Image

എന്തുകൊണ്ടാണ് ശ്രീധന്യയുടെ ഐഡന്‍റിറ്റി മാത്രം ആഘോഷമാക്കുന്നത്? (സന്ദീപ് ദാസ് )

Published on 06 April, 2019
എന്തുകൊണ്ടാണ് ശ്രീധന്യയുടെ ഐഡന്‍റിറ്റി  മാത്രം ആഘോഷമാക്കുന്നത്? (സന്ദീപ് ദാസ് )
''ശ്രീധന്യയെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു.പക്ഷേ എന്തിനാണ് അവരെ ആദിവാസി എന്ന് വിശേഷിപ്പിക്കുന്നത്?ഒരുപാട് പേര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയല്ലോ.എന്തുകൊണ്ടാണ് ശ്രീധന്യയുടെ ഐഡന്‍റിറ്റി  മാത്രം ആഘോഷമാക്കുന്നത്? എല്ലാവരെയും മനുഷ്യരായി കണ്ടാല്‍ പോരേ? "

ശ്രീധന്യ സുരേഷ് എന്ന ആദിവാസി പെണ്‍കുട്ടി സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഇടം നേടിയെന്ന വാര്‍ത്ത പുറത്തുവന്നതുമുതല്‍ക്ക് ചിലര്‍ ഇപ്രകാരം വാദിക്കുന്നുണ്ട്.ഒറ്റനോട്ടത്തില്‍ ശരിയെന്നുതോന്നാം.പക്ഷേ ശ്രീധന്യയെ ആദിവാസി പെണ്‍കുട്ടി എന്നുതന്നെ വിശേഷിപ്പിക്കണം.അതാണ് അതിന്റെ ശരി.നിലവിലെ സാഹചര്യത്തില്‍ അതുമാത്രമാണ് ശരി !

ജനനം മുതല്‍ മരണം വരെ ഒട്ടേറെ പ്രിവിലേജുകള്‍ അനുഭവിക്കുന്ന,സമ്പന്നതയുടെ കളിത്തൊട്ടിലില്‍ വളര്‍ന്നുവരുന്ന മനുഷ്യരുമായി ആദിവാസികളെ താരതമ്യം ചെയ്യരുത്.രണ്ടുകൂട്ടരും സഞ്ചരിച്ചത് ഒരേ പാതയിലൂടെയാണെന്ന് തെറ്റിദ്ധരിക്കരുത് !

നമ്മുടെ നാട്ടിലെ പല ആദിവാസികളും നരകതുല്യമായ ജീവിതം നയിക്കുന്നവരാണ്.കുടിവെള്ളം പോലും കിട്ടാത്തവര്‍ അവര്‍ക്കിടയിലുണ്ട്.പോഷകാഹാരക്കുറവും രോഗങ്ങളുമൊക്കെ അവരെ നിരന്തരം അലട്ടുന്നുണ്ട്.

കുറച്ചുനാള്‍ മുമ്പ് നടത്തിയ ഒരു പഠനത്തില്‍ വയനാട്ടിലെ 30% ആദിവാസികളും നിരക്ഷരരാണെന്ന് കണ്ടെത്തിയിരുന്നു.അതില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.സ്കൂളില്‍ പോയവര്‍ പോലും പലപ്പോഴും പാതിവഴിയില്‍ പഠനം നിര്‍ത്തും.നല്ലൊരു വിഭാഗം ആദിവാസികളും പഠിക്കേണ്ട പ്രായത്തില്‍ത്തന്നെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകാറുണ്ട്.

സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കാര്യം വിടാം.സമൂഹം എങ്ങനെയാണ് ആദിവാസികളെ നോക്കിക്കാണുന്നത്?

നമ്മുടെ സിനിമകള്‍ ഒന്ന് പരിശോധിച്ചുനോക്കുക.കോവിലകവും തമ്പുരാനും തമ്പുരാട്ടിയുമൊക്കെ എത്രയോ സിനിമകളില്‍ വന്നിട്ടുണ്ട്.എന്നാല്‍ ആദിവാസിയെ കേന്ദ്രകഥാപാത്രമാക്കിയ എത്ര സിനിമകള്‍ ഇവിടെ ഇറങ്ങിയിട്ടുണ്ട്?

ബഹുഭൂരിപക്ഷം സിനിമകളിലും വളരെ മോശമായ രീതിയിലാണ് ആദിവാസികളെ ചിത്രീകരിച്ചിട്ടുള്ളത്.ബാംബൂ ബോയ്‌സ് എന്ന സിനിമയാണ് ഏറ്റവും നല്ല ഉദാഹരണം.'കാട്ടുവാസി' , 'കാട്ടുജാതി' മുതലായ പദങ്ങള്‍ കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ഇപ്പോഴും ചിരിവരുന്നുണ്ട് !

വലിയ ബുദ്ധിയൊന്നുമില്ലാത്ത വിഭാഗമാണ് ആദിവാസികള്‍ എന്ന് വിശ്വസിക്കുന്ന ധാരാളം വിദ്യാസമ്പന്നരെ ഈ സമൂഹത്തില്‍ കാണാം.മനുഷ്യന്റെ മനസ്സിനെ പൂര്‍ണ്ണമായും ശുദ്ധമാക്കാന്‍ വിദ്യാഭ്യാസത്തിനുപോലും കഴിയുന്നില്ല !

ഇതുപോലെ സാമൂഹികവും സാമ്പത്തികവുമായ ഒട്ടേറെ വെല്ലുവിളികളെ തരണം ചെയ്താല്‍ മാത്രമേ ഒരു ആദിവാസിയ്ക്ക് ഉയരങ്ങള്‍ കീഴടക്കാനാകൂ.ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസ് റാങ്ക് നേടുന്ന ആദ്യ വ്യക്തിയാണ് ശ്രീധന്യ.അവരുടെ ഐഡന്റിറ്റി ഒളിച്ചുവെയ്ക്കുന്നത് വലിയ അപരാധമാണ്.വരുംതലമുറയെ പ്രചോദിപ്പിക്കാന്‍ ആ ഐഡന്റിറ്റി പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.ശ്രീധന്യയുടെ ആഗ്രഹവും അതുതന്നെയാണ്.

സിവില്‍ സര്‍വ്വീസ് മോഹം തലയ്ക്കുപിടിച്ചപ്പോണ്ടള്‍ ഉണ്ടായിരുന്ന ജോലി രാജിവെച്ചിട്ടാണ് ശ്രീധന്യ പരീക്ഷയ്ക്ക് തയ്യാറെടുത്തത്.''കൊക്കിലൊതുങ്ങുന്നത് കൊത്തിയാല്‍ പോരേ? " എന്ന മട്ടിലുള്ള അടക്കംപറച്ചിലുകള്‍ അവര്‍ തീര്‍ച്ചയായും കേട്ടിട്ടുണ്ടാകും.'ലക്ഷണമൊത്ത' ഒരു വീട്ടിലെ കുട്ടി അപ്രകാരം പരിഹസിക്കപ്പെടുകയില്ല.അതാണ് വ്യത്യാസം !

ആടിനെ പട്ടിയാക്കാനുള്ള കഴിവ് സമൂഹത്തിനുണ്ട്.ഒരു പ്രതിഭയുടെ ആത്മവിശ്വാസത്തെ തകര്‍ത്തുകളയാന്‍ സമൂഹത്തിന്റെ നിരന്തരമായ പരിഹാസങ്ങള്‍ക്ക് സാധിക്കും.അതിനെയൊക്കെ അതിജീവിച്ചാണ് ശ്രീധന്യ ജയിച്ചുനില്‍ക്കുന്നത് !

കോളനികളില്‍ താമസിക്കുന്നവര്‍ മുഴുവന്‍ സംസ്കാരമില്ലാത്തവരാണെന്ന മുന്‍വിധി മനസ്സില്‍ കൊണ്ടുനടക്കുന്ന ധാരാളം മനുഷ്യരെ എനിക്കറിയാം.ഇപ്പോള്‍ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുന്ന ശ്രീധന്യയുടെ വീട് ഒരു കോളനിയിലാണ് എന്ന കാര്യം മനസ്സിലാക്കുക.

ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധത്തില്‍ പഴശ്ശിരാജയെ സഹായിച്ചത് കുറിച്യരാണ്.അവര്‍ക്ക് ആ പേര് കിട്ടിയത് കുറിക്കുകൊള്ളുന്ന അമ്പയക്കുന്നവര്‍ എന്ന നിലയിലാണെത്രേ ! ശ്രീധന്യ കുറിച്യ വിഭാഗത്തിന്റെ പ്രതിനിധിയാണ്.

അതിശക്ണ്ടതമായ ഒരസ്ത്രം തന്നെയാണ് അവരിപ്പോള്‍ തൊടുത്തുവിട്ടിരിക്കുന്നത്.ഒരുപാട് ആദിവാസി ഊരുകളില്‍ അറിവിന്റെ അഗ്‌നി പടര്‍ത്താന്‍ ശേഷിയുള്ള അസ്ത്രം....!
അഭിനന്ദനങ്ങള്‍ പ്രിയകൂട്ടുകാരീ....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക