Image

കവിതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ (പീറ്റര്‍ നീണ്ടൂരിന്റെ കവിതകളുടെ ദ്രുശ്യാവിഷ്‌കാരം)

സുധീര്‍ പണിക്കവീട്ടില്‍ Published on 20 April, 2012
കവിതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ (പീറ്റര്‍ നീണ്ടൂരിന്റെ കവിതകളുടെ ദ്രുശ്യാവിഷ്‌കാരം)
മനുഷ്യന്‍ ഭൂമിയില്‍ ജീവിതം ആരംഭിച്ച കാലം മുതല്‍ കവിതകളും ഉണ്ടായിരുന്നിരിക്കണം. വ്യാകരണ നിയമങ്ങളും ആവിഷ്‌കാര രീതികളുടെ കെട്ടുപാടുകളൊന്നുമില്ലാതെ അന്നുള്ളവര്‍ പ്രകൃതിയെ നോക്കി, അദൃശ്യനായ പരാശക്‌തിയെ നോക്കി പാടി രസിച്ച്‌്‌ കാണും. ആരാണ്‌ ആദ്യം കവിത എഴുതിയത്‌? അതറിയാന്‍ പ്രയാസമാണ്‌. എങ്കിലും ക്രിസ്‌തുവിനു നാലായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സുമേരിയക്കാര്‍ (ഇന്നത്തെ ഇറാക്ക്‌) കളിമണ്‍ കട്ടകളില്‍ എഴുതിവച്ചിരുന്ന കവിതകള്‍ കണ്ടെത്തുകയുണ്ടായി. ആദ്യത്തെ പ്രേമകാവ്യം രചിച്ചതും സുമേറിയന്‍കാരായിരുന്നു എന്ന്‌ എവിടെയോ വായിച്ചത്‌ ഓര്‍മ്മ വരുന്നു. പുരാതന ഭാരതത്തില്‍ വേദങ്ങളും മറ്റും എഴുതി വച്ചിരുന്നത്‌ കവിത രൂപത്തിലാണ്‌. ഗ്രീക്കുക്കാര്‍ ഹോമറിന്റെ ഇലിയഡും, ഒഡിസ്സിയും അവരുടെ പൂര്‍വ്വകവിതാ സമ്പത്തായി കണക്കാക്കുന്നു. കവികളില്‍ നാടോടി കവികള്‍ എല്ലാ രാജ്യത്തും ഉണ്ടായിരുന്നു. അവര്‍ രാജക്കന്മാരെപ്പറ്റി നാട്ടിലെ പ്രേമബന്ധങ്ങളെപ്പറ്റിയൊക്കെ കവിതകള്‍ രചിച്ചു അതു പാടി നടന്നു. നമ്മുടെ മലയാളത്തിലും വീരഗാഥകള്‍ പാടിനടന്ന പാണന്മാരെ പറ്റി പരാമര്‍ശിക്കുന്നുണ്ട്‌. പദ്യവും ഗദ്യവുമെന്ന്‌ വേര്‍തിരിവുണ്ടായ പോലെ തന്നെ പാട്ടുകളും കവിതകളുമായി വേര്‍തിരിഞ്ഞു. കവിത എന്നാല്‍ ഗൗരവതരമായ ഒരു രചനയായി കണക്കാക്കി. കവിതക്ക്‌ അനവധി നിയമങ്ങള്‍ വന്നു. അങ്ങനെ വന്നപ്പോള്‍ കവിതക്ക്‌ വായനക്കാര്‍ കുറഞ്ഞു, കവികളുടെ എണ്ണവും കുറഞ്ഞു. (അമേരിക്കന്‍ മലയാളി സമൂഹം അതിനൊരു അപവാദമാണ്‌)

ഇത്രയും ആമുഖമായി പറഞ്ഞത്‌ ഇയ്യിടെ പ്രമുഖ അമേരിക്കന്‍ മലയാളിയും, കവിയും, ടി.വി. സീരിയല്‍ നടനുമായ ശ്രീ പീറ്റര്‍ നീണ്ടൂരിന്റെ കവിതകളുടെ ദൃശ്യാവിഷ്‌കാരം കാണാനിടയായത്‌കൊണ്ടാണ്‌. കവിത പാരായണത്തില്‍ പ്രാവീണ്യ്‌മുള്ള കുറച്ചുപേര്‍ അദ്ദേഹത്തിന്റെ പതിനഞ്ച്‌ കവിതകളാണു പാടി അവതരിപ്പിക്കുന്നത്‌. കവികള്‍ അവരുടെ കാവ്യങ്ങള്‍ ജനങ്ങളിലേക്ക്‌ എത്തണമെന്ന അദമ്യമായ ആഗ്രഹമുള്ളവരാണ്‌. നേരത്തെ സൂചിപ്പിച്ചപോലെ പണ്ടു്‌ കാലത്ത്‌ കവികള്‍ നാടുതോറും പാടിനടന്നു. പില്‍ക്കാലത്ത്‌ അതിന്റെ തുടര്‍ച്ചയെന്നോണം കവികള്‍ ചൊല്‍കാഴ്‌ച്ചകള്‍ അവതരിപ്പിച്ചു. ഇന്നത്തെ സാങ്കേതിക വിദ്യയുടെ പുരോഗമനം പ്രയോജനപ്പെടുത്തുന്നതില്‍ ശ്രീ പീറ്റര്‍ നീണ്ടൂര്‍ സാമര്‍ഥ്യം തെളിയിച്ചിരിക്കുന്നു. തന്റെ കവിതകളുടെ ദൃശ്യാവിഷ്‌ക്കരണം എന്ന നവീന ആശയം അദ്ദേഹം പരീക്ഷിക്കുകയാണ്‌. വായനയുടെ ലോകത്ത്‌ നിന്നും ജനം ദൃശ്യമാദ്ധ്യമങ്ങളുടെ വര്‍ണ്ണ പകിട്ടില്‍ വിസ്‌മയം പൂണ്ടിരിക്കുന്നത്‌ കാണുന്ന കവി തന്റെ കവിതകളെ അവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുന്നു. ആദ്യമായി കവിതകളുടെ ദൃശ്യാവിഷ്‌കരണത്തില്‍ വരുന്ന ഒരു ന്യൂനതയെപ്പറ്റി പറയട്ടെ. ദൃശ്യവല്‍ക്കരണം നടത്തിയ കവിയോ അതോ സഹായിയോ, കാണുന്നവരുടെ മനസ്സില്‍ കവിതകള്‍ ഉള്‍കൊള്ളുന്ന ഭാവനയുടെ വികാസത്തെ സങ്കോചിപ്പിക്കുന്നു. കാരണം കവിത നമ്മള്‍ വായിക്കുമ്പോള്‍ ആ വരികള്‍ നമ്മുടെ മനസ്സില്‍ ഉളവാക്കുന്ന അനുഭൂതിയും, വികാര തള്ളിച്ചയും അതിലൂടെ നമ്മള്‍ നമ്മുടേതായ ഒരു സങ്കല്‍പ്പ വിമാനത്തില്‍ കയറി കാണുന്ന കാഴ്‌ച്ചകളും ദൃശ്യാവിഷ്‌കരണത്തിന്റെ മുമ്പില്‍ ഇരിക്കുമ്പോള്‍ നമുക്ക്‌ കിട്ടുന്നില്ല. അതേസമയം ഇത്തരം ദൃശ്യങ്ങളിലൂടെ കവിക്ക്‌ പറയാനുള്ള ആശയങ്ങളെ ഒരു പരിധി വരെ പ്രേക്ഷകരുടെ മനസ്സിലേക്ക്‌ അവരുടെ അഭിരുചിയുടെ അളവനുസരിച്ച്‌ പകരാന്‍ കഴിയുന്നത്‌ ഒരു ഗുണമായി കണക്കാക്കാം.

മലയാള ഭാഷക്ക്‌ പുതിയ ചില വാക്കുകള്‍ സമ്മാനിക്കുകയെന്ന ഒരു വിനോദം ശ്രീ പീറ്റര്‍ നീണ്ടൂരിനുണ്ട്‌. (വളരെ മുഖരിതമായ അമേരിക്കന്‍ മലയാള സാഹിത്യരംഗം നോക്കി ഇദ്ദേഹം സ്രുഷ്‌ടിച്ച വാക്കാണ്‌ `മുപ്ര'') അദ്ദേഹത്തിന്റെ കവിതകളുടെ ഈ ദൃശ്യാവിഷ്‌കരണത്തിനു അദ്ദേഹത്തിന്റെ തന്നെ ഒരു കവിതയുടെ പേരാണു കൊടുത്തിരിക്കുന്നത്‌. ''ഉവര്‍പ്പ്‌'. ഡോക്‌ടര്‍ ജോര്‍ജ്‌ ഓണക്കൂര്‍ അതിനെ വ്യാഖാനിക്കുന്നത്‌ `ഉണര്‍വിന്റേയും വിയര്‍പ്പിന്റേയും' കൂടിചേരല്‍ എന്നാണു. ഈ ലേഖകന്‍ അത്‌ ഉയര്‍ത്തേഴുന്നേല്‍പ്പിന്റെ ചുരുക്കിയ രൂപമായി കാണാന്‍ ആഗ്രഹിക്കുന്നു. ലിഖിതരൂപത്തില്‍ നിന്നും കവിത ഭാവ-രാഗ-താള തലത്തിലേക്ക്‌ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ്‌ നടത്തുന്നു. .സഹ്രുദയ ലോകം കവിത മരിച്ചു എന്നൊക്കെ മുറവിളി കൂട്ടുന്നുണ്ടല്ലോ. കവിതകളുടെ കാര്യത്തില്‍ സഹൃദയ ലോകം എപ്പോഴും ആശങ്കാകുലരാണു. കവിത്രയത്തിനു മുമ്പും കവിത മരിച്ചു എന്ന ഒരു വിലാപം ഉണ്ടായി. കവിത്രയങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ജനം ` ആവൂ'' എന്നാശ്വസിച്ചു. ആവൂ - ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍. മരിക്കുകയെന്നു പറഞ്ഞാല്‍ വളരുന്നില്ല എന്ന്‌ പറയുന്നതാണ്‌ ശരി. കാരണം ധാരാളം കവിതകള്‍ ജനിക്കുന്നുണ്ട്‌. ഈ സി.ഡി.യിലൂടെ കവി നീണ്ടൂര്‍ കവിതക്ക്‌ ഒരു പുനരുത്ഥാനം നല്‍കുന്നു. അവതരണ രീതിയില്‍ ഒരു വിപ്ലവം സൃഷ്‌ടിക്കുന്നു. ചൊല്‍കാഴ്‌ചകളുടെ പരിമിതികളില്ലാതെ കവിക്ക്‌ ഒരേ സമയം പലേ സ്‌ഥലത്തും ഇതു മൂലം പ്രത്യക്ഷപെടാം. അനേകം പേര്‍ക്ക്‌ ഇതു കണ്ടു ആസ്വദിക്കാം.

ദൈവം കവികളെ സ്രുഷ്‌ടിച്ചത്‌ പ്രപഞ്ചത്തിന്റെ സൗന്ദര്യം മറ്റുള്ളവരെ പാടി കേള്‍പ്പിക്കാനാണ്‌. ജീവിതത്തിന്റെ മാധുര്യത്തെപറ്റി അതു സഫലമാക്കുന്നതിനെപറ്റിയൊക്കെ പാടാനാണു. പക്ഷെ അത്‌ ശ്രദ്ധിക്കാനോ വായിക്കാനോ മനുഷ്യര്‍ താല്‍പ്പര്യമില്ലാത്തവരായാല്‍ എന്തു ഫലം. അപ്പോള്‍ അര്‍പ്പണ ബോധമുള്ള കവികള്‍ ഇത്തരം സൗകര്യങ്ങള്‍ (കവിതകള്‍ നിറച്ച സി.ഡികള്‍) ഒരുക്കുന്നു. ഉപയോഗിക്കാന്‍ കഴിവുള്ളവന്റെ കയ്യില്‍ കിട്ടുമ്പോഴാണു എന്തു തന്നെയായാലും അത്‌ അതിന്റെ മനോഹാരിത കാണിക്കുന്നത്‌. മനസ്സിലാകാത്തതൊക്കെ കൊള്ളുകയില്ലന്ന ഒരു മുടന്തന്‍ ന്യായം മനുഷ്യര്‍ക്ക്‌ മാത്രമായിരിക്കും. ഒരു പൂവ്വ്‌ വിരിയുമ്പോള്‍ എന്തെല്ലാം രാഗങ്ങള്‍ മൂളിയാണു വണ്ടുകള്‍ വരിവരിയായ്‌ ആര്‍ത്ത്‌ വരുന്നത്‌. സങ്കുചിതവും പൈശാചികവുമായ ചിന്തകള്‍ക്ക്‌ മുന്‍തൂക്കം നല്‍കി മനുഷ്യര്‍ അവരുടെ സുവര്‍ണ്ണ നിമിഷങ്ങളെ പാഴാക്കി കളയുന്നു. കവി നീണ്ടൂര്‍ തന്റെ കവിതകളിലൂടെ എന്തൊക്കെയാണ്‌പറയുന്നത്‌ (പാടുന്നത്‌) എന്നു ശ്രദ്ധിക്കുക. പതിനഞ്ച്‌ കവിതകളിലെ കാതലായ ആശയം മനുഷ്യരിലെ നന്മ നഷ്‌ടപെടുത്താതെ അവര്‍ ജീവിക്കണമെന്നാണു. അതിനായ്‌ ഈശ്വര ചിന്തയുടെ ആവശ്യം കവി സൂചിപ്പിക്കുന്നുണ്ട്‌. മനുഷ്യര്‍ അവരുടെ മൗഡ്യങ്ങളില്‍ നിന്നും ഉണരണം. അവര്‍ അദ്ധാനത്തിന്റെ വിയര്‍പ്പൊഴുക്കണം. എങ്കിലെ ജീവിതം സഫലമാകൂ. അതാണ്‌്‌ കവി ഉദ്ദേശിക്കുന്ന ഉവര്‍പ്പ്‌. പ്രകൃതിയുടെ താണ്‌ഡവം ഈ മനോഹരഭൂമിയെ പ്രേതാലയമാക്കുന്നത്‌ മനുഷ്യനില്‍ ദുഷ്‌ടത പെരുകുന്നത്‌ മൂലമാണെന്ന്‌ കവി ശങ്കിക്കുന്നു. മനുഷ്യന്റെ അവസ്‌ഥയെ പച്ചിലയോടും പഴുത്തിലയോടും താരതമ്യം ചെയ്യുന്നുണ്ട്‌, വിടചൊല്ലും ഭാരതാമ്പ കവി നീണ്ടൂരിന്റെ ആദ്യകാല കവിതയാണ്‌. ഇന്നു കേരളത്തില്‍ കാണുന്ന അവസ്‌ഥയെപ്പറ്റി ക്രാന്തദര്‍ശിയായ കവി അന്നേ പ്രവചിച്ചു. പശ്‌ചിമഘട്ടത്തിന്റെ തിണ്ണയിലിരുന്നു നോക്കുമ്പോള്‍ വൃശ്‌ചികകുളിരുമായില്‌പഒരിളംകാറ്റു വന്നു തലോടുമെങ്കിലും `അര്‍ഥത്തിനാര്‍ത്തിയും മൂത്ത കാമാര്‍ത്തിയും' കൊണ്ട്‌ ദൈവത്തിന്റെ സ്വന്തം നാട്‌ നരകതുല്യമാകുകയാണെന്ന്‌. എല്ലാ കവിതകള്‍ക്കും കൂടി ഒരു ശീര്‍ഷകം യോജിപ്പിക്കുന്ന ഒരു വിദ്യയും കവി നീണ്ടൂര്‍ പ്രകടിപ്പിക്കുന്നുണ്ട്‌. `ഉവര്‍പ്പു' എന്ന പൊതു പേരിന്റെ കുടക്കുള്ളില്‍ നിരത്തിയിരിക്കുന്ന മറ്റു കവിതകള്‍ക്കും പറയാനുള്ള പ്രമേയം ഒന്നു തന്നെ. ഉപ്പിനുവര്‍പ്പ്‌ നശിച്ചുവെങ്കില്‍ പിന്നെ ഉപ്പു കൊണ്ട്‌ എന്തുണ്ട്‌ നേട്ടം ഈ ഭൂമിയില്‍. നന്മകള്‍ നഷ്‌ടപെടുത്തുന്ന മനുഷ്യനും അതെപോലെ തന്നെ. കണ്ണുനീരിനു ഒരു രസമേയുള്ളു അത്‌ ഉപ്പു രസം മാത്രം എന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്ന കവി ഒരു ഈച്ചയെപ്പറ്റി പറയുന്നുണ്ട്‌. തെന്നി തെന്നി പറന്നുപോകുന്ന ഈച്ചയെ കൂടം കൊണ്ടടിക്കുന്ന വ്യായാമം. നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ ബലത്തിലല്ല നിങ്ങള്‍ വിജയം പ്രാപിക്കുന്നത്‌ മറിച്ച്‌ അവ എങ്ങനെ ഉപയോഗിക്കുന്നു എന്ന്‌തിനെ അനുസരിച്ചാണ്‌.

ജീവിതായോധനത്തിന്റെ പ്രയാസങ്ങള്‍ പ്രക്രുതി ദൃശ്യങ്ങളിലൂടെ വിവരിക്കുന്നത്‌ പ്രത്യേകം . ശ്രദ്ധേയമാണ്‌, ശിശിരം ഊരിയെടുത്ത വസ്‌ത്രങ്ങളെ ഓര്‍ത്ത്‌ കേഴുന്ന പ്രകൃതി. കവിയുടെ ഭാഷയില്‍ ഇലകള്‍ പൊഴിഞ്ഞ വൃക്ഷകൊമ്പുകളിലൂടെ മഞ്ഞ്‌ കണങ്ങള്‍ ഉരുകിയൊലിക്കുമ്പോള്‍ അത്‌ മരത്തിന്റെ കണ്ണുനീരാണ്‌. വീണ്ടും വസന്തം വരുമ്പോള്‍ ഇലകള്‍ തളിര്‍ക്കുകയും മരങ്ങള്‍ പൂത്തുല്ലസിക്കുകയും ചെയ്യുന്നു. പ്രകൃതി നഗ്നയാകുമ്പോള്‍ മനുഷ്യന്‍ ഉടുക്കുന്നു, മനുഷ്യന്‍ നഗ്നനാകുമ്പോള്‍ പ്രകൃതി ഉടുക്കുന്നു. ഈ സങ്കല്‍പ്പം തനി മലയാളി കാഴ്‌ച്ചപ്പാടിലൂടെ മെനഞ്ഞെടുത്തതാണ്‌. കാരണം കവി ഇതു മനസ്സിലാക്കുന്നത്‌ അമേരിക്കയില്‍ വച്ചാണ്‌. അങ്ങനെ പ്രവാസിയായ കവിയുടെ വിദേശത്തെ വിശേഷങ്ങള്‍-വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കവിതകളില്‍ മലയാളി പാരമ്പര്യം പ്രതിഫലിക്കുന്നത്‌ കാണാം. അതെ സമയം വിദേശമലയാളികള്‍ക്ക്‌ അവര്‍ ചെന്നെത്തിപെടുന്ന സ്‌ഥലങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രയാസങ്ങള്‍, പരിഹാസങ്ങള്‍ എന്നിവയുടെ ചിത്രം സ്വാഭാവിക ഭംഗിയോടെ ആവിഷ്‌കരിച്ചിട്ടുണ്ട്‌. എന്നാല്‍ അതു ഒരു കാലഘട്ടത്തിന്റെ കഥയായി അവശേഷിക്കും. കാലം പുരോഗമിക്കുമ്പോള്‍ ചരിത്രം മാറിപോകുന്നു.

പല കവിതകള്‍ക്കും നല്‍കിയിരിക്കുന്ന ദൃശ്യവല്‍ക്കരണം വളരെ അനുയോജ്യവും കവിതയുടെ ആശയ പ്രതിഫലനങ്ങളുമാണ്‌. എടുത്ത്‌ പറയേണ്ടത്‌ നിധനം, വിദേശമലയാളി, ഉവര്‍പ്പ്‌, വൈരുദ്ധ്യങ്ങള്‍ തുടങ്ങിയവ. കഥകളി വിളക്കിന്റെ നാളങ്ങള്‍ ഇളകിയാടിയാടി കെടാന്‍ പോകുന്നു. കഥകളി നടന്‍ തന്റെ ചമയങ്ങള്‍ അഴിക്കുന്നു. ജീവിതായോധനത്തിനായുള്ള മലയാളിയുടെ പ്രവാസജീവിതത്തിന്റെ ഒരു ബിംമ്പമാണിത്‌. മുഖാമുഖം നോക്കുന്ന മരണത്തിന്റെ ദൃശ്യം, മഴയില്‍ നനയുന്ന തലകീഴായി കിടക്കുന്ന ശരീരത്തില്‍ നിന്നും ഇറ്റിറ്റു വീഴുന്ന മഴ തുള്ളികള്‍, മഞ്ഞലയില്‍ തെന്നി തെന്നി പോകുന്ന കാറുകള്‍ എല്ലാം കവിതകളിലെ വിവരണങ്ങള്‍ക്ക്‌ രൂപം നല്‍കി. നെറ്റിയില്‍ തുടിക്കുന്ന സിന്ദൂരവും കണ്ണുകളില്‍ കണ്ണീരുമായി വിടചൊല്ലുന്ന ഭാരതാമ്പയെ കാണിച്ചത്‌ കവിതക്ക്‌ കൂടുതല്‍ മിഴിവേകി. അഞ്ചാണി തറച്ച ശവമഞ്ചം, മനുഷ്യാ നീ മണ്ണാകുന്നു എന്ന കാഹളത്തോടെ ധരണിയില്‍ വീണു കിടക്കുന്ന ദൃശ്യം പ്രേക്ഷക മനസ്സുകളില്‍ ദുഃഖത്തിന്റെ ഒരു നിഴല്‍ വീഴ്‌ത്താന്‍ പര്യാപ്‌തമാണു. കവിതകള്‍ കേള്‍പ്പിക്കുന്നതിനൊപ്പം കാണില്ല ഈ ദൃശ്യങ്ങള്‍ എല്ലാം മികവു പുലര്‍ത്തിയെങ്കിലും ഈച്ചയുടേയും, വിദേശമലയാളിയുടേയും, ഉവര്‍പ്പിന്റേയും ദൃശ്യങ്ങള്‍ കൂടുതല്‍ നന്നായിരുന്നു..

ഓടകുഴല്‍ വിളിക്കുന്ന ശ്രീകൃഷ്‌ണനും, താണ്‌ഡവമാടുന്ന നടരാജനും കവിത ചൊല്ലുന്നവര്‍ക്ക്‌ ചുറ്റുമായി കാണുന്നുണ്ട്‌. ഓടകുഴലിന്റെ മാധുര്യവും നൃത്തത്തിന്റെ ഭംഗിയും പ്രേക്ഷകര്‍ക്ക്‌ നല്‍കാന്‍ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാകാം. കവിതകള്‍ ആലപിച്ച എല്ലാവരും സ്‌ഫുടതയോടെ, സ്വരഭംഗിയോടെ കവിതയുടെ അര്‍ഥം മനസ്സിലാക്കി ഭാവത്തിലും സ്വരത്തിലും വേണ്ട വ്യത്യാസങ്ങള്‍ വരുത്തി പാടിയിട്ടുണ്ട്‌. കത്തിച്ച്‌ വത്ത നിലവിളക്കുകള്‍ക്കിടയില്‍ കസവു ചുറ്റിയ കന്യകമാര്‍ ഈണത്തോടെ നീട്ടി ചൊല്ലുന്ന കവിതകള്‍ക്ക്‌ മനോഹാരിത കൂടുന്നു. ഇതില്‍ എടുത്ത്‌ പറയേണ്ടത്‌ കാഴ്‌ച ശക്‌തിയില്ലാത്ത ഒരു പെണ്‍കുട്ടിയുടെ കവിതാലാപനത്തെപ്പറ്റിയാണു. കവി നീണ്ടൂരാണ്‌ ആ സത്യം ഈ ലേഖകനോട്‌ പറഞ്ഞത്‌. നന്മ മരിക്കുമോ എന്ന കവിത പാടിയ പെണ്‍കുട്ടിക്ക്‌ (കുമാരി ലക്ഷ്‌മിശ്രീ ഓമനക്കുട്ടന്‍) കാഴ്‌ച്ച ശക്‌തിയില്ല. അതു കൊണ്ട്‌ ആ കുട്ടി പാടിയത്‌ കൂടുതല്‍ തവണ കേട്ടു. കവിതാലാപനം നടത്തുമ്പോള്‍ അങ്ങനെ ഒരു വൈകല്യമുള്ളതായി ആ കുട്ടി അറിയുന്നില്ല. കവി പ്രകടിപ്പിച്ചിട്ടുള്ള വികാരതരംഗങ്ങളെ മനസ്സിലാക്കി ആ കുട്ടി ആലപിക്കുമ്പോള്‍ നമ്മള്‍ വിസ്‌മയപൂണ്ടു പോകും. ദൈവം ഓരോ മനുഷ്യര്‍ക്കും എന്തെല്ലാം കൊടുക്കുന്നു, കൊടുക്കാതിരിക്കുന്നു. അത്‌ സൃഷ്‌ടിയുടെ രഹസ്യം.

മലയാള തനിമയാര്‍ന്ന ഓട്ടംതുള്ളല്‍, വില്ലടിച്ചാന്‍പാട്ട്‌ തുടങ്ങിയ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതില്‍ ഉത്സുകനായ കവി നീണ്ടൂരിനു ആ കലരൂപങ്ങളില്‍ അദ്ദേഹം എഴുതിയ ഒന്നോ രണ്ടൊ രചനകള്‍ ഇതില്‍ ഉള്‍പ്പെടുത്താമായിരുന്നു. പീറ്റര്‍ നീണ്ടൂരിന്റെ ശ്രമം വിജയപ്രദമായിട്ടുണ്ട്‌ എന്നു ഈ ലേഖകന്‍ കരുതുന്നു. ഇത്‌ ഒരു പക്ഷെ മറ്റു കവികള്‍ക്ക്‌ ഒരു മാതൃകയാകാം. പുതിയ കവിതകളും പുതിയ അവതരണ രീതികളുമായി പീറ്റര്‍ നീണ്ടൂര്‍ ഇനിയും കാവ്യലോകത്ത്‌ അദ്ദേഹത്തിന്റെ കാല്‍പ്പാടുകള്‍ പതിപ്പിച്ചുകൊണ്ടിരിക്കട്ടെ എന്നാശംസിക്കുന്നു.. നിങ്ങളും കണ്ടു നോക്കുക. യുടൂബില്‍ പോയി `ഉവര്‍പ്പ്‌' എന്നു ടൈപ്പ്‌ ചെയ്‌താല്‍ കവിതകള്‍ നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയായ്‌. പീറ്റര്‍ നീണ്ടൂരിനു അഭിനന്ദനങ്ങള്‍!! (www.youtube.com  then type uvarppu) പീറ്റര്‍ നീണ്ടുരുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക/എഴുതുക 914- 423 -9885 or cell #914-434-2622. vcpndrkavi@hotmail.com.

ശുഭം
കവിതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ (പീറ്റര്‍ നീണ്ടൂരിന്റെ കവിതകളുടെ ദ്രുശ്യാവിഷ്‌കാരം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക