Image

ലൂസിഫര്‍: എ കംപ്‌ളീറ്റ്‌ പൊളിറ്റിക്കല്‍ ത്രില്ലര്‍

Published on 30 March, 2019
   ലൂസിഫര്‍: എ കംപ്‌ളീറ്റ്‌ പൊളിറ്റിക്കല്‍ ത്രില്ലര്‍
രാജ്യത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാന്‍ പോന്നവരാണ്‌ രാഷ്‌ട്രീയക്കാര്‍. അവരെ അധികാരത്തിലേറ്റാനായി പണമൊഴുക്കുന്നതാകട്ടെ, വമ്പന്‍ ബിസിനസ്‌ ഭീമന്‍മാരും അധോലോകവും.

ഇങ്ങനെ ഇവരുടെ പണം കൊണ്ട്‌ തിരഞ്ഞെടുപ്പില്‍ ജയിച്ച്‌ അധികാരത്തിലേറുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ ആഗോള ബിസിനസ്‌ മാഗ്നറ്റുകള്‍ക്കു വേണ്ടി നയങ്ങള്‍ രൂപീകരിക്കുന്നു. അവരുടെ സാമ്രാജ്യം വിപുലീകരിക്കാനുള്ള ആയുധമായി അധികാരം മാറുന്നു.

കുമിഞ്ഞു കൂടുന്ന കോടികള്‍ പിന്നീട്‌ തീവ്രവാദ ലോകത്തെ നേതാക്കന്‍മാരുടെ ആയുധശാലയിലേക്കും അന്ത;പ്പുരത്തിലേക്കും എത്തുന്നു. ആ ഭികരതയെ കുറിച്ചുള്ള വിവരണവുമായാണ്‌ ചിത്രത്തിന്റെ ടൈറ്റില്‍ എഴുതി കാണിക്കുന്നത്‌.

കേരളത്തിലും ഇത്തരത്തിലൊരു അധോലോകശക്തിയുടെ പിടിയില്‍ അമരുന്നതിന്റെ മുന്നോടിയായുള്ള രാഷ്‌ട്രീയ കള്ളക്കളികളും കരുനീക്കങ്ങളും ഈ ചിത്രത്തില്‍ വ്യക്തമായി കാണിക്കുന്നു.

രാഷ്‌ട്രീയത്തിന്റെ അടിയൊഴുക്കുകളും നിലപാടുകളില്ലാത്തവരുടെ കളം മാറി ചവിട്ടലുകളും അധികാരം കൈയ്യാലാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഭൈമീകാമുകന്‍മാരുമെല്ലാം ഈ ചിത്രത്തിലുമുണ്ട്‌.

കേരള മുഖ്യമന്ത്രി പി.കെ രാംദാസിന്റെ അകാലമരണത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്‌. മരണശേഷം പിന്തുടര്‍ച്ചാവകാശി ആരെന്ന ചോദ്യമുയരുന്നു.

മൂത്തമകള്‍ പ്രിയദര്‍ശിനി രാംദാസ്‌(മഞ്‌ജു വാര്യര്‍), മരുമകന്‍ ബോബി(വിവേക്‌ ഒബ്‌റോയ്‌), ഇളയ മകന്‍ ജതിന്‍ ദാസ്‌(ടൊവീനോ തോമസ്‌), രാംദാസിന്റെ വിശ്വസ്‌തനായ മഹേന്ദ്ര വര്‍മ്മ, പിന്നെ സ്റ്റീഫന്‍ നെടുമ്പള്ളി. ഇതില്‍ സ്റ്റീഫന്‍ പാര്‍ട്ടിയില്‍ തന്റേതായ നിലപാടുകള്‍കൊണ്ട്‌ വ്യത്യസ്‌തനാണ്‌.

മുഖ്യമന്ത്രി രാംദാസിന്‌ സ്റ്റീഫനോടുള്ള അതിരു കവിഞ്ഞ വാത്സല്യം സ്വന്തം കുടുംബത്തില്‍ പോലും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടും രാംദാസ്‌ അയാളെ തന്നില്‍ നിന്നും അകറ്റുന്നില്ല. പക്ഷേ രാംദാസ്‌ സ്റ്റീഫനോട്‌ ഇത്രയധികം വാത്സല്യം കാട്ടുന്നതില്‍ വിമുഖതയുള്ള പലരും പാര്‍ട്ടിയില്‍ തന്നെയുണ്ട്‌. അതില്‍ പ്രമുഖന്‍ മഹേന്ദ്ര വര്‍മ്മ തന്നെയാണ്‌.

പ്രിയദര്‍ശിനിയുടെ ഭര്‍ത്താവായ ബോബിക്ക്‌ അധോലോകവുമായുള്ള ബന്ധം മറ്റാര്‍ക്കുമറിയില്ല. കേരളത്തിലെ രാഷ്‌ട്രീയാധികാരം ഉപയോഗിച്ച്‌ ബിസിനസ്‌ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുകയാണ്‌ അയാളുടെ ലക്ഷ്യം. അതിന്‌ രാജ്യാന്തര കള്ളക്കടത്തു സംഘങ്ങളുമായി കരാറിലേര്‍പ്പെട്ട ശേഷമാണ്‌ അയാള്‍ ഭാര്യാപിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ്‌ കേരളത്തിലെത്തുന്നത്‌.

നിലവിലുള്ള രാഷ്‌ട്രീയ അനുചരന്‍മാകെ കൈയ്യിലെടുക്കുന്ന അയാള്‍ രാഷ്‌ടീയ കരുനീക്കങ്ങളിലൂടെ സ്റ്റീഫന്‍ അധികാരത്തിലേറാനുള്ള സാധ്യതകള്‍ കൊട്ടിയടയ്‌ക്കുന്നു. എന്നാല്‍ ബോബി തന്റെ ഭാര്യയായ പ്രിയദര്‍ശിനിയേയും സഹോദരന്‍ ജതിനെയും മുന്‍നിര്‍ത്തി സംസ്ഥാനത്തെ വലിയൊരു സാമൂഹ്യവിപത്തിലേക്കാണ്‌ കൊണ്ടു പോകാന്‍ ശ്രമിക്കുന്നതെന്ന്‌ സ്റ്റീഫന്‍ കണ്ടെത്തുന്നു.

തുടര്‍ന്ന്‌ സ്റ്റീഫന്‍ ബോബിയുടെ ഗൂഢലക്ഷ്യങ്ങള്‍ തകര്‍ക്കുന്നതും ജതിന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നതിനു വേണ്ട വഴിയൊരുക്കുന്നതുമാണ്‌ കഥ.

മോഹന്‍ലാല്‍ എന്ന താരരാജാവിന്റെ അപാരമായ സ്‌ക്രീന്‍ പ്രസന്‍സും ശരീരഭാഷയും ഡയലോഗ്‌ ഡെലിവറിയും ആക്ഷനുമെല്ലാം നല്ല കിടിലന്‍ രൂപത്തില്‍ ചേര്‍ത്തെടുത്ത ചിത്രമാണ്‌ ലൂസിഫര്‍. ചിത്രം കാണുമ്പോള്‍ ഈ കഥാപാത്രമായി മോഹന്‍ലാല്‍ എന്ന നടനെയല്ലാതെ മറ്റാരെയും നമുക്ക്‌ സങ്കല്‍പ്പിക്കാനാകില്ല. അത്രയ്‌ക്ക്‌ ആഴത്തിലും ഗാംഭീര്യത്തിലുമാണ്‌ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം വെള്ളിത്തിരയില്‍ അവതരിക്കുന്നത്‌.

മോഹന്‍ലാല്‍ ആരാധകര്‍ക്കു വേണ്ട എല്ലാ ചേരുവകകളും ഇതിലുണ്ട്‌. എന്നാല്‍ അതിനായി നെടുങ്കന്‍ ഡയലോഗുകള്‍ സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ കൊണ്ടു പറയിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്‌.

ചെറിയ സംഭാഷണങ്ങളും മിതത്വമുള്ള ശരീരഭാഷയുമായി നിറഞ്ഞാടുകയാണ്‌ മോഹന്‍ലാല്‍ എന്ന നടന്‍. ആക്ഷന്‍ രംഗങ്ങളില്‍ പോലും കാണാന്‍ കഴിയുന്നത്‌ സൗന്ദര്യാത്മകമായ കൈയ്യടക്കവും കൃത്യതയുമാണ്‌.

കഥാഗതിക്കും കഥാപാത്രങ്ങള്‍ക്കും ഒരേ പ്രാധാന്യം നല്‍കി അവതരിപ്പിച്ചിരിക്കുന്നു. മോഹന്‍ലാല്‍ എന്ന കേന്ദ്ര കഥാപാത്രമുണ്ടെങ്കിലും അതിനോളം തന്നെ ശക്തമായ കഥാപാത്രങ്ങള്‍ വേറെയുമുണ്ട്‌ ചിത്രത്തില്‍.

മുഖ്യമന്ത്രിയും രാഷ്‌ട്രീയ അതികായനുമായിരുന്ന രാംദാസിന്റെ കുടുംബത്തില്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങള്‍, രാഷ്‌ട്രീയവും വൈകാരികവുമായ പ്രശ്‌നങ്ങളും വ്യക്തികള്‍ തമ്മിലുള്ള അന്തര്‍ സംഘര്‍ഷങ്ങളുമെല്ലാം യഥാര്‍ത്ഥ തീവ്രതയോടെ അവതരിപ്പിച്ചിട്ടുണ്ട്‌. ഇക്കാര്യത്തില്‍ മഞ്‌ജു വാര്യര്‍ അവതരിപ്പിക്കുന്ന പ്രിയദര്‍ശിനി എന്ന കഥാപാത്രം വളരെ ശക്തമായ സാന്നിധ്യമാണ്‌ സിനിമയില്‍.

തന്റെ മകളോട്‌ അരുതാത്ത ബന്ധത്തിനു മുതിരുന്ന രണ്ടാംഭര്‍ത്താവായ ബോബിയെ നേരിടുന്ന രംഗത്ത്‌ മഞ്‌ജുവിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്‌. ടൊവീനോ അവതരിപ്പിക്കുന്ന ജതിനും പ്രേക്ഷകരുടെ കൈയ്യടി നേടുന്നുണ്ട്‌. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രമാണ്‌ വിവേക്‌ ഒബ്‌റോയ്‌ അവതരിപ്പിച്ച ബോബി എന്ന വില്ലന്‍ കഥാപാത്രം.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന ഇരട്ട ചങ്കുള്ള നായക കഥാപാത്രത്തിന്‌ എന്തുകൊണ്ടും ഒപ്പം നില്‍ക്കാന്‍ കഴിയുന്ന വില്ലന്‍ തന്നെയാണ്‌ ബോബി. സമീപകാലത്തൊന്നും ഇത്ര മൃദുഭാഷിയും സുന്ദരനുമായ വില്ലനെ മലയാള സിനിമ കണ്ടിട്ടില്ല.

തന്റെ മുന്‍കാല സിനിമകളില്‍ നിന്നു വ്യത്യസ്‌തമായി ഒരു പക്കാ കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറായാണ്‌ മുരളീ ഗോപി ഈ ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുത്തിയിരക്കുന്നത്‌. മോഹന്‍ലാല്‍ എന്ന താരരാജാവിന്റെ താരമൂല്യവും നടന്‍ എന്ന നിലയിലുളള അഭിനയ പ്രതിഭയും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടു തന്നെയാണ്‌ ലൂസിഫര്‍ ഒരുക്കിയിട്ടുള്ളത്‌.

ഇന്ദ്രജിത്ത്‌, സായ്‌കുമാര്‍, ബൈജു, ഷാജോണ്‍, നന്ദു, സാനിയ , ശിവജി എന്നിവരും ഈ ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സയിദ്‌ മന്‍സൂര്‍ എന്ന ഗ്യാങ്ങ്‌സ്‌റ്ററായി പൃഥ്വിരാജും ചിത്രത്തിലുണ്ട്‌.

ആദ്യ സംവിധാനത്തില്‍ പൃഥ്വിരാജിന്‌ നൂറില്‍ നൂറു മാര്‍ക്കും കൊടുക്കാം. ഇത്ര കൈയ്യടക്കത്തോടെ, നന്നായി ഗൃഹപാഠം ചെയ്‌താണ്‌ അദ്ദേഹം ഈ സിനിമ ചെയ്‌തിരിക്കുന്നത്‌. ഒരു മികച്ച സംവിധായകന്റെ കൈയ്യടക്വും ക്രാഫ്‌റ്റും ഓരോ രംഗത്തും പ്രേക്ഷകന്‌ കാണാനാകും.

അതിന്റെ ഏറ്റവും വലിയ തെളിവാണ്‌ മോഹന്‍ലാലിനെ ഹീറോയായി അവതരിപ്പിക്കുമ്പോഴും തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍ പറഞ്ഞ്‌ കൈയ്യടി വാങ്ങാന്‍ ശ്രമിക്കാതെ നീണ്ട മൗനം കൊണ്ടും അസ്‌ത്രം പോലെ തുളച്ചു കയറുന്ന നോട്ടങ്ങള്‍ കൊണ്ടും പ്രേക്ഷകന്റെ കൈയ്യടി വാങ്ങുന്നത്‌.

സുജിത്‌ വാസുദേവിന്റെ ഛായാഗ്രഹണമാണ്‌ എടുത്തു പറയേണ്ട മറ്റൊന്ന്‌. ഓരോ സീനും അതിമനോഹരമായി പകര്‍ത്തിയിട്ടുണ്ട്‌. ഇത്ര വിശാലമായ കാന്‍വാസില്‍ കഥാപാത്രങ്ങള്‍ നിറയുന്ന ചിത്രങ്ങള്‍ അപൂര്‍വമാണ്‌. സംവിധായകന്റെ മനോഗതം അറിഞ്ഞു തന്നെയാണ്‌ അദ്ദേഹം ഓരോ ഫ്രെയിമും എടുത്തിട്ടുള്ളത്‌.

ദീപക്‌ ദേവിന്റെ പശ്ചാത്തല സംഗീതവും, ആക്ഷന്‍ കൊറിയോഗ്രാഫിയും എഡിറ്റിങ്ങും ഒന്നിനൊന്നു മെച്ചം. പ്രേക്ഷകനെ ത്രില്ലടിപ്പിക്കാന്‍ പോന്നവയാണ്‌ ഇതെല്ലാം. ലൂസിഫര്‍ ആരെന്ന ചോദ്യത്തിന്‌ ഉത്തരം പറയുന്നതിലൂടെയാണ്‌ കഥ അവസാനിക്കുന്നതും.

മോഹന്‍ലാല്‍ എന്ന കംപ്‌ളീറ്റ്‌ ആക്‌ടറും പൃഥ്വിരാജ്‌ എന്ന കന്നി സംവിധായകനും ചേര്‍ന്ന്‌ പ്രേക്ഷകനെ അക്ഷരാര്‍ത്ഥത്തില്‍ തിയേറ്ററില്‍ പിടിച്ചിരുത്തുകയാണ്‌. അത്‌ സിനിമ കണ്ടിറങ്ങുന്ന ഓരോ നിമിഷവും ബോധ്യപ്പെടും.






























��




























Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക