Image

പരാജയ ഭീതിയില്‍ വിറളിപിടിച്ച് സിപിഎം; എന്തൊരു അധപതനമാണ് ഈ പാര്‍ട്ടിക്ക്

കലാകൃഷ്ണന്‍ Published on 02 April, 2019
പരാജയ ഭീതിയില്‍ വിറളിപിടിച്ച് സിപിഎം; എന്തൊരു അധപതനമാണ് ഈ പാര്‍ട്ടിക്ക്

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുറെക്കൂടി ജനകീയമാണ് എന്നതൊരു യഥാര്‍ഥ്യമാണ്. സിപിഎം സിപിഐ ആദിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കപ്പുറം ജനങ്ങള്‍ക്ക് ഒരു സഖാവത്വമുണ്ട് കേരളത്തില്‍. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വേണമെന്ന് തോന്നുമ്പോഴൊക്കെ അവരെ തിരികെ കൊണ്ടുവരാന്‍ മലയാളി മനസുവെക്കുന്നത്. അത് പൂര്‍ണ്ണമായും ഇടതുപക്ഷ പാര്‍ട്ടികളുടെ മിടുക്കല്ല. ജനം ഇടതുപക്ഷ നയം ആഗ്രഹിക്കുന്നു എന്നതുകൊണ്ടു കൂടിയാണ്. 
എന്നാല്‍ ആ സഖാവത്വത്തിന് അപ്പുറം, നയങ്ങള്‍ക്ക് അപ്പുറം സിപിഎം എന്ന കേഡര്‍ പാര്‍ട്ടിയോട് ജനം മുഖം തിരിക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പായിരിക്കും വരാന്‍ പോകുന്ന ലോക്സഭ എന്ന് നിസംശയം പറയാം. സകലതിലും ഇരട്ടത്താപ്പുമായി വെറുമൊരു ആത്മാവില്ലാതെ ഒരു യന്ത്രം പോലെയായിരിക്കുന്നു സിപിഎം. പാര്‍ട്ടി എന്ന യന്ത്രം. 
സ്ത്രീ നവോത്ഥാനം പറഞ്ഞുകൊണ്ട് വനിതാ മതില്‍ സൃഷ്ടിച്ചവരാണ് സഖാക്കള്‍. എന്നിട്ടിപ്പോള്‍ സഖാക്കളുടെ കണ്‍വീനര്‍ തന്നെ ഒരു ദളിത് സ്ത്രീയെ തികച്ചും അശ്ലീലചുവയോടെ അപമാനിച്ചിരിക്കുന്നു. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാഹരിദാസിനെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അശ്ലീലചുവയുള്ള പരാമര്‍ശങ്ങളോടെ അപമാനിച്ചിരിക്കുന്നത്. രമ്യ തനിക്ക് നേരെ ഉണ്ടായ മോശം പരാമര്‍ശത്തിനെതിരെ പോലീസില്‍ കേസ് കൊടുത്തിരിക്കുന്നു. 
അത് എന്ത് തന്നെയായാലും സിപിഎമ്മിന്‍റെ ഉത്തരവാദിത്വപ്പെട്ട ഒരൊറ്റ നേതാവ് പോലും സംഭവത്തിനെതിരെ കാര്യമായി പ്രതികരിച്ചില്ല. അണികള്‍ക്ക് യാതൊരു കുഴപ്പവും വിജയരാഘവന്‍റെ പരാമര്‍ശത്തില്‍ തോന്നിയില്ല. എന്തിനേറെ പറയുന്നു സിപിഎമ്മിന്‍റെ കുഴലൂത്തുകാരായ ദീപാ നിശാന്ത്, ശാരദക്കുട്ടി എന്നിവര്‍ക്ക് പോലും കാര്യം നിസാരം മാത്രം. പാര്‍ട്ടിക്ക് ഈ സമയത്ത് ഇങ്ങനെയൊരു പണി തന്നല്ലോ സഖാവേ എന്നാണ് ശാരദക്കുട്ടി പരിതപിച്ചിരിക്കുന്നത്. ഇലക്ഷന്‍ സമയത്തല്ലെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നു ചുരുക്കം. ദീപാ നിശാന്താവട്ടെ നേരത്തെ തന്നെ രമ്യാ ഹരിദാസിനെ കഴിവില്ലാത്തവളായി പ്രഖ്യാപിച്ചതാണ്. വല്ലി ബിജെപിക്കാരുമായിരുന്നു ഈ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതെങ്കില്‍ ദീപാ നിശാന്ത് ഒരു ഖണ്ഡകാവ്യം എഴുതിയേനെ. ഇതിപ്പോ സഖാവായിപ്പോയില്ലേ. 
ശബരിമലയില്‍ തുടങ്ങി കാസര്‍ഗോഡ് പെരിയയിലെ ഇരട്ടക്കൊലപാതകം അടക്കം സ്ത്രീവിരുദ്ധത വരെ സിപിഎമ്മിന്‍റെ വിക്രൂസകളുടെ പട്ടികയാണ് തിരഞ്ഞെടുപ്പ് ബൂത്തിലേക്ക് കടന്നു ചെല്ലുന്ന മലയാളിക്ക് ഓര്‍മ്മിക്കാനുള്ളത്. ഒരൊറ്റ ചോദ്യം മാത്രമാണ് പ്രധാനമായിട്ടുള്ളത് ഈ പാര്‍ട്ടിയുടെ ആത്മാവ് എവിടെപ്പോയി. ഇതെങ്ങനെ ഒരു പാര്‍ട്ടി യന്ത്രമായി മാറി. 
കേരളത്തില്‍ ഇത്തവണ പാര്‍ട്ടി വട്ടപ്പൂജ്യമായിരിക്കുമെന്ന് ഏറ്റവും നന്നായി മനസിലാക്കുന്നത് സിപിഎം തന്നെയാണെന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നതിന് ഇത്രയും വിറളിപിടിക്കേണ്ട കാര്യമുണ്ടോ. ഒരു വിശാല പ്രതിപക്ഷ ഐക്യമെന്ന സംഗതി മുന്നിലുള്ളപ്പോള്‍ ആ പ്രതിപക്ഷ നിരയിലെ സഖ്യകക്ഷിയാവേണ്ട ഇടതുപക്ഷത്തോട് നേരിട്ട് മത്സരിക്കരുത് എന്ന ബോധ്യമുണ്ടാവേണ്ടത് രാഹുലിനാണ്, കോണ്‍ഗ്രസിനാണ്. ആ ബോധ്യമില്ലാതെ രാഹുല്‍ മത്സരിക്കാന്‍ വരുന്നെങ്കില്‍ വരട്ടെ, വന്ന് നിന്നാട്ടെ, ഞങ്ങള്‍ നേരിട്ടുകൊള്ളാം എന്ന് പറയാനുള്ള ആര്‍ജ്ജവം ഇടതുപക്ഷത്തിന് ഉണ്ടാവേണ്ടതുണ്ട്. 
എന്നാല്‍ സിപിഎം നടത്തിയ പണികള്‍ എന്തൊക്കെയാണ്. രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം വയനാട്ടിലേക്ക് എത്താതിരിക്കാന്‍ മാക്സിമം വേലകള്‍ ചെയ്തു നോക്കി. രാഹുല്‍ ഞങ്ങളോട് മത്സരിക്കരുതെന്ന് പരസ്യമായി പറയുന്ന സ്ഥിതിയെത്തി. ഇപ്പോഴിതാ രാഹുലുമെത്തിയിരിക്കുന്നു. എണ്ണം പറഞ്ഞ സ്ഥാനാര്‍ഥികളാണ് കോണ്‍ഗ്രസിന്. രാഹുല്‍ ഗാന്ധി, ശശി തരൂര്‍ മുതല്‍ കെ.മുരളീധരന്‍, രമ്യാഹരിദാസ് ബഹുഭൂരിപക്ഷം സ്ഥാനാര്‍ഥികളും  നന്നായി തിളങ്ങാന്‍ ശേഷിയുള്ളവരാണ്. എന്തിന് ബിജെപിക്ക് പോലുമുണ്ട് കുമ്മനം, സുരേഷ് ഗോപിയുമൊക്കെയായി നല്ല മത്സരാര്‍ഥികള്‍. 
സിപിഎമ്മിന് എടുത്തു പറയാന്‍ മിടുക്കരായ സ്ഥാനാര്‍ഥികള്‍ ചുരുക്കം. പി.രാജിവിനെപ്പോലെ മരുന്നിന് ഒന്നോ രണ്ടോ പേര്‍. ബാക്കി കോമാളിയായ ഇന്നസെന്‍റ്, മുതലാളിയായ പി.വി അന്‍വര്‍, കൊലയാളിയായ പി.ജയരാജന്‍ എന്നിങ്ങനെയാണ് അവസ്ഥ. ഇവരെയൊന്നും വെച്ച് ഇലക്ഷന്‍ നേരിടാനുള്ള ചങ്കുറ്റമൊന്നുമില്ല ഇടതുപക്ഷത്തിന്. അപ്പോഴാണ് കൂനില്‍ മേല്‍ കുരു പോലെ രാഹുലിന്‍റെ വരവ്. ഇനി ദേശിയപാര്‍ട്ടിയെന്ന പദവി എപ്പോള്‍ നഷ്ടമായി എന്ന് ചോദിച്ചാല്‍ മതി എന്നതാണ് അവസ്ഥ. കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോഴാണ് നേതാക്കന്‍മാരുടെ വക ഉഡായിപ്പുകള്‍. അത് കൂടിയാകുമ്പോള്‍ ഈ ഇലക്ഷനില്‍ ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല കൂട്ടത്തോല്‍വിയായിരിക്കുമെന്ന് ഇടതുപക്ഷം സ്വയം ഉറപ്പിച്ചെടുക്കുകയാണ്. അത് മാത്രമായിരിക്കും കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക