Image

ലൂസിഫര്‍-യഥാര്‍ത്ഥ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പൃഥ്വിരാജ്‌ തന്നെ: സ്റ്റണ്ട്‌ സില്‍വ

Published on 05 April, 2019
ലൂസിഫര്‍-യഥാര്‍ത്ഥ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പൃഥ്വിരാജ്‌ തന്നെ: സ്റ്റണ്ട്‌ സില്‍വ
താന്‍ഏറ്റവും കുറച്ച്‌ ജോലി ചെയ്‌ത സിനിമ ലൂസിഫറാണെന്നും പൃഥ്വിരാജ്‌ എഴുതി വച്ചതു പോലെ ചെയ്യുക മാത്രമാണ്‌ താന്‍ നിര്‍വഹിച്ചിട്ടുള്ളതെന്നും ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫറായ സ്റ്റണ്ട്‌ സില്‍വ.

ഓരോ ഷോട്ടും ഏതെന്ന്‌ പൃഥ്വിരാജിന്‌ നല്ല നിശ്ചയമുണ്ടായിരുന്നെന്നു താന്‍ സ്റ്റണ്ട്‌ കോര്‍ഡിനേറ്റര്‍ മാത്രമായിരുന്നും പൃഥ്വിയാണ്‌ യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ എന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സില്‍വ പറഞ്ഞു.

`` മോഹന്‍ലാല്‍ സര്‍ ശരിക്കും ഒരു വിസ്‌മയമാണ്‌. അഭിനയിക്കുമ്പോഴുള്ള ലാല്‍ സാറിനെയല്ല ആക്ഷന്‍ രംഗങ്ങളില്‍ കാണാന്‍ കഴിയുക. ലൂസിഫറിലെ മറ്റു രംഗങ്ങളില്‍ നിന്നും വ്യത്യസ്‌തമായിട്ടാണ്‌ ലാല്‍ സാര്‍ അതിലെ ആക്ഷന്‍ രംഗങ്ങളില്‍ എത്തുന്നത്‌. അത്തരം രംഗങ്ങളില്‍ അദ്ദേഹം ഒരു കുട്ടിയാണ്‌.

തല കുത്തി നില്‍ക്കാന്‍ പറഞ്ഞാല്‍ അദ്ദേഹം അതും ചെയ്യും. ഒന്നും തനിക്കു ചെയ്യാന്‍ കഴിയില്ല എന്ന്‌ അദ്ദേഹം പറയില്ല. ആക്ഷന്‍ രംഗങ്ങള്‍ എന്നു പറഞ്ഞാല്‍ അദ്ദേഹത്തിന്‌ ഭ്രാന്താണ്‌. ജൂനിയര്‍ സ്റ്റണ്ട്‌ ആര്‍ട്ടിസ്റ്റുകളേക്കാള്‍ ആവേശത്തോടും കൃത്യതയോടും കൂടിയാണ്‌ അദ്ദേഹം സ്റ്റണ്ട്‌ രംഗങ്ങളില്‍ പെരുമാറുന്നത്‌.

പൃഥ്വിരാജാണ്‌ സംവിധായകന്‍ എന്നു പറഞ്ഞപ്പോള്‍ പൃഥ്വി ആരാണെന്നാണ്‌ താനാദ്യം ചോദിച്ചത്‌. നടനായ പൃഥ്വിയും സംവിധായകനായ പൃഥ്വിയും ഒരാളാണെന്ന്‌ തനിക്കറിയില്ലായിരുന്നുവെന്ന്‌ സില്‍വ പറയുന്നു. നടനായ പൃഥ്വിയെ നേരത്തേ അറിയാം. ഈ ചിത്രത്തില്‍ ഞാന്‍ ചെയ്യേണ്ട ജോലികളെല്ലാം പൃഥ്വി നേരത്തെ തന്നെ എഴുതി വച്ചിട്ടുണ്ടായിരുന്നു.

മോഹന്‍ലാലിനെ ആക്ഷന്‍ രംഗങ്ങളില്‍ മുണ്ട്‌ മടക്കി കുത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ്‌ കൊടുത്ത്‌ ചെയ്യിപ്പിക്കേണ്ടത്‌ എന്റെ ജോലിയാണ്‌. എന്നാല്‍ എനിക്കിതെല്ലാം കോര്‍ഡിനേറ്റ്‌ ചെയ്യേണ്ടി വന്നതു മാത്രമേയുള്ളൂ. പൃഥ്വിരാജാണ്‌ എല്ലാം ചെയ്‌തത്‌.

`` ചിത്രത്തില്‍ ഒരിടത്തും ഒരിക്കല്‍ പോലും കേബിള്‍ ഉപയോഗിച്ചുള്ള ഫൈറ്റ്‌ രംഗങ്ങള്‍ ചെതിട്ടില്ല. ചാടിയുള്ള കിക്കുകളും മറ്റും ലാല്‍ സര്‍ സ്വന്തമായി ചെയ്‌തതാണ്‌. കേബിള്‍ ആവശ്യമില്ലാത്ത ഫൈറ്റ്‌ മതിയെന്ന്‌ പൃഥ്വിരാജും ആദ്യമേ പറഞ്ഞിരുന്നു. പോലീസുകാരന്റെ നെഞ്ചത്ത്‌ ചവിട്ടി നിന്നുളള രംഗം പൃഥ്വിരാജാണ്‌ ഷൂട്ട്‌ ചെയ്‌തത്‌. ആ സമയത്ത്‌ ഞാനവിടെ ഇല്ലായിരുന്നു. അത്‌ അദ്ദേഹത്തിന്റെ മാത്രം ഐഡിയ ആണ്‌.

ആ സീന്‍ കണ്ട്‌ മറ്റുള്ളവര്‍ അത്ഭുതപ്പെട്ടേക്കാം. പക്ഷേ എനിക്കങ്ങനെ തോന്നുകയില്ല. കാരണം ലാല്‍ സാറിന്‌ അതിനപ്പുറവും ചെയ്യാന്‍ കഴിയും. ലൂസിഫര്‍ റിലീസായ ശേഷം നിര്‍മ്മാതാവായ ആന്റിണി പെരുമ്പാവൂര്‍ തന്നെ വിളിച്ച്‌ വളരെയധികം സന്തോഷം അറിയിച്ചെന്നും താന്‍ പ്രതീക്ഷിക്കാത്തത്ര ഒരു വലിയ തുകയുടെ ചെക്ക്‌ അയച്ചു തന്നെന്നും സില്‍വ പറഞ്ഞു. ആന്റണിയെ പോലുള്ള നിര്‍മ്മാതാക്കള്‍ മലയാള സിനിമയുടെ ഭാഗ്യമണെന്നും സില്‍വ പറഞ്ഞു.

ഇപ്പോള്‍ പ്രഭാസ്‌ നായകനാകുന്ന സഹോയില്‍ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്‌ സില്‍വയാണ്‌. കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിനും ആക്ഷന്‍ ഡയറക്‌ടര്‍ സില്‍വയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക