Image

ആലത്തൂരില്‍ പാട്ടും പാടി ജയിക്കാന്‍ രമ്യ ഓടിനടക്കുന്നു (കുര്യന്‍ പാമ്പാടി)

Published on 06 April, 2019
ആലത്തൂരില്‍  പാട്ടും പാടി ജയിക്കാന്‍ രമ്യ ഓടിനടക്കുന്നു (കുര്യന്‍ പാമ്പാടി)
പാലക്കാട്ടെ ആലത്തൂരില്‍ രാഹുല്‍ ഗാന്ധിയുടെ അരുമശിഷ്യ രമ്യാ ഹരിദാസ് ലോക്‌സഭയിലേക്ക് മൂന്നാമതൊരു അങ്കത്തിനു മാറ്റുരക്കുന്ന പികെ ബിജുവിനെതിരെ നേരിടാന്‍ പാടി പാടി വോട്ടു ചോദിക്കുന്നു. പുതിയതലമുറക്കു ഹരമായ രമ്യയെ നേരിടാന്‍ ഇടതു പക്ഷം വ്യക്തിഹത്യ ആയുധമാക്കുന്നു

കൊടുംചൂടില്‍ ഉഷ്ണമാപിനി നാല്‍പ്പതു ഡിഗ്രി എന്ന റിക്കാര്‍ഡ് തലത്തിലേക്ക് ഉയര്‍ന്ന പാലക്കാട്ടെ  ആലത്തൂരില്‍ രമ്യയുടെ മധുര ശബ്ദം അല്‍പ്പം കുളിരു പകരുന്നതാണ്. ''ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ, മലിനമായ ജലാശയം അതില്‍ മലിനമായൊരു ഭൂമിയും''രമ്യ പാട്ടിലൂടെ ചോദിക്കുന്നു.

ആറുവര്‍ഷം മുമ്പ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി സംഘടിപ്പിച്ച അഖിലേന്ത്യ ടാലന്റ് ടെസ്റ്റില്‍ ജയിച്ചു കയറുമ്പോഴാണ് രമ്യ ദേശിയ ശ്രദ്ധയില്‍ വരുന്നത്. നാലുദിവസം നടന്ന വാദപ്രതിവാദ സദിരുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചു.  മലയാളി പി.വി. രാജഗോപാലിന്റെ ഏകതാപരിഷത്തിലൂടെ ഭാരത ദര്‍ശനം നടത്തി വളര്‍ന്ന ആളാണ്. ആദിവാസി, ദളിത് കാല്‍നട ജാഥകളില്‍ പങ്കെടുത്തു. 2012ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തു.  

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം കുറ്റിക്കാട്ടൂരില്‍ കൂലിപ്പണിക്കാരനായ പിപി ഹരിദാസിന്റെയും രാധയുടെയും  മകളായി ഓലക്കുടിലില്‍ ജനിച്ച പട്ടികജാതിക്കാരിയാണ് രമ്യ. 'അമ്മ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക. സര്‍ക്കാര്‍ സഹായത്തോടെ അടുത്ത കാലത്താണ് അടച്ചുറപ്പുള്ള ഒരു വീടു പണിതത്. രമ്യ കുന്നമംഗലം ബ്‌ളോക് പഞ്ചായത് പ്രസിഡണ്ടാണിപ്പോള്‍. 

സംഗീതം ഐച്ഛികമായി ബിഎ പാസായി. സ്കൂളിലും കോളജിലും പഠിക്കുമ്പോള്‍ യുവജനോത്സവങ്ങളില്‍ മിന്നിത്തിളങ്ങി സമ്മാനങ്ങള്‍ വാരിക്കൂട്ടി. ജവഹര്‍ ബാലജനവേദിയിലൂടെ കെഎസ് യു വിലെത്തി..യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറി. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കോഓര്‍ഡിനേറ്ററാണ്.

നന്നായി പാട്ടും, നന്നായി പ്രസംഗിക്കും. നൃത്തത്തിനും സമ്മാനം നേടിയിട്ടുണ്ട്. ദേശത്തെ മഥിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്ന ആളാണ്. ആശയങ്ങള്‍ ആര്‍ക്കും മനസിലാകുന്ന വിധം തന്മയത്തത്തോടെ അവതരിപ്പിക്കാന്‍ അറിയാം. അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന് പെണ്ണുങ്ങള്‍ എല്ലാം കരുതും.

ഇരുപത്തൊമ്പതു വയസായ രമ്യയെ നേരിടുന്നതു ലോക്‌സഭയില്‍ രണ്ടുതവണ പോയി പ്രാഗല്‍ഭ്യം തെളിയിച്ച സിപിഎമ്മിലെ കരുത്തുറ്റ ബിജുവാണ്. പ്രായം 45. പോളിമര്‍ കെമിസ്ട്രിയില്‍ ഡോക്ട്രേറ്റ് ഉണ്ട്. ഭാര്യ ഡോ. വിജി വിജയന്‍. അഞ്ചു വര്ഷം ഒന്നിച്ച് എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചു പ്രണയിച്ചു വിവാഹിതരായവരാണ്.

കോട്ടയം ജില്ലയില്‍ മാഞ്ഞൂര്‍ സൗത്ത് പറയന്‍പറമ്പില്‍ കുട്ടപ്പന്റെയും ഭവാനിയുടെയും മകന്‍. കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസിലാണ് ബിരുദാനന്തര പഠനങ്ങള്‍ നടത്തിയത്. അവിടെനിന്നു തന്നെ പിഎച്ച്ഡി. ''പഠിച്ചു പൊരുതി നേടിയതാണ് എല്ലാം,''. നല്ല പെരുമാറ്റം ലോക്‌സഭയിലെ പ്രകടനവും മികച്ചതായിരുന്നു. ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കോര്‍ട്ടില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആണ്.

രണ്ടു തവണ ജയിച്ചിട്ടും മണ്ഡലത്തില്‍ കാര്യമായി ഒന്നും ചെയ്തില്ല എന്ന് പരാതിയുണ്ട്.എല്ലായിടത്തും എത്താന്‍ പോലും കഴിഞ്ഞില്ല... അതെങ്ങനെ സാധിക്കും? ലോക്‌സഭാന്ഗം എന്ന നിലയിലുള്ള തിരക്കുകള്‍ക്കിടയില്‍ മൂന്നു ജില്ലകളില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി പടര്‍ന്നു കിടക്കുന്ന മണ്ഡലത്തില്‍ എല്ലായിടത്തും എത്താന്‍ കഴിയില്ല എന്നാണ് സമാധാനം.

ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍, ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം എന്നിവയാണ് അസംബഌ മണ്ഡലങ്ങള്‍. ഇവയില്‍ ആറും തങ്ങളുടെ കൂടെയാണെന്ന് എല്‍ഡിഎഫ് ആശ്വസിക്കുന്നു. ലോക്‌സഭാതെരെഞ്ഞെടുപ്പില്‍ ആദ്യതവണ, 2009ല്‍, ബിജു കോണ്‍ഗ്രസ്സിലെ എന്‍ കെ സുധീറിനെ 20960 വോട്ടിനാണ് തോല്‍പ്പിച്ചത്. 2014ല്‍ കോണ്‍ഗ്രസ്സിലെ കെ.എ.ഷീബയെ തോല്‍പ്പിച്ചപ്പോള്‍ ഭൂരിപക്ഷം കൂടി37,312.

ഒരുനല്ല എതിരാളി എന്ന നിലയില്‍ രമ്യയെ ആക്ഷേപിക്കാന്‍ മതിയായ കാരണങ്ങള്‍  ഇല്ലാത്തതു കൊണ്ടാവാം, എല്‍ഡിഎഫ് കണ്‍വീനര്‍ എ' വിയരാഘവന്‍ മറ്റൊരു ആയുധം എടുത്തിട്ടു.  ഒരു പ്രചാരണ യോഗത്തില്‍ ഈ പെണ്‍കുട്ടിക്കു ലീഗിലെ പികെ കുഞ്ഞാലികുട്ടിക്കൊപ്പം പോയിരിക്കാന്‍ നാണമില്ലായിരുന്നോ എന്ന് വിജയരാഘവന്‍ ചോദിച്ചു.

എല്‍ഡിഎഫ്, യുഡിഎഫ് ഭരണകൂടങ്ങള്‍ അന്വേഷിച്ചിട്ടും തേഞ്ഞു മാഞ്ഞു പോയ ഐസ് ക്രീം പാര്‍ലര്‍ ബലാത്സംഗ കേസിലെ പ്രതിയായ കുഞ്ഞാലികുട്ടി എന്നാണ് വിജയരാഘവന്‍ പറയാതെ പറഞ്ഞു വച്ചത്. ഈ വിഷയം യുഡിഎഫിന് നല്ലൊരു പിടിവള്ളിയായി. രമ്യ പരാതി നല്‍കി. വനിതാ കമ്മീഷന്‍ കേസ് എടുത്ത്. അങ്ങിനെ പറയരുതായിരുന്നു എന്നു സിപിഎമ്മും നിലപാട് എടുത്തു.

തൃശൂര്‍ കേരളവര്‍മ കോളജ് അദ്ധ്യാപികയും കവയിത്രിയുമായ ദീപ നിശാന്ത് രമ്യക്കെതിരെ രംഗത്ത് വന്നതു മറ്റൊരു തമാശ. മറ്റൊന്നും ഇല്ലാത്തതു കൊണ്ടല്ലേ രമ്യ പാട്ടു പാടുന്നത്, നൃത്തം ചെയ്യുന്നത്? ഇതെന്താ സ്റ്റാര്‍ സിംഗര്‍ മത്സരമാണോ? എന്നായിരുന്നു ഒരു ചാനല്‍ ചര്‍ച്ചക്കിടെ അവരുടെ ചോദ്യം. മറ്റൊരാളുടെ കവിത സ്വന്തം പേരില്‍  പ്രസിദ്ധീകരിച്ചതിനു സാമൂഹ്യ മാധ്യമങ്ങളില്‍ ശകാരം കേട്ട ആളെന്ന നിലയില്‍ ദീപയുടെ ചോദ്യത്തിന് അത്ര വിലയെ ആളുകള്‍ കല്പിച്ചിട്ടുള്ളു.

ആലത്തൂരിലെ ഇത്തിരിവെട്ടം എന്നൊരു സിനിമ വരുന്നുണ്ട്. രമ്യാ നംബീശന്‍ ആണ് നായിക. രമ്യാ ഹരിദാസിന്റെ ജീവിതമോ രാഷ്ട്രീയമോ ആയി അതിനു ബന്ധമില്ല. എന്നിരുന്നാലും രമ്യാ ഹരിദാസ് ആലത്തൂരിലെ ഇത്തിരി വെട്ടം തന്നെയാണെന്നാണ് അനുയായികള്‍ പറയുന്നത്ത്. വോട്ടെടുപ്പ് കഴിയുമ്പോള്‍ അവിടത്തെ വെള്ളിവെളിച്ചമായി മാറും. 

ആലത്തൂരില്‍ നിന്ന് വയനാട്ടിലെത്താന്‍ നാഷണല്‍ ഹൈവേ 766 വഴി അഞ്ചു മണിക്കൂര്‍  എടുക്കും. എങ്കിലും വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി വാരിവിതറിയ സ്‌നേഹസന്ദേശം ശകുന്തളത്തിലെ അരയന്നം പോലെയോ കാളിദാസന്റെ തന്നെ മേഘസന്ദേശം പോലെയോ കേരളവര്‍മ്മ കോയിത്തമ്പുരാന്റെ മയൂരസന്ദേശം പോലെയോ ആലത്തൂരില്‍ കുളിര്മഴയായി എത്തുമെന്നാണ് രമ്യയുടെ പ്രതീക്ഷ.
 
ആലത്തൂരില്‍  പാട്ടും പാടി ജയിക്കാന്‍ രമ്യ ഓടിനടക്കുന്നു (കുര്യന്‍ പാമ്പാടി)ആലത്തൂരില്‍  പാട്ടും പാടി ജയിക്കാന്‍ രമ്യ ഓടിനടക്കുന്നു (കുര്യന്‍ പാമ്പാടി)ആലത്തൂരില്‍  പാട്ടും പാടി ജയിക്കാന്‍ രമ്യ ഓടിനടക്കുന്നു (കുര്യന്‍ പാമ്പാടി)ആലത്തൂരില്‍  പാട്ടും പാടി ജയിക്കാന്‍ രമ്യ ഓടിനടക്കുന്നു (കുര്യന്‍ പാമ്പാടി)ആലത്തൂരില്‍  പാട്ടും പാടി ജയിക്കാന്‍ രമ്യ ഓടിനടക്കുന്നു (കുര്യന്‍ പാമ്പാടി)ആലത്തൂരില്‍  പാട്ടും പാടി ജയിക്കാന്‍ രമ്യ ഓടിനടക്കുന്നു (കുര്യന്‍ പാമ്പാടി)ആലത്തൂരില്‍  പാട്ടും പാടി ജയിക്കാന്‍ രമ്യ ഓടിനടക്കുന്നു (കുര്യന്‍ പാമ്പാടി)ആലത്തൂരില്‍  പാട്ടും പാടി ജയിക്കാന്‍ രമ്യ ഓടിനടക്കുന്നു (കുര്യന്‍ പാമ്പാടി)ആലത്തൂരില്‍  പാട്ടും പാടി ജയിക്കാന്‍ രമ്യ ഓടിനടക്കുന്നു (കുര്യന്‍ പാമ്പാടി)ആലത്തൂരില്‍  പാട്ടും പാടി ജയിക്കാന്‍ രമ്യ ഓടിനടക്കുന്നു (കുര്യന്‍ പാമ്പാടി)
Join WhatsApp News
Vaikom madhu 2019-04-07 02:51:49
It should be Shaakunthalam and not Shakunthalam (means, long S and not S as is used in Shaantha)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക