Image

സഭാ വഴക്ക്: ചങ്ങലകള്‍ക്കു ഭ്രാന്തു പിടിക്കുമ്പോള്‍- (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 29 March, 2019
സഭാ വഴക്ക്: ചങ്ങലകള്‍ക്കു ഭ്രാന്തു പിടിക്കുമ്പോള്‍- (ബാബു പാറയ്ക്കല്‍)
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കേരളത്തിലെ ചില ദേവാലയങ്ങളിലുണ്ടായ ജുഗുപ്‌സാവഹമായ ചില സംഭവങ്ങളാണ് ഈ ലേഖനത്തിനാധാരം. സമൂഹ മാധ്യമങ്ങളില്‍ ത്വരിതഗതിയില്‍ പ്രചരിക്കുന്ന ഈ വീഡിയോകളില്‍ ഒന്ന് പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ നിന്നുളളതാണ്. ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗീയതയുടെ ചീഞ്ഞുനാറുന്ന എപ്പീസോഡുകളില്‍ ഒന്ന്. 

അവര്‍ തമ്മിലുള്ള വഴക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന്റെ കാര്യകാരണങ്ങളിലേക്കു കടക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. ഈ ദേവാലയത്തിന്റെ ഭരണാധികാരം 1934 ലെ ഭരണഘടന അനുസരിച്ചു മാത്രമായിരിക്കുമെന്നു പരമോന്നത നീതിപീഠം വിധികല്‍പ്പിച്ചു. അതനുസരിച്ച് ഓര്‍ത്തഡോക്‌സ് പക്ഷം ദേവാലയത്തില്‍ പ്രവേശിക്കാന്‍ ചെല്ലുകയും യാക്കോബായ പക്ഷം അതു തടയുകയും ചെയ്തു. ദേവാലയ മുറ്റത്തുള്ള പന്തലില്‍ രണ്ടുകൂട്ടരും ഇടതും വലതുമായി ഇരുന്നു. നടുവില്‍ കഥയറിയാതെ ആട്ടം കാണുന്നതുപോലെ കുറെ പോലീസുകാര്‍ നിര്‍വ്വികാരരായി ഇരുന്നു. 

അവര്‍ ഇടത്തോട്ടു നോക്കി. നീതിപീഠം തീര്‍പ്പുകല്‍പ്പിച്ചതിന്റെ പേരില്‍ അവകാശവുമായി എത്തിയ രണ്ടു തിരുമേനിമാരും ഏതാനും പുരോഹിതന്മാരും കുറച്ച് അല്‍മായരും. അവര്‍ മറുവശത്തേക്കു നോക്കി. 'കോടതി എന്തും വിധിക്കട്ടെ, അതു ഞങ്ങള്‍ക്കു ബാധകമല്ല' എന്ന മട്ടില്‍ ഇരിക്കുന്ന നാലു തിരുമേനിമാരും കുറെ പുരോഹിതന്മാരും കൂടുതല്‍ അല്‍മായരും. 

ക്രമേണ രംഗം ചൂടു പിടിക്കയാണ്. യാക്കോബായ പക്ഷം മുദ്രാവാക്യം വിളി കടുപ്പിച്ചു. അണികളുടെ വീറും വാശിയും കണ്ട് മുമ്പിലിരിക്കുന്ന തിരുമേനിമാര്‍ സന്തോഷിക്കുന്നു. ഓര്‍ത്തഡോക്‌സ് പക്ഷം ആള്‍ബലത്തില്‍ കുറവായതുകൊണ്ടാവാം അനങ്ങുന്നില്ല. തുടര്‍ന്ന് മുദ്രാവാക്യം വിളി ആക്രോശമായി മാറി. ഇടതുവശത്തേക്കു നോക്കി മുഷ്ടി ചുരുട്ടിക്കൊണ്ട് ഉറക്കെ വിളിച്ചു. കയ്യും വെട്ടും കാലും വെട്ടും, വേണ്ടിവന്നാല്‍ തലയും വെട്ടും!

അണികളുടെ ചോര തിളക്കുന്നതു കണ്ട് മുമ്പിലിരിക്കുന്ന തിരുമേനിമാര്‍ അന്യോന്യം നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇടതുവശത്തേക്കു ക്രുധമായി നോക്കി. ഏതാനും പോലീസുകാര്‍ കൊലവിളി നടത്തുന്നവരെ ഒന്നുനോക്കിയെങ്കിലും മറ്റുള്ളവരെല്ലാം നിര്‍വ്വികാരരായി നിന്നതേയുള്ളൂ. 

ഈ കൊലവിളിയെ ന്യായീകരിക്കുന്ന തിരുമേനിമാരോടും മറ്റു വൈദികരോടും എനിക്കൊന്നേ ചോദിക്കാനുള്ളൂ. ക്രൈസ്തവ പുരോഹിതര്‍ എന്ന നിലയില്‍ നിങ്ങളുടെ ദൗത്യമെന്താണ്? കേരളത്തില്‍ ജാതിമതഭേദമെന്യേ ജനങ്ങള്‍ ക്രൈസ്തവ പുരോഹിതന്മാരെ  വഴിയില്‍ കണ്ടാല്‍ പോലും വളരെ ബഹുമാനത്തോടെ വീക്ഷിക്കുന്ന സംസ്‌ക്കാരമാണുള്ളത്. നിങ്ങള്‍ ധരിക്കുന്ന വസ്ത്രം കണ്ടാണ് നിങ്ങളെ അറിയാത്തവര്‍പോലും നിങ്ങള്‍ പുരോഹിതന്മാരാണെന്നു മനസ്സിലാക്കി ആദരിക്കുന്നത്. 

നിങ്ങളെ അവര്‍ ക്രിസ്തുവിന്റെ പ്രതിനിധിയായിട്ടാണു കാണുന്നത്. അതുകൊണ്ടാണ് നിങ്ങളുടെ മുമ്പില്‍ വന്നു കുനിഞ്ഞിരുന്നു കുമ്പസാരിക്കുന്നത്. അതുകൊണ്ടാണ് അവരുടെ മക്കളുടെ വേദപാഠം ക്ലാസുകള്‍ക്കോ ദേവാലയ ശുശ്രൂഷയ്‌ക്കോ വേണ്ടി അവര്‍ നിങ്ങളുടെ അടുത്തേക്കു പറഞ്ഞയച്ചിരുന്നത്. പണ്ട് വൈദികവൃത്തി ദൈവവിളിയിലൂന്നിയ നിയോഗമായിരുന്നു. പഴയകാലത്തെ വൈദികര്‍ അര്‍പ്പണ ബോധത്തോടെ വരച്ചുകാട്ടിയ ജീവിതശൈലി സമ്പാദിച്ച ബഹുമാനവും ആദരവുമാണ് നിങ്ങള്‍ക്കും കിട്ടിക്കൊണ്ടിരുന്നത്. 

ഇന്നും ആദരിക്കപ്പെടേണ്ട വൈദികര്‍ വളരെയേറെയുണ്ട്. പക്ഷേ സമൂഹ മാധ്യമങ്ങളില്‍ നിഴലിക്കുന്ന ന്യൂനപക്ഷമാണ് (അതോ ഭൂരിപക്ഷമാണോ)  ഇന്നു പുരോഹിതവര്‍ഗ്ഗത്തിനെ മുഴുവന്‍ അപമാനപാത്രമാക്കി മാറ്റിയിരിക്കുന്നത്. ഇന്നു വൈദീകവൃത്തി പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് ഭൂരിഭാഗം ജനങ്ങളും കരുതുന്നത്. അതില്‍ അവരെ കുററം പറയാനും പറ്റില്ല. നാട്ടില്‍ പല വൈദികരും തിരുമേനിമാരും ഓരോ കൂദാശ നിര്‍വ്വഹിക്കുന്നതിനും അവരവരുടേതായ നിരക്കു വച്ചിട്ടുണ്ട്. സ്വന്തമായി പ്രസ്ഥാനങ്ങളില്ലാത്ത തിരുമേനിമാര്‍ നേതൃത്വത്തിന് അപ്രിയരാണ്. വസ്തു കച്ചവടവും പണപ്പിരിവും കേസും വഴക്കും പീഡനവും രോഗശാന്തി ശുശ്രൂഷയെന്ന പേരിലുള്ള തട്ടിപ്പും വെട്ടിപ്പും സ്വാര്‍ത്ഥ ലാഭത്തിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനവും വിശുദ്ധമായ കൂദാശകളെ ജാലവിദ്യക്കാരനെപ്പോലെ പ്രഹസനമാക്കി മാറ്റുന്ന കണ്‍കെട്ടു വിദ്യയും  സഭകള്‍ക്ക് അംഗീകരിക്കപ്പെട്ട വ്യവസ്ഥിതിയായി മാറിയിരിക്കുന്നു.

ക്രിസ്തുവിന്റെ ക്രൂശു മരണത്തിന്റെ വേദനയില്‍ പങ്കാളിയാകാനുള്ള തയ്യാറെടുപ്പിനായി വിശ്വാസികള്‍ നാല്‍പ്പതു ദിവസം നോമ്പനുഷ്ഠിക്കുകയും ധ്യാനങ്ങളില്‍ പങ്കുകൊള്ളുകയും കുമ്പസാരിക്കയുമൊക്കെ വേണമെന്ന് ജനങ്ങളെ ആഹ്വാനം ചെയ്തിട്ട് നിങ്ങള്‍ കാട്ടികൂട്ടുന്ന പേക്കൂത്തുകള്‍ കാണുമ്പോള്‍ യേശുക്രിസ്തു പരീശന്മാരെ സംബോധന ചെയ്തകാര്യമാണ് ഓര്‍മ്മവരുന്നത്.

നിങ്ങള്‍ കൊലവിളി നടത്തുകയും അനീതിയുടെയും അക്രമണത്തിന്റെയും അപ്പോസ്‌തോലന്മാരാകുകയും ചെയ്യുമ്പോള്‍ അവഹേളിക്കപ്പെടുന്നത് പൗരോഹിത്യവര്‍ഗ്ഗം മാത്രമല്ല, ക്രൈസ്തവ സമൂഹം മാത്രവുമല്ല, എല്ലാ മതവിശ്വാസികളുമാണ്. മനുഷ്യനെ  നന്നായി നയിക്കാന്‍ വിഭാവനം ചെയ്തവയാണ് മതങ്ങള്‍. എന്നാല്‍ ഇന്നു മാനവരാശിക്ക് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നത് ഈ മതങ്ങള്‍ തന്നെയാണ്.

ഈ അവഹേളനം ഒഴിവാക്കാന്‍ ഒരുപാധി നിര്‍ദ്ദേശിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കട്ടെ. കുരിശും ധരിച്ചുകൊണ്ട് ചെകുത്താന്റെ പ്രതിനിധികളായി അക്രമത്തിനു നേതൃത്വം കൊടുക്കുന്ന വൈദികരും തിരുമേനിമാരും ഒരുകാര്യം ഓര്‍ക്കണം. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ നിങ്ങളെ ഞങ്ങള്‍ തിരിച്ചറിയുന്നത് നിങ്ങളുടെ വേഷവിധാനം കൊണ്ടാണ് അതുകൊണ്ട് ഇനി ജനത്തിനു മുമ്പില്‍ സംസ്‌ക്കാരമില്ലാത്തവരായി അഴിഞ്ഞാടുമ്പോള്‍ ആ കുപ്പായവും തൊപ്പിയുമൊക്കെ ഊരി വച്ചിട്ട് ഒരു മുണ്ടോ കൈലിയോ ഉടുത്ത് ഒരു ബനിയനോ ഷര്‍ട്ടോ കൂടി ധരിച്ച് ഇരിക്കുക. ശിരോവസ്ത്രം നിര്‍ബന്ധമാണെങ്കില്‍ ഒരു തോര്‍ത്തോ തൂവ്വാലയോ എടുത്ത് തലയില്‍ കെട്ടുകയുമാകാം. അപ്പോള്‍ അധികമാര്‍ക്കും നിങ്ങളെ തിരിച്ചറിയാനാവില്ലല്ലോ. അതുകൊണ്ട് വിശ്വാസികള്‍ക്കും നാണക്കേടുണ്ടാകില്ല. കാലം മാറുന്നതിനനുസരിച്ച് ആചാരങ്ങളും മാറണമല്ലോ. മതവിശ്വാസങ്ങളില്‍ ഞങ്ങളെകെട്ടിയിടുന്ന ചങ്ങലകളാണു നിങ്ങള്‍. ആ ചങ്ങലകള്‍ക്കു ഭ്രാന്തു പിടിച്ചാല്‍ പിന്നെ എന്തുചെയ്യും?

സഭാ വഴക്ക്: ചങ്ങലകള്‍ക്കു ഭ്രാന്തു പിടിക്കുമ്പോള്‍- (ബാബു പാറയ്ക്കല്‍)
Join WhatsApp News
Ninan Mathulla 2019-03-29 20:07:14
Powerful words
Words of Wisdom 2019-03-29 20:46:41
നിങ്ങള്‍ കൊലവിളി നടത്തുകയും അനീതിയുടെയും അക്രമണത്തിന്റെയും അപ്പോസ്‌തോലന്മാരാകുകയും ചെയ്യുമ്പോള്‍ അവഹേളിക്കപ്പെടുന്നത് പൗരോഹിത്യവര്‍ഗ്ഗം മാത്രമല്ല, ക്രൈസ്തവ സമൂഹം മാത്രവുമല്ല, എല്ലാ മതവിശ്വാസികളുമാണ്. മനുഷ്യനെ  നന്നായി നയിക്കാന്‍ വിഭാവനം ചെയ്തവയാണ് മതങ്ങള്‍. എന്നാല്‍ ഇന്നു മാനവരാശിക്ക് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നത് ഈ മതങ്ങള്‍ തന്നെയാണ്.
Beautiful words of Wisdom.
that is why i left the religion of any kind long ago.
Leave your religion and live free as a human and not as a slave- andrew

Anthappan 2019-03-29 21:27:13
There is no reason blaming leaders only. The problem is with the people. The uneducated people in religion and politics carry bad apples as their leaders and priests. And, many of them know that their followers are stupid and take advantage.  Trump spends more time colluding with Russians and religious leaders spend more time colluding with devil. (And they know that even Mueller cannot trace their collusion)  It is time to kick out these crooks and be free. 

 Know Why The Caged Bird Sings

The free bird leaps
on the back of the wind
and floats downstream
till the current ends
and dips his wings
in the orange sun rays
and dares to claim the sky.
But a bird that stalks down his narrow cage can seldom see through his bars of rage his wings are clipped and his feet are tied so he opens his throat to sing.
The caged bird sings with fearful trill of the things unknown but longed for still and his tune is heard on the distant hill for the caged bird sings of freedom The free bird thinks of another breeze and the trade winds soft through the sighing trees and the fat worms waiting on a dawn-bright lawn and he names the sky his own.
But a caged bird stands on the grave of dreams his shadow shouts on a nightmare scream his wings are clipped and his feet are tied so he opens his throat to sing The caged bird sings with a fearful trill of things unknown but longed for still and his tune is heard on the distant hill for the caged bird sings of freedom.
 
നിരീശ്വരൻ 2019-03-29 23:06:11
അന്തപ്പൻ പറയുന്നതിനോട് യോജിക്കാതിരിക്കാൻ കഴിയില്ല.  വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല മനുഷ്യന് ചിന്തിക്കാനും കഴിയണം. അതല്ലെങ്കിൽ ഈ മതം എന്ന പുലിവാലിൽ പിടിച്ചു ചുറ്റിക്കൊണ്ടിരിക്കും .  ആവശ്യത്തിലധികം കോളേജ് വിദ്യാഭ്യസമുള്ളവരും, പള്ളിയുടെ അൾത്താരക്ക് മുൻപിൽ മുട്ട് കുത്തി നിന്ന് പുറത്തെവിടെയോ ഇരിക്കുന്ന ദൈവം എന്ന് പേരുകൊടുത്തു വിളിക്കുന്ന ഒരു ശക്തിയോട് എന്തൊക്കൊയോ ആവശ്യ പെടുകയും അത് സാധിച്ചു കിട്ടാൻ ആ ശക്തിയുടെ സൂക്ഷിപ്പുകാരായ പുരോഹിത വർഗ്ഗത്തിന് കൈക്കൂലി കൊടുത്ത് അനുഗ്രഹം വാങ്ങിച്ചു പോകുന്നത് കാണുമ്പോൾ എന്റെ ചിന്തിക്കാനുള്ള കഴിവിൽ എനിക്ക് അഭിമാനം തോന്നാറുണ്ട് .ഇതെന്റെ ആന്തരിക സ്വാതന്ത്ര്യത്തിൽ നിന്ന് വരുന്ന ചിന്തയാണ് . അഹന്തയിൽ നിന്നല്ല . ഇത് നിങ്ങൾക്കും ആകാം , ഒരു പൈസയും വേണ്ട  

ജീവിതത്തിൽ കാണാത്ത ഒന്നിനെ വിശ്വസിക്കാത്ത മനുഷ്യന് ഈ ദൈവം എന്ന അദൃശ്യ ശക്തിയെ വലിയ വിശ്വാസമാണ് .   ഒരു അദ്ര്ശ്യ ശക്തിയുണ്ടെന്ന് തെറ്റ് ധരിപ്പിച്ചു ജീവിതത്തിൽ പൈസ ഉണ്ടാക്കാൻ കഴിയുന്നതുപോലെ ഇത്രമാത്രം എളുപ്പം ഉള്ള വിദ്യ വേറെയില്ല . 

ചങ്ങൾക്ക് ഭ്രാന്ത് പിടിച്ചാലും ഇവന്മാരിട്ടിരിക്കുന്ന ചങ്ങല പൊട്ടില്ല സുഹൃത്തേ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല . ഇത് പൊട്ടിക്കാൻ വന്നവനെല്ലാം പൊട്ടി തെറിച്ചിട്ടേയുള്ളു. അതുകൊണ്ടു നാട് നന്നാക്കാൻ നോക്കാണ്ട . സ്വാതന്ത്രനാകാൻ നോക്കു 

കവിതയും നന്നായിരിക്കുന്നു. അവരെ പോലുള്ളവരെ ഇന്ന് കാണാനില്ല.  കവിത എഴുതുന്നതവർ  ട്രംപിനെ കുറിച്ചും, ബിഷൊപ്പ് മാരെക്കുറിച്ചും സന്യസിമാരെ കുറിച്ചുമാണ് . അവരെ സ്മരക്ഷിക്കാൻ വേണ്ടി ജീവൻ കൊടുക്കാൻ തയാറായിട്ടുള്ള മലയാളികൾ ധാരാളം ഉണ്ട് . ജിം ജോൺസിനെയും , ഡേവിഡ് കോരേഷിനെയും ഒക്കെ പിന്തുടർന്ന് ചെയാത്തതുപോലെ ആർക്കും സംഭവിക്കാതിരിക്കട്ടെ 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക