Image

സ്ത്രീ മനസ്സിന്റെ വിഹ്വലതകളായിരുന്നു അഷിതയുടെ തൂലിക വരച്ചിട്ടത്: നവയുഗം വായനവേദി

Published on 27 March, 2019
സ്ത്രീ മനസ്സിന്റെ വിഹ്വലതകളായിരുന്നു അഷിതയുടെ തൂലിക വരച്ചിട്ടത്: നവയുഗം വായനവേദി
ദമ്മാം: പ്രശസ്ത എഴുത്തുകാരി അഷിതയുടെ വിയോഗത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി വായനവേദി അനുശോചനം അറിയിച്ചു.

മലയാള ചെറുകഥാരംഗത്തിനു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അനുഗ്രഹീത സാഹിത്യകാരിയായിരുന്നു. അഷിത. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ സ്ത്രീ മനസ്സിന്റെ വിഹ്വലതകളും, സങ്കീര്‍ണ്ണതകളും വിളിച്ചു പറഞ്ഞ കഥകളായിരുന്നു അവരെ ശ്രദ്ധേയയാക്കിയത്.

തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ജനിച്ച അഷിത, ഡല്‍ഹി, ബോംബെ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, പിന്നീട് കേരളത്തില്‍ സ്ഥിരതാമസമാക്കുകയും, എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്യുകയാണ് ഉണ്ടായത്. യാഥാസ്ഥിതികമായ കുടുംബത്തില്‍ നിന്നും ഉയര്‍ന്ന ഒട്ടേറെ എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് അവര്‍ എഴുത്തിന്റെ ലോകത്തിലേയ്ക്ക് കടന്നത്.

വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണ്ണവിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, നിലാവിന്റെ നാട്ടില്‍, ശിവസേവന സഹവര്‍ത്തനം, മയില്‍പ്പീലി സ്പര്‍ശം, ഭൂമി പറഞ്ഞ കഥകള്‍, പദവിന്യാസങ്ങള്‍ എന്നിവയാണ് അഷിതയുടെ പ്രധാനകൃതികള്‍. സ്ത്രീയുടെ പല അവസ്ഥകളെയും, സമൂഹത്തെക്കുറിച്ചുള്ള ധാരണയും, ഹൃദയസ്പര്‍ശമായ വിധം അവരുടെ കഥകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. വായക്കാരുടെ മനസ്സില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ അവരുടെ കഥകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, അങ്കണം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് തുടങ്ങിയ ധാരാളം അവാര്‍ഡുകള്‍ അവര്‍ നേടിയിട്ടുണ്ട്.

ചെറുകഥകളില്‍ തുറന്നുപറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത, മനോഹരങ്ങളായ ബാലസാഹിത്യ കൃതികളുടെ കര്‍ത്താവാണ്. പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച അഷിത, ഹൈക്കു കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാഹിത്യത്തിന്റെ സംഭാവനകള്‍ക്ക് അപ്പുറം, മനസ്സില്‍ മനുഷ്യത്വം എന്നും സൂക്ഷിച്ച സാമൂഹികജീവിയായിരുന്നു അഷിത. വിവിധ കര്‍മ്മരംഗങ്ങളിലുള്ളവരുമായി പ്രായഭേദമെന്യെ ഊഷ്മളമായ സൗഹൃദം സൂക്ഷിക്കുന്നതില്‍ അവര്‍ ബദ്ധശ്രദ്ധയായിരുന്നു. മാധവിക്കുട്ടിയുമായുള്ള അടുത്ത സൗഹൃദം നല്‍കിയ ജീവിതാനുഭവങ്ങള്‍ അവര്‍ തന്നെ തുറന്നു എഴുതിയിട്ടുണ്ട്.

സാഹിത്യലോകത്തെ ബഹുമുഖപ്രതിഭയെന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹയായിരുന്നു അഷിതയെന്നും, അവരുടെ വിയോഗം മലയാള സാഹിത്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും നവയുഗം വായനവേദി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക