Image

കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -6)

Published on 01 April, 2019
കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -6)
 (ചങ്ങല വലിക്കുന്നതിന്റെയും വസ്തു അളന്ന് തിട്ടപ്പെടുത്തുന്നതിന്റെയുമൊക്കെ ശബ്ദത്തിലൂടെയാണ് രംഗം ആരംഭിക്കുന്നത്. ചാണ്ടിയുടെയും കേശവന്‍നായരുടേയും വസ്തുക്കളുടെ നടുവിലുള്ള സ്ഥലമാണ് പശ്ചാത്തലം. ഒരു പകുതിയില്‍ ചാണ്ടിയും സണ്ണിയും. മറുപകുതിയില്‍ കേശവന്‍നായരും മാര്‍ത്താണ്ഡന്‍ പിള്ളയും. അളവ് നടക്കുന്നതിന്റെ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഒരു മുഖ്യ ഉദ്യോഗസ്ഥനും സഹായിയും അളന്ന് വന്ന് ചാണ്ടിയുടെ വസ്തുവില്‍ പ്രവേശിച്ചു.)
ഓഫീസര്‍    :    പാപ്പച്ചാ... അവിടെ ഒന്ന് അടയാളപ്പെടുത്തൂ.. (കാല്‍ക്കുലേറ്ററില്‍ കണക്ക് കൂടുന്നു) ഇനി അവിടെനിന്ന് ഒരല്പം ഇങ്ങോട്ട് പിടിച്ചോളൂ...
പാപ്പച്ചന്‍    :    സാര്‍, ഇവിടെ മതിയോ ?
ഓഫീസര്‍    :    നോക്കട്ടേ, പറയാം..
ചാണ്ടി    :    ഹാ എന്തിനാ ഇങ്ങോട്ടളക്കുന്നത്.... ഇതാ ഇവടെയാണതിര്...
ഓഫീസര്‍    :    അത് നിങ്ങളാണോ തീരുമാനിക്കേണ്ടത് ?
ചാണ്ടി    :    അല്ല, സാര്‍ ഇപ്പോള്‍ ഞാന്‍ കൈവശം വച്ചിരിക്കുന്ന അതിരാണിത്...
ഓഫീസര്‍    :    ഞങ്ങള്‍ അതിര് നിശ്ചയിക്കാന്‍ വന്നവരാണ്.. തടസ്സം നില്‍ക്കാതെ മാറിനില്‍ക്ക് മിസ്റ്റര്‍. പാപ്പച്ചന്‍, അതുവരെ എത്ര ലിങ്ക്‌സ് ഉണ്ട് ?
പാപ്പച്ചന്‍    :    പതിനാറ്...
ഓഫീസര്‍    :    (കണക്കുകൂട്ടി നോക്കിയിട്ട്) ഒരു 6 ലിങ്ക്‌സ്കൂടി ഇങ്ങോട്ട് അകത്തേയ്ക്ക് പിടിക്കൂ...
പാപ്പച്ചന്‍    :    ഇത് മതിയോ സാര്‍ .....
ഓഫീസര്‍    :    ങും.... നോക്കട്ടെ.... (ചാണ്ടി സംശയത്തോടെ നോക്കി. അയാളില്‍ ആശങ്ക. ഓഫീസര്‍ കാല്‍ക്കുലേറ്റര്‍ എടുത്ത് അതില്‍ കണക്കുകൂട്ടി പറഞ്ഞു)      ഇനി അവിടെ കുറ്റി അടിച്ചോളൂ...
ചാണ്ടി    :    ഹേയ്, എന്തായിത്... പറഞ്ഞത് മനസ്സിലായില്ലേ ഇവിടെയാ അതിര്...
ഓഫീസര്‍    :    ചാണ്ടിമാപ്പിളയ്ക്കു മൊത്തം അഞ്ചര ഏക്കര്‍ വസ്തു..
ചാണ്ടി    :    അതെ സാര്‍...
ഓഫീസര്‍    :    ങും.... നോക്കട്ടെ...കേശവന്‍നായര്‍ക്കും അതുപോലെ അഞ്ചര ഏക്കര്‍.
ചാണ്ടി    :    (നിഷേധ സ്വരത്തില്‍) അതെനിക്കറിയില്ല.
ഓഫീസര്‍    :    രണ്ടുംകൂടി മൊത്തം പതിനൊന്നേക്കര്‍, പ്രമാണമങ്ങനാ....
ചാണ്ടി    :    എന്റെ അഞ്ചര ഏക്കര്‍ സ്ഥലം അളന്നു തിരിച്ച് എന്റെ അതിര് നിര്‍ണ്ണയിച്ച് തരണം. അതാ എന്റെ അപേക്ഷ. അതിനുവേണ്ടിയാണ് ഞാന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പണം കെട്ടിവച്ചത്. മറ്റൊന്നും എനിക്കറിയണ്ട.
ഓഫീസര്‍    :    നിങ്ങളുടെ ആ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ വന്നത്. അടുത്തുള്ള കക്ഷികള്‍ക്ക് നോട്ടീസ് കൊടുത്തു. മൊത്തത്തില്‍ അളന്ന് തിട്ടപ്പെടുത്തി. നിങ്ങളുടെ അഞ്ചര ഏക്കറിന്റെ അതിര് ഞങ്ങള്‍ നിര്‍ണ്ണയിച്ചു തരികയാണ്. അതാ പാപ്പച്ചന്‍ കുറ്റിയടിച്ചിരിക്കുന്ന ആ ഭാഗത്തുനിന്നാണ് നിങ്ങളുടെ അതിര് ആരംഭിക്കുന്നത്.
        (ചാണ്ടി വിശ്വസിക്കാനാവാതെ നടുങ്ങി. കേശവന്‍നായരിലും മാര്‍ത്താണ്ഡനിലും സന്തോഷം)
ചാണ്ടി    :    അതെങ്ങനെ ശരിയാകും, കാലങ്ങളായി ഞാന്‍ കൈവശം വച്ച് അനുഭവിക്കുന്നതാ ഇതെല്ലാം..
ഓഫീസര്‍    :    നിങ്ങള്‍ കൈവശം വച്ചതിന്റെ കാര്യമല്ല ഞങ്ങള്‍ പറഞ്ഞത്, നിങ്ങളുടെ അഞ്ചര ഏക്കറിന്റെ കാര്യമാ..
ഓഫീസര്‍    :    (കേശവനോട്) കേശവന്‍നായരെ ... (കുറ്റിയടിച്ച ഭാഗത്തേയക്ക് ചൂണ്ടി)  ഇനി ഇതാ നിങ്ങളുടെ അതിര്.....
കേശവന്‍നായര്‍    :    മാര്‍ത്താണ്ഡന്‍പിള്ളേ കല്ലെടുക്കടോ...അവിടെ കുഴിച്ചിട്. ഇനി അതാ നമ്മുടെ അതിര്. ഇപ്പോള്‍ മനസ്സിലായില്ലേ ആരുടെ പൂര്‍വ്വികരാണ് മണ്ണ് വെട്ടിപ്പിടിച്ചതെന്ന്...
ചാണ്ടി    :    നിങ്ങളെന്താ സാറേ ആളെ കളിയാക്കുകയാണോ..... അതോ പണം വാങ്ങി ഇയാള്‍ക്ക് കൂട്ടുനില്‍ക്കുന്നോ...
ഓഫീസര്‍    :    മൈന്‍ഡ് യുവര്‍ വേര്‍ഡ്‌സ്, നിങ്ങള്‍ ആവശ്യപ്പെട്ടതുപ്രകാരം സത്യസന്ധമായി ഞങ്ങള്‍ ജോലി ചെയ്തു.
ചാണ്ടി    :    അപ്പോള്‍ എനിക്കെന്റെ എത്ര സെന്റ് കൈവശഭൂമി നഷ്ടപ്പെടുമെന്നാ നിങ്ങള്‍ പറയുന്നത്?
ഓഫീസര്‍    :    ഏതാണ്ട് 25 സെന്റ് ഭൂമിയോളം നഷ്ടപ്പെടും..
ചാണ്ടി    :    അതങ്ങ് പള്ളീച്ചെന്ന് പറഞ്ഞാല്‍ മതി..
ഓഫീസര്‍    :    നിങ്ങള് പള്ളീലും അമ്പലത്തിലുമൊന്നുമല്ലല്ലോ അപേക്ഷ കൊടുത്തത്, ഞങ്ങളുടെ ആഫീസിലല്ലേ... അതനുസരിച്ച് അളന്നു തിരിച്ച് തന്നിട്ടൊണ്ട്, വേറവല്ല പരാതിയുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കളക്ടറെ സമീപിക്കാം...
        (തിരിഞ്ഞ് കേശവന്‍നായരോട്)
        കേശവന്‍നായരെ നിങ്ങളുടെ ഏതാണ്ട് ഇരുപത്തിയഞ്ച് സെന്റിനുമുകളില്‍ ഇത്രയും കാലം ഇങ്ങേര് കൈവശംവച്ചിരുന്നു. വസ്തുവിന്റെ അതിരു നിര്‍ണ്ണയിച്ച് തന്നിട്ടൊണ്ട്. കല്ലിട്ട് തിരിച്ച് നിങ്ങള്‍ക്കും കൈവശപ്പെടുത്താം. (തിരിഞ്ഞ് സഹായിയോടായി പറഞ്ഞു) പാപ്പച്ചാ, വരൂ... (അവര്‍ രണ്ടും പുറത്തേയ്ക്ക് നടന്നു)
കേശവന്‍നായര്‍    :    മാര്‍ത്താണ്ഡന്‍പിള്ളേ ഇവിടെ കല്ലിട്, എന്നിട്ട് അടിയ്‌ക്കെടോ ഇതിന്റെ നെഞ്ചത്ത്. ഒന്നും രണ്ടുമല്ല എന്റെ ഇരുപത്തിയഞ്ച് സെന്റിനു മുകളില്‍ കൈവശം വച്ചനുഭവിച്ചിട്ടാ എന്റെ പൂര്‍വ്വികര്‍ അതിരു മാന്തിയെന്ന് പറഞ്ഞത്.. ഇറങ്ങണം ചാണ്ടിമാപ്പിളേ എന്റെ പുരയിടത്തില്‍നിന്നും...
ചാണ്ടി    :    ഞാന്‍ സമ്മതിക്കത്തില്ല... ഞാന്‍ സമ്മതിക്കില്ല..
കേശവന്‍നായര്‍    :    എനിക്കെന്തിനാ ഇനി നിന്റെ സമ്മതം.. എന്റെ മുതല് കൈവശപ്പെടുത്തുന്നതിന് എനിക്കെന്തിനാ നിന്റെ അനുമതി.. നീ അല്ലായിരുന്നോ പരാതിക്കാരന്‍.. നിലവിലുള്ള സാഹചര്യം വച്ച് മതില് കെട്ടിക്കോളാന്‍ അനുവദിച്ചപ്പോള്‍ എന്നേം എന്റെ അച്ഛനപ്പൂപ്പന്മാരേം കള്ളനാക്കി... ഇപ്പോള്‍ ആരാടോ കള്ളന്‍... മണ്ണ് കള്ളന്‍... ത്ഫൂ.... (അയാള്‍ ഉഗ്രമായി) മണ്ണ് നിന്റെ മാത്രമല്ല എന്റേയും ബലഹീനതയാ... ഇപ്പോളിതെന്റെ വാശിയും അഭിമാനവുമാ...
ചാണ്ടി    :    എന്റെ കൈവശമുള്ള ഭൂമി നീ അവകാശമാക്കണമെങ്കില്‍ ഇവിടെന്റെ ശവം വീഴണം...
കേശവന്‍നായര്‍    :    നിന്റെ മൂപ്പിലാന്‍മാര് അതിര് മാന്തി കൈവശപ്പെടുത്തിയിട്ട് എന്റെ ഭൂമിയോ...
ചാണ്ടി    :    ച്ഛെ.. മര്യാദകേട് പറയുന്നോടാ...
        (ചാണ്ടി കേശവന്റെ ഷര്‍ട്ടില്‍ പിടിച്ചു)
കേശവന്‍നായര്‍    :    കൈയ്യെടുക്ക് ചാണ്ടീ....
ചാണ്ടി    :    ഇല്ലെങ്കില്‍... (കേശവന്‍നായര്‍ ചാണ്ടിയുടെ കൈ തട്ടി) ഇതെന്റെ ഭൂമിയാ...
കേശവന്‍നായര്‍    :    അല്ല ഇതെന്റേതാ...
ചാണ്ടി    :    ഈ മണ്ണ് ഞാന്‍ വിട്ടുതരില്ല..
കേശവന്‍നായര്‍    :    എന്റെ മണ്ണ് ഒരു തരിപോലും ഞാനും വിട്ടുതരില്ല...
ചാണ്ടി    :    ഇറങ്ങ് എന്റെ മണ്ണില്‍നിന്ന്...
കേശവന്‍നായര്‍    :    ഇറങ്ങേണ്ടവന്‍ ഞാനല്ല, നീയാ...
        (അയാള്‍ കേശവന്‍നായരെ അടിച്ചു, കേശവന്‍നായര്‍ തിരിച്ചടിച്ചു. രണ്ട് കാരണവന്‍മാരും ഭൂമിക്കുവേണ്ടി അതിരില്‍ കിടന്ന് തല്ലുകൂടി. അവസാനം അടികൊണ്ട് തെറിച്ചുവീണ ചാണ്ടി തന്റെ കയ്യില്‍ തടഞ്ഞ മണ്‍വെട്ടി എടുത്ത് കേശവന്‍നായരുടെ തലയ്ക്കടിച്ചു. അരങ്ങില്‍ ചോരപ്പൂക്കള്‍ ചിതറി. അത് കണ്ട് ഭയന്നുനിന്ന സണ്ണി..
സണ്ണി    :    മമ്മീ... ഉറക്കെ വിളിച്ച് പുറത്തയ്‌ക്കോടി.
        (മാര്‍ത്താണ്ഡന്‍ ഉറക്കെ വിളിച്ചുപറഞ്ഞു)
മാര്‍ത്താണ്ഡന്‍    :    ചാണ്ടിമാപ്പിള കേശവന്‍നായരെ തലയ്ക്കടിച്ചുകൊന്നേ..
        (ഇപ്പോഴാണ് ചാണ്ടി ആ ബോധ്യത്തിലേക്കുണര്‍ന്നത്... അയാളുടെ കയ്യില്‍നിന്നും മണ്‍വെട്ടി ഊര്‍ന്നുവീണു.. മാര്‍ത്താണ്ഡന്‍ വീണ്ടും വിളിച്ചുപറഞ്ഞു)
        എല്ലാവരും ഓടിവായോ.... ചാണ്ടിമാപ്പിള കേശവന്‍നായരെ തലയ്ക്കടിച്ചുകൊന്നേ....
        (അതെവിടൊക്കെയോ തട്ടി പ്രതിധ്വനിക്കുന്നതുപോലെ... അവരിലേയ്ക്ക് വെളിച്ചം അണഞ്ഞു...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക