Image

ഡാലസ് മുന്‍ പ്രൊടേം മേയര്‍ക്ക് നാലര വര്‍ഷം ജയില്‍ ശിക്ഷ

പി.പി. ചെറിയാന്‍ Published on 06 April, 2019
ഡാലസ് മുന്‍ പ്രൊടേം മേയര്‍ക്ക് നാലര വര്‍ഷം ജയില്‍ ശിക്ഷ
ഡാലസ്: ഡാലസ് മുന്‍ പ്രൊടേം മേയര്‍ ഡ്വയന്‍ കാരവെയെ നാലര വര്‍ഷം ഫെഡറല്‍ പ്രിസണിലേക്ക് അയയ്ക്കുന്നതിനും  4,82,000 ഡോളര്‍ പിഴയായി ഈടാക്കുന്നതിനും  യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ബാര്‍ബര ലിന്‍ ഉത്തരവിട്ടു.

പ്രാദേശിക തലത്തില്‍ വലിയ വിവാദം സൃഷ്ടിച്ച കേസിന്റെ വിധി ഏപ്രില്‍ 5 വെള്ളിയാഴ്ച വൈകിട്ടായിരുന്നു പുറത്തുവന്നത്. ജയിലില്‍ ശിക്ഷക്കുവേണ്ടി ഹാജരാകാന്‍ മേയ് 5 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഡാലസ് സിറ്റിയില്‍ ദീര്‍ഘകാലം കൗണ്‍സില്‍ അംഗമായിരുന്ന ഡ്വയിനിന്റെ പ്രവര്‍ത്തനം സിറ്റിയിലെ ജനങ്ങള്‍ക്ക്  നാണക്കേടുണ്ടാക്കിയതായി ജഡ്ജി വിധി ന്യായത്തില്‍ പറഞ്ഞു.

2011 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ സ്‌കൂള്‍ ബസ്സുകളില്‍ കാമറ സ്ഥാപിക്കാന്‍ കമ്പനി പ്രതിനിധികളില്‍ നിന്നും 450,000 ഡോളര്‍ കോഴയായി വാങ്ങിയതായി ഫെഡറല്‍ കറപ്ഷന്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കൈകൂലി ലഭിച്ചതിനെ തുടര്‍ന്ന് ഡാലസ് കൗണ്ടി സ്‌കൂള്‍ ബസുകളില്‍ പ്രത്യേകതരം ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് കൗണ്‍സില്‍ അംഗം എന്ന നിലയില്‍ പിന്തുണ നല്‍കിയതാണെന്നു കണ്ടെത്തി.

കുറ്റാരോപിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇദ്ദേഹം കൗണ്‍സില്‍ അംഗത്വം രാജിവയ്ക്കുകയും കുറ്റം സ്വയം ഏറ്റെടുക്കുകയും അന്വേഷണോദ്യോഗസ്ഥരുമായി സഹകരിക്കുകയും ചെയ്തിരുന്നു.

നികുതി വെട്ടിപ്പു വയര്‍ഫ്രോഡ് തുടങ്ങിയ കുറ്റങ്ങളും മേയര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരുന്നു. ബസ് കമ്പനി അധികൃതര്‍ക്കെതിരെയും കേസ് നിലവിലുണ്ട്.



ഡാലസ് മുന്‍ പ്രൊടേം മേയര്‍ക്ക് നാലര വര്‍ഷം ജയില്‍ ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക