്ഥികള്‍ ആരാകണം? (ബാബു പാറയ്ക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2019-03-27 18:09:45
ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും 
സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത്

ഇങ്ങനെ ഒരാൾ  പണ്ട് പറഞ്ഞിരുന്നു. അദ്ദേഹത്തെ 
ഈഴവനാക്കി ഓടിച്ചു കേരളം. അതിനു ഇപ്പോഴും 
മാറ്റമൊന്നുമില്ല ശ്രീ ബാബു പാറക്കൽ. പിന്നെ 
സാറിനെപോലെ അമേരിക്കൻ മലയാളികളുടെ 
പ്രതികരണങ്ങൾ നാട്ടിൽ എത്താൻ വല്ല മാർഗ്ഗവും 
ഉണ്ടോ എന്ന് ആർക്കെങ്കിലും ചിന്തിക്കാവുന്നതാണ്.
നാട്ടിലുള്ളവരെ  സഹായിക്കുക മാത്രമല്ല 
എപ്പോഴെങ്കിലും ജന്മ നാട്ടിലേക്ക് സന്ദർശനം 
നടത്തുമ്പോൾ പ്രവാസികൾക്ക് അനുഭവിക്കേണ്ടി 
വരുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും അവിടെയുള്ള 
ഭരണാധികാരികളെ ബോധിപ്പിക്കാൻ 
ഇവിടെ ഇരുന്നു ഇവിടത്തെ മാധ്യമത്തിൽ 
എഴുതിയാൽ മാത്രം പോരാ എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. 
ശ്രീ ബാബു പാറക്കൽ ആനുകാലിക പ്രശ്നങ്ങളെ 
വിശകലനം ചെയ്തു എഴുതുന്നുണ്ട്. പക്ഷെ 
അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താൻ 
സംഘടആ നകൾ  ചിന്നം വിളിക്കുമെന്ന് 
മോഹിക്കാം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക