Image

ഉശിരന്‍ പോരാട്ടത്തില്‍ ഹൈബിയും രാജീവും; ആശ്വാസമായി കണ്ണന്താനത്തിന്‍റെ കോമഡികള്‍ (കലാകൃഷ്ണന്‍)

കലാകൃഷ്ണന്‍ Published on 08 April, 2019
ഉശിരന്‍ പോരാട്ടത്തില്‍ ഹൈബിയും രാജീവും; ആശ്വാസമായി കണ്ണന്താനത്തിന്‍റെ കോമഡികള്‍  (കലാകൃഷ്ണന്‍)

കേരളത്തില്‍ യുഡിഎഫിന്‍റെ ഉരുക്കുകോട്ടയാണ് എറണാകുളം. 1967ല്‍ വി.വി മേനോന്‍ സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ചതൊഴിച്ചാല്‍ ചുവന്ന പതാകയെ പറ്ക്കാന്‍ വിട്ടിട്ടില്ല എറണാകുളം. പിന്നെയും ജയിച്ചിട്ടുണ്ട് ഇടത്. ഇടതെന്ന് പറഞ്ഞാല്‍ ഇടത് സ്വതന്ത്ര്യനായി സൊബാസ്റ്റ്യന്‍ പോള്‍. 97 ബൈ ഇലക്ഷനില്‍. പിന്നെ 2003 ബൈ ഇലക്ഷനില്‍. ശേഷം 2004ലെ തിരഞ്ഞെടുപ്പിലും സൊബാസ്റ്റ്യ്ന്‍ പോള്‍ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ മൂന്ന് തവണയും സൊബാസ്റ്റ്യന്‍ പോള്‍ ഇടത് സ്വതന്ത്യന്‍ മാത്രമായിരുന്നു. എങ്കിലും സൊബാസ്റ്റ്യന്‍ പോള്‍ വിജയിക്കാന്‍ മറ്റൊരു കാരണമുണ്ട്. ലത്തീന്‍ സമുദായ അംഗം എന്ന തുറുപ്പു ചീട്ട്. 
എറണാകുളത്ത് ലത്തീന്‍ കത്തോലിക്ക സഭയുടെ വോട്ടുകളാണ് യുഡിഎഫിന് കരുത്താകുന്നത്. അതിനെ അട്ടിമറിച്ച് സൊബാസ്റ്റ്യ്ന്‍ പോള്‍ വിജയിച്ചതും സഭയുടെ പിന്തുണ കുറെയൊക്കെ നേടിയപ്പോള്‍ മാത്രം. 
ഏതാണ് നാല്പത് ശതമാനമാണ് എറണാകുളം ജില്ലയില്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ വോട്ട് ഷെയര്‍. അതില്‍ ഏറ്റവും മെജോറിറ്റി വോട്ടുകള്‍ ലത്തീന്‍ കത്തോലിക്കരുടേത്. പൊതുവെ യുഡിഎഫിനെ അനുകൂലിക്കുന്ന നിലപാടാണ് എല്ലാകാലത്തും സഭ സ്വീകരിക്കാറുള്ളത്. അതുകൊണ്ടു തന്നെ ലത്തീന്‍ കത്തോലിക്കനായ യുഡിഎഫ് സ്ഥാനാര്‍ഥി സ്ഥിരമായി എറണാകുളത്ത് ജയിച്ചു പോരുന്നു എന്നതാണ് യഥാര്‍ഥ്യം. അഞ്ച് തവണയാണ് കെ.വി തോമസ് എറണാകുളത്ത് നിന്ന് പാര്‍ലമെന്‍റിലേക്ക് പോയത്. ഇക്കുറി പാര്‍ലമെന്‍റിലേക്ക് പോകാനുള്ള അവസരം കോണ്‍ഗ്രസ് പാര്‍ട്ടി കെ.വി തോമസിന് നിഷേധിച്ചു. പകരം ഹൈബി ഈഡന്‍ എം.എല്‍.എയ്ക്ക് ചാന്‍സ് കൊടുത്തു. 
എന്‍എസ് യു നേതാവായിരുന്ന കാലത്ത് 2009ല്‍ ഹൈബിക്ക് എറണാകുളം പാര്‍ലമെന്‍റ് മണ്ഡലം കൊടുക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഹൈബി ഈഡന്‍റെ പിതാവ് ജോര്‍ജ്ജ് ഈഡന്‍ എറണാകുളത്തെ ശക്തനായ നേതാവും എം.പിയുമായിരുന്നു. അച്ഛന്‍റെ പിന്‍ഗാമിയായി ഹൈബിയെ രംഗത്തിറക്കണമെന്ന് വലിയ സമര്‍ദ്ദം വന്നുവെങ്കിലും കോണ്‍ഗ്രസിനെ മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പിസത്തിന്‍റെ ഭാഗമായി ഹൈബിയെ വെട്ടി. കേരള രാഷ്ട്രീയത്തില്‍ നിന്നിരുന്ന കെ.വി തോമസിനെ 91ന് ശേഷം വീണ്ടും എം.പി സ്ഥാനാര്‍ഥിയാക്കി 2009ല്‍. അന്ന് ഹൈബിക്ക് നഷ്ടപ്പെട്ട അവസരം നേടിയെടുത്തത് കെ.വി തോമസായിരുന്നു. എം.പി സ്ഥാനാര്‍ഥിയാകാന്‍ വിളിച്ചപ്പോള്‍ ഇനി ഹൈബിയെപ്പോലെയുള്ളവര്‍ വരട്ടെ എന്ന് പറഞ്ഞ് മാറി നിന്നല്ല കെ.വി തോമസ്. മൂന്ന് തവണ എം.പിയായതും നിരവധി തവണ എം.എല്‍.എ ആയതും പോരാഞ്ഞ് വീണ്ടും ഇലക്ഷന് മത്സരിച്ചു. പത്ത് വര്‍ഷത്തിന് ശേഷം മധുര പ്രതികാരം പോലെ ഹൈബിയിലേക്ക് എം.പി സ്ഥാനാര്‍ഥിത്വം തിരിച്ചെത്തി. ഹൈബിക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത് കെ.വി തോമസിനും. കാലം കണക്ക് തീര്‍ക്കുന്നത് എങ്ങനെയൊക്കെയാണ് എന്ന് തോന്നിപ്പോകും. 
2014ല്‍ 41 ശതമാനം വോട്ട് ഷെയര്‍ നേടിക്കൊണ്ടാണ് കെ.വി തോമസ് വിജയിച്ചത്. ഇടതുപക്ഷത്തിന്‍റെ ക്രിസ്റ്റി ഫെര്‍ണാണ്ടസ് വെറും 31 ശതമാനം വോട്ടിലൊതുങ്ങി. എന്നാല്‍ രണ്ടായിരത്തി ഒമ്പതില്‍ കെ.വി തോമസിന്‍റെ എതിരാളി സിന്ധു ജോയിയായിരുന്നു. വെറും മൂന്ന് ശതമാനം വോട്ടിന്‍റെ വിത്യാസത്തിലാണ് അന്ന് സിന്ധു ജോയി പരാജയപ്പെട്ടത്. അതിന് മുമ്പ് യുഡിഎഫിന്‍റെ 11 ശതമാനം വോട്ട് ഷെയറിന്‍റെ മാര്‍ജിനില്‍ സൊബാസ്റ്റ്യന്‍ പോള്‍ പരാജയപ്പെടുത്തിയിട്ടുമുണ്ട്. 
ഇക്കുറി പി.രാജീവിനെയാണ് ഇടതുപക്ഷം രംഗത്ത് ഇറക്കിയിരിക്കുന്നത്. എറണാകുളം ജില്ലാ സെക്രട്ടറി എന്ന നിലയിലും മുന്‍ രാജ്യസഭ അംഗം എന്ന നിലയിലും മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള എറണാകുളത്തെ നേതാവാണ് പി.രാജീവ്. ചെറുപ്പക്കാരനായ നേതാവ് എന്നതാണ് രാജീവിന്‍റെ പ്ലസ് പോയിന്‍റ്. അതുകൊണ്ടു തന്നെയാണ് രാജീവ് ഇറങ്ങുമെന്ന് ഉറപ്പായപ്പോള്‍ കെ.വി തോമസിന് സീറ്റ് പോയതും ഹൈബി വന്നതും. 
എന്നാല്‍ എറണാകുളത്തെ യുവാക്കള്‍ക്കിടയില്‍ ഹൈബിയേക്കാള്‍ ഒരുപടി കൂടുതല്‍ ബന്ധമുണ്ട് പി.രാജീവിന്. സമീപകാലത്ത് സോഷ്യല്‍ മീഡയിയിലൂടെ സജീവമായ നിരവധി നവോത്ഥാന സമരങ്ങളുടെയെല്ലാം മുന്‍നിരയില്‍ പി.രാജീവുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ചെറുപ്പക്കാരുടെ ഇടയില്‍ ഒരു ട്രെന്‍ഡ് സൃഷ്ടിക്കാന്‍ രാജീവിന് കഴിയുന്നുണ്ട്. എന്നാല്‍ വിജയിക്കാന്‍ സഭയുടെ അനുഗ്രഹാശിസുകള്‍ വേണം. അത് വേണ്ടുവോളമുള്ളത് ഹൈബി ഈഡന് തന്നെയാണ്. അതുകൊണ്ട് ഇക്കുറിയും യുഡിഎഫിന് എറണാകുളത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. 
വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് ഹൈബിയും രാജീവും തമ്മില്‍. ഇതിനിടയില്‍ ഒരു കോമഡി ഷോ പോലെ അല്‍ഫോണ്‍സ് കണ്ണന്താനവും ഇറങ്ങിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയിലെ അംഗമെന്ന നിലയിലാണ് അല്‍ഫോണ്‍സ് എറണാകുളത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ പോയിട്ട് പതിവ് ബിജെപി വോട്ടുകള്‍ പോലും കണ്ണന്താനം പിടിക്കുമെന്ന് ആരും കരുതുന്നില്ല. സത്യത്തില്‍ കണ്ണന്താനം പോലും അത് പ്രതീക്ഷിക്കുന്നുമില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക