Image

തൂലികേ നീയും (കവിത: മഞ്ജുള ശിവദാസ്)

Published on 27 March, 2019
തൂലികേ നീയും (കവിത: മഞ്ജുള ശിവദാസ്)
കവിത വറ്റുന്ന കാലത്തു നീയെന്റെ
മരണമാഘോഷമാക്കുമോ തൂലികേ?
തളിരിലേ കനവു വാടിത്തുടങ്ങിയോ,
അഭയമേ നീയുമസ്തമിക്കുന്നുവോ?

എന്റെ നിനവുകള്‍ പങ്കുവച്ചീടുവാന്‍
നിന്റെ രുധിരം കവര്‍ന്നു ഞാന്‍ തൂലികേ,
സ്വാന്തമസ്വസ്ഥമായിടും നേരത്തു
നിന്നിലേയ്ക്കു ചുരുങ്ങിയിരുന്നു ഞാന്‍.

അഴലുകള്‍ വഴിക്കിരുവശം നിന്നിട്ടു
നിഴലു പാകിടും വേളയില്‍ നിന്നിലേ
യ്ക്കാശ്രയം തേടിഎത്തിടാറുണ്ടു ഞാന്‍,
ഭാരമല്‍പ്പമിറക്കി വച്ചീടുവാന്‍.

ഒരു വരിപോലുമെഴുതാതെ ചിലനേര
മര്‍ത്ഥശൂന്യമാം വരകളാല്‍ നിന്‍
ജീവരക്തവും പുസ്തകത്തിന്റെ താളുകളു
മെത്രനിര്‍ദ്ദയം പാഴാക്കി ഞാന്‍ സഖീ.

എത്രയോ തവണ വെട്ടിത്തിരുത്തിയും,
കുത്തിവരകളാലരിശങ്ങള്‍ നീക്കിയും,
നിന്റെ തനുവെന്റെ വിരലുകള്‍ക്കിടയിലായ്
പാരതന്ത്ര്യം രുചിക്കയാണിപ്പോഴും.

നോവു കടലൊന്നിരമ്പുന്നകത്തുമെന്‍
പ്രാണനുരിയുന്ന വേദന പുറത്തും.
എന്നില്‍നിന്നുമെന്നേക്കുമായ് മോചനം,
തൂലികേ നീയുമാശിച്ചിരുന്നുവോ?


Join WhatsApp News
വിദ്യാധരൻ 2019-03-28 00:22:11
എന്തിന് കേഴുന്നു നീ കവയിത്രിയിങ്ങനെ 
ചുറ്റിലും നോക്കുക കാവ്യ വിഷയം  കാണുക.
ഉണ്ട് തുരുമ്പിലും തൂണിലും വിഷയങ്ങൾ 
ഉണ്ടാകണം അതുക കാണുവാൻ 
ഏഴാമതൊര്  ഇന്ദ്രിയം തീർച്ചയായി
കള്ളത്തരവും ചതിയും കൊണ്ടേവരും 
ഉന്നത ശ്രേണി ചവുട്ടി കയറുവാൻ 
ചവിട്ടുന്നു തോളത്ത് പാവങ്ങൾ ചാകുന്നു 
ഉള്ളവന്റെ പള്ള ചീർത്തു ചീർത്തുവരുന്നു 
ഇല്ലാത്തവൻ ചെത്തില പട്ടിപോലലയുന്നു 
കള്ള രാഷ്ട്രീയക്കാർ കള്ള മതങ്ങളും 
കൊള്ളയടിച്ചു മദിച്ചു സുഖിക്കുന്നു 
തട്ടിപ്പ് വെട്ടിപ്പ് വഞ്ചന ചതി പീഡനം 
ഇന്നത്തെ ഫാഷൻ ഇത്  ഇല്ലാത്തോർ മണ്ടന്മാർ 
സ്ത്രീകളെ കണ്ടാലുടൻ മുടങ്ങുന്നു  ചില 
ദേവനമാർക്ക് ബ്രഹ്മചര്യം ഉടനടി 
ദേവലോകം വിട്ടവർ ഉടൻ പോകും 
ഭൂമിയിൽ സ്ത്രീകളൊത്തു രമിക്കുവാൻ 
ഇല്ലിതൊരിക്കലും  അനുവദിക്കരുതെന്ന് 
ചൊല്ലി പുരുഷന്മാർ തമ്മിത്തല്ലുന്നു കഷ്ടമേ 
പട്ടിണി കൊണ്ട് ചിലർ പട്ടിയെപ്പോലെ ചാകുന്നു 
ഇറ്റു വെള്ളത്തിനായി ചെല്ലുമ്പോൾ ആട്ടുന്നവരെ ഭക്തർ 
എല്ലാം തല തിരിഞ്ഞു കവയത്രി 
സർവ്വതും കീഴ്മേൽ മറിഞ്ഞിനി 
നേരായി നടപ്പോര്ക്ക് രക്ഷയില്ലിനി 
നീ നിറുത്തുക നിന്റെ ആദൃശ കവിതാ രചനയെ 
പോന്നോളൂ നീയെന്റെ പിന്നാലെ പോന്നോളൂ 
കൊണ്ടുപോകാം നിന്നെ ഞാൻ ചില് കാഴച്ചകൾ കാണിക്കാൻ 
കാണണം നീ അധോലോകത്ത് പോകണം 
കാണണം ഓരോ വിചിത്രമാ കാഴ്ചകൾ 
സ്വന്തം മകളെ ബലാൽക്കാരം ചെയ്യന്ന താതരും 
കർത്താവിൻ മണവാട്ടിയെ കേറിപിടിക്കും ഫ്രാങ്കോമാർ 
ചന്തിക്ക് കുത്തുന്ന മന്ത്രിമാർ, 
കൊച്ചുപെൺകിടാങ്ങളെ പറ്റിച്ചു പീഡനം ചെയ്യന്നവർ 
രാജ്യഭരണ ചക്രം തിരിക്കുന്നോർ 
വെട്ടി നിരത്തുന്നു പച്ചില ചാർത്തുകൾ 
മാന്തി എടുക്കുന്നു മണലും കൂടാതെ 
പിച്ച ചട്ടിയിൽ നിന്നടിച്ചുമാറ്റുന്ന കള്ളനെപ്പോൽ 
ദുരിതാശ്വാസ ഫണ്ടിൽ നിന്നടിക്കുന്ന മാന്യന്മാർ 
അങ്ങനെ എത്ര വിഷങ്ങൾ ചുറ്റിലും 
കത്തി പടരുന്നു കവയിത്രി 
കുത്തിക്കുറിക്കുക പ്രതിഫലേച്ഛയില്ലാതെ 
കണ്ണ് പതിയാരുതൊരിക്കലും നിന്റെ കണ്ണ് 
ചെന്ന് പതിക്കരുത് പൊന്നാടയിലും ഫലകത്തിലും 
അന്ന് നിന്റെ ശക്തി പോകും തീർച്ച 
പിന്നെ വരില്ല കവിത  തൂലിക  തുമ്പിൽ നൂനം 
എന്നും നീ ധ്യാനിക്ക കാവ്യംഗനയെ അകതാരിൽ 
തന്നിടുമവൾ ശക്തി മറ്റുള്ളോർക്കഗോചരമായുള്ള 
സത്യങ്ങൾ ഗോചരമയാക്കി തരും നിസ്സംശയം
എന്നാൽ നിറുത്തുന്നു ഞാനെന്റെയീ ജല്പനം 
എല്ലാം മനസ്സിലെ വ്യഥയാൽ പറഞ്ഞതാ 
അല്ലെങ്കിൽ പൊട്ടിയൊലിക്കും മദയാനയുടെ 
മദം പൊട്ടിയൊലിക്കുമ്പോലത് ചുറ്റിലും  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക