Image

ധീര സമീരേ യമുനാ തീരെ... (ജ്യോതിലക്ഷ്മി നമ്പ്യാര്‍)

ജ്യോതിലക്ഷ്മി നമ്പ്യാര്‍ Published on 30 March, 2019
ധീര സമീരേ യമുനാ തീരെ... (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
മക്കളും,  കൊച്ചുമക്കളും എല്ലാവരും കൂടി ഒത്തുചേരുന്നത് വല്ലാത്ത ഒരു സന്തോഷം തന്നെയാണെന്ന്  എപ്പോഴും 'അമ്മ ആഗ്രഹം പ്രകടിപ്പിയ്ക്കും. ഈ വേനല്‍ അവധി അമ്മയുടെ ആഗ്രഹം പോലെത്തന്നെ  അമ്മയുടെ അടുത്തുതന്നെ എന്ന് മക്കളെല്ലാവരും തീരുമാനിച്ചു. സ്വാതിയും, ചേച്ചിമാരും, സഹോദരനും  എല്ലാവരുടെയും കുടുംബവും നിറഞ്ഞ ആഹ്ലാദത്തിന്റെ ആരവം ഉയര്‍ന്നുപൊങ്ങുകയാണ് ഓര്‍മ്മകളില്‍ ഉറങ്ങിക്കിടന്ന ആ തറവാട്ടില്‍ ഇന്ന്. കവുങ്ങും തെങ്ങും  നിറഞ്ഞ വിശാലമായ തൊടിയുടെ  ശീതളഛായയില്‍ കുനികുത്തിയോടുന്ന പശുകുട്ടിയ്ക്കു പിന്നാലെ ഓടുകയാണ് കുട്ടികളെല്ലാവരും. ചിരിയും തമാശകളും തുകില്‍കൊട്ടുന്ന ഉത്സവമാണിന്നവിടെ. തെക്കേ ഉമ്മറത്തിരുന്നു കുഞ്ഞിനെ മുലയൂട്ടികൊണ്ടിരുന്ന സ്വാതി കുട്ടികളുടെ  ആഹ്ലാദത്തില്‍ മുഴുകി കൗമാരം തന്നില്‍നിന്നും തട്ടിത്തെറിപ്പിച്ച ബാല്യം അയവിറക്കികൊണ്ടിരിയ്ക്കുകയാണ്. ഉണ്ണിക്കുട്ടന്റെ നനഞ്ഞ തുണികള്‍ മാറ്റി കുഞ്ഞുടുപ്പ് ഇട്ടുകൊടുക്കാനും, അവനെ ചിരിപ്പിയ്ക്കാനും കളിപ്പിയ്ക്കാനും ഒരു സേവകനെപ്പോലെ ഭര്‍ത്താവ് ഗോകുല്‍ തൊട്ടടുത്തുനിന്ന് അവളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. ഇടയ്‌ക്കെന്തൊക്കെയോ അവളുടെ ചെവിയില്‍ പറഞ്ഞു  പരസ്പരം നോക്കി ചിരിയ്ക്കുന്നു. എന്നാല്‍ കുട്ടികളുടെ ആഹ്ലാദത്തിലുപരി അമ്മയില്‍ ആനന്ദം നല്‍കിയിരുന്നത് സ്വാതിയും ഗോകുലും തമ്മിലുള്ള സ്‌നേഹമായിരുന്നു. അത് ആസ്വദിച്ച് മനസ്സുനിറഞ്ഞ അമ്മ സ്വയം പറഞ്ഞു  'കണ്ടില്ല്യേ എന്റെ കുട്ടിയുടെ സന്തോഷം സ്വാതി കൊട്ടുന്നതിന് ഒപ്പം തുള്ളുന്ന ഭര്‍ത്താവ്! ഇങ്ങിനെ അവളെ കാണാന്‍ പറ്റും എന്ന് വിചാരിച്ചോ. എല്ലാം തറവാടിന്റെ സുഹൃദവും മുറ്റത്തെ ഭഗവതിയുടെ അനുഗ്രഹവുമാണ്. സന്തോഷായി എനിയ്ക്ക്'. അമ്മയുടെ ഈ ആശ്വാസത്തിലും കാരണമുണ്ട്.  

ഇത് സ്വാതിയുടെ രണ്ടാം വിവാഹമാണ്. വേണമെങ്കില്‍ അവളിലെ പുനര്‍ജ്ജനി എന്നും പറയാം. പഠനം കഴിഞ്ഞ ഉടനെ ഇനി കാത്തിരുന്നാല്‍ പ്രായം പോകും എന്നും പറഞ്ഞു വീട്ടുകാര്‍ ആലോചിച്ച് പരസ്പരം സംസാരിച്ച് ജാതകത്തില്‍ പത്തില്‍ എട്ടും പൊരുത്തം തികച്ചുമുണ്ട് എന്നറിഞ്ഞു നടത്തിയ വിവാഹമായിരുന്നു  അയാളാണെങ്കില്‍ സുന്ദരനും, സുശീലനും നല്ല സാമ്പത്തികശേഷി ഉള്ളവനും ആയിരുന്നു. എന്നാല്‍ ഈ പണത്തിനോ സൗന്ദര്യത്തിനോ സ്വാതി ആഗ്രഹിച്ച ഒരു ഭര്‍ത്താവായി അവള്‍ക്കുവേണ്ട സ്‌നേഹം നല്‍കാനായില്ല. അവളിലെ ക്ഷമ അങ്ങേയറ്റം പരിശ്രമിച്ചിട്ടും ഒരു നല്ല ഭര്‍ത്താവാക്കുന്നതില്‍ അവള്‍ പരാജയപ്പെട്ടു. അയാള്‍ തന്നില്‍നിന്നും പ്രതീക്ഷിച്ചത് ഒരു സഹോദരിയുടെ സ്‌നേഹമാണോ എന്ന് അവള്‍ക്കു തോന്നി. അവളെ ഒരു അമ്മയാക്കാനുള്ള പൗരുഷം അയാളിലുണ്ടായിരുന്നോ എന്നവള്‍ സംശയിച്ചു. ജീവിതപങ്കാളിയില്‍ നിന്നും കൊച്ചു കൊച്ചു സന്തോഷങ്ങളും, കുസൃതിയും, പങ്കിടലും ആഗ്രഹിച്ച് വിവാഹ ജീവിതം ആരംഭിച്ച സ്വാതിയുടെ ഈ പരാജയം  ചൊറുചൊറുക്കും, ഉത്സാഹവും നഷ്ടപ്പെട്ടു അവളെ ഊതികെടുത്തിയ ഒരു നിലവിളക്കുപോലെയാക്കി. ഇന്നവള്‍ക്ക് കൂട്ടായി ജോലിയും, സങ്കല്‍പ്പങ്ങളെ മനസ്സിന്റെ ക്യാന്‍വാസില്‍ വരച്ചു മാച്ച് കളയുന്ന മൗനവും, ഈശ്വരവിശ്വാസവും മാത്രമായി. മനുഷ്യനോട് പറയാന്‍ വിശ്വാസമില്ലാത്ത മനസ്സിന്റെ നൊമ്പരങ്ങള്‍ ഒരിയ്ക്കലും ചതിയ്ക്കാന്‍ കഴിയാത്ത കരിങ്കല്‍ വിഗ്രഹങ്ങളോടു പങ്കുവയ്ക്കാന്‍ തീരുമാനിച്ച് രാവിലെ ഭഗവാനുമായുള്ള ഒരു കൂടിക്കാഴ്ച അവള്‍ പതിവാക്കി. 

ഉച്ചഭക്ഷണത്തിനിരിയ്ക്കുമ്പോഴാണ് പുതിയതായി സ്ഥലം മാറിവന്ന അയാളെ കൂട്ടുകാരി അവള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്. അധികം സംസാരിയ്ക്കാന്‍ ഇഷ്ടപ്പെടാത്ത സ്വാതി ഒരു പുഞ്ചിരിയില്‍ ആ സൗഹൃദം ഒതുക്കി. എങ്കിലും ആദ്യ കൂടികാഴ്ചയില്‍ എവിടെയോ കണ്ടുമറന്ന ഒരു ബന്ധം അവള്‍ക്ക് അനുഭവപ്പെട്ടു. പതിവായുള്ള  കൂടിക്കാഴ്ച്ച അവരുടെ സൗഹൃദത്തെ പുഞ്ചിരിയില്‍ നിന്നും ഒരു നോട്ടത്തിലേക്കെത്തിച്ചു. അതിനപ്പുറത്തേയ്ക്ക് ചുവടുവയ്ക്കാന്‍ രണ്ടുപേരും ശ്രമിച്ചില്ല.
അന്ന് അവിചാരിതമായാണ് രണ്ടുപേരും അമ്പലത്തില്‍ കണ്ടുമുട്ടിയത്. അവിടെയും ഒരു പുഞ്ചിരിയില്‍ മാത്രം ഒതുക്കിനിര്‍ത്താന്‍ ശ്രമിച്ച സ്വാതിയോടു അയാള്‍ ചോദിച്ചു ഇയാളും ഒരു കൃഷ്ണഭക്തയാണോ? ഇതറിഞ്ഞിരുന്നെങ്കില്‍ എവിടെയാണ് അമ്പലം എന്ന് ഇത്രയും പേരോട് ചോദിയ്‌ക്കേണ്ടിയിരുന്നില്ല' 
'അതെ' ഒരേ ഒരു വാക്കില്‍  മറുപടി ഒതുക്കി അവള്‍ ഇറങ്ങി നടന്നു. 
ക്രമേണ പലദിവസങ്ങളിലും ഒത്തുചേര്‍ന്ന ഈ കൂടികാഴ്ച പുഞ്ചിരിയില്‍ ഒതുങ്ങി നിന്ന സൗഹൃദത്തെ വാചകങ്ങളാക്കി പലപ്പോഴും മാറ്റി എന്നത് സൗഹൃദത്തിന്റെ ഒരു വളര്‍ച്ചയായിരുന്നു. എന്നിരുന്നാലും വ്യക്തിപരമായ വിഷയങ്ങള്‍ സംസാരവിഷയമാകുമ്പോള്‍ അവളില്‍ തെന്നി മാറാനുള്ള ഒരു പ്രവണത അയാള്‍ ശ്രദ്ധിച്ചു. ഈ തെന്നിമാറല്‍ കൂടുതല്‍ അവളെക്കുറിച്ച് അറിയണമെന്ന് ആഗ്രഹമായി  അയാളില്‍ വളര്‍ന്നു.

ഒരു തമാശയെന്നോണം അയാള്‍ ചോദിച്ചു 'ഒരു സ്ത്രീയ്ക്ക് അവളുടെ ഭര്‍ത്താവ് ദൈവമല്ലേ പിന്നെയെന്തിന് എന്നും പതിവായി ഇവിടെ വരുന്നു?' 
'എന്റെ ഭര്‍ത്താവ് അതിനു ദേവനല്ലല്ലോ? മനുഷ്യന്  ദൈവമാകാന്‍ കഴിയില്ലല്ലോ? മാത്രമല്ല  ഭര്‍ത്താവ് ദൈവമാണെങ്കില്‍ സുമംഗലികളായ സ്ത്രീകള്‍ക്ക് ക്ഷേത്രദര്‍ശനത്തിന്റെ ആവശ്യമില്ലല്ലോ' എന്നവള്‍ അയാളുടെ ജിജ്ഞാസ  മനസ്സിലാക്കികൊണ്ടെന്നോണം പറഞ്ഞു
മറുപടിയില്‍ ഒരല്‍പ്പം ഗൗരവസ്വരം ഉള്ളതായി തോന്നി. ഞാന്‍ സ്വാതിയോടു ചോദിച്ചത് തെറ്റായിപ്പോയോ എന്നയാള്‍ ചിന്തിച്ചു. 

സ്വാതിയോടു നേരിട്ട് ക്ഷമ ചോദിയ്ക്കണം എന്ന് തോന്നി. പക്ഷെ എന്തോ ഒരു ധൈര്യക്കുറവ്.. ക്ഷമ ചോദിയ്ക്കാതിരിയ്ക്കാനും വയ്യ. അയാള്‍ ഒരു പേപ്പറില്‍ സോറി എന്നെഴുതി  അതില്‍ ഒരു പൂവും  ചേര്‍ത്തുവച്ച് സ്വാതിയുടെ ഓഫീസ് ടേബിളില്‍ വച്ചു. കണ്ട മാത്രയില്‍ സ്വാതിയ്ക്കു മനസ്സിലായി ഇതാരായിരിയ്ക്കും വച്ചിട്ടുണ്ടാകുക എന്ന്. അയാളുടെ കുസൃതിയില്‍ അവള്‍ സ്വയം മനസ്സില്‍ ചിരിച്ചു. ഫോണെടുത്ത് അയ്യാളുടെ നമ്പര്‍ കറക്കി വളരെ ഗൗരവത്തോടെ ചോദിച്ചു. ' ഇയാളാണോ എന്റെ ടേബിളില്‍ പൂ വച്ചത് '
'അതെ' ആ ഗാംഭീര്യ ശബ്ദത്തിനു മറുപടിയായി താഴ്ന്ന  സ്വരത്തില്‍  പറഞ്ഞു,
'ഞാന്‍ ഇയാളോട് പല പ്രാവശ്യം പറഞ്ഞു ഞാന്‍ വിവാഹിതയാണെന്നു. ഇത്തരത്തിലെല്ലാം പെരുമാറാന്‍ ഇയാളിത് കോളേജ് ക്യാമ്പസ്സാണെന്നു കരുതിയോ?' സ്വാതി ഗൗരവത്തില്‍ തന്നെ ചോദിച്ചു.

ഈ ഗൗരവം അയാളെ ഒന്ന് നടുക്കി. വീണ്ടും ഒരുപാട് പ്രാവശ്യം സ്വാതിയോടു ക്ഷമ  പറഞ്ഞു. 'ദേഷ്യപ്പെടാതെ എനിയ്ക്കു പറയാനുള്ളത് ദയവായി കേള്‍ക്കണം. എന്നും ഞാന്‍ അമ്പലത്തില്‍ കാണുന്ന സ്വാതി ഇതില്‍ നിന്നും വ്യത്യസ്തയാണ്. പലപ്പോഴും എനിയ്ക്ക് ഒരു ദേവിരൂപമെന്നു തോന്നാറുണ്ട്. ഭഗവാന് മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍,  ആ മുഖത്ത് ലക്ഷ്മീദേവിയുടെ ഐശ്വര്യവും, കുലീനത്വവും ചൈതന്യവും എനിയ്ക്ക് അനുഭവപ്പെടാറുണ്ട് എങ്കിലും ആ ഭാവങ്ങള്‍ക്കിടയിലും അടക്കിപ്പിടിച്ച ഒരു നെടുവീര്‍പ്പ് എനിയ്ക്കനുഭവപ്പെടാറുണ്ട്. അതിനാല്‍ സ്വാതിയെക്കുറിച്ച് കുടുതലായറിയാന്‍ എനിയ്ക്ക് ആകാംക്ഷ തോന്നി എന്നുള്ളത് സത്യമാണ് ...' അയാള്‍ തുടര്‍ന്നു.
ഒരു സ്ത്രീയെ മനസ്സിലാക്കാന്‍ കഴിവുള്ള ഒരു നല്ല മനസ്സ്. ' അവള്‍ മനസ്സിലോര്‍ത്തു എങ്കിലും അയാളെ അധികം   വാചാലനാക്കാതിരിയ്ക്കാന്‍, സംഭാഷണത്തിന്റെ ഗതി മാറ്റാന്‍ ഒരു അല്‍പ്പം നര്‍മ്മം കലര്‍ത്തി അവള്‍ ചോദിച്ചു.

'അപ്പോള്‍ അമ്പലത്തില്‍ വരുന്നവരുടെ ഭാവമാറ്റം ശ്രദ്ധിയ്ക്കാനാണല്ലെ 'കൃഷ്ണഭക്തി' എന്നും പറഞ്ഞു വരുന്നത്? അതോ കൃഷ്ണന്റെ ഗോപികമാരില്‍ ഒരാളെ തട്ടിക്കൊണ്ടു പോകാനോ?' 
മനസ്സില്‍ ഒരല്‍പം കുളിരു പെയ്തതുപോലെ അയാള്‍ക്കനുഭവപ്പെട്ടു . അയ്യാള്‍ പറഞ്ഞു ' ഞാന്‍ ഗോകുല്‍, സാക്ഷാല്‍ ശ്രീകൃഷ്ണന്റെ ബാല്യ കൗമാരങ്ങള്‍ ചിലവഴിച്ച സ്ഥലനാമധാരി. കൃഷ്ണന്‍ തന്റെ പ്രേമഭാജനമായ രാധയെ കണ്ടുമുട്ടിയത് അവിടെ വെച്ചാണ്. എനിയ്ക്കും ഗോപികയെയല്ല പ്രണയത്തിന്റെ പര്യായമായ രാധയെത്തന്നെയാണ് വേണ്ടത്. സാക്ഷാല്‍ കൃഷ്ണന്റെ സഹായത്തോടെ എനിയ്ക്കും ഒരു രാധയെ കണ്ടെത്താന്‍  കഴിഞ്ഞെങ്കില്‍. ഈ ആവശ്യം എന്നും ആ നടയില്‍ കണ്ണടച്ച് പറയാറുണ്ട്.  ഈ അടുത്ത ദിവസം മനസ്സുരുകി കൃഷ്ണനോട് ഇക്കാര്യത്തിനായി പ്രാര്‍ത്ഥിച്ച് കണ്ണുതുറന്നപ്പോളാണ് ഞാന്‍ സ്വാതിയെ കണ്ടത് . എന്റെ സങ്കല്‍പ്പത്തിലെ അതേ രൂപം. കൃഷ്ണന്‍ സ്വാതിയിലുടെ ഞാന്‍ ആവശ്യപ്പെട്ട രാധയെ കൊണ്ടുതന്നതു പോലെ'
'ദേ പല പ്രാവശ്യം ഞാന്‍ പറഞ്ഞതാണ് ഞാന്‍ വിവാഹിതയാണെന്നു' ഇനിയും എന്നെ രൗദ്രരൂപിണിയാക്കരുത്'സ്വാതി പറഞ്ഞു. ഗോകുലിനോട് അങ്ങിനെയൊക്ക പറഞ്ഞെങ്കിലും അയാളിലെ മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവ്, ആത്മാര്‍ത്ഥത, നര്‍മ്മം, സ്‌നേഹം എന്നിവ സ്വാതി ഇഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. കഴുത്തിലണിഞ്ഞ താലിയില്‍ പിടിച്ചവള്‍ ഓര്‍ത്തു 'നാലഞ്ചു വര്‍ഷമായി ഞാന്‍ അണിഞ്ഞു നടക്കുന്ന നിര്ബബന്ധിതമായും ഔദ്യോഗികമായും രണ്ടു മനസ്സുകള്‍ ചേര്‍ക്കുന്ന ഈ മുദ്രയ്ക്ക് ഉപയോഗിയ്ക്കാതെ മാറ്റു കുറഞ്ഞിരിയ്ക്കുന്നു
എന്നാലും ബന്ധങ്ങളെയും ബന്ധനങ്ങളെയും കൊണ്ട് ഉറപ്പിയ്ക്കപ്പെട്ട ഇത് പൊട്ടിയ്ക്കാന്‍ എനിയ്ക്ക് ശക്തിയില്ലല്ലോ?' അത് പൊട്ടിയ്ക്കാന്‍ എനിയ്ക്കാകുമോ?  സല്‍സ്വഭാവിയും സുമുഖനും നല്ല ഉദ്യാഗസ്ഥനുമായ ഗോകുല്‍ എന്തിനാണ് വിവാഹിതയായ എന്നില്‍ അവന്റെ രാധയെ പ്രതിഷ്ഠിയ്ക്കുന്നത്?  

അവളുടെ ഈ പറച്ചിലൊന്നും കണക്കിലെടുക്കാതെ അവളെ കുറിച്ച് കൂടുതല്‍ അറിയാന്‍ തന്നെ ഗോകുല്‍ തീരുമാനിച്ചു. അവന്‍ തുടര്‍ന്നു ' അതിനെന്താ കൃഷ്ണന്റെ രാധയും വിവാഹിതയായിരുന്നു' 

'അപ്പോള്‍ ഗോകുല്‍ ഇവിടെ പ്രതീക്ഷിയ്ക്കുന്നത് ഒരു രാധാകൃഷ്ണ സമാഗമമാണോ?' അതിലൊന്നും താല്പര്യമില്ലാത്ത മട്ടില്‍ അവള്‍ സംഭാഷണം അവസാനിപ്പിച്ചു.
എങ്കിലും ഈ സംഭാഷണം, ഗോകുല്‍ വിവാഹിതയായ തന്നോട് കാണിയ്ക്കുന്ന അടുപ്പം എന്നിവ അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.  'അവന്‍ എന്നില്‍ ഉണ്ടെന്നു പറയുന്ന ദേവി രൂപം ശരിയാണോ? കൗമാരം മുതല്‍ ഒരു ജീവിത പങ്കാളിയ്ക്കായി ഞാന്‍ എന്റെ മനസ്സില്‍ നിന്നും    ഒഴുകാതെ കാത്തുവച്ച പരിശുദ്ധമായ സ്‌നേഹഗംഗ അവന്‍ കണ്ടെത്തിയോ? ' ഈ പുതിയ സൗഹൃദത്തെകുറിച്ചോര്‍ത്ത് കണ്ണടച്ചപ്പോള്‍ ആ രാത്രിയുടെ കരിമിഴികളില്‍ നിന്നും അവള്‍ക്കു മുന്നില്‍ ജ്വലിച്ചിറങ്ങുന്നത് ഒരുപാട് ചോദ്യ ചിന്ഹങ്ങളായിരുന്നു. സ്വയം ഉത്തരം കാണാന്‍ ശക്തിയില്ലാത്ത സമസ്യകള്‍. തിരിഞ്ഞും മറഞ്ഞും കിടന്നവള്‍ നിദ്രാദേവിയെ കെട്ടിപ്പുണര്‍ന്നു. 

രാവിലെ ഉണര്‍ന്നു അമ്പലത്തിലേയ്ക്ക് പോകുമ്പോള്‍ അന്നവളുടെ മനസ്സില്‍ എന്നത്തേയും പോലുള്ള സമര്‍പ്പണ ഭാവം മാത്രമായിരുന്നില്ല. ജീവിത യാത്രയിലെ സമസ്യകളുടെ ഉത്തരം തേടിയുള്ള ഒരു യാത്രയായി അവള്‍ക്ക് തോന്നി. ഭഗവാന് മുന്നില്‍  കൈകൂപ്പാന്‍ ഒരുങ്ങിയപ്പോള്‍ പുറകില്‍ നിന്നും ഗോകുലിന്റെ ശബ്ദം 'സ്വാതി രാധയെക്കുറിച്ച് കൃഷ്ണനോടൊന്നു ചോദിയ്ക്കണം. സ്വാതി തന്നെയാണോ ആ രാധയെന്നും.'കേട്ടിട്ടും കേള്‍ക്കാത്ത ഭാവത്തില്‍ മുഖം തിരിച്ച് സ്വാതി കൃഷ്ണന് മുന്നില്‍ കണ്ണടച്ച് കൈകൂപ്പി നിന്നു. തന്റെ മുന്നില്‍ തെളിഞ്ഞു വന്ന  ആ കൃഷ്ണരൂപം അവള്‍ മനക്കണ്ണുകൊണ്ട് അടിമുടി നോക്കിക്കണ്ടു. ഏതോ ഒരു ദിവ്യപ്രഭയില്‍ അവള്‍ കണ്‍തുറന്നു നോക്കിയപ്പോള്‍ ദിവസവും ഭഗവാന് സോപാന സംഗീതം പാടിരസിപ്പിയ്ക്കുന്ന അച്ച്യുതമാരാര്‍ അടുത്തുവന്നു പറഞ്ഞു 'ഇന്നുണ്ടായ ഒരു അതിശയം കേള്‍ക്കണോ കുട്ടിയ്ക്ക് ഞാന്‍ പ്രളയപ്പയോതി ജലേ….. പാടാന്‍ ഒരുങ്ങിയാണ് വന്നത് എന്നാല്‍ ഭഗവാന്‍ നിര്‍ബന്ധം പിടിയ്ക്കുംപോലെ പാടിവന്നപ്പോള്‍ ധീര സമീരേ യമുനാ തീരെ എന്ന കീര്‍ത്തനമായി. ഇന്നെന്തോ ഭഗവാന് ഒരു രാധാകൃഷ്ണ ഭാവം. കുട്ടി അതിലങ്ങോട്ട്  ലയിച്ചത് പോലെ തോന്നി '

മറുപടിയായി അവള്‍ ഒന്ന് അച്ച്യുതമാരാരെ നോക്കി ചിരിച്ചു. സ്വാതിയുടെ ഹൃദയമിടിപ്പ് കൂടി. എന്തോ ഒരു സമ്മതം അവള്‍ക്ക് കൃഷ്ണനില്‍ നിന്നും കിട്ടിയത് പോലെ. അവള്‍ ചുറ്റിലും ഗോകുലിനെ രാധ കൃഷ്ണനെ തേടുന്നത് പോലെ തേടി. പ്രദക്ഷിണ വഴിയിലൂടെ 
വിഷാദമൂകയായി നടക്കുമ്പോഴും അവള്‍ അവളിലെ കൃഷ്ണനെ തേടി. അപ്രതീക്ഷിതമായി പിന്നില്‍ നിന്നും ഒരു ചോദ്യം 'ഞാന്‍ പറഞ്ഞത് കൃഷ്ണനോട് ചോദിച്ചുവോ? അതിനുള്ള ഉത്തരം കിട്ടി എന്നത് എനിയ്ക്ക് കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാം' ഗോകുല്‍ അവള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടു.
എന്നാലും പിടികൊടുക്കാത്ത മട്ടില്‍ സ്വാതി പറഞ്ഞു ' ഗോകുല്‍ ഞാന്‍ പറഞ്ഞു ഞാന്‍ വിവാഹിതയാണ്' എന്നും ഈ ഉത്തരം ദേഷ്യത്തില്‍ പറയുന്ന സ്വാതിയുടെ സ്വരത്തില്‍ ഇന്ന് തെളിഞ്ഞു കണ്ടത് ഒരു നിസ്സഹായതയാണ്. 

അവിടെ നിന്നും ഇറങ്ങി നടന്ന സ്വാതിയുടെ മനസ്സില്‍ ഉണ്ണിക്കണ്ണനെ ഉരലില്‍ കെട്ടിയിട്ടപ്പോള്‍ ഉരലും വലിച്ച് ഓടിയ കൃഷ്ണന്‍ രണ്ടു വൃക്ഷങ്ങള്‍ക്കിടയിലൂടെ കടന്നതും അപ്പോള്‍ ആ വൃക്ഷങ്ങള്‍ക്ക് ശാപമോക്ഷം ലഭിച്ച് നളകുവരയെന്നും, മണിഗ്രീവയെന്നുമുള്ള രണ്ടു ഗന്ധര്‍വ്വന്‍മാരായി മാറിയ കഥ തെളിഞ്ഞുവന്നു.  ഇവിടെ സ്വാതിയുടെ മനസ്സിലെ സമസ്യകളുടെ ഭാരം കൃഷ്ണനെ ഏല്‍പ്പിച്ചപ്പോള്‍ കൃഷ്ണന്‍ ഇവര്‍ക്കും ശാപമോക്ഷം കൊടുത്തിരിയ്ക്കുന്നു, അതോടെ സ്വാതിയുടെ ശുഷ്‌കിച്ച വിവാഹജീവിതത്തിന്റെ കടപുഴകി വീണ് അവള്‍ക്ക് ഒരു പുതിയ ജീവിതത്തിലേയ്ക്കായുള്ള മോക്ഷം ലഭിച്ചു. അതേസമയം  തന്റെ രാധയെ തിരഞ്ഞു അലഞ്ഞു നടന്ന ഗോകുലിന് അതില്‍ നിന്നും മോക്ഷം നല്‍കാന്‍ സ്വാതിയെ കാണിച്ച് കൊടുത്തിരിയ്ക്കുന്നു.  അവര്‍ പരസ്പരം മനസ്സ് തുറന്നു ഒരു പുതിയ ജീവിതത്തിലേയ്ക്കുള്ള യാത്രയ്ക്കായി കൈപിടിച്ച് നടന്നു അധികം വൈകാതെ ആദ്യവിവാഹ മോചനം വാങ്ങി സ്വാതി ഗോകുലിന്റെ രാധയായി മാറി. അത് ഏതോ നിയോഗമായിരുന്നു., ദൈവനിശ്ചയമായിരുന്നു എന്ന് ഭക്തയായ സ്വാതി ഉറച്ചു വിശ്വസിച്ചു. സ്വാതിയുടെ ജീവിതം നൂപുരധ്വനികളാല്‍ ക്രിയാത്മകമായി. അവള്‍ സ്‌നേഹവും ആത്മാര്‍ത്ഥതയും കുസൃതിയും കൊണ്ട് അവളുടെ കൃഷ്ണനെ പൂജിച്ചുകൊണ്ടിരുന്നു സംതൃപ്തിയുടെ സ്‌നേഹത്തിന്റെ സന്തോഷത്തിന്റെ ഒത്തു ചേരലിന്റെ സുഗന്ധം ആ പൂജയില്‍ നിന്നും ഉയര്‍ന്നുപൊങ്ങി. 

സ്വാതിയുടെ ജീവിതത്തില്‍ വന്നുചേര്‍ന്ന ആ സുഗന്ധമാണ് അവളുടെ അമ്മ ഇന്ന് 'ആസ്വദിയ്ക്കുന്നത്. അത് മാത്രമല്ല എത്രയോ വിശിഷ്ടം എന്ന് പറയുന്ന ജാതങ്ങളുടെ പത്തില്‍ എട്ടു പൊരുത്തത്തെക്കാള്‍ എത്രയോ മഹത്തായതാണ് രണ്ടു മനസ്സുകള്‍ തമ്മിലുള്ള മനഃപൊരുത്തം എന്ന യാഥാര്‍ഥ്യത്തിന്റെ തിരിച്ചറിവില്‍ നിര്‍വൃതി കൊള്ളുകയാണ് ആ 'അമ്മ.

ധീര സമീരേ യമുനാ തീരെ... (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
Join WhatsApp News
P R Girish Nair 2019-03-30 10:13:54
നന്നായി എഴുതിയിരിക്കുന്നു. 

ശരിയാണ് വിവാഹത്തിന്  പൊരുത്തങ്ങൾ നോക്കുമ്പോൾ വിശിഷ്ടം രണ്ടു മനസ്സുകൾ തമ്മിലുള്ള പൊരുത്തം തന്നെ.  
അഭിനന്ദനം.
Sudhir Panikkaveetil 2019-03-30 13:38:34
രതിസുഖ സാരെ ഗതമഭി സാരെ 
മദന മനോഹര വേശം 
ന കുരു നിതംബിനി ഗമന വിളംബന 
അനസരതം ഹൃദയേശം 
ധീര സമീരെ യമുന തീരെ .....ജയദേവകവി തൂകിയ 
ദിവ്യഗീതത്തിലെ വരികൾ...

ശ്രീമതി നമ്പ്യാരുടെ കഥയിൽ സ്വാതി 
രാധയായി ഗോകുൽ കൃഷ്ണനായി. വിവാഹിതരാകാതെ 
രാധ കൃഷ്ണമാർ പ്രണയിച്ചുകൊണ്ടിരുന്നു. പക്ഷെ 
മനുഷ്യർക്ക് വിവാഹം കൂടാതെ 
പ്രണയിക്കാൻ കഴിയില്ലല്ലോ.  വിവാഹം 
കഴിഞ്ഞാലും പരസ്പര പ്രണയമുണ്ടാകുമെന്ന 
ഉറപ്പുമില്ല. അതാണല്ലോ സ്വാതിയുടെ ജീവിതത്തിൽ 
സംഭവിച്ചത്.  ഗോകുലത്തിലെ പശുക്കൾ 
കൂട്ടത്തോടെ ഓടിയപ്പോൾ തെറിച്ച പൊടി 
രാധയുടെ കണ്ണിൽപ്പെടുകയും കൃഷ്ണൻ 
അത് ഊതിക്കളഞ്ഞു രാധയെ ആശ്വസിപ്പിക്കയും 
ചെയ്തപ്പോൾ മുതൽ അവരിൽ അനുരാഗം 
കിളർത്തുവത്രെ. വിരഹിണികളായ രാധാമാർ 
കൃഷ്ണമാരെ കണ്ടെത്തിയാൽ ഭൂമി വൃന്ദാവനം 
ആകും. പ്രണയം ഇവിടെ പൂത്തുല്ലസിക്കും. 
amerikkan mollakka 2019-03-30 19:14:08
നമ്പ്യാർ സാഹിബാ  കഥ ബായിക്കുമുമ്പേ ഞമ്മള് 
ഇങ്ങടെ പടം കൊഞ്ചം നേരം നോക്കിയിരുന്നു.
സാരിയുടുക്കുമ്പോഴാണ് ആ നമ്പ്യാർ തമ്പുരാട്ടി 
ഭാവം. അത് പോട്ടെ അതൊക്കെ ഇങ്ങടെ ഇഷ്ടം.

കഥ ബായിച്ച് ഞമ്മള് മൂന്ന് ബീവിമാരോടും 
ചോയിച്ച് അയല്പക്കത്തെ കള്ള കൃഷ്ണന്മാർ 
മൊഹബതുമായി വരുന്നുണ്ടോ എന്ന്. അബര് 
പറഞ്ഞു ഓളുമാരുടെ ഖൽബ് ഞമ്മന്റെ 
കയ്യിലാണ് പിന്നെ എങ്ങനെ കിസനൻ വരുമെന്ന്
ശരിയാണ് ഞമ്മള് ബീവിമാരെ സുഖമായി 
താമസിപ്പിക്കുന്നു. അവർക്ക് ഒന്നിനും മുട്ടില്ല.
എന്തായാലും ഇങ്ങടെ സ്വാതി സാഹിബയ്ക്ക്  ഓള് 
ആശിച്ചപോലെ ഒരുത്തനെ കിട്ടിയല്ലോ. ഈ 
മൊഞ്ചത്തികളെ ബിശ്വസിക്കാൻ കൊള്ളില്ല.
എല്ലാ കെട്ടിയോന്മാരും ബീവിമാരുടെ കരളോ 
ഖൽബോ പോക്കറ്റിലിട്ട് നടക്കട്ടെ. പെണ്ണുങ്ങള് 
ചാരം മൂടികിടക്കണ കനലാണോ നമ്പ്യാരെ.

അമേരിക്കൻ മുക്രി 2019-03-30 20:48:31
മാർക്കം കൂടിയാലും തൂത്താലും ജാത്യാലുള്ളത് പോകില്ലാ മൊല്ലാക്കാ. അദ്ദാണ് ജ്ജ് നമ്പാരുട്ടിയുടെ പടോം നോക്കിയിരിക്കണദ്. നിസ്കാരം മൊടക്കണ്ടാ.
കുഞ്ഞാലി 2019-03-30 22:12:51
അണ്ണാൻ മൂത്താലും മരം കേറ്റം നിറുത്തൂലാന്ന് പാറഞ്ഞപോലെയാണല്ല മൊല്ലാക്ക ഇങ്ങള് . മൂന്ന് ബീവിമാരുണ്ടായിട്ടും ഇങ്ങടെ കണ്ണ് കോഴിക്കൂട്ടി തന്നെ. ഇങ്ങള് ഈ കറുത്ത കുപ്പായം ഇടിച്ചിട്ട് മൂറടക്കം മൂടിക്കെട്ടി കണ്ണിന്റെ അവിടെ രണ്ടു കിഴുത്തെയിട്ട് ഇവറ്റകളെ അടച്ചു പൂട്ടീട്ട് അടുത്ത ബീട്ടിലെ പെണ്ണുങ്ങൾ എന്ത് തുണി ഉടുക്കണ്, എവിടെ നിന്ന് കുളിക്കിണ് ഇതൊക്ക നോക്കി നടപ്പാണ് . ഇങ്ങള് നമ്മടെ ബീഡിന്റെ അരികിലെങ്ങാനും ബന്നാൽ അന്ന് ഹിമാറിനെ നമ്മടെ ഇറച്ചി കത്തിക്ക് ബ്യ്ക്കും -ബിട്ടീ കേറ്റാൻ കൊള്ളാത്ത ജാതി 
Das 2019-04-01 05:03:29

Congratulations Jyoti Ma'm !  Though imaginary, the structural elements of sentiment involved is thrilling & widely effective that displays law of the universe – Mukti – a great attempt being put to express it in a most glorious way !  Cheers …


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക