Image

നീതിദേവതയോട് (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 31 March, 2019
നീതിദേവതയോട് (കവിത: മാര്‍ഗരറ്റ് ജോസഫ്)
നീതിദേവതേ, നേത്രങ്ങളെപ്പോഴും
മൂടിക്കെട്ടിയിരിക്കുവതെന്തിന്?
ഭീതിയോടെത്ര വാതിലില്‍ മുട്ടുന്നു!
നീതിക്കായി നിരന്തരമാളുകള്‍;
മാത്രതോറുമനീതിതന്‍ ഗര്‍ജ്ജനം
മാറ്റൊലിക്കൊള്ളുന്നേതൊരു ദിക്കിലും
ആത്മവേദനയാര്‍ന്ന നിലവിളി
പാഴ്‌സ്വരം മാത്രമാണെന്നു നിനച്ചുവോ?
ജാതിയും മതവര്‍ഗ്ഗവര്‍ണ്ണങ്ങളും
സ്ത്രീപുരുഷഭേദങ്ങളും കാരണം,
പോരടിക്കുന്നവരല്ലോ പരസ്പരം,
പാരിടമെങ്ങും മാനവര്‍ കേമന്മാര്‍.
സ്വത്തും സ്വാധീനശക്തിയുമൊന്നിച്ച്,
സത്യധര്‍മ്മങ്ങള്‍ മൂടിവെയ്യുന്നുവോ?
കൃത്യമായ നിയമങ്ങളൊക്കെയും,
കൈക്കരുത്ത് വളച്ചൊടിക്കുന്നുവോ?
സ്‌നേഹവാത്സല്യകാരുണ്യ ഭാവങ്ങള്‍-
ശൂന്യമായിരുള്‍മൂടിയോ മാനസം?
മന്നിലെത്രയോ ശൈശവബാല്യങ്ങള്‍,
അന്‍പിനായി നിശബ്ദം കരയുന്നു
പെണ്ണായമ്പേ ജനിച്ചതുമൂലമോ?
കണ്ണുനീര്‍ക്കടല്‍ നീന്തുബലകള്‍;
പീഡിതരിവര്‍ ജന്മഗൃഹത്തിലും,
ലിംഗനീതി കിട്ടാത്ത ഹതഭാഗ്യര്‍;
രക്ഷിതാക്കളാമച്ഛന്‍, സഹോദരന്‍,
രക്തബന്ധം മറക്കുന്നവര്‍ ചിലര്‍.
ഉഗ്രമാം വിഷസര്‍പ്പങ്ങളെന്നപോല്‍,
പത്തിവിടര്‍ത്തി തിരിഞ്ഞുകൊത്തുന്നവര്‍;
നശ്വര സുഖഭോഗം വെടിഞ്ഞവര്‍,
സന്യസ്തര്‍പോലുമെന്തേയിരകളായ്?
ന്യായപാലനം സാധ്യമായീടുവാന്‍,
ആവൃതി വിട്ടിറങ്ങിതെരുവിലായ്;
ഭക്തിഭ്രാന്ത് മുഴുത്തവരങ്ങനെ,
ദേവവിഗ്രഹ രക്ഷകരങ്ങനെ,
പോര്‍വിളിച്ചു കലഹം വിതയ്ക്കുന്നു,
നാശകാരികളാകുന്നു നാള്‍ക്കുനാള്‍;
ജീവിതം മഹാദാനമായീവഴി
സാമസംഗീതധാരയുതിര്‍ക്കുവാന്‍
ശക്തിഹീനന് താങ്ങും തണലുമായ്
നീതിദേവതേ, കണ്ണുതുറക്കുമോ?

Join WhatsApp News
Sudhir Panikkaveetil 2019-03-31 15:42:42
നീതി ദേവതയെന്നു വേണോ? കണ്ട പ്രതിമകളിലും 
പ്രായോഗികമല്ലാത്ത വചനങ്ങളിലും ദൈവത്തെ 
തളച്ചിട്ട മനുഷ്യൻ നീതിയുടെ കണ്ണുകളും 
കെട്ടികൊടുത്തു . വിവേചനം കാട്ടാതെ വിധി 
നിര്ണയിക്കാനാണ് ആ കെട്ടെന്ന  വ്യാഖ്യാനവും.
ദൈവം ഓരോരുത്തരുടെയും മനസ്സിലാണെന്നു 
മനസ്സിലാക്കി സകല പ്രതിമകളും, വചനങ്ങളും 
കടലിൽ കളഞ്ഞു മനുഷ്യൻ മനുഷ്യനാകുമ്പോൾ 
നീതിക്ക് കെട്ടുണ്ടാകില്ല. എന്നാലും കവികൾ ഇങ്ങനെയൊക്കെ 
ഇടക്ക് കരയുന്നത് നല്ലതാണ്. പക്ഷെ നീതി 
കിട്ടാത്തവർ അവരാണ്. അവർ അവശന്മാർ , ആർത്തന്മാർ 
ആലംബഹീനന്മാർ ". ഇഹലോക സുഖങ്ങൾ 
മുഴുവൻ അനുഭവിച്ച്  മത്തുപിടിച്ച് ചിലരൊക്കെ 
"കുറ്റങ്ങൾക്ക് മാപ്പു കൊടുക്ക. ണമെന്ന്" വാദിച്ച് 
ദൈവങ്ങളാകാൻ നോക്കുന്നതും കവികൾ 
കാണണം. അങ്ങനെ മാപ്പു കൊടുക്കുന്ന നീതി വന്നാൽ 
വീണ്ടും പാവങ്ങൾ ഇരയായിക്കൊണ്ടിരിക്കും. നല്ല 
കവിത, അഭിനന്ദനം.
Justice is for the RICH 2019-03-31 19:47:39

Justice was always corrupted in every part of the Globe. Corporations, religions, politicians & even Philosophers blindfolded her so she cannot see the truth. Justice is for the rich and powerful. Poverty is the root of all evil and problems of the World. Religion & Politics blindfolded each other so they can pretend they don’t see the social injustice to exploit the poor.

The rich and privileged enjoy all and Justice ignores the large mass of the Have-nots. There is no god or goddess of Justice. It is a myth created by the powerful to fool the ignorant, the faithful & the fanatics.

Strong Civil Laws – that is what we need to bring Justice in its true sense.  -andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക