Image

മുത്തശ്ശി ക്രൂരമര്‍ദനത്തിന്‌ ഇരയാക്കിയ മൂന്നരവയസുകാരിയെ വേണ്ടെന്ന്‌ വീട്ടുകാര്‍

Published on 09 April, 2019
മുത്തശ്ശി ക്രൂരമര്‍ദനത്തിന്‌ ഇരയാക്കിയ മൂന്നരവയസുകാരിയെ വേണ്ടെന്ന്‌ വീട്ടുകാര്‍
മലപ്പുറം: മുത്തശ്ശി ക്രൂരമര്‍ദനത്തിന്‌ ഇരയാക്കിയ മൂന്നരവയസുകാരിയെ വേണ്ടെന്ന്‌ വീട്ടുകാര്‍ അറിയിച്ചു.സാമ്‌ബത്തിക ബുദ്ധിമുട്ട്‌ കാരണം നോക്കാനാവില്ലെന്നും കുട്ടിയെ കൂട്ടികൊണ്ടുപോയ്‌ക്കോളാനും വീട്ടുകാര്‍ ചൈല്‍ഡ്‌ ലൈന്‍ ഉദ്യോഗസ്ഥരോട്‌ വീട്ടുകാര്‍ ആവശ്യപ്പെട്ടു. മലപ്പുറം കാളികാവില്‍ പൂങ്ങോട്‌ കോളനിയിലാണ്‌ സംഭവം നടന്നത്‌.

നാട്ടുകാരുടെ പരാതിയിലാണ്‌ ചൈല്‍ഡ്‌ ലൈന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്‌. ദിവസങ്ങളോളം കുട്ടിയെ പട്ടിണിക്കിട്ടു. ശരീരമാസകലം മര്‍ദനമേറ്റതിന്റെ പാടുകളാണ്‌.മെലിഞ്ഞ്‌ എല്ലുംതോലുമായ നിലയിലായിരുന്നു പെണ്‍കുട്ടി.
കുട്ടി കുടുംബത്തിന്‌ ശാപമാണെന്ന അന്ധവിശ്വാസമാണ്‌ കുട്ടിയെ ഉപേക്ഷിക്കാന്‍ കുടുംബത്തെ പ്രേരിപ്പിക്കുന്നതെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്‌.
കുട്ടി വീട്ടില്‍ താമസിച്ചാല്‍ കുടുംബത്തിന്‌ നാശമാണെന്ന്‌ ഏതോ സിദ്ധന്‍ കുടുംബത്തെ വിശ്വസിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്‌. ഇതേത്തുടര്‍ന്നാണ്‌ കുട്ടിയെ ഇരുട്ടുമുറിയില്‍ അടച്ചിട്ടതും ഭക്ഷണം നല്‍കാതെ മര്‍ദിച്ചതുമെന്നാണറിയുന്നത്‌. കഴിഞ്ഞ ദിവസമാണ്‌ അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ ചൈല്‍ഡ്‌ ലൈന്‍ പ്രശ്‌നത്തിലിടപെടുന്നത്‌.

കുട്ടിയുടെ വാരിയെല്ലുകള്‍ ഉന്തി കാലിന്റെ അസ്ഥി വളഞ്ഞ നിലയിലാണ്‌.രാത്രികാലങ്ങളില്‍ കുട്ടിയെ മാത്രം കട്ടിലിനുതാഴെ വെറുംനിലത്താണ്‌ കിടത്തുന്നത്‌.

ദിവസങ്ങളോളും പട്ടിണിക്കിട്ടതിനാല്‍ കുട്ടിക്ക്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ്‌ നിഗമനം. കുട്ടിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അമ്മയുടെ രണ്ടാം വിവാഹത്തിലെ മൂത്തകുട്ടിക്കാണ്‌ മര്‍ദനമേറ്റത്‌. ഈ കുഞ്ഞിന്‌ താഴെ രണ്ട്‌ പെണ്‍കുട്ടികള്‍ കൂടിയുണ്ട്‌.
സംഭവത്തെക്കുറിച്ച്‌ കാളികാവ്‌ പൊലീസിന്‌ ഉടന്‍ റിപ്പോര്‍ട്ട്‌ കൈമാറുമെന്ന്‌ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.

മര്‍ദ്ദനം പതിവായിരുന്നെന്ന്‌ അയല്‍വാസികളും സ്ഥിരീകരിച്ചു.വണ്ടൂര്‍ പൂളക്കുന്ന്‌ കോളനിയിലെ മൂന്നരവയസുകാരിയും മൂന്ന്‌ സഹോദരങ്ങളും അമ്മയും നിലവില്‍ ചൈല്‍ഡ്‌ ലൈന്‍റെ സംരക്ഷണത്തിലാണ്‌.

ഇവിടെ നടത്തിയ പരിശോധനയിലാണ്‌ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പലയിടങ്ങളിലും മുറിവേറ്റ പാടുകള്‍ കണ്ടത്‌.

കുട്ടിക്ക്‌ അമ്മയും മുത്തശ്ശിയും കൃത്യമായി ആഹാരം കൊടുക്കാറുമുണ്ടായിരുന്നില്ല. പോഷകാഹാര കുറവുള്ളതിനാല്‍ എല്ലുകള്‍ പുറത്തേക്ക്‌ തള്ളിനില്‍ക്കുന്ന അവസ്ഥയാണ്‌. മുത്തശ്ശി മര്‍ദ്ദിക്കുമ്‌ബോള്‍ പ്രതികരിക്കാനാവാത്ത വിധം താന്‍ നിസഹായ ആയിരുന്നെന്നാണ്‌ കുട്ടിയുടെ അമ്മ ചൈല്‍ഡ്‌ ലൈനോട്‌ പറഞ്ഞത്‌.

എന്നാല്‍ ഇപ്പോഴുള്ള സംരക്ഷണ കേന്ദ്രത്തിലും മൂന്നരവയസുകാരിയെ വേണ്ടവിധം പരിചരിക്കാന്‍ അമ്മ തയ്യാറാകുന്നില്ലെന്ന്‌ ചൈല്‍ഡ്‌ ലൈന്‍ അധികൃതര്‍ പറയുന്നു. ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ യൂണിറ്റ്‌ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും മുത്തശ്ശിക്കെതിരെ കാളികാവ്‌ പൊലീസ്‌ കേസെടുക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക